‘ബാറ്റിൽ ഓഫ് ദി സെക്സസ്’ (battle of sexes) എന്ന പേരിലുള്ള മത്സരത്തിന് ചരിത്രത്തിൽ ഉള്ള സ്ഥാനം എന്ത് ?

1970-കളുടെ തുടക്കം. അമേരിക്കയിൽ ഒരു സ്ത്രീക്ക് സ്വന്തം പേരിൽ ക്രെഡിറ്റ് കാർഡ് കിട്ടണമെങ്കിൽ അച്ഛന്റെയോ, ഭർത്താവിന്റെയോ ഒപ്പു വേണം. വനിതകൾ ഒളിമ്പിക്സിൽ 5,000 മീറ്ററിനപ്പുറം ഓടുമെന്നോ, പൈലറ്റ് ലൈസൻസ് നേടി, വിമാനം പറത്തുമെന്നോ , എന്തിന് ഒരു കമ്പനിയുടെ സി.ഇ.ഒ ആകുമെന്നോ പോലും പലരുടെയും സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.അതിലും പരിതാപകരമായിരുന്നു കായികരംഗത്തെ അവസ്ഥ. ടെന്നീസ് അടക്കം വനിതകളുടെ മത്സരത്തെ ആരും കാര്യമായിട്ടെടുത്തിരുന്നില്ല.

  ഒരേ ടൂർണമെന്റിൽ പങ്കെടുത്താൽ തുല്യ പ്രതിഫലം പോയിട്ട് മാന്യമായ പ്രതിഫലം പോലും കിട്ടാത്ത അവസ്ഥ. വനിതാ ടെന്നീസ് കവർ ചെയ്യാൻ പത്രങ്ങൾക്കും മടി.വനിതാ ടെന്നീസ് താരങ്ങൾക്ക് പുരുഷതാരങ്ങൾക്ക് കൊടുക്കുന്നതിന്റെ 25 ശതമാനം മാത്രം പ്രതിഫലം കൊടുത്താൽ മതി. കാരണം അവർ പുരുഷൻമാർ കളിക്കുന്നതിന്റെ 25 ശതമാനം പ്രകടനമേ കോർട്ടിൽ നടത്തുന്നുള്ളൂ എന്ന മുൻ വിംബിൾഡൺ ചാമ്പ്യൻ ബോബി റിഗ്സിന്റെ അക്കാലത്തെ അഭിപ്രായത്തിൽ വനിതാ ടെന്നീസിനെക്കുറിച്ച് പൊതുവെയും, വനിതാ കായിക രംഗത്തെക്കുറിച്ച് മൊത്തത്തിലും അക്കാലത്തെ പുരുഷൻമാർക്കുള്ള കാഴ്പ്പാട് അടങ്ങിയിട്ടുണ്ട്.

അത്തരമൊരു കാലഘട്ടത്തിലാണ് വനിതാ ടെന്നീസിലെ വിപ്ലവകാരി അമേരിക്കയുടെ ബില്ലി ജീൻ കിങ് ഒരു പൊളിച്ചെഴുത്ത് നടത്തിയത്. 46 വർഷം മുമ്പ് ഒരു സ്പെറ്റംബർ 20-ന് നടന്ന ‘ബാറ്റിൽ ഓഫ് ദി സെക്സസ്’ (battle of sexes) എ ന്ന പേരിട്ട പോരാട്ടത്തിൽ ബോബി റിഗ്സിനെ കീഴടക്കി ബില്ലി ജീൻ വനിതാ ടെന്നീസ് താരങ്ങളുടെ മാത്രമല്ല വനിതകളുടെ മുഴുവൻ ആത്മാഭിമാനമുയർത്തിയത്.

