ചാവേറുകളായി പൊട്ടിത്തെറിക്കുന്നത് മുഴുവൻ മുസ്ലിം നാമധാരികളാണ്

653

ബഷീർ വള്ളിക്കുന്ന് (Basheer Vallikkunnu)എഴുതുന്നു

ശ്രീലങ്കൻ പൊട്ടിത്തെറിയെക്കുറിച്ചും അതിൽ ചാവേറുകളായ ‘ജിഹാദി’കളെക്കുറിച്ചും എഴുതിയപ്പോൾ പലരും പറഞ്ഞത് ഇതൊരു പ്ലോട്ട് ആയിക്കൂടെ എന്നാണ്. സാമ്രാജ്യത്വ ശക്തികളും വലതു പക്ഷ തീവ്രവാദികളും ആസൂത്രിതമായി സംഘടിപ്പിച്ച പ്ലോട്ട്. ജൂതലോബിയും ആർ എസ് എസും ചേർന്നുള്ള പ്ലോട്ട്.

ഇത്തരം തിയറികളെക്കുറിച്ചൊന്നും പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല, അന്വേഷണങ്ങൾ നടക്കട്ടെ.. എന്റെ ചോദ്യം വളരെ ലളിതമാണ്. ചാവേറുകളായി പൊട്ടിത്തെറിക്കുന്നത് മുഴുവൻ മുസ്ലിം നാമധാരികളാണ്. ശ്രീലങ്കയിൽ നിന്ന് ലഭ്യമാകുന്ന വാർത്തകളും അതാണ്.. ഉയർന്ന വിദ്യാഭ്യാസമുള്ള സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ അംഗങ്ങളാണ് ചാവേറുകളായത്.. അവർ പണത്തിന് വേണ്ടിയല്ല അത് ചെയ്തത്.. എന്തെങ്കിലും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ചെയ്യിപ്പിക്കാൻ മാത്രം വിദ്യഭ്യാസമോ പൊതുവിവരമോ ഇല്ലാത്തവരുമല്ല. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർ അക്കൂട്ടത്തിലുണ്ട്.

വാദത്തിന് വേണ്ടി ജൂതന്മാരാണ് പ്ലോട്ട് ആസൂത്രണം ചെയ്തത് എന്ന് തന്നെ വെക്കുക, ചാവേറുകളാകാൻ ഇവന്മാരെ എങ്ങിനെ കിട്ടി.. അവരെ എന്ത് പറഞ്ഞാണ് പ്രേരിപ്പിച്ചത്.. ഇസ്രാഈലിലേക്ക് വിസ തരുമെന്ന് പറഞാണോ അതോ സ്വർഗത്തിലേക്ക് ടിക്കറ്റ് കിട്ടുമെന്ന് പറഞ്ഞാണോ?.. ചിന്തിക്കേണ്ടത് നമ്മളാണ്. ആരെയാണ് ബോധവത്കരിക്കേണ്ടത്.. ജൂതന്മാരെയാണോ അതോ അവരുടെ കെണിയിൽ വീണുപോകുന്ന ഇസ്‌ലാം മത വിശ്വാസികളെയാണോ?. സ്വർഗ്ഗ നരക വിശ്വാസങ്ങളെയും ജിഹാദിനെയുമൊക്കെ റാഡിക്കലൈസ് ചെയ്യുന്ന തീവ്ര ചിന്താധാരകളെയാണോ?..

നിരപരാധികളെ കൊന്നും ചോര ചിന്തിയും സ്വർഗ്ഗത്തിൽ കടക്കാമെന്ന വിഷം ആരെങ്കിലും കുത്തിവെക്കുന്നുണ്ടെങ്കിൽ അവരെക്കുറിച്ച് ജാഗ്രത വേണമെന്ന് പറയുമ്പോൾ അതിനെ പരിഹസിക്കാതിരിക്കുക.. കൂടുതൽ കൂടുതൽ ജാഗ്രത പാലിക്കുക.. മനുഷ്യനെക്കുറിച്ചും മാനവികതയെക്കുറിച്ചും പറഞ്ഞും പഠിപ്പിച്ചും കെണ്ടേയിരിക്കുക.. ഇസ്‌ലാം മതത്തിൽ മാത്രമല്ല, ഓരോ മതത്തിലും വളർന്ന് വരുന്ന തീവ്രവാദങ്ങളേയും ഭീകര വാദങ്ങളേയും അതേ മതവിശ്വാസികൾ തന്നെ ചെറുത്ത് തോല്പിക്കണം.. ഹൈന്ദവ തീവ്രവാദത്തിനെതിരെ ഏറ്റവും ഫലപ്രദമായി പൊരുതാൻ സാധിക്കുക ഹൈന്ദവ വിശ്വാസികൾക്കാണ്..

പറഞ്ഞതിന്റെ ചുരുക്കം ഇത്രമാത്രമാണ്.. രോഗാണുക്കൾ വളർന്ന് വരുന്നുണ്ട്.. അത് തിരിച്ചറിയുക, അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടുക. രോഗത്തെ നിഷേധിച്ചു കൊണ്ട് അതിനെ ചികിത്സിക്കാൻ സാധിക്കില്ല.