വനിത മതിലിനോടുള്ള നിലപാടെന്ത്‌?

0
469

 

 

 

 

 

 

 

 

ചില സുഹൃത്തുക്കൾ ചോദിക്കുന്നുണ്ട്. പല പോസ്റ്റുകളിലും അവർ ആ ചോദ്യം ആവർത്തിക്കുന്നുണ്ട്. അവർക്ക് വേണ്ടി മാത്രമല്ല, പൊതുവായി പറയുകയാണ്.

കേരളം അതിവേഗം കേരളമല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് കടന്നു പോകുന്നത്. വർഗീയമായ ചേരിതിരിവുകൾ രൂക്ഷമാകുകയാണ്. ശബരിമല വിവാദത്തെത്തുടർന്ന് ഹൈന്ദവ സ്ത്രീ സമൂഹത്തിനിടയിലേക്കാണ് സംഘപരിവാരം ഇപ്പോൾ കൂടുതൽ വേരുകൾ ആഴ്ത്തുന്നത്. വിശ്വാസങ്ങളേയും മതവൈകാരികതകളെയും പരമാവധി ആളിക്കത്തിച്ച് സാമൂഹിക നവോത്ഥാനത്തിന്റെ എതിർദിശയിൽ സ്ത്രീസമൂഹത്തെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഓരോ കേരളീയന്റെ നിത്യജീവിതത്തിലും അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യ മാറ്റങ്ങളെ വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ നമുക്ക് സാധ്യമല്ല.

വനിതാ മതിൽ എന്ന ആശയം സ്ത്രീ സമൂഹത്തിൽ, പ്രത്യേകിച്ചും സംഘപരിവാര അജണ്ടകളിൽ വീണുപോയേക്കാവുന്ന സ്ത്രീസമൂഹങ്ങൾക്കിടയിൽ ഒരു തിരിച്ചറിവിന്റെ സന്ദേശമുയർത്തുന്ന ഇടപെടലാണ്.

നാളിതുവരെ വർഗ്ഗീയ വംശീയ നിലപാടുകൾ എടുത്തിട്ടുള്ള വെള്ളാപ്പള്ളി നടേശനും സുഗതനും പോലുള്ള ആളുകൾ പിന്തുണക്കുന്ന ഒരു മതിലിൽ എത്രമാത്രം പുരോഗമന കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്ന ചോദ്യം തള്ളിക്കളയുന്നില്ല. പക്ഷേ അത്തരമാളുകൾ പിന്തുണക്കുന്നു എന്നത് കൊണ്ട് മാത്രം, ഈ ഒരു ആശയത്തെ, അനിവാര്യമായ ഈ സാമൂഹ്യ ഇടപെടലിനെ അപ്പാടെ തള്ളിക്കളയേണ്ട ആവശ്യകതയുണ്ടെന്ന് തോന്നുന്നില്ല.

വെള്ളാപ്പള്ളിയും സുഗതനും അതുപോലുള്ള വിരലിൽ എണ്ണാവുന്ന ഏതാനും ആളുകളും മാത്രം പിന്തുണക്കുന്ന ഒന്നായിരിക്കില്ല വനിതാമതിൽ, മറിച്ച് പാടത്തും പറമ്പിലും അദ്ധ്വാനിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരും കുടുംബ ശ്രീ പ്രവർത്തകരും വിദ്യാർത്ഥിനികളും ഉദ്യോഗസ്ഥകളുമൊക്കെ അതിൽ കണ്ണി ചേർന്നെന്ന് വരും. അവരെ ഒന്നടങ്കം വെള്ളാപ്പള്ളിയുടെയും സുഗതന്റെയും പൂർവ്വ നിലപാടുകളുടെ ആലയത്തിൽ കൊണ്ട് ചെന്ന് കെട്ടാൻ നമുക്കാവില്ല.

ഹൈന്ദവ സമൂഹത്തിനിടയിൽ മാത്രമാണോ നവോത്ഥാനം വേണ്ടത്, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങൾക്കും സംഘടനകൾക്കും ഇതിൽ പ്രാതിനിധ്യം വേണ്ടേ എന്ന ചോദ്യം പലരുമുയർത്തുന്നുണ്ട്, ഒരു കാര്യം നാമോർക്കണം, സംഘ്പരിവാര അജണ്ടകൾ പ്രധാനമായും ലക്ഷ്യമിടുന്നത് ഹൈന്ദവ സമൂഹത്തിലെ സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ അവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ബോധവത്‌കരണ പരിപാടിയെന്ന ആശയം തെറ്റാണെന്ന് പറയാൻ കഴിയില്ല. ചില ഘട്ടങ്ങളിൽ ചില സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.

കേരളമെന്ന ഈ തുരുത്ത് ഇന്ത്യയിൽ എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നുണ്ടോ അതിനെയൊക്കെ തകർക്കാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും പ്രതിരോധിക്കണം. ആ പ്രതിരോധത്തിന് വേണ്ടിയുള്ള ഏത് ശ്രമങ്ങളേയും, ആ ശ്രമങ്ങളിൽ എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും, നാമിഷ്ടപ്പെടാത്ത ആരൊക്കെ അതിൽ കണ്ണി ചേർന്നാലും, ചെറിയ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ അതിനെ പിന്തുണക്കേണ്ടി വരും.

സാമൂഹിക നവോത്ഥാനത്തിന്റെ പാതയിൽ ഒരു മതിലല്ല, ഒരു ചെറിയ ഇഷ്ടികക്കഷണമാണെങ്കിൽ പോലും

ഒരാൾക്കൂട്ടമല്ല, ഒറ്റപ്പെട്ട ഒരു ശബ്ദമാണെങ്കിൽ പോലും

അതിനോടൊപ്പമുണ്ടാകും, ഉണ്ടാകണം.

അതുകൊണ്ട് നിലപാട് ഇതാണ്.

വനിതാ മതിലിനെ പിന്തുണക്കുന്നു.

Advertisements