ഒരു കാലത്ത് ലോകത്തെ മുൻനിര താരമായിരുന്നു അമേരിക്കക്കാരനായ ബോബി റിഗ്സ്. 1939-ൽ അദ്ദേഹം വിംബിൾഡണിൽ സിംഗിൾസിലും, ഡബിൾസിലും, മിക്സഡ് ഡബിൾസിലും ജേതാവായിരുന്നു.
കായിക ജീവിതത്തിലെ നല്ലകാലം രണ്ടാം ലോക മഹായുദ്ധം മൂലം അദ്ദേഹത്തിന് നഷ്ടമായി.പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ വീണ്ടും വരാനായി അദ്ദേഹം കൈക്കൊണ്ട മാർഗമായിരുന്നു അക്കാലത്തെ മികച്ച വനിതാ ടെന്നിസ് താരങ്ങളെ താനുമായി മത്സരിക്കാൻ ക്ഷണിക്കുകയെന്നത്. സ്ത്രീകളെക്കാൾ എല്ലാ അർഥത്തിലും പുരുഷൻമാരാണ് മുന്നിലെന്നു വിശ്വസിച്ചിരുന്ന, അതിനായി വായ്ത്താരയിട്ടിരുന്ന ബോബിയുടെ വെല്ലുവിളി കിങ് പലവട്ടം അവഗണിച്ചു.

പിന്നീട് അന്നത്തെ മുൻനിര താരമായിരുന്ന മാർഗരറ്റ് കോർട്ട്, ബോബിയുമായി ഏറ്റുമുട്ടാൻ തയ്യാറായി. 1973 മേയ് 13-നായിരുന്നു മത്സരം. ജയിക്കുന്നയാൾക്ക് പതിനായിരം ഡോളർ സമ്മാനം.ഏകപക്ഷീയമായ മത്സരത്തിൽ ബോബി, മാർഗരറ്റ് കോർട്ടിനെ കീഴടക്കി (6-2, 6-1). ‘അമ്മമാരുടെ ദിനത്തിലെ കൊലപാതകം’ (മദേഴ്സ് ഡേ മാസെക്കർ) എന്ന വിശേഷണവും അതോടെ ഈ മത്സരം നേടി.മാർഗരറ്റ് കോർട്ടിനെ തോൽപ്പിച്ചതോടെ റിഗ്സ് വീണ്ടും കിങിനെ വെല്ലുവിളിച്ചു തുടങ്ങി. ‘ക്ലേ കോർട്ടിലോ, ഗ്രാസ് കോർട്ടിലോ, മാർബിളിലോ, റോളർ സ്കേറ്റിലോ എവിടെ വേണമെങ്കിലും ഞാൻ അവരുമായി മത്സരിക്കാം എന്ന തരത്തിൽ പോയി 55 വയസ്സുകാരനായ റിഗ്സിന്റെ വെല്ലുവിളി.

