വാഹനം വാങ്ങുന്നത് നമ്മളാണെങ്കിലും ഏതു മോഡല്‍ എടുക്കണമെന്നു തീരുമാനിക്കുന്നത് ഡീലര്‍മാരുടെ സെയില്‍സ്മാനാണ്. വാഹനം എടുക്കാന്‍ പോവുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം നമ്മളെ പാട്ടിലാക്കാന്‍ റെഡി ആയി ഒരുങ്ങി കെട്ടി നില്ക്കുന്ന ഒരു ടീമിനെ നാം സമീപിക്കുന്നു എന്നാണ്. ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ സെയില്‍സ്മാന്റെ വാക്ചതുരിയില് നാം വീണു വെറുതെ മണ്ടന്മാരവും. ഡീലര്‍മാരുടെ ചില സ്ഥിരം നമ്പരുകള്‍ മനസ്സിലാക്കുന്നത് ഇതില്‍ നിന്നും ഒരു പരിധിവരെ നമ്മെ രക്ഷപെടുത്തും.
ഒട്ടു മിക്ക സെയില്സ്മാന് മാരും പ്രയോഗിക്കുന്ന ഒരു സ്ഥിരം വിദ്യയാണ് താന്‍ പുതുതായി ജോലിക്ക് ചേര്ന്നിട്ടുള്ളയാളാണെന്നു നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുക എന്നത്. താനിപ്പോള്‍ െ്രെടനീ പോസ്റ്റില്‍ ആണെന്ന് ഒരു ബിസിനെസ്സ് കാര്‍ഡ് എടുത്തു പേനകൊണ്ട് അതില്‍ സ്വന്തം നമ്പര്‍ എഴുതിയിട്ട് പറയും. എന്റെ ടാര്‍ഗറ്റ് എത്തിയാലെ എനിക്ക് സ്വന്തമായി കാര്‍ഡ് ലഭിക്കൂ എന്നുകൂടി പറഞ്ഞു ചേര്‍ക്കും. നമ്മള് ‘പാവം’ എന്ന് വിചാരിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. നമ്മളും അയാളും ആ വാഹനത്തിന്റെ കാര്യത്തില്‍ ഒരേ ലെവലിലാണ് എന്ന ഒരു തോന്നല്‍ ഉണ്ടാക്കിയാല്‍ അയാള്‍ വിജയിച്ചു. കാര്യങ്ങള്‍ നമ്മളില്‍ നിന്നും ചോദിച്ചു മനസ്സിലാക്കുന്ന രീതി കൂടെയാവുമ്പോള്‍ നമ്മള്‍ക്ക് ഡീലില്‍ കുറെകൂടി നിയന്ത്രണമുള്ളതായി തോന്നും.
രണ്ടു വിധത്തില്‍ ഈ പ്രശ്നം കൈകാര്യം ചെയ്യാം. ഒന്ന് എനിക്ക് അറിയേണ്ടതും ആവശ്യമുള്ളതും എല്ലാം പറയാന്‍ കഴിയുന്ന ഒരാളെയാണ് ആവശ്യം എന്ന് പറയുകയാണ്. രണ്ടാമതായി ചെയ്യാവുന്നത്, അയാളോട് മാക്സിമം കാര്യങ്ങള്‍ ചോദിക്കുക, തന്റെ എക്സ്പീരിയന്‍സ് കുറവ് പറയുമ്പോള്‍ സെയില്‍സ് മാനേജരെ കാണണമെന്ന് ആവശ്യപ്പെടുക. ഉടനെ അയാള്‍ക്ക് അപകടം മനസ്സിലാവും. നിങ്ങളെ ഈ ട്രിക് ഒന്നും ഏശില്ലെന്നു ബോധ്യമായാല്‍ അയാള്‍ താനേ പത്തിമടക്കും.
മറ്റൊരു കാര്യം വാക്കുക്കളുടെ ഉപയോഗമാണ്.ഡീലര്‍മാര്‍ അവരുടെ മാക്സിമം ബുദ്ധി വര്‍ക്ക് ചെയ്യിക്കുന്നത് ഈ ഭാഗത്താണ്. അവര്‍ കഴിവതും നമ്മളുടെ തുടക്കത്തിലേ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തരും. ഡീല്‍ ഏകദേശം തീരുമാനമായാല്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് പതുക്കെ കടിഞ്ഞാണിടും. അതിനു സ്ഥിരം ചെയ്യാറുള്ളത് നമ്മുടെ ചോദ്യങ്ങള്‍ക്ക് ചില മറു ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്. നമുക്ക് മറ്റുകാര്യങ്ങളെ കുറിച്ച് ചോദിക്കാനുള്ള ഒരു ചാന്‍സും തരാതെ ഒരു വിഷയത്തില്‍ മാത്രം നമ്മെ പിടിച്ചിരുത്തും.
