Vani Jayate

പശ്ചിമ ബംഗാളിൽ തുടങ്ങി, ബീഹാർ, ജാർക്കണ്ട്, ഛത്തീസ്‌ഗഡ്‌, ഒഡിഷ, തെലങ്കാന, ആന്ധ്ര, കർണാടക, കേരളം വരെ നീണ്ടു കിടക്കുന്ന കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളുടെ കോറിഡോറിൽ നരനായാട്ടിൽ ഇരയായി, ഈ സ്വതന്ത്രഭാരതത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരും സാധാരണക്കാരുമായ മനുഷ്യരുടെ കണക്കെടുത്താൽ ഞെട്ടലുണ്ടാക്കുന്നതാണ്. അതുപോലെ തന്നെ ആ തീവ്രവാദത്തെ വെള്ള പൂശാനും റൊമാന്റിസൈസ് ചെയ്യാനുമുള്ള അർബൻ ടെററിസ്റ്റുകളുടെ പരിശ്രമങ്ങൾ അല്ലാതെ ഇന്ത്യൻ സിനിമയിലൂടെ ഈ ഒരു വിപത്തിന്റെ നേർചിത്രം ഇതുവരെ ജനങ്ങളിൽ എത്തിയിട്ടില്ല. അവിടേക്കാണ് കേരള സ്റ്റോറിയിലൂടെ പരിചിതനായ സുദീപ്തോ സെൻ ഇത്തവണ തന്റെ ക്യാമറ തിരിക്കുന്നത്. ബസ്തർ, ഒരു ഒരു എന്റർടൈനർ സിനിമയുടെ ലെൻസിലൂടെ കാണുമ്പോൾ ചില ന്യൂനതകളും, കുറവുകളുമൊക്കെ ഉള്ളത് തന്നെയാണെങ്കിലും, കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവവും ചരിത്രപരമായ പ്രാധാന്യവും നോക്കുമ്പോൾ വെച്ച് പ്രോത്സാഹനം അർഹിക്കുന്ന ഒന്നു കൂടിയാണ് .

ബസ്തർ തുടങ്ങുമ്പോൾ ബസ്തറിലെ സൈനീക നടപടിക്കെതിരെ സുപ്രീം കോടതിയിൽ വിചാരണ നടക്കുന്ന പശ്ചാത്തലമാണ്. അതുകൊണ്ട് തന്നെ 2010 -11 കാലഘട്ടമാണ് എന്നൂഹിക്കാം. രണ്ടു ഭാഗത്തുനിന്നുള്ള അഭിഭാഷകരും വാദമുഖങ്ങൾ നിരത്തുന്നുണ്ട്. ആ വാദമുഖങ്ങളിലൂടെ ഇരുവശങ്ങളിലുമുള്ള പ്രധാനപ്പെട്ട കഥാപാത്രങ്ങളെ പരിചയപ്പെടുത്തുണ്ട്.. കമ്മ്യൂണിസ്റ്റ് തീവ്രവാദി സംഘത്തിന് നേരെ നിന്നും പൊരുതുന്ന ഐപിഎസ് ഉദ്യോഗസ്ഥയായ നീരജ മാധവനും സംഘവും, ലങ്ക റെഡ്‌ഡി, ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം, അവർക്ക് വേണ്ടി കവറിങ് ഫയർ നടത്തുന്ന വന്യ റോയ് അടക്കമുള്ള അർബൻ നക്സൽ ഇക്കോസിസ്‌റ്റം, സാൽവ ജൂഡും എന്ന പേരിൽ “സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ” എന്ന പേരിൽ ഗ്രാമീണരിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട സായുധധാരികളായ പ്രൈവറ്റ് ആർമിയും അവരുടെ നേതാവ് രാജേന്ദ്ര കർമ്മയും, നിഷ്ക്രിയരായ രാഷ്ട്രീയ നേതൃത്വം.. ഇതിനെല്ലാം ഇടയിൽ പെട്ട് ദുരിതമനുഭവിക്കേണ്ടി വന്ന വനവാസികളും പിന്നാക്ക വിഭാഗങ്ങളുമടക്കമുള്ള സാധുക്കളായ ഗ്രാമീണർ.. അധിക സമയം പാഴാക്കാതെ തന്നെ ഈ വിഷയത്തിലെ ഓരോ പങ്കാളികളെയും പരിചയപ്പെടുത്തുന്നുണ്ട് സുദീപ്തോ സെൻ.