കിങ് അന്ന് വനിതാ ടെന്നീസിലെ മാത്രമല്ല വനിതാ കായികരംഗത്തെ ആദ്യത്തെ വിപ്ലവകാരിയായിരുന്നു. വനിതാ താരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയും, വനിതാ ടെന്നീസ് താരങ്ങൾക്കു വേണ്ടി ടെന്നീസ് ടൂർ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുമൊക്കെ ചെയ്ത അക്കാലത്തെ തീപ്പൊരി. കിങ് ആണ് തനിക്കു പറ്റിയ ഇര എന്ന നയമായിരുന്നു റിഗ്സിന്റേത്.ഒടുവിൽ കിങ് വെല്ലുവിളി ഏറ്റെടുത്തു. അപ്പോൾ കിങിന് പ്രായം 29. പത്ത് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയതിന്റെ തിളക്കവും അവർക്കുണ്ടായിരുന്നു.
ജൂലൈയിൽ മത്സരത്തെക്കുറിച്ച് തീരുമാനമായി. ജേതാവിന് ഒരു ലക്ഷം യു.എസ് ഡോളർ (ഇന്നത്തെ 71 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കും. രണ്ടു മത്സരാർഥികൾക്കും 75,000 ഡോളർ വീതം വേറെയും സമ്മാനം. ഒരു ഷോ ബിസിനസ് തന്നെയായിരുന്നു മത്സരം.മത്സരത്തിന് അമേരിക്കയിൽ മാത്രമല്ല ലോകമെങ്ങും വൻ പ്രചാരമാണ് ലഭിച്ചത്. ബില്ലി ജീൻ കിങ് ജയിക്കുകയാണെങ്കിൽ ഒരാഴ്ച കാപ്പിയുണ്ടാക്കി കൊടുക്കാമെന്ന് അമേരിക്കൻ കമ്പനികളിലെ ബോസുമാർ അവരുടെ സെക്രട്ടറിമാർക്ക് വാഗ്ദാനം നൽകി.
കുടുംബങ്ങളിലാണെങ്കിൽ ഭർത്താക്കൻമാർ ഒരാഴ്ച അടുക്കളപ്പണിയും, അലക്കും ചെയ്തു കൊടുക്കാമെന്നായിരുന്നു ഭാര്യമാരോടുള്ള വെല്ലുവിളി.അവരുടെയൊന്നും വന്യമായ സ്വപ്നങ്ങളിൽപോലും കിങ് ജയിക്കുമെന്നില്ലായിരുന്നു. കിങിനാകട്ടെ ചെല്ലുന്നിടത്തെല്ലാം സ്ത്രീകളുടെ സ്വീകരണമായിരുന്നു.ആ റിഗ്സിനെ നിലംപരിശാക്കണം. അവർ ഏക സ്വരത്തിൽ പറഞ്ഞു.മത്സരത്തിന് മുന്നോടിയായി തന്നെക്കൊണ്ടാവും വിധം എരിവും, പുളിയും ചേർക്കാൻ റിഗ്സ് ശ്രമിച്ചുകൊണ്ടിരുന്നു. ‘സ്ത്രീകൾക്ക് രണ്ട് സ്ഥലങ്ങളേ ഇണങ്ങുകയുള്ളൂ. ഒന്നാമത്തേത് കിടപ്പറ, അടുത്തത് അടുക്കള’. ‘ മത്സരത്തിൽ ഞാൻ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം ബില്ലി ജീൻ ഒരു സ്ത്രീയാണ്. സ്ത്രീകൾക്ക് വൈകാരിക സന്തുലിതാവസ്ഥയില്ല’- ഇത്തരം പ്രസ്താവനകളുമായി റിഗ്സ് അരങ്ങുവാഴുമ്പോൾ വിംബിൾഡണടക്കമുള്ള ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തും ,കഠിനമായി പരിശീലിച്ചും കിങ് മത്സരത്തിനൊരുങ്ങുകയായിരുന്നു.

റിഗ്സാകട്ടെ പാർട്ടികളിൽ പങ്കെടുത്തും, കറങ്ങി നടന്നും സമയം ചെലവഴിച്ചു. ഒടുവിൽ ആ ദിവസം വന്നെത്തി. 1973 സെപ്റ്റംബർ 20. ‘ബാറ്റിൽ ഓഫ് ദി സെക്സസ് ‘ എന്ന പേരിട്ട റിഗ്സും, കിങുമായുള്ള പോരാട്ടം കാണാൻ 30,492 ടെന്നീസ് പ്രേമികളാണ് ഹൂസ്റ്റണിലെ അസ്ട്രോഡം സ്റ്റേഡിയത്തിൽ എത്തിയത്. ഇത് ഒരു ടെന്നീസ് മത്സരം കാണാനെത്തിയ എക്കാലത്തെയും റെക്കോഡ് കാണികളാണെന്ന് പറയപ്പെടുന്നു.

ലോകമെമ്പാടുമായി ഒമ്പത് കോടി ആളുകൾ മത്സരം ടെലിവിഷനിലും കണ്ടു. ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറിയ മത്സരത്തിൽ കോർട്ടിനെതിരേ കാണിച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ റിഗ്സിനായില്ല. ഏകപക്ഷീയമായ മത്സരമായിരുന്നില്ലെങ്കിലും നേരിട്ടുള്ള സെറ്റുകളിൽ കിങ്, റിഗ്സിനെ കീഴടക്കി (6-4,6-3,6-3).ഞാൻ തോറ്റിരുന്നെങ്കിൽ അത് ഞങ്ങളെ 50 വർഷം പിന്നോട്ടടിച്ചേനെ. വനിതാ ടെന്നീസ് ടൂറിനെയും, വനിതകളുടെ ആത്മാഭിമാനത്തേയും എന്റെ തോൽവി ബാധിച്ചേനെ. മത്സരശേഷം കിങ് വ്യക്തമാക്കി. അതേ, വനിതകളുടെ ആത്മാഭിമാനവും, അന്തസ്സുമുയർത്തിയ വിജയമായിരുന്നു കിങിന്റേത്.

