സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി മതം പൗരനെ നിർണയിക്കുന്ന ഒരു രേഖ വരികയാണ്

100

Basheer Vallikkunnu

കൃത്യമായ അജണ്ടയോടെ ആദ്യം ഒരു അപരനെ സൃഷ്ടിച്ചെടുത്തു, അതിലേറെ കൃത്യമായ പ്ലാനിങ്ങോടെ അവരെ ഉന്മൂലനം ചെയ്തു, ഉന്മൂലനം വളരെ എളുപ്പത്തിലാണ് നടന്നത്, അപരനെ സൃഷ്ടിച്ചെടുക്കുന്ന ആശയപ്രചാരണത്തിനാണ് അല്പം സമയമെടുത്തത്.

ഒരു ഭാഗത്ത് ദേശീയതയുടേയും സംസ്കാരത്തിന്റെയും വക്താക്കളായ ജർമ്മൻ ജനത. കൃത്യമായി പറഞ്ഞാൽ ജർമ്മനിയിലെ ആര്യന്മാർ. മറുഭാഗത്ത് ദേശീയതയുടെയും സംസ്കാരത്തിന്റെയും ശത്രുക്കളായ അപരന്മാർ, കൃത്യമായി പറഞ്ഞാൽ ജൂതന്മാർ.. അവരെ പൗരത്വ നിരയിൽ രണ്ടാം തരക്കാരാക്കി, അവരുടെ പ്രോപർട്ടികളിലും സ്ഥാപനങ്ങളിലും കൂടുതൽ പരിശോധനകൾ നടന്നു, അവർക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് ഹേറ്റ് കാമ്പയിനുകൾ നടത്തി, കാണുന്നിടത്ത് വെച്ച് ജനം കല്ലെറിഞ്ഞു ഓടിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷം ഉണ്ടായി.

പൗരത്വം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് കൂടെ കൊണ്ട് പോകാവുന്ന ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. അങ്ങനെ രാജ്യത്ത് ജീവിക്കാനും രാജ്യത്ത് നിന്ന് രക്ഷപ്പെടാനും സാധിക്കാത്ത ഒരു അവസ്ഥയിൽ എത്തിച്ച ശേഷമാണ് ഉന്മൂലനം തുടങ്ങിയത്. കോൺസെൻട്രേഷൻ ക്യാമ്പുകളും ഗ്യാസ് ചേമ്പറുകളും കൂട്ടക്കുരുതികളും.. അതെല്ലാം ചരിത്രമാണ്..

അവയെല്ലാം ഇവിടെ കൃത്യമായി പുനരാവിഷ്കരിക്കപ്പെടും എന്ന് ഭയപ്പെടുത്തുകയല്ല, പക്ഷേ അതിനുള്ള അജണ്ടകളും പ്ലാനിങ്ങുകളും കൃത്യമായി നടക്കുന്നുണ്ട് എന്ന് തിരിച്ചറിയുകയും അതിനെ കൂട്ടായി പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും പറയുക മാത്രമാണ്.

അപരനെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് പൗരത്വ ഭേദഗതി ബിൽ, സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി മതം പൗരനെ നിർണയിക്കുന്ന ഒരു രേഖ വരികയാണ്. കൂട്ടക്കുരുതിയിലേക്കുള്ള യാത്രയിലെ ആദ്യ രേഖയാണിത്. ഇവിടെ കാലിടറി വീണാൽ പിന്നെ എഴുന്നേൽക്കുക പ്രയാസമായിരിക്കും..

ശബ്ദമുയർത്തേണ്ടത് ഇപ്പോഴാണ്, മുസ്‌ലിം സമൂഹത്തിന്റെ ശബ്ദം മാത്രമല്ല, ഇരകളോടൊപ്പം ചേർന്ന് നില്ക്കുന്ന മുഴുവൻ മനുഷ്യരുടെയും ശബ്ദം.. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ഒരു മുദ്രാവാക്യം വിളിക്ക് പോലും ചരിത്രപ്രാധാന്യം വരുന്ന ഒരു സമയമാണിത്.

ഇവിടെ പതറരുത്, പതറിപ്പോകരുത്..