കൊറോണയെ പ്രാകുന്നതിനിടയിൽ ഇതുപോലുള്ള ചിലത് നാം കാണാതെ പോകരുത്

90

ബഷീർ വള്ളിക്കുന്ന്

എത്രയൊക്കെ ദുരിതങ്ങൾ ലോകത്ത് വിതച്ചാലും കൊറോണയോട് ഒരു ചെറിയ കടപ്പാട് തോന്നുന്ന ഒരു കാര്യമുണ്ട്, ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെ.കൊറോണ അതിന്റെ ആദ്യ ഇരകളായി തിരഞ്ഞെടുത്തത് ലോകത്തെ വൻ ശക്തികളെയും വികസിത രാജ്യങ്ങളെയുമാണ്. ഇതെങ്ങാനും ആഫ്രിക്കയിൽ നിന്ന് തുടങ്ങിയിരുന്നുവെങ്കിലോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ആശുപത്രികളും ചികിത്സയും ഐസലോഷനും പോയിട്ട് ജീവിക്കാൻ തന്നെ വകയില്ലാത്ത മനുഷ്യരുടെ ആ ഭൂഖണ്ഡത്തിൽ ഇത് സംഹാര താണ്ഡവമാടിയിരുന്നുവെങ്കിൽ ഭീകരമാകുമായിരുന്നു അവസ്ഥ.

ലോകം ആഫ്രിക്കയുടെ വാതിലുകൾ അടച്ച് സുരക്ഷിതമാകാൻ ശ്രമിക്കുമായിരുന്നു. ലക്ഷങ്ങൾ മരിച്ചു വീണാലും ഒരുവേള വാർത്തകളിൽ പോലും അവ ഇടം പിടിക്കുമായിരുന്നില്ല.ചാനൽ ചർച്ചകളോ തലക്കെട്ടുകളോ മെഴുകുതിരി കത്തിക്കലുകളോ ഉണ്ടാകുമായിരുന്നില്ല. ഉച്ച കോടികളും മാരത്തോൺ മെഡിക്കൽ പരീക്ഷണങ്ങളും നടക്കുമായിരുന്നില്ല, വർഷം തോറും പട്ടിണിയിലും പരിവട്ടങ്ങളിലും മരിച്ചു വീഴുന്ന മനുഷ്യരുടെ കണക്കിൽ ഏതാനും ലക്ഷങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടുമായിരുന്നു.
പക്ഷേ കൊറോണ സമ്പന്ന രാജ്യങ്ങളെ കയറി ആദ്യം പിടിച്ചു.

ചൈന, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക.. ആരൊക്കെ ആ രോഗത്തെ തുടക്കത്തിൽ പരിഹസിച്ചുവോ അവർക്ക് കനത്ത പ്രഹരങ്ങൾ നൽകി. ഈ രോഗത്തെ പേടിക്കേണ്ടതില്ല, ഇതത്ര ഗൗരവമുള്ളതല്ല എന്നൊക്കെ പറഞ്ഞു കോവിഡ് രോഗികൾക്കെല്ലാം ഷേക്ക് ഹാൻഡ് കൊടുത്ത് ഹീറോ ആകാൻ ശ്രമിച്ച യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഒരൊറ്റ അടിക്ക് കൊറോണ ഇടിച്ചു നിലത്തിട്ടു. അയാളെ ഐ സി യു വിലാക്കി. ബോധം തെളിഞ്ഞ ഉടനെ അയാൾ പറഞ്ഞു, ലോക്ക് ഡൗൺ വേണം, ഇവൻ ചില്ലറക്കാരനല്ല. രോഗം ഭീതിതമായ അവസ്ഥ സൃഷ്ടിച്ച് ചൈനയിൽ മനുഷ്യർ മരിച്ചു വീണപ്പോൾ അവിടെ സഹായങ്ങൾ എത്തിക്കുന്നതിന് പകരം അതിനെ ചൈനീസ് വൈറസ് എന്ന് പരിഹസിക്കുകയും ഇതൊരു സാധാരണ ഫ്ലൂ ആണെന്ന് പുച്ഛിച്ചു തള്ളുകയും ചെയ്തു ഇന്ത്യ പ്രണ്ട് ഡോലാൻഡ് ട്രമ്പ്.അവനേയും അവന്റെ രാജ്യത്തേയും കൊറോണ ഇടിച്ചു നിലം പരിശാക്കി..

ഈ രോഗം കൊണ്ട് ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ പേര് മരിച്ചു വീണ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ ഒന്നാമതെത്തിച്ചു. ശാസ്ത്രം, സാങ്കേതികത, സൈനിക ശക്തി എന്നിവയിൽ ഒന്നാം നമ്പറെന്ന് എന്നും വീമ്പിളക്കാറുള്ള അവിടെ പ്രാഥമിക ചികിത്സ പോലും കിട്ടാതെ ആയിരങ്ങൾ പിടഞ്ഞു മരിക്കുന്നു. മരുന്നുകൾക്കും ആവശ്യവസ്തുക്കൾക്കും ഉപരോധം ഏർപ്പെടുത്തി നിരവധി രാജ്യങ്ങളെ കൊന്നൊടുക്കിയ സൈനിക ശക്തിക്ക് “മൂന്നാംലോക” രാജ്യങ്ങൾക്ക് മുന്നിൽ മരുന്നുകൾക്ക് യാചിക്കേണ്ട അവസ്ഥ വന്നു. കൈവശമുള്ള അറ്റം ബോംബുകളും ക്ലസ്റ്റർ ബോംബുകളും ഒരു പാരസെറ്റമോളിന്റെ ഉപകാരം പോലും ചെയ്തില്ല.അവരുടെ ദുരവസ്ഥയിൽ ഒട്ടും സന്തോഷമില്ല, അവിടെ മരിച്ചു വീഴുന്നവരും മനുഷ്യരാണെന്ന ബോധവുമുണ്ട്. അതിൽ സങ്കടവുമുണ്ട്. സൈനിക ശക്തിയല്ല, മനുഷ്യത്വവും മാനുഷികതയും പ്രധാനമാണെന്ന വലിയ പാഠം കൊറോണ എല്ലാവരേയും പഠിപ്പിക്കുന്നുണ്ട്.

പണവും പ്രതാപവും എത്രയുണ്ടായിട്ടും കാര്യമില്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരുമെന്ന് അത് മനസ്സിലാക്കിത്തരുന്നുണ്ട്, കൂടുതൽ നല്ല മനുഷ്യരാകാൻ, പരസ്പരം ദയയുള്ളവരാകാൻ അവ മനുഷ്യരെ പ്രേരിപ്പിക്കുണ്ട്. കൊറോണയെ പ്രാകുന്നതിനിടയിൽ ഇതുപോലുള്ള ചിലത് നാം കാണാതെ പോകരുത്.