അതെ സമയം ബസ്തറിൽ ഒരു ഉൾഗ്രാമത്തിൽ രത്നയുടെയും മിലിന്ദിന്റെയും കുടുംബം ദേശീയ പതാക ഉയർത്തുന്ന ഒരു ചടങ്ങിലേക്ക് ഇരച്ചു കയറുന്ന മാവോയിസ്റ്റ്‌ സംഘം ആ കുടുംബത്തെയും, അവിടെ ചുറ്റും കൂടിയിരിക്കുന്നവരെയും ബന്ധനസ്ഥരാക്കി ഉൾക്കാട്ടിലെ തീവ്രവാദി ക്യാമ്പിലേക്ക് കൊണ്ടുപോവുന്നു. പിന്നെ കണ്ടത് ഈയടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വയലന്റ് ആയിട്ടുള്ള കുറെ ദൃശ്യങ്ങളാണ്. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും രൂക്ഷവും മനുഷ്യത്വരഹിതവുമായ ക്രൂരതകൾ ഒരുപക്ഷെ അരങ്ങേറിയിട്ടുള്ളത് ഈ ദണ്ഡകാരണ്യത്തിലായിരിക്കും. എന്നത് കൊണ്ട് തന്നെ മനം മടുപ്പിക്കുന്ന ഭീകരവും രക്തരൂക്ഷിതവുമായ രംഗങ്ങൾ ഒരുപാട് സിനിമയിലുണ്ട്.

ഒരു സിനിമയുടെ പരിമിതിയിൽ ആണെന്ന് തോന്നുന്നു വളരെ സങ്കീർണ്ണമായ ഈ വിഷയത്തിൽ തൊലിപ്പുറത്ത് മാത്രം സ്പർശിച്ചു പോവുകയാണ് സുദീപ്തോ സെൻ. പക്ഷെ അപ്പോഴും കുറെ അപ്രിയസത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ അദ്ദേഹം മറന്നിട്ടില്ല എന്ന് മാത്രം. ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും ധാതു സമ്പുഷ്ടമായ ഈ വനമേഖലയിൽ മാത്രം എന്തുകൊണ്ട് ഈ തീവ്രവാദം കേന്ദ്രീകരിക്കപ്പെട്ടു എന്നുള്ള ചോദ്യത്തിന് ഒരുത്തരം പറയാനുള്ള ശ്രമവും അക്കൂട്ടത്തിൽ അദ്ദേഹം നടത്തിയിട്ടുണ്ട്. ബസ്തറിന്റെ ഒരു കുറ്റമായി ചൂണ്ടിക്കാണിക്കുന്നത്, ഒരു വശം മാത്രം പറയുന്നു എന്നാണ്. ശരിയാണ് ബസ്തർ പറയുന്നത് ഒരു വശം മാത്രമാണ്. പക്ഷെ ആ വശം ഇതുവരെ ആരും പറയാൻ മുതിർന്നിട്ടില്ലാത്ത ഒന്നാണെന്ന് മാത്രം. മറുവശം മാത്രം ഇതുവരെ പറഞ്ഞു ശീലിച്ച സമൂഹത്തിൽ ആ ഒരു വശം ഉറക്കെ വിളിച്ചു പറയേണ്ടതിന് പ്രസക്തി ഉണ്ട്. സൽവാ ജൂഡും എന്ന സംഘടനയുടെ നിരോധനത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിപ്പിച്ചു കൊണ്ടുവന്നിട്ടുള്ളത്. അവരെ ന്യായീകരിച്ചു കൊണ്ടാണ് പറഞ്ഞു പോവുന്നത്. പ്രതിരോധം ലക്ഷ്യമാക്കി തുടങ്ങിയ ആ സായുധ സംഘടന, ക്രിമിനൽ സ്വഭാവം ആർജ്ജിച്ചു എന്നാണ് ആരോപണം. എന്തൊക്കെ പറഞ്ഞാലും കമ്മ്യൂണിസ്റ്റ് തീവ്രവാദം സജീവമാക്കി നിർത്തേണ്ട ഒരു സിസ്റ്റം തന്നെ രാജ്യത്ത് ഉണ്ടായിരുന്നുവെന്നും, അതിന്റെ പിറകിൽ ആരൊക്കെയാണെന്നും തുറന്നു കാട്ടാനുള്ള ഈ ശ്രമം, തുടക്കം മുതൽ ഒടുക്കം വരെ എൻഗേജിങ് ആയ ഒരു ചലച്ചിത്രാനുഭവം തന്നെയാണ്.

