ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ശബ്ദിക്കുന്ന ചിലരെങ്കിലുമുണ്ട്.

മുൻ റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജൻ ഒരന്താരാഷ്ട്ര വേദിയിൽ വെച്ച് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധേയമാണ്..

“ഇന്ത്യ കടന്നു പോകുന്നത് ഇരുളടഞ്ഞതും അനിശ്ചിതവുമായ ഒരു പാതയിലൂടെയാണ്. അധികാര കേന്ദ്രീകരണവും ഭൂരിപക്ഷ വാദവും ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമായിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ദുർബലമായിക്കൊണ്ടിരിക്കുന്നു. കോടതികളടക്കം നിശ്ശബ്ദമാകുന്ന തരത്തിലേക്ക് അധികാരകേന്ദ്രീകരണം വളർന്നിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പോലും വെല്ലുവിളികൾ നേരിടുമ്പോൾ കോടതികൾക്ക് ശബ്ദിക്കാൻ കഴിയുന്നില്ല.

നോട്ട് നിരോധനവും തെറ്റായി നടപ്പിലാക്കിയ ജി എസ് ടിയുമാണ് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നട്ടെല്ലൊടിച്ചിരിക്കുന്നത്. സാമ്പത്തിക വളർച്ചയുടെ നിരക്ക് താഴുമ്പോഴും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള തീരുമാനങ്ങളിലാണ് സർക്കാറിന്റെ ശ്രദ്ധ.

മന്ത്രിമാർക്ക് പോലും അധികാരങ്ങളില്ല, ഉയർന്ന പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥർ പോലും നിയമം നടപ്പിലാക്കാൻ ഭയപ്പെടുന്നു. അവർക്കെതിരെ ഏത് നിമിഷവും വിജിലൻസ് അന്വേഷണങ്ങൾ വരാം. മുൻ ധനകാര്യ മന്ത്രിയെ വിചാരണപോലും കൂടാത്ത തടവിലാക്കിയിട്ട് ഒരു മാസം കഴിഞ്ഞു.

ഭൂരിപക്ഷാധിഷ്ഠിത ദേശീയതാ വാദം രാജ്യത്തെ കൂടുതൽ വിഭജിക്കുന്നു, പൗരന്മാരിൽ ഒരു വിഭാഗത്തെ അപരന്മാരാക്കി മാറ്റിക്കൊണ്ടും ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ കടുത്ത നിബന്ധനകൾക്കുള്ളിൽ തളച്ചിട്ടു കൊണ്ടുമാണ് അത് മുന്നോട്ട് പോകുന്നത്. അന്താരാഷ്‌ട്ര തലങ്ങളിൽ മോദിക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്, ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് അന്താരഷ്ട്ര രംഗത്ത് ലഭിക്കുന്ന സ്വീകാര്യത അവരുടെ വ്യക്തിപ്രാഭവത്തിനല്ല, മറിച്ച് 1.3 ബില്യൺ കമ്പോള ജനാധിപത്യത്തെ അവർ പ്രതിനിധീകരിക്കുന്നു എന്നതിനാലാണ്”

അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ഒ പി ജിൻഡാൽ പ്രഭാഷണം നിർവഹിക്കവെയാണ് പൊതുവെ മിതഭാഷിയായ രാജൻ പോലും ഇത്ര കടുത്ത ശൈലിയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന, പൊതുമണ്ഡലത്തിൽ സ്വീകാര്യരായ കൂടുതൽ ആളുകളുടെ ശബ്ദം ഇനിയും ഉയരട്ടെ.

ഭയത്തിന്റെ മൂടുപടത്തിനുള്ളിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും ഉച്ചത്തിൽ ശബ്ദമുയർത്തിയ രഘുറാം രാജന് അഭിനന്ദങ്ങൾ..

 

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.