മോദിയുടെയോ അമിത് ഷായുടെയോ വാക്കുകളല്ല ഭയപ്പെടുത്തുന്നത്, അതിനോടുള്ള ഈ രാജ്യത്തെ മനുഷ്യരുടെ കുറ്റകരമായ മൗനമാണ്

10816

Basheer Vallikkunnu എഴുതുന്നു 

ഭയപ്പെടുത്തുന്നു, ഈ മൗനം.

മുസ്ലിംകളല്ലാത്ത എല്ലാ അഭയാർത്ഥികൾക്കും ഇന്ത്യൻ പൗരത്വം നല്കും, അവരിൽ ഒരാളെപ്പോലും ഇന്ത്യ പുറത്താക്കില്ല. നരേന്ദ്ര മോഡി സർക്കാർ അവരോടൊപ്പമുണ്ട്, മുസ്ലിംകളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി നിയമം ഉടൻ പാസ്സാക്കും.. അതിന് വേണ്ട ഭൂരിപക്ഷം ഇപ്പോഴുണ്ട്.

കേന്ദ ആഭ്യന്തര മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ട് രണ്ട് ദിവസമായി. മുസ്ലിംകൾ എന്ന പദം അദ്ദേഹം പ്രയോഗിച്ചില്ലെങ്കിലും മുസ്ലിം അല്ലാത്ത എല്ലാ മതവിഭാഗത്തേയും പേരെടുത്ത് പറഞ്ഞു കൊണ്ടാണ് അവരൊന്നും പേടിക്കേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞത്.. ഒഴിവാക്കപ്പെട്ടത് മുസ്‌ലിം സമൂഹം മാത്രം..

നമ്മുടെ നാട് എവിടെയെത്തി എന്ന് ആലോചിച്ചു നോക്കൂ.. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി, അതേത് പാർട്ടിക്കാരനാകട്ടെ, ഇതുപോലെ പച്ചയായ വംശീയ വിദ്വേഷം പരസ്യമായി പറയുന്ന നാൾ വരുമെന്ന് ഒരു ദുഃസ്വപ്നത്തിൽ പോലും നാം കണ്ടിരുന്നില്ല.

എന്നിട്ടും നോക്കൂ, ഒരു പ്രതിഷേധത്തിന്റെ സ്വരം എവിടെ നിന്നെങ്കിലും ഉയർന്നു വന്നുവോ.. പ്രതിപക്ഷ നിരകളിൽ നിന്ന് എന്തെങ്കിലും ചലനമുണ്ടായോ?.. ഒന്നോ രണ്ടോ ട്വീറ്റുകൾ മാത്രമാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.. ഒന്ന് യെച്ചൂരിയുടെത്.. മറ്റൊന്ന് നടൻ സിദ്ധാർത്ഥിന്റെത്.. വേറെയും ചിലതൊക്കെ കാണുമായിരിക്കാം.. പക്ഷേ രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഒരു പ്രതിഷേധത്തിന്റെ സ്വരം പോലും ഉണ്ടായില്ല..

അപകടകരമായ ഒരു “വംശീയ ശുദ്ധീകരണത്തിന്റെ” (ethnic cleansing) അഥവാ വംശീയ ഉന്മൂലനത്തിന്റെ ദിശയിലേക്കാണ് ഈ നാട് നീങ്ങുന്നത് എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇപ്പോൾ മൗനം പാലിക്കുന്ന ഓരോരുത്തനും അത്തരമൊരു ഭീതിത രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ പോക്കിനെ മനസ്സ് കൊണ്ട് അംഗീകരിക്കുന്നവനാണ് എന്ന് പറയേണ്ടി വരും..

മാർട്ടിൻ ലൂഥർ കിംഗിന്റെ (Jr.) ആ പ്രസിദ്ധമായ വാചകം ഓർമ്മയിൽ വരുന്നില്ലേ..

“The ultimate tragedy is not the oppression and cruelty by the bad people but the silence over that by the good people.”

മോദിയുടെയോ അമിത് ഷായുടെയോ വാക്കുകളല്ല നമ്മെ കൂടുതൽ ഭയപ്പെടുത്തേണ്ടത്,

അതിനോടുള്ള ഈ രാജ്യത്തെ മനുഷ്യരുടെ കുറ്റകരമായ മൗനമാണ്.