കുറ്റാരോപിതനായ ഒരധ്യാപകന്റെ പിറകെ മാത്രം പോകുന്നത് കൊണ്ട് കാര്യമില്ല, രോഗം സമൂഹത്തിലുണ്ട്

340

Basheer Vallikkunnu

ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ അധ്യാപകരുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥന്മാർ കണ്ടു പിടിക്കട്ടെ, കൃത്യമായ അന്വേഷണം പാകപ്പിഴവുകളും സമ്മർദ്ദങ്ങളും കൂടാതെ നടക്കട്ടെ, കേരള സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവുകയും ചെയ്യട്ടെ..

അതോടൊപ്പം സമൂഹമെന്ന നിലക്ക് വളരെ ഗൗരവപൂർവ്വം നാം പരിഗണിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. ചെറിയ മാനസിക സമ്മർദ്ദങ്ങൾ പോലും ആത്മഹത്യയിലേക്ക് നയിക്കുന്ന വിധം കുട്ടികളുടെ മനസ്സ് പതറിപ്പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് പോലും ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ കാലം. മാർക്ക് കുറഞ്ഞാൽ വീട്ടിലേക്ക് വരാതെ റെയിൽ പാളത്തിലേക്ക് പോകുന്ന കുട്ടികളുടെ കാലം..

കലാലയത്തിൽ ഒരധ്യാപകന്റെ പീഡനമോ അതല്ലെങ്കിൽ ജാതീയമോ മതപരമോ ആയ വിവേചനമോ നേരിടുന്ന പക്ഷം തനിക്ക് പ്രിയപ്പെട്ടവരോട് അത് തുറന്ന് പറയാനും അവരോടു കൂടി കൂടിയാലോചിച്ച് പരിഹാരമാർഗങ്ങൾ തേടാനും കുട്ടികൾ ശ്രമിക്കാത്തതെന്ത്? അതിന് പകരം ജീവിതം അവസാനിപ്പിക്കുന്ന തീരുമാനത്തിലേക്ക് അവർ എന്തുകൊണ്ട് എത്തിപ്പെടുന്നു? പരാതിപ്പെടേണ്ട ഇടങ്ങളിൽ പരാതിപ്പെടുകയും വിവേചനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നത്ര പ്രതിരോധിക്കുകയും ചെയ്യുക, ഒരു നിവൃത്തിയുമില്ലെങ്കിൽ ആ സ്ഥാപനം ഉപേക്ഷിച്ച് പോരുകയും ചെയ്യുക.. ഇത്രയുമല്ലേ വേണ്ടത്, എങ്കിൽ ജീവിതമെങ്കിലും ബാക്കിയാകില്ലേ.. ഏത് സ്ഥാപനത്തിൽ പഠിക്കാൻ അയക്കുന്നതിന് മുമ്പും, കൂട്ടായ ചർച്ചകളുടേയും കൂട്ടായ തീരുമാനങ്ങളുടെയും ആവശ്യകത നാം കുട്ടികളിലേക്ക് കഴിയുന്നത്ര പകർന്നു കൊടുക്കാൻ ശ്രമിക്കണം.

പ്രതികൂല സാഹചര്യങ്ങളോട് പിടിച്ചു നിൽക്കാനുള്ള ചെറിയ കരുത്ത് – ഒരു പ്രതിരോധ ശക്തി – കുട്ടികളിൽ ഉണ്ടാക്കാൻ ഒരു സമൂഹമെന്ന നിലക്ക് നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും?,
അത്തരമൊരു കരുത്ത് കുട്ടികൾക്ക് ലഭിക്കാൻ പാഠ്യപദ്ധതികളിൽ എന്തൊക്കെ മാറ്റങ്ങൾ വേണം?, ഇൻേറണൽ മാർക്കുകളിൽ അധ്യാപകർ കാണിക്കുന്ന പക്ഷപാതങ്ങൾക്ക് കൃത്യമായ മോണിറ്ററിങ് എങ്ങിനെ സാധിക്കും, ജാതീയവും വംശീയവുമായ വിവേചനങ്ങൾ കുട്ടികൾക്ക് രഹസ്യമായി റിപ്പോർട്ട് ചെയ്യാനും അതിവേഗ നടപടികൾ ആ വിഷയത്തിൽ എടുക്കാനും കഴിയുന്ന ബോഡികൾ വിദ്യാഭ്യാസ മേഖലയിൽ എങ്ങിനെ ഉണ്ടാക്കിയെടുക്കാൻ പറ്റും.അങ്ങനെ നിരവധി വിഷയങ്ങൾ ഇത്തരം ആത്മഹത്യകളുമായി ബന്ധപ്പെട്ട് ഉയർന്ന് വരേണ്ടതുണ്ട്..കുറ്റാരോപിതനായ ഒരധ്യാപകന്റെ പിറകെ മാത്രം പോകുന്നത് കൊണ്ട് കാര്യമില്ല, രോഗം സമൂഹത്തിലുണ്ട്, സാമൂഹികമായ ഒരു ചികിത്സയും ആവശ്യമുണ്ട്.

ബഷീർ വള്ളിക്കുന്ന്