ടീച്ചറേ, നിങ്ങളോടൊപ്പം ഒരു ജനതയുണ്ട്, അവരുടെ പ്രാർത്ഥനകളുണ്ട്, പ്രതീക്ഷകളുണ്ട്

19
Basheer Vallikkunnu
കോവിഡിൽ കേരളത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതിനെക്കുറിച്ച് വലിയ തിയറികളൊക്കെ നടക്കുന്നുണ്ട്. മഹാരാജാവ് തിരുമനസ്സ് മുതൽ ഇങ്ങോട്ട് എണ്ണിത്തുടങ്ങുന്ന കുറിപ്പുകളും കണ്ടു.
കേരളത്തെ ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിച്ചതിൽ ഇവിടം ഭരിച്ച എല്ലാ ഭരണകൂടങ്ങൾക്കും പങ്കുണ്ട്, തർക്കമില്ലാത്ത ഒന്നാണത്. നമുക്കൊരു സിസ്റ്റമുണ്ട്, ആരോഗ്യ സംവിധാനമുണ്ട്, മെഡിക്കൽ കോളേജുകളുണ്ട്, ഉയർന്ന വിദ്യഭ്യാസ നിരക്കുണ്ട്, എല്ലാത്തിനുമുപരി പ്രബുദ്ധരായ ഒരു ജനതയുണ്ട്.. എന്നാൽ കോവിഡ് പ്രതിരോധത്തിൽ വിജയിക്കുവാൻ അത് മാത്രം മതിയോ?. പോരാ എന്നാണ് ലോകം നമ്മെ പഠിപ്പിക്കുന്നത്.
അമേരിക്ക ഉദാഹരണം. പതിനായിരക്കണക്കിന് മനുഷ്യരാണ് അവിടെ മരിച്ചു വീഴുന്നത്. വിഭവങ്ങളുടെ കുറവില്ല, വിദ്യാഭ്യാസത്തിന്റെ കുറവില്ല, ആശുപത്രികളുടെ കുറവില്ല. കേരളത്തിന്റെ പ്രതിശീർഷ ജി ഡി പിയുടെ ഇരുപത് ഇരട്ടിയിലധികമാണ് വരുമാനം. എല്ലാമുണ്ട് എന്നർത്ഥം. പക്ഷേ വകതിരിവുള്ള ഒരു ടീം ലീഡർ ഉണ്ടായില്ല. അത് മാത്രമായിരുന്നു ഒരു കുറവ്.കോവിഡ് അതിന്റെ താണ്ഡവം തുടങ്ങിയ നാളുകളിൽ ഈ രോഗം അത്ര ഗൗരവമുള്ള ഒന്നല്ല എന്നും ഫ്ലൂ വന്ന് എത്രയാളുകൾ മരിക്കുന്നു എന്നും അസംബന്ധങ്ങൾ വിളിച്ചു കൂവുകയായിരുന്നു ഇന്ത്യ പ്രണ്ട് മിസ്റ്റർ ട്രമ്പ് . മുന്നൊരുക്കങ്ങൾ നടത്തുന്നതിനും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനുമടക്കം എല്ലാ വിഷയത്തിലും വലിയ കാലതാമസമുണ്ടായി. രോഗം നിയന്ത്രണ വിധേയമല്ലാത്ത വിധം പടർന്ന് പിടിച്ച ശേഷമാണ് ബോധം തെളിഞ്ഞത്.. അപ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു.
ഒബാമ അഡിമിനിസ്ട്രേഷനായിരുന്നു ഇപ്പോൾ അവിടെ ഉണ്ടായിരുന്നത് എങ്കിൽ ഒരുവേള ഇത്തരമൊരു ദുരവസ്ഥയിലേക്ക് അമേരിക്ക എത്തിപ്പെടുമായിരുന്നില്ല. യു കെ യിലെ സ്ഥിതിയും മറിച്ചല്ല.. റിസോഴ്സ്‌കളുടെ ഒരു കുറവുമില്ല. പക്ഷേ വിവരദോഷിയായ ഒരുത്തനാണ് ഭരണത്തിന്റെ തലപ്പുറത്തുണ്ടായിരുന്നത്. ബോറിസ് ജോൺസൺ. കൊറോണയെ ശാസ്ത്രം കൊണ്ട് അതിജയിക്കാമെന്നും ഇതത്ര അപകടകാരിയായ രോഗമല്ല എന്നും പറഞ്ഞു കോവിഡ് രോഗികൾക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് ഹീറോ ആകാൻ നോക്കി. അവസാനം കൊറോണ ബാധിച്ച് വെന്റിലേറ്ററിലായി. കഷ്ടിച്ചു രക്ഷപ്പെട്ടതാണ്. രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞപ്പോഴേക്ക് പതിനായിരക്കണക്കിന് മനുഷ്യർ മരിച്ചു വീണിരുന്നു.
