ആ പള്ളിയുടെ മച്ചിൽ ഇപ്പോഴും ക്രിസ്തുവിന്റെ വിവിധ രൂപങ്ങളുണ്ട്, കന്യാമറിയവും ഉണ്ണിയേശുവുമുണ്ട്

  257

  ബഷീർ വള്ളിക്കുന്ന്.

  ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ അവരുടെ നിലപാടുകളിൽ നമുക്ക് തെല്ലും അത്ഭുതമില്ല.പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രികയിലെ ലേഖനമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ഇത്തരം വിഷയങ്ങളിൽ ലീഗിന്റെ നാളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ആ ലേഖനം. എന്തായിരിക്കും അതിന് കാരണം. ഒരു രാജ്യത്തെ ഭരണാധികാരി അവിടുത്തെ ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉണർത്തി വിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്പോൾ, തീർച്ചയായും ലീഗിനെപ്പോലൊരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നിൽക്കേണ്ടത് മത മൗലിക വാദികളുടെയും മതരാഷ്ട്ര വാദികളുടേയും കൂടെയല്ല, മത ന്യൂനപക്ഷങ്ങളുടെ കൂടെയാണ്. അതാണ് നാം പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സംഭവിച്ചത് മറിച്ചാണ്, എന്തായിരിക്കാം അതിനു കാരണം?

  വെൽഫെയർ, എസ് ഡി പി ഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ പ്രഖ്യാപിത മതേതര നിലപാടുകളിൽ നിന്ന് ഇനി പിറകോട്ട് പോകും എന്നുള്ളത്. ജമാഅത്ത് സാഹിത്യങ്ങളും അവരുടെ നിലപാടുകളും ‘മാധ്യമം’ പ്രൊപ്പഗണ്ടകളുമൊക്കെ ലീഗുകാർ അറിയാതെ തന്നെ അവരിലേക്ക് എത്തിപ്പെടും എന്നത്. അതാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം.

  ഹാഗിയ സോഫിയ വിഷയത്തിൽ ഉർദുഗാന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സപ്പോർട്ട് ചെയ്യുന്നവർ പറയുന്ന പ്രധാന കാര്യം അത് അഞ്ഞൂറ് വർഷം ഒരു മുസ്ലീം പള്ളിയായിരുന്നു എന്നതാണ്. എന്നാൽ തൊള്ളായിരം വർഷം അതൊരു കൃസ്തീയ ദേവാലയമായിരുന്നു എന്നത് അവർ സൗകര്യപൂർവ്വം മറക്കുന്നു. മുസ്ലിംകൾ കോൺസ്റ്റാന്റിനേപ്പിൾ കീഴടക്കിയ കാലത്ത് ക്രിസ്ത്യാനികളിൽ നിന്ന് അവരുടെ കത്രീഡൽ വിലക്ക് വാങ്ങി വഖഫ് ഭൂമിയാക്കി എന്നതാണ് മറ്റൊരു ന്യായം. യുദ്ധവും അധിനിവേശവും നടക്കുന്ന കാലങ്ങളിൽ വിജയികളായ ആളുകൾ എങ്ങിനെയാണ് കീഴടക്കലിന്റെ രസതന്ത്രം നടപ്പിലാക്കുക എന്നത് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. തരില്ല എന്ന് പറയാൻ നാവ് പൊങ്ങാത്ത ഒരു സമയത്ത് നിങ്ങൾ എടുത്തോളൂ എന്ന ദൈന്യത മാത്രമാണത്. അത്തരമൊരു വിലകൊടുത്ത് വാങ്ങൽ തിയറി തന്നെ ചരിത്രപരമായി എത്രമാത്രം വസ്തുതാപരമാണെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

