രാജ്യം വൻസാമ്പത്തികത്തകർച്ചയിലേക്ക് പോകുന്ന ഡാറ്റകളാണ് ദിനേന പുറത്ത് വരുന്നത്

359

Basheer Vallikkunnu

രാജ്യം വൻസാമ്പത്തികത്തകർച്ചയിലേക്ക് പോകുന്ന ഡാറ്റകളാണ് ദിനേന പുറത്ത് വരുന്നത്..

ജിഡിപി വളർച്ച അഞ്ച് ശതമാനത്തിലേക്ക് കൂപ്പ് കുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഓട്ടോമൊബൈൽ രംഗത്ത് തുടർച്ചയായ പത്താം മാസമാണ് വില്പനത്തകർച്ച നേരിടുന്നത്.. ഈ രംഗത്ത് മൂന്നര ലക്ഷം പേർക്ക് ഇതിനകം തന്നെ തൊഴിൽ നഷ്ട്ടപെട്ടു എന്നാണ് ഏകദേശ കണക്ക്.

മാരുതിയുടെ പ്ലാന്റുകളിൽ പ്രൊഡക്ഷൻ നിർത്തുന്നതിന്റെ പ്രാരംഭ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് വില്പനയിൽ മുപ്പത്തി മൂന്ന് ശതമാനത്തിന്റെ ഇടിവാണ് അവർക്ക്. അശോക് ലെയ്ലാന്റിന് എഴുപത് ശതമാനം ഇടിവ്.. ട്രക്കുകളുടെ വില്പനയിൽ അറുപത് ശതമാനത്തിന്റെ തകർച്ച..

BSNL അവരുടെ തൊഴിലാളികളുടെ എണ്ണം പകുതി കണ്ട് കുറക്കാൻ തയ്യാറെടുപ്പ് നടത്തുന്നു. ഏതാണ്ട് എൺപതിനായിരം പേർക്ക് തൊഴിൽ നഷ്ടപ്പെടും.

തുണി മില്ലുകൾ അടച്ചു പൂട്ടുന്നു. പത്ത് കോടി തൊഴിലാളികളിൽ മൂന്ന് കോടി പേർക്ക് ഇതിനകം തന്നെ തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ചെറുകിട വ്യവസായങ്ങൾ തകർന്നതിന്റേയും ആ മേഖലയിൽ നഷ്ടപ്പെട്ട തൊഴിലുകളുടേയും എണ്ണം ആർക്കുമറിയില്ല. അതെളുപ്പത്തിൽ കണക്ക് കൂട്ടാനും കഴിയില്ല.

അതായത് രാജ്യത്തിന്റേയും തൊഴിൽ മേഖലയുടേയും നട്ടെല്ല് ഒടിഞ്ഞു കിടക്കുകയാണ് എന്നർത്ഥം.

അത്ഭുതപ്പെടുത്തുന്നത്, അപ്പോഴും രാജാവിന്റെ ശ്രദ്ധ അതിലൊന്നുമല്ല എന്നതാണ്.

അസാമിൽ കോൺസെൻട്രേഷൻ ക്യാമ്പ് ഉണ്ടാക്കുന്ന തിരക്കിലാണ്..

കോൺഗ്രസ്സ് നേതാക്കളെ കള്ളക്കേസുകളിൽ പെടുത്തി അറസ്റ്റ് ചെയ്യുന്ന തിരക്കിലാണ്.

കാശ്മീരിൽ ഒരു ജനതയെ ഒന്നടങ്കം കൈകാലുകൾ വരിഞ്ഞു കെട്ടുന്ന തിരക്കിലാണ്..
ലോകത്തിന് മുഴുവൻ ഇന്ത്യയെക്കുറിച്ച തെറ്റായ സന്ദേശങ്ങൾ നല്കുന്ന തിരക്കിലാണ്..

ഇത്രയുമൊക്കെ സംഭവിക്കുമ്പോഴും പ്രതിഷേധത്തിന്റെ ഒരു കൂട്ടായ്മ പോലും രൂപപ്പെടുത്താൻ കഴിയാതെ ശ്വാസം നിലച്ചു കിടക്കുന്ന പ്രതിപക്ഷ കക്ഷികളെ കാണുമ്പോഴാണ് അതിലേറെ സങ്കടവും നിരാശയും.