ഏത് ജ്വല്ലറി ഗ്രൂപ്പുകളാണ് ഈ കള്ളക്കടത്തു സ്വർണ്ണമൊക്കെ വാങ്ങിക്കൂട്ടുന്നത് ?

258

Basheer Vallikkunnu 

ആലോചിച്ചു നോക്കൂ,വിനുവും മറ്റ് അന്തിചർച്ചാ ജഡ്ജിമാരും സ്വർണ്ണക്കടത്ത് വിഷയത്തിന്റെ മെറിറ്റിലേക്ക് ഒരിക്കലെങ്കിലും കടന്നിട്ടുണ്ടോ?. നമ്മുടെ പത്രങ്ങൾ അതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ടോ?.ആർക്ക് വേണ്ടിയാണ് ഈ സ്വർണം വന്നത്. ഇന്ത്യൻ സ്വർണ്ണ വിപണിയിൽ ഈ കള്ളക്കടത്ത് സ്വർണങ്ങളൊക്കെ വാങ്ങിക്കൂട്ടി സർക്കാരിന്റെ ടാക്സ് പറ്റിച്ച് വെളിപ്പിച്ചെടുക്കുന്നത് ആരാണ്?ഏത് റാക്കറ്റാണ് വിദേശങ്ങളിൽ നിന്ന് ഇത് ഇങ്ങോട്ട് അയക്കുന്നത്.ഏത് ജ്വല്ലറി ഗ്രൂപ്പുകളാണ് അത് വാങ്ങിക്കൂട്ടുന്നത്. കേട്ടിട്ടുണ്ടോ അങ്ങനെ എന്തെങ്കിലും ചർച്ച. അങ്ങനെ ചർച്ച വന്നാൽ ഒരുവേള ഈ മാധ്യമങ്ങൾക്കൊക്കെ പരസ്യങ്ങൾ നൽകി അവരെ നിലനിർത്തുന്ന വൻകിട സ്രാവുകളിലേക്ക് ജനശ്രദ്ധ തിരിയും.. അത് തിരിയാതിരിക്കാനാണ് വൈകിട്ട് വിഷയം മാറ്റി അലമുറയിട്ട് രാഷ്ട്രീയ വിഴുപ്പലക്കലുകളിലേക്ക് ഇവന്മാർ ഇതിനെ കൊണ്ട് പോകുന്നത്.

സംഘിയായ പ്രതിയെ സി പി എം ആക്കാൻ കള്ള വീഡിയോ ഉണ്ടാക്കുക, കസ്റ്റംസിനെ വിളിച്ച ബി എം എസ് നേതാവിന്റെ വാർത്ത കൊടുക്കുന്നതിന് പകരം അത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് കള്ളവാർത്ത ചമക്കുക, അങ്ങനെ മൊത്തം കള്ളവാർത്തകൾ അന്തരീക്ഷത്തിൽ ഉയർത്തിവിട്ട് യഥാർത്ഥ ചർച്ചയിൽ നിന്ന് വിഷയം വഴി തിരിച്ചു വിടുക.മാധ്യമങ്ങൾക്ക് അന്വേഷണങ്ങൾ ഏതൊക്കെ വഴിയിൽ നടത്താം. കഴിഞ്ഞ വർഷങ്ങളിൽ പിടിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വർണവേട്ടകളുടെ അന്വേഷണങ്ങൾ എവിടെയെത്തി?.ആരൊക്കെയാണ് പ്രതികൾ?. ആരൊക്കെയാണ് ആ സ്വർണം വാങ്ങിയവർ.അന്വേഷിക്കാനും സ്റ്റോറികൾ ഉണ്ടാക്കാനും വേണ്ടത്ര വിഷയങ്ങളുണ്ട്.. അവയൊന്നും തൊടില്ല, തൊട്ടാൽ അന്നം മുടങ്ങും.

അപ്പോൾ പിന്നെ ഏതെങ്കിലുമൊക്കെ ഉദ്‌ഘാടന ചടങ്ങിൽ ആരെങ്കിലും പങ്കെടുത്തതിന്റെ കാര്യം പറഞ്ഞു ഒരു അലക്കങ്ങു അലക്കാം.ഇന്നലെ വിനുവിനോട് സ്വരാജ് ചോദിച്ചു, സ്പീക്കർ പങ്കെടുത്ത ചടങ്ങിന്റെ കാര്യം വലിയ വിഷയമാക്കിയ താങ്കൾ അതേ സന്ദീപ് നായരുടെ മറ്റൊരു കട ഉദ്ഘാടനം ചെയ്ത കോൺഗ്രസ്സ് നേതാവിനെക്കുറിച്ച് എന്ത് കൊണ്ട് മിണ്ടുന്നില്ല.നാവിറങ്ങിപ്പോയോ എന്ന്.
മറ്റൊന്ന് കൂടി സ്വരാജ് പറഞ്ഞു, മലബാറിലെ ജ്വല്ലറികൾ മുഴുവൻ ഉദ്ഘാടനം ചെയ്യുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.ആ ജ്വല്ലറി ഉടമകൾ എന്തൊക്കെ കേസുകളിൽ പെടുന്നു, എന്തൊക്കെ സ്വർണ്ണക്കടത്തിൽ പ്രതികളാകുന്നു, അപ്പോഴൊക്കെ ഉദ്ഘാടനം ചെയ്ത ആളെത്തിരഞ്ഞു നിങ്ങൾ ചർച്ച സംഘടിപ്പിക്കാറുണ്ടോ?.. ഇല്ലല്ലോ എന്ന്.

അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്, വിഷയത്തിന്റെ മർമ്മത്തിലേക്ക് വരണം ചർച്ചകളും അന്വേഷണങ്ങളും. പക്ഷേ അത് വരില്ല, കാരണം ഇവറ്റകളൊക്കെ വാലാട്ടിപ്പട്ടികളാണ്. യഥാർത്ഥ വിഷയത്തിൽ നിന്നും പ്രതികളിൽ നിന്നും ചർച്ച വഴി മാറ്റാൻ നടക്കുന്ന, പ്രതികളുടെ പരസ്യവും എച്ചിലും തിന്നുന്ന, യജമാനന്മാർക്ക് വേണ്ടി കുരയ്ക്കുന്ന വാലാട്ടിപ്പട്ടികൾ.