എല്ലാം പരാജയപ്പെട്ടതോടെ കുളം കലക്കികൾ ഇപ്പോൾ പ്രവാസികളെ വെച്ച് മുതലെടുക്കാനുള്ള ശ്രമത്തിലാണ്

0
68

Basheervt Pulimaram

എല്ലാം പരാജയപ്പെട്ടതോടെ കുളം കലക്കികൾ ഇപ്പോൾ പ്രവാസികളെ വെച്ച് മുതലെടുക്കാനുള്ള ശ്രമത്തിലാണ്. പ്രവാസികളെ നേരിട്ട് ഫോണിൽ വിളിച്ച് പ്രയാസങ്ങൾ പങ്കുവെക്കുന്നർ, പ്രവാസികൾക്ക് വേണ്ടി രണ്ട് ദിവസമായി ചാനൽ മുറികളിൽ ഇരുന്ന്
കരയുന്നവർ, പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ പെടാപ്പാട് പെടുന്നവർ, പ്രവാസികളെ ഉപയോഗിച്ച് കേരള സർക്കാർ വിമാനം അനുവദിക്കണം എന്ന് പറയിപ്പിക്കുന്നവർ. പ്രവാസികളെല്ലാം രോഗം പിടിപെട്ട് പട്ടിണി കിടന്ന് മരിക്കാൻ പോകുന്നു എന്ന തരത്തിലാണ് ഇവരുടെ കരച്ചിൽ.

ചുരുക്കിപറഞ്ഞാൽ ഇത് വരെ പ്രവാസികളുടെ കുടുംബങ്ങളിൽ ഉണ്ടായിരുന്ന സമാധാനം ഇല്ലാതാക്കി. പ്രവാസികളിൽ ചിലർക്കൊക്കെ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്, അത് പരിഹരിക്കാൻ അതാത് രാജ്യത്തെ ഗവർമെന്റും പ്രവാസി സംഘടനാ പ്രവർത്തകരും നല്ലത് പോലെ ഇടപെടുന്നുണ്ട്. പ്രവാസികൾക്ക് വേണ്ടത് സംരക്ഷണമാണ്. അതിന് വേണ്ട എല്ലാ ശ്രമങ്ങളും എല്ലാ ഭാഗത്ത് നിന്നും നടന്നുവരുന്നുണ്ട്. ഇതിനിടയിൽ പ്രവാസികളെ വെച്ച് കുളംകലക്കികൾ മുതലെടുക്കുമ്പോൾ അവരുടെ വലയിൽ പെട്ട ചില പ്രവാസിൽ നാട്ടിലേക്ക് പോകാൻ തിക്കും തിരക്കും കൂട്ടുന്നത് കാണുന്നു. പെട്ടന്നുള്ള എടുത്തുചാട്ടത്തിന് മുമ്പ് അവരോട് ഒരു പ്രവാസി എന്ന നിലയിൽ ചിലത് ഓർമ്മപ്പെടുത്തണം എന്ന് തോന്നിയത് കൊണ്ടാണ് എഴുതുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടണയാൻ കൊതിക്കാത്തവരായി ആരുമില്ല, എന്നാൽ കുളംകലക്കികളുടെ വാക്ക് കേട്ട് മുന്നും പിന്നും നോക്കാതെ എടുത്തു ചടുമ്പോൾ നമ്മൾ പ്രവാസികൾ ആലോചിക്കേണ്ട മറ്റൊന്നുണ്ട്. പതിനായിരങ്ങൾ ഒന്നിച്ച് മടക്കയാത്രക്കൊരുങ്ങുമ്പോൾ വലിയൊരു ബാധ്യതയും വെല്ലുവിളിയുമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുക. അതോടൊപ്പം കേട്ടുകേൾവിയില്ലാത്തത്ര വലിയൊരു സാമ്പത്തിക പ്രതിസന്ധിയെയാണ് കൊറോണാനന്തരം ലോകമാകെ അഭിമുഖീകരിക്കാനിരിക്കുന്നത്, ഉള്ള ജോലിയും കൂലിയും വിട്ട് നാട്ടിലേക്ക് ചേക്കേറുന്നവർക്ക് പട്ടിണിയും പരിവട്ടവുമാകും നാട്ടിൽ കൂട്ടിനുണ്ടാകുക.

സൗജന്യ റേഷനും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിത്തരാൻ കേരളം പോലൊരു സംസ്ഥാനത്തിന് എത്രമാത്രം കഴിയും എന്ന് ആലോചിക്കണം. ഗൾഫിന്റെയും മറ്റും വരുമാനം നിലക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങളും കൂലിപ്പണി പോലും ഏറെക്കുറെ അനിശ്ചിതകാലത്തേക്ക് നിലച്ചേക്കുമെന്നത് നാം മനസ്സിലാക്കണം. പട്ടിണി തിന്ന് മടുക്കുമ്പോൾ ഗൾഫിലേക്ക് തിരികെപ്പോരണമെന്ന് വിചാ രിച്ചാൽ പിന്നീട് അതും എളുപ്പമാകില്ല, ഏറെ പണിപ്പെട്ട് വിസ തരപ്പെടുത്തിയാൽതന്നെ ഇവിടെയും ക്വാറന്റയിനും മറ്റു കടമ്പകളും അഭിമുഖീകരിക്കേണ്ടതായും വരും.

പറഞ്ഞുവന്നത് ജോലിയും കൂലിയും ഭക്ഷണവും ഉള്ളവർ കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചാലും സ്വയം സുരക്ഷ പാലിച്ച് തത്സ്ഥാനത്തു തന്നെ തുടരുന്നതായിരിക്കും ഏറ്റവും നല്ലത്. പോയ ബുദ്ധി ആന പിടിച്ചാൽപോലും കിട്ടില്ലെന്നോർക്കുക, ഒരു പാട് വട്ടം ചിന്തിക്കുക, കുളം കലക്കികളുടെ വലയിൽ നമ്മൾ പ്രവാസികൾ വീഴരുത്. എന്തും സഹിക്കാൻ തയ്യാറായാണ് നമ്മൾ ഓരോ പ്രവാസിയും കടൽ കടന്നു വന്നത്, ആകാശം തെളിയും, ഈ ദിവസവും കടന്നു പോകും. ഒരിക്കൽ കൂടെ പറയുന്നു
കുളംകലക്കികളുടെ വലയിൽ വീഴരുത്. പോയ ബുദ്ധി ആന പിടിച്ചാൽ പോലും കിട്ടില്ല.