നീതി മരിക്കുകയാണ്, ഫാസിസം വിജയഭേരി മുഴക്കുകയാണ്

5327

ബഷീർ വള്ളിക്കുന്ന് എഴുതുന്നു

നീതി മരിക്കുകയാണ്, ഫാസിസം വിജയഭേരി മുഴക്കുകയാണ്.

മുപ്പത് വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ നൽകിയിരിക്കുന്നു. ഇരുപത്തി മൂന്ന് വർഷം പഴക്കമുള്ള മറ്റൊരു കേസ് പൊടിതട്ടിയെടുത്ത് പത്ത് മാസമായി ജാമ്യം നിഷേധിച്ച് ജയിലിൽ അടച്ചതിന് പുറമെയാണിത്..

ഗുജറാത്ത് കലാപത്തിലെ പങ്ക് ചൂണ്ടിക്കാട്ടി മോദിക്കെതിരെ സുപ്രിം കോടതിയിൽ സത്യവാങ്മൂലം കൊടുത്തതാണ് ഭട്ട് ചെയ്ത കുറ്റം.. ഫാസിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തി എന്നതാണ് അയാളുടെ തെറ്റ്.. മോദിക്കെതിരെ മത്സരിച്ചു എന്നതാണ് അയാളുടെ ഭാര്യ ശ്വേതാ ഭട്ട് ചെയ്ത പാതകം..

ബാക്കിയെല്ലാം ഫാബ്രിക്കേറ്റഡ് സ്റ്റോറികളും തെളിവുകളുമാണ്.. അദ്വാനിയുടെ രഥയാത്രയെത്തുടർന്ന് ഭാരത് ബന്ദ് ദിനത്തിൽ സാമുദായിക കലാപം നടത്തിയവരെ അറസ്റ്റ് ചെയ്തതാണ് സംഭവം. നൂറ്റമ്പതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ ജാമ്യം ലഭിച്ച് പുറത്ത് പോയ ഒരാൾ പത്ത് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.. മെഡിക്കൽ റിപ്പോർട്ട് പ്രകാരം മരണകാരണം renal failure.. അതാണ് കസ്റ്റഡി മരണമായി മാറിയത്.. ജീവപര്യന്തം തടവായി മാറിയത്.. അന്ന് ഉന്നതങ്ങളിലിരുന്ന മറ്റൊരു പോലീസ് ഓഫീസർക്കും ശിക്ഷയില്ല. ഭട്ടിന് മാത്രം ശിക്ഷ..

മോദിക്കെതിരെ ശബ്ദിക്കുന്നവർക്ക് ഇതായിരിക്കും വിധിയെന്ന് പഠിപ്പിക്കുകയുമാണ് ഫാസിസ്റ്റുകൾ.

ആദ്യം ഭട്ടിനെ സർവീസിൽ നിന്ന് പുറത്താക്കി, അയാൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടായിരുന്നില്ല.

പിന്നീട് കേസുകളും തെളിവുകളും ഉണ്ടാക്കിയെടുത്തു. ആരും ശബ്ദിച്ചില്ല. അയാളുടെ ഭാര്യ നീതിനിഷേധത്തെക്കുറിച്ച് നിരന്തരം എഴുതി.. ഒരാളും തിരിഞ്ഞു നോക്കിയില്ല. മാധ്യമങ്ങൾ കുറ്റകരമായ മൗനം പാലിച്ചു.

ഇപ്പോഴിതാ ജീവപര്യന്തവും.. വലത് പക്ഷവും ഇടത് പക്ഷവും ശബ്ദിക്കില്ല എന്നുറപ്പ്.. മാധ്യമങ്ങളിൽ അന്തിചർച്ചകൾ ഉണ്ടാകില്ല എന്നുറപ്പ്. നാളിതുവരെ ആരും ശബ്ദിച്ചിട്ടില്ല.. ഒരു പ്രതിഷേധം പോലും ഉയർത്തിയിട്ടില്ല..

രാജ്യം ഫാസിസത്തിന് കീഴടങ്ങുകയാണ്, നിശ്ശബ്ദമായി..

പ്രിയ സഞ്ജീവ് ഭട്ട്, പ്രിയ ശ്വേതാ

മാപ്പ്..

ഞങ്ങളൊരു തോറ്റ ജനതയാണ്..