സ്ഥാപനങ്ങളുടെ മുന്നിൽ വലിയ ഹലാൽ ബോർഡുകൾ വെച്ച് അതിനെ ഒരുതരം മാർക്കറ്റിംഗ് ടൂളാക്കി മാറ്റേണ്ടതുണ്ടോ ?

126

Basheer Vallikkunnu

ഹലാൽ ചർച്ചകൾ പൊടിപൊടിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ചെറുപ്പത്തിൽ മുസ്ലിയാരുടെ വീട്ടിൽ കോഴിയെ അറുക്കാൻ കൊണ്ട് പോയിരുന്ന ആ കാലമാണ്. വെല്ലിമ്മിച്ചിയാണ് കോഴിയെ പിടിച്ചു തരിക. അതിനെ മുസ്‌ലിയാരുടെ വീട്ടിൽ കൊണ്ട് പോയി അറുക്കണം. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടക്കണം കൊടക്കാട്ടെ മുസ്ലിയാരുടെ വീട്ടിലെത്താൻ. അവിടെ എത്തിയാലും കുറെ നേരം കാത്ത് നിൽക്കണം. മുസ്‌ലിയാർ വാതിൽ തുറന്ന് പുറത്ത് വരുന്നത് വരെ കോഴിയെ പിടിച്ച് ബഹളമൊന്നും ഉണ്ടാക്കാതെ നില്ക്കണം. കോഴിയെ അറുക്കുന്നതിനും മുസ്‌ലിയാർക്ക് കുറെ “ശർത്തും ഫർളു”മൊക്കെ (നിബന്ധനകൾ) യുണ്ട്. ആദ്യം കോഴിക്ക് വെള്ളം കൊടുക്കും, കത്തി മൂർച്ച കൂട്ടും, കാലിലെ കെട്ടഴിക്കും.. അങ്ങനെ കുറെ പരിപാടിയുണ്ട്. അറുത്ത് കഴിഞ്ഞു അതിന്റെ പിടച്ചിൽ ശരിയ്ക്കും നിന്ന് കഴിഞ്ഞാൽ മുസ്‌ലിയാർ പറയും, ആ കൊണ്ട് പൊയ്ക്കോ.. അപ്പോൾ മടിയിൽ കരുതിയിരിക്കുന്ന പൈസ എടുത്ത് മുസ്ലിയാർക്ക് ഭവ്യതയോടെ കൊടുക്കും.

ഏതെങ്കിലും ശൈഖുമാരുടെ പേരിൽ വെല്ലിമ്മിച്ചി നേർച്ചയാക്കിയ പൂവൻ കോഴിയായിരിക്കും ചിലപ്പോൾ അറുക്കാൻ കൊണ്ട് പോകുന്നത്. രിഫാഈ ശൈഖിന്റെ പേര് ഇപ്പോഴും ഓർമ്മയുണ്ട്. മൂപ്പരുടെ പേരിലാണ് കൂടുതലും കോഴികളെ വെല്ലിമ്മിച്ചി നേർച്ചയാക്കാറുള്ളത്. നേർച്ചയാക്കിയ കോഴിയെ അറുത്താൽ അത് വീട്ടുകാർക്ക് തിന്നാം എന്നൊരു വകുപ്പുണ്ട്. പക്ഷേ പ്രത്യേക ദുആ നടത്താൻ മുസ്‌ലിയാർ വരണം.. കോഴിയുടെ രണ്ട് കാലുകളും മിക്കവാറും മുസ്‌ലിയാർ തന്നെ തിന്നും. പിന്നെ അമ്മായിക്കാക്കമാരോ അളിയന്മാരോ ആരെങ്കിലും ഉണ്ടെങ്കിൽ ബാക്കിയുള്ള നല്ല കഷണങ്ങൾ അവർക്കും കിട്ടും.. ഞങ്ങൾ കുട്ടികൾക്ക് ഒരു ചെറിയ കഷ്ണമോ വല്ല എല്ലിന്റെ പൊടിയോ കിട്ടിയാൽ കിട്ടി, എന്നാലും കോഴി കിടന്ന ആ ചാറ്, അതിന്റെ മണം മൂക്കിലേക്ക് അടിച്ചാലുണ്ടല്ലോ, എന്റെ സാറേ, പിന്നെ ഭൂമിയിലുള്ളതൊന്നും കാണൂല.

