“ചരിത്രം എന്നോട് ദയ കാണിക്കുന്ന ഒരുനാൾ വരും”

385

എഴുതിയത്  : Basheer Vallikkunnu

“ചരിത്രം എന്നോട് ദയ കാണിക്കുന്ന ഒരുനാൾ വരും”
മൻമോഹൻ സിങ് മുമ്പ് പറഞ്ഞതാണ്..

മോദി സ്തുതികളുമായി മാധ്യമങ്ങൾ നിറഞ്ഞാടിക്കൊണ്ടിരുന്നപ്പോൾ, മിണ്ടാപ്രാണിയെന്ന് അധിക്ഷേപിച്ച് പരിഹസിച്ചു കൊണ്ടിരുന്നപ്പോൾ, ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയുടെ ശില്പിയെ അധിക്ഷേപങ്ങളാൽ അപഹസിച്ചു കൊണ്ടിരുന്നപ്പോൾ

അദ്ദേഹം പറഞ്ഞതാണത്..

വെറുതേ ഒന്നാലോചിച്ചു നോക്കൂ..
ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആടിയുലഞ്ഞ ആ ഘട്ടത്തിലെങ്ങാനും മൻമോഹൻ സിങ്ങിന് പകരം ഇപ്പോഴുള്ള ഈ വായാടിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന്?.. ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നില്ലേ..

അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന ഒരു സാമ്പത്തിക രംഗത്തെ താലത്തിലെന്ന പോലെ കയ്യിൽ വെച്ച് കൊടുത്താണ് മൻമോഹൻ സിങ് മോദിക്ക് അധികാരം കൈമാറുന്നത്.. എല്ലാ സൂചികകളും അനുകൂല ഗ്രാഫ് രേഖപ്പെടുത്തിയ കാലം.. അതിനെയാണ് ഇപ്പോൾ നട്ടെല്ലൊടിച്ച് കിടത്തിയിരിക്കുന്നത്..

നോട്ട് നിരോധനമെന്ന ഭ്രാന്ത് നടപ്പിലാക്കിയ അതേ വേളയിൽ തന്നെ അതിനെക്കുറിച്ച് മൻമോഹൻ സിങ് പറഞ്ഞു.

it’s a monumental management failure, organised loot and legalised plunder എന്ന്..

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ മേലുള്ള ആസൂത്രിത കവർച്ചയാണിതെന്ന്.. നിയമവിധേയമാക്കിയ കൊള്ളയാണെന്ന്.. കൊടും പിടിപ്പു കേടാണെന്ന്.. ഇത് ചെറുകിട വ്യവസായങ്ങളുടെ നട്ടെല്ലൊടിക്കുമെന്ന്..

കേട്ടില്ല.. കാരണം ഭ്രാന്ത് അതിന്റെ അങ്ങേയറ്റം എത്തിയ സമയമായിരുന്നു..

ആരോടും കൂടിയാലിചിക്കാതെ – റിസർവ് ബാങ്കിനോട് പോലും – ഒരു അർദ്ധരാത്രിയിൽ കോട്ടുമിട്ട് ടി വി യിൽ വന്ന് പ്രഖ്യാപിക്കുകയായിരുന്നു. നാല് ലക്ഷം കോടി റിസർവ് ബാങ്കിന് അധിക വരുമാനം ലഭിക്കുമെന്നും അത് ഇന്ത്യൻ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുമെന്നും പുലമ്പി.. അധിക വരുമാനം പോകട്ടെ, ഇന്നിപ്പോൾ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് പോലും രണ്ട് ലക്ഷം കോടി കവർന്നെടുക്കേണ്ട ദുരന്തം എത്തിയിരിക്കുന്നു..

രാജ്യത്തെ ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും ആൾക്കൂട്ടത്തെക്കൊണ്ട് തെരുവിൽ കൊലകൾ നടത്തിയും ലക്ഷക്കണക്കിന് പൗരന്മാരെ അഭയാർത്ഥികളാക്കിയും ബന്ദികളാക്കിയും ഒരു രാജ്യത്തെ മുന്നോട്ട് നയിക്കാമെന്ന് വിശ്വസിക്കുന്ന ഒരു ഭ്രാന്തിന്റെ അനന്തര ഫലമാണ് ഈ രാജ്യം ഇന്ന് അനുഭവിക്കുന്നത്..

ഇനി അനുഭവിക്കാൻ പോകുന്നതും അതേ ഭ്രാന്തിന്റെ ബാക്കി ഫലങ്ങളാണ്.

പ്രിയപ്പെട്ട മൻമോഹൻ സിങ്,
താങ്കളോട് ചരിത്രം ദയ കാണിക്കും..

സാമ്പത്തിക രംഗത്തെ താങ്കളുടെ സേവനങ്ങളെ ഓർക്കാതേയും വിലമതിക്കാതേയും
ഒരു ദിവസം കടന്നു പോകാൻ ഈ രാജ്യത്തിനി കഴിയില്ല..

ചരിത്രം ദയ കാണിക്കുക മാത്രമല്ല, അതിന്റെ വെള്ളിവെളിച്ചത്തിൽ താങ്കളെ പ്രതിഷ്ഠിക്കുകയും ചെയ്യും.. ഈ ഫാസിസ്റ്റ് അധികാരകസേരയിലിരുന്ന് ഭ്രാന്ത് തുടരുന്നിടത്തോളം കാലം
ലോകം താങ്കളെ ഓർത്ത് കൊണ്ടേയിരിക്കും.. തീർച്ച..

ബഷീർ വള്ളിക്കുന്ന്