എൻകൗണ്ടറുകളുടെ’ പിന്നിലെ കഥകൾ മനസ്സിലാക്കാൻ രാമചന്ദ്രൻ നായരുടെ ആ തുറന്ന് പറച്ചിലുകൾ മാത്രം മതി

277

ബഷീർ വള്ളിക്കുന്ന്

‘എൻകൗണ്ടറുകളുടെ’ പിന്നിലെ കഥകൾ മനസ്സിലാക്കാൻ രാമചന്ദ്രൻ നായരുടെ ആ തുറന്ന് പറച്ചിലുകൾ മാത്രം മതി. തിരുനെല്ലിക്കാട്ടിനുള്ളിലെ ഒരു കുടിലിൽ നിന്നാണ് വർഗീസിനെ പോലീസ് പിടിക്കുന്നത്. നിരായുധനായിരുന്നു അയാൾ, ഒരു ബലപ്രയോഗവുമില്ലാത്ത കീഴടങ്ങൽ.മുൻ ഐ ജി ലക്ഷ്മണ (അന്ന് ഡെപ്യൂട്ടി എസ്.പി) സ്ഥലത്തെത്തി. നാല് പോലീസുകാരോടായി ഒരു ചോദ്യം.ഇവനെയിപ്പോൾ വെടിവെക്കാൻ ആരാണ് തയ്യാറുള്ളത്.രണ്ട് പേർ ഉടനെ കൈ പൊക്കി. കൈപൊക്കാത്ത രണ്ട് പേരെ ലക്ഷ്മണ നോക്കിയതോടെ മൂന്നാമനും കൈപൊക്കി. പിന്നെ കൈ പൊക്കാൻ ബാക്കി രാമചന്ദ്രൻ നായർ മാത്രം.

Image result for fake encounterനിനക്കെന്താണടാ കൈ പൊക്കാൻ മടി ? സാർ, ഇവനെ വെടിവെച്ചു കൊല്ലുന്നത് ശരിയാണോ ? കോടതിയിൽ ഹാജരാക്കി കേസ് നടത്തുന്നതല്ലേ നല്ലത് ? രാമചന്ദ്രൻ നായരെ ലക്ഷ്മണ രൂക്ഷമായൊന്ന് നോക്കി.പിന്നെ ഉറക്കെ പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും വർഗീസും മരിച്ചു എന്ന് നാളത്തെ പത്രത്തിൽ വരുത്താം. അതാണ് നല്ലത്. അപകടം മണത്ത രാമചന്ദ്രൻ നായർ ഉടനെ കൈപൊക്കി.എങ്കിൽ നീ തന്നെ വെടി വെക്ക് എന്ന് ലക്ഷ്മണ.വർഗീസിനെ കാട്ടിനുള്ളിലെ ഒരു പാറപ്പുറത്ത് കയറ്റി നിർത്തി. പുഞ്ചിരി തൂകി അക്ഷ്യോഭ്യനായി വർഗീസ്.ഇടത്തേ നെഞ്ച് ലക്ഷ്യമാക്കി രാമചന്ദ്രൻ നായർ കാഞ്ചി വലിച്ചു.. അയാൾ പിടഞ്ഞു വീണു മരിച്ചു.വർഗീസിന്റെയരികിൽ ഒരു തോക്ക് വെച്ച് ഫോട്ടോയുടുത്തു.പിറ്റേ ദിവസം പത്രങ്ങളിൽ വാർത്ത- ‘നക്സലൈറ്റ് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു’

പോലീസ് ഭാഷ്യം അവർ പൊടിപ്പും തൊങ്ങലും വെച്ചെഴുതി. ആയുധധാരിയായ നക്സലൈറ്റ്. അപകടകാരിയായ ഭീകരവാദി.പുഞ്ചിരി തൂകി നിന്ന ആ ചെറുപ്പക്കാരന്റെ നെഞ്ചിലേക്ക് താനാണ് നിറയൊഴിച്ചത് എന്ന് രാമചന്ദ്രൻ നായർ ലോകത്തോട് വിളിച്ചു പറഞ്ഞത് വളരെ വൈകിയാണ്.ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം.ആ നിമിഷം വരേയും വർഗ്ഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടിയ ഭീകരനായിരുന്നു.വെടിയുണ്ട നെഞ്ചിൽ തറച്ചപ്പോൾ അവസാനമായി വർഗീസ് പറഞ്ഞ വാചകം വിതുമ്പിക്കരഞ്ഞു കൊണ്ട് രാമചന്ദ്രൻ നായർ കൂട്ടിച്ചേർത്തിട്ടുണ്ട്.”വിപ്ലവം ജയിക്കട്ടെ”.