അല്പം മുതിർന്ന ശേഷമാണ്. ഒമ്പതിലോ പത്തിലോ പഠിക്കുന്ന കാലം. ഒരു ദിവസം ഇങ്ങനെ കോഴിയെ അറുക്കാൻ മുസ്‌ലിയാരുടെ അടുത്ത് കൊണ്ട് പോയി. പക്ഷേ അവിടെ വീട്ടിൽ ആരുമില്ല. കുറെ നേരം കാത്ത് നിന്ന് കോഴിയുമായി ഞാൻ തിരിച്ചു വന്നു. വെല്ലിമ്മിച്ചിയുള്ള തറവാട്ട് വീട്ടിൽ നിന്ന് വേറെ വീട്ടിലേക്ക് ഞങ്ങൾ അതിനകം മാറിത്താമസിച്ചിട്ടുണ്ട്. ഉപ്പ കോലായിലുണ്ട്. ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ച് കോഴിയെ പിടിച്ച് നിൽക്കുകയാണ് ഞാൻ. അപ്പോൾ ഉപ്പ പറഞ്ഞു, കോഴിയെ അറുക്കാൻ മുസ്‌ലിയാർ തന്നെ വേണമെന്നില്ല. നമുക്കും അറുക്കാം. ബിസ്മി ചൊല്ലിയാൽ മതി എന്ന്.. എന്നാൽ ഉപ്പ അറുക്കുമോ എന്ന് ചോദിച്ചപ്പോൾ ഉപ്പ റെഡിയല്ല.. എന്നാൽ ഞാൻ അറുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ഉപ്പ സമ്മതം തന്നു. അനിയനെക്കൊണ്ട് കോഴിയുടെ കാലും ചിറകും ചേർത്ത് പിടിപ്പിച്ചു. മുസ്‌ലിയാർ അറുക്കുന്നത് പല തവണ കണ്ടിട്ടുള്ളതിനാൽ ആ പരിപാടികളൊക്കെ ചെയ്തു. വെള്ളം കൊടുത്തു, കത്തി മൂർച്ച കൂട്ടി, മടക്കിക്കുത്തിയ മുണ്ട് അഴിച്ചിട്ടു. കോഴിയുടെ ഹൽഖ് പിടിച്ചു ഒറ്റ അറവാണ്.
ദാ.. കിടക്കുന്നു, തല വേറെ ഉടല് വേറെ..
തല എന്റെ കയ്യിലും ബാക്കി ഭാഗം അനിയന്റെ കയ്യിലും..
ആകെ പേടിച്ചു വിറച്ചു പോയി.. അങ്ങനെ തല മുറിയാൻ പാടില്ല.. ഹൽഖ് (കണ്ഠനാളം) മുറിയാനേ പാടുള്ളൂ. അതാണ് മുസ്‌ലിയാർ ചെയ്യുന്ന രീതി.

അറിയാത്ത പണിക്ക് നിക്കണോ എന്ന മട്ടിൽ അനിയന്റെ നോട്ടം. ഉമ്മയുടെ ചീത്ത.. പക്ഷേ ഉപ്പ ധൈര്യം തന്നു.. ആദ്യം ചെയ്യുകയല്ലേ, അതൊന്നും കുഴപ്പമില്ല എന്ന്.. ബിസ്മി ചൊല്ലിയിട്ടില്ലേ എന്ന് ചോദിച്ചു.. ചൊല്ലിയിട്ടുണ്ട് എന്ന് ഞാൻ..
അതൊക്കെ ഒരു കാലം.
ബിസ്മി ചൊല്ലുക എന്നത് ഏതെങ്കിലും ഗൂഢ പരിപാടിയോ പ്രക്രിയയോ ഒന്നുമല്ല. ദൈവനാമത്തിൽ ആരംഭിക്കുന്നു എന്ന ഒരു പദപ്രയോഗം മാത്രമാണത്.. ഭക്ഷണത്തിന് വേണ്ടി ഒരു ജീവിയെ കൊല്ലുമ്പോൾ അതിന് ജീവൻ നല്കിയ ദൈവത്തെ ഓർത്തുകൊണ്ട് ചെയ്യുക എന്ന് മാത്രം. അതും ഐച്ഛികമായ ഒന്ന്.. അത് ജസ്റ്റ് ഒരു മതപരമായ കൺസെപ്റ്റാണ്. പെട്ടെന്ന് ജീവൻ പോകുന്ന രൂപത്തിൽ കണ്ഠനാളം അറുത്ത് ചെയ്യുക, അടിച്ചോ കുത്തിയോ ശ്വാസം മുട്ടിച്ചോ അധികസമയമെടുത്ത് പീഡിപ്പിക്കാതെ ചെയ്യുന്ന ഒരു പ്രക്രിയ. ഭക്ഷിക്കാൻ വേണ്ടിയിട്ടാണ് നാം കൊല്ലുന്നത്, അപ്പോഴും ചില മര്യാദകൾ പാലിക്കുക എന്ന രീതി. ഹലാൽ എന്നത് കൊണ്ട് അതിലപ്പുറമുള്ള ഉദ്ദേശങ്ങളൊന്നുമില്ല. അത് മറ്റേതെങ്കിലും മത വിഭാഗങ്ങൾക്കോ സമുദായങ്ങൾക്കോ എതിരിലുള്ള ഒരു ചടങ്ങോ പ്രക്രിയയോ അല്ല. ‘അനുവദനീയം’ എന്നത് മാത്രമാണ് ആ പദത്തിന്റെ അർത്ഥം.

എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ചില രീതികൾ ഉണ്ടാകാറില്ലേ, അതുപോലുള്ള ഒന്ന്.. എന്നാൽ മുമ്പ് കാലത്തൊന്നും ഇല്ലാത്തത് പോലെ സ്ഥാപനങ്ങളുടെ മുന്നിൽ വലിയ ഹലാൽ ബോർഡുകൾ വെച്ച് അതിനെ ഒരുതരം മാർക്കറ്റിംഗ് ടൂളാക്കി മാറ്റേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അത് തീർത്തും നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണെന്നേ ഞാൻ പറയൂ.
‘മുസ്ലിങ്ങൾ അല്ലാത്തവർ തയാറാക്കിയ ഭക്ഷണം മുസ്ലിങ്ങൾ കഴിക്കാൻ പാടില്ലെന്ന അവകാശ വാദ’മായിപ്പോലും ഹലാൽ ചർച്ചകളെ സംഘപരിവാരം പ്രചരിപ്പിക്കുന്നുണ്ട്. മലബാറിലെ ബ്രാൻഡഡ് വെജിറ്റേറിയൻ ഹോട്ടലുകളിൽ തിക്കിത്തിരക്കുന്ന മുസ്‌ലിം കുടുംബങ്ങളുടെ സാന്നിധ്യം ഒരിക്കലെങ്കിലും കയറി കണ്ടിട്ടുള്ളവർക്ക് ഇത്തരം അസംബന്ധ പ്രചാരണങ്ങളുടെ സത്യം മനസ്സിലാക്കാൻ പറ്റും. വിശ്വാസപരമായ ചെറിയ രീതികളെപ്പോലും ഇങ്ങനെ അതിന്റെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റിലെടുത്ത് സമൂഹത്തിൽ ഭീതിയുണ്ടാക്കുന്ന രൂപത്തിൽ അവതരിപ്പിക്കുന്നവരുടെ ലക്ഷ്യം മനുഷ്യരെ എങ്ങിനെയൊക്കെ പരസ്പരം ശത്രുക്കളാക്കി നിർത്താമെന്നും അതിൽ നിന്ന് എങ്ങിനെ രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്നതും മാത്രമാണ്.

ഇത്തരം വിഷപ്രചാരണങ്ങൾക്കെതിരെ തികഞ്ഞ സാമൂഹിക ജാഗ്രതയോടെ ഇരിക്കേണ്ട ഒരു കാലത്തിലൂടെയാണ് നാമെല്ലാം കടന്നു പോകുന്നത് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.. മുസ്ലിയാരുടെ വീട്ടുപടിക്കൽ കോഴിയേയും കൊണ്ട് പോകുന്ന ആ പയ്യനേയും കടലോളം സ്നേഹം നല്കിയ ആ വെല്ലിമ്മിച്ചിയേയും മനുഷ്യർ മതത്തിന്റെ പേരിൽ ഇങ്ങനെ പോരടിച്ചിട്ടില്ലാത്ത ആ നല്ലകാലത്തേയും വീണ്ടും വീണ്ടും ഓർക്കുന്നു, ഗൃഹാതുരതയോടെ മാത്രമല്ല, ഒത്തിരി നഷ്ടബോധത്തോടേയും..