അങ്ങിനെ എടുത്തു പറയുന്ന ഒരു സ്റ്റാർ കാസ്റ്റൊന്നും ഈ സിനിമയ്ക്കില്ല. അദാ ശർമ്മ, നീരജ മാധവൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ആത്മാവ് ഉൾക്കൊണ്ട് തന്നെ പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട്. വന്യ റോയ് ആയി റെയ്മ സെന്നും, ലങ്ക റെഡ്ഢിയായി വിജയ് കൃഷ്ണയാണ് വേഷമിടുന്നത് സർക്കാരിനെ റെപ്രസെന്റ് ചെയ്യുന്ന അഡ്വക്കേറ്റ് ആയി യശ്പാൽ ശർമ്മയും, എതിർഭാഗം വക്കീൽ ആയി ശില്പ ശുക്ലയും വേഷമിടുന്നു. നീരജ മാധവന്റെ രീതികളോട് യോജിക്കാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ടാവുമെങ്കിലും യാതൊരു പ്രതീക്ഷയും പിന്തുണയും ഇല്ലാത്ത ഒരു വിഷയത്തിൽ, അതും പ്രബലരായ ബാഹ്യശക്തികൾ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് ആസൂത്രിതമായി സ്റ്റെയ്റ്റിനെ തകർക്കാൻ വിഷയത്തെ ഉപയോഗിക്കുന്ന ഈ അവസരത്തിൽ മറ്റു മാർഗങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാവില്ല.

രത്ന തന്റെ പ്രതികാരം നിർവഹിച്ച ശേഷം മക്കളായ രമയും രമനുമായി ഗ്രാമത്തിലേക്ക് മടങ്ങുന്ന ഇടത്തൊരു അർദ്ധവിരാമത്തോടെ തിരശ്ശീല വീഴുന്ന നേരത്ത്, കണക്കുകൾ നിരത്തി കഴിഞ്ഞ പത്തു വര്ഷത്തിനിടയ്ക്ക് സർക്കാർ ഈ വിഷയത്തെ എത്ര മാത്രം നിയന്ത്രണത്തിൽ കൊണ്ട് വന്നിട്ടുണ്ട് എന്ന് അടയാളപ്പെടുത്തി വെയ്ക്കുന്നുന്നുണ്ട്. അപ്പോഴും ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന തോന്നൽ അവശേഷിപ്പിക്കുന്നുണ്ട് ബസ്തർ. – ബസ്തർ ദി നക്സൽ സ്റ്റോറി, തീയറ്ററുകളിൽ

Leave a Reply
You May Also Like

സ്ത്രീ കഥാപാത്രങ്ങളെ ചുരുങ്ങിയ സമയത്തായാലും നേരെചൊവ്വേ പ്രസന്റ് ചെയ്താലും കയ്യടി കിട്ടും

Vishnu Kiran Hari മസ്കുലിനിറ്റിയുടെ ഗ്ലോറിഫിക്കേഷൻ അവതരിപ്പിക്കുമ്പോൾ പുട്ടിന് പീര പോലെ സ്ത്രീവിരുദ്ധത ഉണ്ടാകേണ്ട ആവശ്യം…

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രം ‘ടർബോ’ ! ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രം ‘ടർബോ’ ! ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ,…

യൂക്ലിഡ് ഒരുങ്ങുകയാണ് ഡാർക്ക് എനർജിയേക്കുറിച്ച് പഠിക്കാൻ

യൂക്ലിഡ് ഒരുങ്ങുകയാണ് ഡാർക്ക് എനർജിയേക്കുറിച്ച് പഠിക്കാൻ സാബുജോസ് ഡാര്ക്ക് എനര്ജിയുടെ പ്രഭാവത്തേക്കുറിച്ചു പഠിക്കാൻ യൂക്ലിഡ് ഒരുങ്ങുകയാണ്.…

വരാഹരൂപമില്ലാത്ത കാന്താര, ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കും , തൈക്കുടം ബ്രിഡ്ജ് എന്തുകൊണ്ടാണ് പലർക്കും അനഭിമതർ ആവുന്നത് എന്നറിയാമോ ?

Riyas Pulikkal വരാഹരൂപമില്ലാത്ത കാന്താര, ആത്മാവില്ലാത്ത ശരീരം പോലെയായിരിക്കും. തൈക്കുടത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നിയിട്ടാണ് ഹൈക്കോടതി…