ലഘുലേഖകൾ വിതരണം ചെയ്യുക, നോട്ടീസ് ഒട്ടിക്കുക, ഒരു ബദൽ രാഷ്ട്രീയ സിസ്റ്റത്തിന് വേണ്ടി പ്രചാരണം നടത്തുക, കൂട്ടത്തിൽ വീടുകളിൽ വന്ന് അരിയും ഉപ്പും ഭക്ഷണവസ്തുക്കളും ചോദിച്ചു വാങ്ങിക്കൊണ്ടു പോകുക.. ഇത്രയുമൊക്കെയാണ് കേരളത്തിന്റെ സമീപകാല പശ്ചാത്തലത്തിൽ നക്‌സലൈറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നതായി നാം കേട്ടിട്ടുള്ളത്.

എൻകൗണ്ടറുകൾ എന്ന ഭാഷ്യം നല്കി പച്ചക്ക് വെടിവെച്ച് കൊല്ലേണ്ട ഭീകര ജീവികളാണോ അവരെന്ന് കേരളത്തിലെ പോലീസും ഇടതുപക്ഷ സർക്കാറും വ്യക്തമാക്കേണ്ടതുണ്ട്.. ഒരു സ്ത്രീയടക്കം, മൂന്ന് പേരെയാണ് ഇന്നലെ വെടിവെച്ച് കൊന്നിരിക്കുന്നത്.പാലക്കാട് വനത്തിനുള്ളിൽ.കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ മൂന്നാമത്തെ ‘എൻകൗണ്ടർ’. ആറ് കൊലപാതകങ്ങൾ.

ഒരു ഇടത്പക്ഷ സർക്കാരിൽ നിന്ന് എന്താണോ പ്രതീക്ഷിക്കേണ്ടത്, അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഈ നാട്ടിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് ദളിത് പെൺകുട്ടികളുടെ പീഡന കൊലപാതകങ്ങൾ.. അതിൽ ഇരയുടെ മറുപക്ഷത്ത് പോലീസും സർക്കാറും കോടതിയും.. അതിക്രൂരമായ ലൈംഗിക പീഡനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അത് ചെയ്തവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ, സാക്ഷിമൊഴികൾ.. അവയൊക്കെ നിലനിൽക്കെത്തന്നെ പ്രതികളുടെ സുഖജീവിതം ഉറപ്പ് വരുത്തിയ പോലീസും പ്രോസിക്ക്യൂഷനും.. അവയുടെ തലപ്പത്ത് ഒരു ഇടത് മുഖ്യമന്ത്രിയും..

അക്കാര്യം കേരളം മുഴുക്കെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ മൂന്ന് മനുഷ്യരെ പച്ചക്ക് വെടിവെച്ചു കൊന്നിരിക്കുന്നു അതേ മുഖ്യമന്ത്രിയുടെ പോലീസ്. രാജ്യത്ത് നിലനിൽക്കുന്ന നിയമ വ്യവസ്ഥയും വിചാരണ സംവിധാനങ്ങളുമെല്ലാം നിഷേധിച്ച് ഒരു പറ്റം മനുഷ്യരെ കാട്ടിൽ തണ്ടർ ബോൾട്ടിന്റെ തോക്കിൻ കുഴലിലൂടെ ഇല്ലാതാക്കാമെന്ന് കരുതുന്നത് ഫാസിസമല്ലെങ്കിൽ, അത് പിന്നെ മറ്റെന്താണ്??.

ബഷീർ വള്ളിക്കുന്ന്. — at STC