  ഒരു കാര്യം ഉറപ്പാണ്, ആ പള്ളിയുടെ മച്ചിൽ ഇപ്പോഴും ക്രിസ്തുവിന്റെ വിവിധ രൂപങ്ങളുണ്ട്, കന്യാമറിയവും ഉണ്ണിയേശുവുമുണ്ട്.. പിൻകാലത്ത് കൂട്ടിച്ചേർക്കപ്പെട്ട ഇസ്‌ലാമിക ചിഹ്നങ്ങളുണ്ട്. എട്ടര പതിറ്റാണ്ട് മുമ്പ് അതൊരു മ്യൂസിയമാക്കി മാറ്റിയപ്പോൾ ക്രൈസ്തവ ഇസ്‌ലാമിക സംസ്കാരങ്ങളുടെ ഒരു വലിയ പാരമ്പര്യമുള്ള ചരിത്ര സ്മാരകമായി അത് മാറിയിരുന്നു. യു എൻ പൈതൃക പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇരുസമുദായങ്ങളുടേയും സമ്യക്കായ നിലനില്പിന്റെ പ്രതീകമായി അത് നിലനിന്നു. വീണ്ടും ഒരു പള്ളിയായി അതിനെ മാറ്റിയതിലൂടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്, ചരിത്രത്തിന്റെ തിരുത്തിയെഴുത്തല്ല, ഒരു തെറ്റിന്റെ പുനർ പ്രതിഷ്ഠയാണ്.
  അവിടുത്തെ സുപ്രിം കോടതിയുടെ വിധിയുണ്ട് എന്നതാണ് മറ്റൊരു ന്യായം.. ‘ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രിം കോടതിയുടെ വിധിയില്ലേ ദാസാ’ എന്ന് മറിച്ചൊരു ചോദ്യം ചോദിച്ചാൽ തീരുന്ന ന്യായമേ അതിനുള്ളൂ.. പൊതുബോധത്തിനും ആൾക്കൂട്ട ഹിസ്റ്റീരിയക്കും നീതിനിർവ്വഹണത്തിൽ വേണ്ടത്ര ഇടം കൊടുക്കുന്ന വർത്തമാന കാല രാഷ്ട്രീയ ദുരന്തത്തിന്റെ വക്കിലിരുന്നു കൊണ്ട് “സുപ്രിം കോടതി വിധിയുണ്ട്” എന്ന് പറയുന്നതിലെ തമാശ തലതല്ലി ചിരിക്കാൻ വകയുള്ളതാണ്. ആയിരം പള്ളികളുള്ള ഒരു രാജ്യത്ത് ആയിരത്തൊന്നാമതായി ഒരു പള്ളി കൂടി ഉണ്ടായാൽ മതം പൂർണമാകില്ല. അത് പൂർണമാകണമെങ്കിൽ മനുഷ്യ സാഹോദര്യത്തിന്റേയും സമഭാവനയുടേയും സമഞ്ജസമായ ചേർച്ച കൂടി വിശ്വാസത്തോടൊപ്പം ഉണ്ടാകണം. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ഹൃദയ മുറിവുകളിൽ നിന്നല്ല മതം പൂർത്തീകരിക്കപ്പെടുന്നത്.

  വിഷയത്തിലേക്ക് വരാം. ലീഗ് അതിന്റെ പ്രഖ്യാപിത നിലപാടുകളിൽ നിന്ന് പിറകോട്ട് പോകരുത്. മലബാറിലെ മതസൗഹാർദ്ദ ചരിത്രത്തെ സമ്പന്നമാക്കിയ പാരമ്പര്യമാണ് പാണക്കാട്ടെ തങ്ങൾ കുടുംബത്തിനുള്ളത്.. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ തീവെപ്പ് നടന്നപ്പോൾ അവിടെ ആദ്യം ഓടിയെത്തിയ ഒരാൾ മുഹമ്മദലി ശിഹാബ് തങ്ങളാണ്. പല ക്ഷേത്രക്കമ്മറ്റിക്കാരും പുനർനിർമാണങ്ങൾക്ക് സഹായം തേടി പാണക്കാട് കുടുംബത്തിലെത്തുന്ന നിരവധി വാർത്തകൾ വായിച്ചിട്ടുണ്ട്, അത്തരമൊരു മത സൗഹാർദ്ദ പാരമ്പര്യത്തിന്റെ കണ്ണികളാണ് മുൻഗാമികളായി ലീഗിനുള്ളത്. അവരിലെ പിന്മുറക്കാർ മതം കൊണ്ട് ഫാസിസ്റ്റ് രാഷ്ട്രീയം കളിയ്ക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് പിന്തുണ കൊടുക്കരുത്. മോഡി അയോദ്ധ്യ രാഷ്ട്രീയം കളിക്കുമ്പോൾ അതിനെ എതിർക്കാനുള്ള അവകാശം ലഭിക്കണമെങ്കിൽ അതേ രാഷ്ട്രീയം കളിക്കുന്ന ലോകനേതാക്കൾക്ക് സ്തുതി പാടരുത്.

  അതുകൊണ്ട് വീണ്ടും വീണ്ടും ലീഗ് നേതൃത്വത്തോട് പറയാനുള്ളത് ഒരേ കാര്യമാണ്, എസ് ഡി പി ഐ, വെൽഫെയർ പാർട്ടികളുടെ നിലപാടുകളുമായി അവർ മുന്നോട്ട് പോകട്ടെ, അവരെ തിരുത്താനും ചെറുക്കാനും കെല്പുള്ള ഒരു മതേതര സമൂഹം കേരളത്തിലുണ്ട്, അവരെ മാത്രമല്ല, സംഘികളേയും ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചു തുരുത്തിനുണ്ട്. പക്ഷേ നിങ്ങൾ അവരുടെ കൂടെ കൂടരുത്, അത് ആപത്താണ്, വലിയ ദുരന്തങ്ങൾ ഈ മണ്ണിലേക്ക് കൊണ്ട് വന്നേക്കാവുന്ന ആപത്ത്.. നിങ്ങൾ നിങ്ങളുടെ പാരമ്പര്യവുമായി മുന്നോട്ട് പോവുക, അവർ അവരുടെ വഴിയിലും മുന്നോട്ട് പോകട്ടെ. ചാണകം ചാരിയാൽ ചന്ദനം മണക്കില്ല, ചാണകം തന്നെയായിരിക്കും മണക്കുക എന്നതും ഓർക്കുക.