ബോലോ തക്ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്

106
Basheer Vallikkunnu
ആയിഷ റന്നയുമായുള്ള ജിമ്മിയുടെ പോയിന്റ് ബ്ലാങ്ക് കണ്ടു.പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ മുൻനിരയിൽ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും ബാനറുകൾക്കും എന്താണ് പ്രസക്തി എന്ന ജിമ്മിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഒരുത്തരം പറയാൻ കഴിയാതെ ഐഡന്റിറ്റി അസ്സേർട്ട് ചെയ്യുന്നതിൽ എന്താണ് പ്രശ്നം എന്ന് തിരിച്ചു ചോദിക്കുകയാണ് ആയിഷ. ഓരോ മതക്കാരും സമുദായക്കാരും അവരുടെ ഐഡന്റിറ്റിയും വിശ്വാസവും പ്രഖ്യാപിക്കുന്ന ഒരു ശഹാദത്ത് റാലി നടത്തുകയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ സംരക്ഷണത്തിന് വേണ്ടത് എന്ന് പറയുന്ന അസംബന്ധമാണ് റന്ന ഉയർത്തുന്ന വാദങ്ങളുടെ ആകെത്തുക..
അല്ലാഹു അക്ബർ എന്ന് പറയാനും അസ്സേർട്ട് ചെയ്യാനും റന്നക്ക് സ്വാതന്ത്ര്യമുണ്ട്. അത് റന്നയുടെ വിശ്വാസമാണ്, ആരാധനാ സ്വാതന്ത്ര്യമാണ്. പക്ഷേ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുവാനുള്ള, മതപരമായ വിവേചനങ്ങൾ പാടില്ല എന്ന് പറയുന്ന ഒരു മതേതര ബഹുസ്വര സമരത്തിന്റെ കോർ മുദ്രാവാക്യമായി അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ വിശ്വാസപ്രഖ്യാപനങ്ങളെ ഉയർത്തിക്കാട്ടുന്നതിലുള്ള അനൗചിത്വമാണ് ചോദ്യം ചെയ്യുന്നത്..
ബോലോ തക്ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്, മറിച്ച് മതമുള്ളവനും അതില്ലാത്തവനും, വിശ്വാസിക്കും അവിശ്വാസിക്കും വിവേചനം നേരിടാതെ ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്താനുള്ള ജനാധിപത്യ പോരാട്ടമാണ്. അതുകൊണ്ടു തന്നെ ആ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാവർക്കും വിളിക്കാവുന്നതും പ്രഖ്യാപിക്കാവുന്നതുമായ മുദ്രാവാക്യങ്ങളും അജണ്ടകളും വേണം..
അത്യന്തം ലളിതമായ ഇക്കാര്യം മനസ്സിലാക്കുവാനുള്ള അടിസ്ഥാന വകതിരിവ് പോലും ഇല്ലെങ്കിൽ ഇത്തരം സമരങ്ങളുടെ മുൻനിരയിലേക്ക് നുഴഞ്ഞു കയറി ഒരു ബഹുസ്വര മുന്നേറ്റത്തെ കൊലക്ക് കൊടുക്കാതിരിക്കുക എന്നാണ് റന്നയോടും അവരോടൊപ്പമുള്ള സ്വത്വപ്രഖ്യാപനക്കാരോടും വീണ്ടും വീണ്ടും പറയാനുള്ളത്.
Advertisements