ഒരിക്കലും അവരോട് ഞാന്‍ ചോദിച്ചതിന്റെ മറുപടി തരാതെ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരില്ല എന്ന് തുറന്നു പറയാന്‍ മടിക്കരുത്. ഒരു ചോദ്യത്തിന് മറു ചോദ്യമല്ല മറുപടി എന്നുകൂടെ പറയുക. ആവശ്യം നമ്മുടേതാണെന്നും ഡീലില്‍ പൂര്‍ണ നിയന്ത്രണം നിങ്ങള്‍ക്കാണെന്നും ഒരിക്കലും മറക്കരുത്. ഒരു തരത്തിലും ഒത്തുപോകാന്‍ പറ്റില്ലെങ്കില്‍ മറ്റൊരാളെ ആവശ്യപ്പെടാം. എല്ലാവരും ബിസിയാണ് എന്നതാണ് മറുപടിയെങ്കില്‍ അവിടെനിന്നും ഇറങ്ങാം കാരണം 100% ഉറപ്പാണ് , മറ്റൊരു സെയില്സ്മാന് നിങ്ങളുടെ പിറകെ വരും.
ഒരു പാട് സെയില്സ്മാന്മാര് ഉപയോഗിച്ചു പഴകിയ ഒരു വാചകമുണ്ട്. ‘നിങ്ങളെ ഇന്ന്! ഈ കാറിനകത്തെത്തിക്കാന് ഞാന്‍ എന്താണ് ചെയ്യേണ്ടത്’ എന്നതാണ് ആ വാചകം. നിങ്ങള്‍ എന്ത് മറുപടി പറഞ്ഞാലും അത് താന്‍ ശരിയാക്കിത്തരാം എന്ന് പറയും. ഇന്ന്! എന്നെ ഈ കാറില്‍ എത്തിക്കാന്‍ തനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞാല്‍ അതവിടെ തീരും. വിലയേയോ കളറിനെയോ മറ്റോ പറ്റി പറഞ്ഞാല്‍ അതില്‍ മാത്രമായി സംഭാഷണം ഒതുക്കാന്‍ അയാള്‍ക്ക് കഴിയും.
മറ്റൊരു തന്ത്രമാണ് നമുക്ക് ചേരുന്ന മോഡല്‍ എന്ന് സ്ഥാപിച്ച ശേഷമുള്ള ഒരു പദപ്രയോഗം. ഒന്നുകില്‍ നിങ്ങള്‍ക്ക് നന്നായി ഇണങ്ങുന്ന ഈ മോഡല്‍ എടുക്കുക അല്ലെങ്കില്‍ പിന്നെ ഇത് വിട്ടേക്കൂ എന്നാ രീതിയില്‍ ഒരു ചെറിയ പ്രയോഗം. വളരെ സൈക്കോളജിക്കല്‍ പ്രയോഗമാണത്. നമുടെ മനസ്സില്‍ നമുക്ക് ഏറ്റവും ചേരുന്ന വാഹനമായി അതോടെ ആ മോഡല്‍ സ്ഥാപിക്കപെടും. പിന്നെ കാര്യങ്ങള്‍ എളുപ്പമായല്ലോ.
ചെയ്യാവുന്നത് അയാള്‍ ഒന്നുകില്‍ ഇത് നോക്കുക അല്ലെങ്കില്‍ വിടുക എന്ന് പറയുമ്പോള്‍ ഡീല്‍ വിടുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വഴിതിരിച്ചു വിടുക എന്നതാണ്. അതോടെ കൂടുതല്‍ വാഗ്ദാനങ്ങള്‍ നിങ്ങളുടെ മുന്‍പിലേക്കെത്തും. തരതമ്യേന നല്ല ഡീല്‍ ആണെങ്കില്‍ മാത്രം വഴങ്ങുക.