അക്കാലത്ത് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടറായിരുന്ന ഗ്രേസ് ലിക്റ്റെൻസ്റ്റൈൻ (വനിതാ ടെന്നീസിലെ പിൻകാഴ്ചകളെക്കുറിച്ചുള്ള ‘എ ലോങ് വേ ബേബി’ എന്ന പുസ്തകത്തിന്റെ രചയിതാവ്) ഇത് കൃത്യമായി വിലയിരുത്തുന്നുണ്ട്. ‘ഇരുപത്തിയൊമ്പതാം വയസ്സിൽ തന്റെ ഫോമിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ഒരു വനിതാ ടെന്നീസ് താരം 55 വയസ്സുള്ള ഒരു പുരുഷനെ തോൽപ്പിച്ചുവെന്നതാണ് യാഥാർഥ്യം.
അത് ഒരു ഷോ ബിസിനസ് തന്നെയായിരുന്നു. എന്നാൽ വനിതകൾക്ക് ടെന്നീസിൽ മാത്രമല്ല കുടുംബത്തിലും, അവരുടെ ജോലി സ്ഥലത്തുമെല്ലാം പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ ബില്ലി ജീൻ കിങിന്റെ വിജയത്തിനായി’.മത്സരശേഷം റിഗ്സും ,കിങും നല്ല സുഹൃത്തുക്കളായി. കാൻസർബാധിതനായി 1995-ൽ മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് റിഗ്സ്, കിങുമായി ഫോണിൽ സംസാരിച്ചിരുന്നു.

💢വാൽക്കഷണം💢

കിങുമായുള്ള മത്സരം വാതുവെപ്പുകാർക്കായി റിഗ്സ് മനപ്പൂർവം തോറ്റു കൊടുക്കുകയായിരുന്നുവെന്ന് പിന്നീട് ആരോപണമുണ്ടായി. വാതുവെപ്പിൽ റിഗ്സിന് ഒരു ലക്ഷത്തോളം ഡോളർ മാഫിയ സംഘത്തിന് കടമുണ്ടായിരുന്നു. മത്സരം തോറ്റുകൊടുത്താൽ ഇത് പൂർണമായും ഇളവ് ചെയ്യാമെന്ന് മാഫിയ സംഘം വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് റിഗ്സ് കളിക്കളത്തിൽ പ്രാവർത്തികമാക്കുകയായിരുന്നുവെന്നുമായിരുന്നു ആരോപണം. റിഗ്സ് ഈ ആരോപണം നിഷേധിച്ചിരുന്നു.

You May Also Like

വീട്ടമ്മയെ കാണാനില്ല

രാവിലെ ഭര്‍ത്താവ് ഓഫീസിലേക്കും മകനും മകളും സ്‌കൂളിലേക്കും പോയതോടെ അവള്‍ ഫ്‌ളാറ്റില്‍ ഏകയായി. വീട്ടമ്മയെ കാണാനില്ല എന്ന കഥ ഇവിടെ തുടങ്ങട്ടെ

ഉണ്ടും ഉറങ്ങിയും കുളിച്ചുമൊക്കെ സിനിമ കാണാം; ഒരിക്കലെങ്കിലും ഈ തിയറ്ററുകളില്‍ പോയി സിനിമ കാണണം

എന്നാല്‍ തിയറ്ററില്‍ പോയ ശേഷം സിനിമ കണ്ടു കൊണ്ട് കുളിക്കാനും ഉണ്ണാനും ഉറങ്ങാനുമൊക്കെയുള്ള സ്വകാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ

ആവര്‍ത്തനം..(കഥ)

കാലന്‍ തന്റെ കുരുക്ക് മുറുക്കി.. ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു.. ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി.. ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ … പെട്ടന്ന് കാലനെ കാണാനില്ലാണ്ടായി..

സത്യസന്ധരായ കുറെ കള്ളന്മാര്‍ -വീഡിയോ

ഒരു പേഴ്‌സ് വഴിയരികില്‍ നിന്ന് കളഞ്ഞു കിട്ടിയാല്‍ നമ്മള്‍ എന്ത് ചെയ്യും? ലോട്ടറി അടിച്ചതായേ നമ്മള്‍ കരുതൂ.പ്രേത്യേകിച്ച് മലയാളികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.