അതുകൊണ്ടാണ് പറഞ്ഞത്. സിസ്റ്റം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ഉള്ള സിസ്റ്റത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിവുള്ള ഒരു നേതൃത്വവും വേണം.. അവിടെയാണ് ശൈലജ ടീച്ചറെപ്പോലുള്ള ഒരു ആരോഗ്യമന്ത്രിയുടെ വില നമുക്ക് മനസ്സിലാവുക..വുഹാനിൽ നിന്നുള്ള രോഗത്തിന്റെ വാർത്തയും മരണത്തിന്റെ കണക്കും കേട്ട ഉടനെ കേരളത്തിൽ ഒരു ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുകയാണ് ടീച്ചർ ആദ്യം ചെയ്തത്.. ഓരോ ജില്ലയും കേന്ദ്രീകരിച്ച് പ്രത്യേക ദൗത്യ സംഘങ്ങൾ.. ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ നമ്മുടെ കൗണ്ടർ കോവിഡ് ടീം പൂർണ്ണ സജ്ജമായിരുന്നു.. അമേരിക്കയിലും ബ്രിട്ടനിലും ഇറ്റലിയിലും ഉണ്ടാകാതിരുന്നത് അത്തരമൊരു മുന്നൊരുക്കമായിരുന്നു. മുപ്പത് ഡിഗ്രി ചൂടിൽ കോവിഡ് ചത്തു പോകും, ഇവിടെ അതൊന്നും പേടിക്കേണ്ട എന്ന് സെൻകുമാറിനെപ്പോലുള്ള സംഘികളും മുരളിയെപ്പോലുള്ള കോൺഗ്രസ്സുകാരും പറഞ്ഞു. പക്ഷേ ടീച്ചർ ടീച്ചറുടെ പണി ചെയ്തുകൊണ്ടേയിരുന്നു. രോഗിയെ കണ്ടെത്തൽ, സമ്പർക്ക പട്ടിക, റൂട്ട് മാപ്പ്, നിരീക്ഷണം, ക്വാറന്റൈൻ തുടങ്ങി നമ്മുടെ സിസ്റ്റം പിഴവുകളില്ലാതെ ചലിച്ചു. അതിന്റെ ഫലമാണ് കേരളം കണ്ടത്.. ലോകത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്കിലേക്ക് നാം എത്തിയത് വെറുതെ ഒരു അർദ്ധരാത്രിയിലെ മങ്കി ബാത്ത് കൊണ്ടല്ല, ഉള്ള സിസ്റ്റത്തെ അതിന്റെ പത്തിരട്ടി ശക്തിയിൽ ഉപയോഗിക്കാൻ കെല്പുള്ള ഒരു അഡ്മിനിസ്ട്രേഷൻ ഉണ്ടായത് കൊണ്ട് കൂടിയാണ്.
ഇതൊക്കെ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിന് എന്ന് ചോദിക്കും.. പി ആർ വർക്കിന്‌ കാശ് കിട്ടുന്നുണ്ടോ എന്നും ചോദിക്കും.. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. ഇതൊക്കെ പറഞ്ഞു കൊണ്ടേയിരിക്കണം, അഭിനന്ദിച്ചു കൊണ്ടേയിരിക്കണം, കാരണം അതീവ ഗുരുതരമായ മറ്റൊരു ഘട്ടത്തിലേക്കാണ് നാം കടക്കുന്നത്.. കേസുകൾ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ചുക്കാൻ പിടിക്കുന്നവരും ആരോഗ്യപ്രവർത്തകരും ഇപ്പോൾ തളരാൻ പാടില്ല. തളർന്നാൽ നമ്മൾ തീർന്നു. മരണത്തിന്റെ കണക്കെടുപ്പ് മാത്രമാവും പിന്നെ ബാക്കിയുണ്ടാവുക.. അവരുടെ ആത്മവിശ്വാസത്തെ നാം ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കണം, ചെറിയ തെറ്റുകളും പിഴവുകളും ചൂണ്ടിക്കാട്ടി അതിനെ കെടുത്തിക്കളയേണ്ട ഘട്ടമല്ല ഇത്.
കൂടെ നിൽക്കുകയും ഊർജ്ജം പകരുകയും ചെയ്യേണ്ട ഘട്ടമാണ്. ടീച്ചറേ, നിങ്ങളോടൊപ്പം ഒരു ജനതയുണ്ട്, അവരുടെ പ്രാർത്ഥനകളുണ്ട്, പ്രതീക്ഷകളുണ്ട്, ഈ അപകടം പിടിച്ച മൂന്നാം ഘട്ടത്തേയും നമുക്ക് അതിജയിക്കണം.. നിങ്ങൾക്കതിന് കഴിയും. ഒട്ടും തളരാതെ മുന്നോട്ട് പോവുക.