ഇന്നോവ കാറുകളുടെ കാര്യത്തിൽ തന്നെ ഇത്ര കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഇരുന്നൂറ് കോടിയുടെ ചാരിറ്റിയിൽ എത്ര കൺഫ്യൂഷൻ കാണും?

1239

ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ഫിറോസ് കുന്നംപറമ്പിൽ വിഷയത്തിൽ ഇനി എഴുതേണ്ട എന്ന് കരുതിയതാണ്.. അപ്പോൾ ഓരോരുത്തർ മൂപ്പരുടെ പഴയ അഭിമുഖങ്ങൾ എനിക്ക് അയച്ചു തരും.. അത് കേൾക്കുമ്പോൾ അറിയാതെ കീ ബോർഡിലേക്ക് കൈ പോകും.. അതുകൊണ്ട് ഇത് കൂടെ ക്ഷമിക്കുക..

ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു, ഒരു ഉദ്ഘാടത്തിന് പോയാൽ എനിക്ക് ചുരുങ്ങിയത് അമ്പതിനായിരം രൂപ കിട്ടും.. അത് കണക്കാക്കിയാൽ തന്നെ മാസം പതിനഞ്ച് ലക്ഷം രൂപ കിട്ടും.. (അതായത് ദിവസം ഓരോ ഉദ്ഘാടനം, മിനിമം അമ്പതിനായിരം വെച്ച്)..

ഇന്നോവ കിട്ടിയ കാര്യം ഇന്നോവ കൊടുത്ത ആളെ ലൈവിൽ കൊണ്ട് വന്ന് തന്നെ പറയുന്നുണ്ട്,

ഇദ്ദേഹമാണ് എനിക്ക് ഇന്നോവ നൽകിയത് എന്ന്.. ആദ്യം ഒരു ഇന്നോവ നൽകി.. വെളുത്ത ഇന്നോവ. കുറച്ച് കാലം ഓടിയപ്പോൾ അതിനെന്തോ തകരാറ് ഉണ്ടെന്ന് പറഞ്ഞപ്പോൾ (റിപ്പയർ ചെയ്യാനൊന്നും പോയില്ല എന്നർത്ഥം) വേറെ ഒരു ക്രിസ്റ്റ നല്കി.. (അതിനും എന്തോ തകരാറ് പറ്റിയോ എന്നറിയില്ല), അത് മാറ്റി നൽകിയതാണ് ഈ ക്രിസ്റ്റ..

ആദ്യം ഒരു ഇന്നോവ വെള്ള, പിന്നെ ഒരു ക്രിസ്റ്റ, പിന്നെ വീണ്ടും ക്രിസ്റ്റ.. അതായത് ഏതാനും മാസങ്ങൾക്കുള്ളിൽ മൂന്ന് ബ്രാൻഡ് ന്യൂ ഇന്നോവ കാറുകൾ..

മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു “ഞാൻ ഇന്നോവ കാർ വാങ്ങിയ കാര്യം വിവാദമായി.. എനിക്ക് രണ്ട് മാസത്തെ ഉദ്ഘാടനത്തിന്റെ പൈസ കൊണ്ട് തന്നെ ഇന്നോവ വാങ്ങിക്കാം. പക്ഷേ ഞാൻ വാങ്ങിച്ചത് ‘ഫൈനാൻസിംഗ്’ വഴിയാണ്.. പതിനാല് ലക്ഷം രൂപ ഫൈനാൻസിംഗ് ഉണ്ട്”..

അതായത് ഓരോ അഭിമുഖത്തിലും ഓരോന്നാണ് പറയുന്നത് എന്ന്.. ഒരു അഭിമുഖത്തിൽ കാറ് വാങ്ങിച്ചു തന്ന ആളെ ലൈവിൽ കൊണ്ട് വന്ന് ഇയാളാണ് മൂന്ന് കാറുകളും തന്നതെന്ന് പറയുന്നു, മറ്റൊരു അഭിമുഖത്തിൽ ‘ഫൈനാൻസിംഗ്’ വഴിയാണ് കാറ് വാങ്ങിച്ചത് എന്ന് പറയുന്നു.

ആകെ മൊത്തം കൺഫ്യൂഷൻ ആണ്.. മൂന്ന് ഇന്നോവ കാറുകളുടെ കാര്യത്തിൽ തന്നെ ഇത്ര കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഇരുന്നൂറ് കോടിയുടെ ചാരിറ്റിയിൽ എത്ര കൺഫ്യൂഷൻ കാണും?.

അതുകൊണ്ടാണ് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത്.. ചാരിറ്റിയാണെങ്കിലും അതിനൊരു സുതാര്യത വേണം എന്ന്.. പിന്നീട് ആളുകൾ ചോദിക്കുമ്പോഴോ അന്വേഷണങ്ങൾ വരുമ്പോഴോ കൺഫ്യൂഷൻ ഉണ്ടാകരുത് എന്ന്.. അതിനർത്ഥം ഫിറോസ് കുന്നംപറമ്പിൽ തട്ടിപ്പ് നടത്തുന്നു എന്നല്ല. ഓരോ അക്കൗണ്ടിലും പിരിച്ചെടുത്ത തുകയെത്ര, അത് ഏതൊക്കെ രോഗികൾക്ക് എത്ര വീതം നൽകി, ആശുപത്രി ബില്ലുകൾ എത്ര എന്നിങ്ങനെയുള്ള കാര്യങ്ങളും ലൈവായി തന്നെ ഫിറോസ് പറയുകയും അതിന്റെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ചെയ്യണം. ലൈവായി പിരിക്കുന്ന കാശിന് ലൈവായി തന്നെ കണക്ക് പറയുകയോ അതല്ലെങ്കിൽ ആ കണക്കുകൾ ഒരു പോർട്ടലിൽ അവൈലബിൾ ആക്കുകയോ ചെയ്തു കൂടെ?. (ഇതേ കാര്യം Special Correspondent പരിപാടിയിലും News 18 – ഞാൻ പറഞ്ഞിരുന്നു. ഫിറോസ് കേട്ടിട്ടുണ്ടോ എന്നറിയില്ല)

ഫിറോസ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പെട്ടെന്ന് നിലച്ചു പോകാതിരിക്കാനാണ് ചില കാര്യങ്ങൾ പറയുന്നത്. ആർപ്പുവിളികൾ നടത്തുന്ന ഫാൻസുകാർക്ക് അത് മനസ്സിലായെന്ന് വരില്ല, നിങ്ങൾക്ക് വേറെ പണിയില്ലേ എന്നവർ ചോദിച്ചേക്കും, പക്ഷേ ഫിറോസ് അങ്ങനെ ആയിരിക്കില്ലെന്നും അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലാകുമെന്നും പ്രതീക്ഷിക്കുന്നു.