രസകരമായ മറ്റൊരു ട്രിക് ഉണ്ട്. രണ്ടു സെയില്സ്മാന്മാര് നിങ്ങളെ സമീപിക്കും ഇടയ്ക്കു ഒരാള്‍ മാറി നില്ക്കും. അപ്പോള്‍ നിങ്ങളുടെ കൂടെയുള്ള ആള് പറയും അയാള്‍ നിങ്ങള്‍ക്കുവേണ്ടി നല്ല ഡീല്‍ ചയ്തു തരാമെന്നു. മറ്റേയാള്‍ മിക്കവാറും സെയില്‍സ് മാനേജര്‍ ആയിരിക്കും. ഡീല്‍ സമയത്ത് നിങ്ങളുടെ സ്വന്തം സെയില്സ്മാന് ചമഞ്ഞ ആള് നല്കിയ പല ഓഫറുകളും മറ്റെയാള്‍ വെട്ടിച്ചുരുക്കും. സെയില്സ്മാന് നിങ്ങള്‍ക്ക് വേണ്ടി ഒന്ന് കനത്തില്‍ നിങ്ങള്‍ക്ക് വേണ്ടി വാദിച്ചു നോക്കും. ഈ ഡബ്ള്‍ പ്ലേയില്‍ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നയാളെ നോക്കി അന്തംവിട്ടു നില്ക്കും. അയാളെ പിന്നീടങ്ങോട്ട് വിശ്വസിക്കും.
ചെയ്യാവുന്നത്, നിങ്ങള്‍ക്ക് നിങ്ങളുടെ സെയില്സ്മാന് വെച്ചുനീട്ടിയ ഏതെങ്കിലും ഒരു ഓഫര്‍ മാനേജര്‍ വെട്ടിച്ചുരുക്കിയാല്‍ ഉടന്‍ അതൊരു പ്രശ്നമാക്കി മാറ്റുക എന്നതാണ്. രണ്ടു പേരെയും വിശ്വാസത്തില്‍ എടുത്തില്ലെന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ സംഗതി തീര്‍ന്നു.
സെയില്‍സ്മാനെ ഒരു കാര്യം ബോധ്യപെടുത്തുക. നിങ്ങള്‍ ഒരു വാഹന മാര്‍ക്കറ്റിലാണ്. ഒരു വാഹനെമേ എടുക്കുന്നുള്ളൂ എങ്കിലും ധരാളം വിത്യസ്ഥ മോഡലുകള്‍ നിങ്ങളുടെ മുന്പിലുണ്ട്. അയാളെ ഏല്പിച്ചിരിക്കുന്ന മോഡല്‍ നിങ്ങള്‍ പരിഗണിക്കണമെങ്കില്‍ അയാള്‍ അതിനനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കണം എന്നതാണ് അയാളെ നാം ബോധ്യപ്പെടുത്തേണ്ടത്.
വിലയുടെ കാര്യം ഒരിക്കലും ഇടയ്ക്ക് വെച്ച് പറയരുത്. ടെസ്റ്റ് െ്രെഡവ് കഴിഞ്ഞാണ് മിക്കവാറും ഡീലര്‍ ഇക്കാര്യം അവതരിപ്പിക്കാറുള്ളത്. വാഹനം സ്വന്തമാക്കാനുള്ള നമ്മുടെ ആഗ്രഹം അങ്ങേയറ്റംവരെ എത്തിനില്‍ക്കുന്ന സമയമാണത്. ഒറ്റ സിറ്റിങ്ങില്‍ വിലയുടെ കാര്യത്തില്‍ മാക്സിമം തീരുമാനമെത്തിക്കണം. പിന്നീട് അവസരം കിട്ടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടാം. ഡീലര്‍മാര്‍ പറയുന്ന ഒരു കാര്യത്തിനും അനാവശ്യ പ്രാധാന്യം കൊടുക്കരുത്. അനാവശ്യ കാര്യങ്ങള്‍ക്ക് വശംവദരായിപ്പോവുകയും അരുത്.
ഒരുപാട് പേരുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ് ഇത് പറയുന്നതെങ്കിലും ഇങ്ങനെയൊക്കെ മാത്രമേ നടക്കൂ എന്നൊന്നും വിചാരിക്കരുത്. ഒരു മുന്‍ധാരണ തന്നെന്ന് മാത്രം. പിന്നെ ഈ അഭിപ്രായ പ്രകടനങ്ങള്‍ കണ്ടു ഡീലര്‍മാര്‍ മുഷിയരുതെന്നും അപേക്ഷിക്കുന്നു.