സ്ത്രീ ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്.!

408
1274534561pg3Bb6

ഇപ്പോള്‍ വാര്‍ത്തകള്‍ നിറയെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ്. ഇവിടെയും ആ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് വായനക്കാരെ മുഷിപ്പിക്കുന്നില്ല. റോഡില്‍ വാഹനവുമായി ഇറങ്ങുന്ന പുരുഷന്‍മാര്‍ തന്നെ സുരക്ഷിതരല്ല. പിന്നെ സ്ത്രീകളുടെ കാര്യം പറയാനുണ്ടോ? നമ്മുടെ നിരത്തുകളില്‍ വാഹനങ്ങളുമായി പുറത്തിറങ്ങന്ന സ്ത്രീകളുടെ സുരക്ഷക്കായി ഇതാ ചില അറിവുകള്‍.

വാഹനം ഓടിക്കാന്‍ പഠിക്കുന്നതുപോലെ തന്നെ പ്രധാനമാണ് വാഹനത്തെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍കൂടി മനസ്സിലാക്കുക എന്നത്. വാഹനം നന്നായി ഓടിക്കാനറിയാവുന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും വാഹനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ വാഹന പരിപാലനത്തെ കുറിച്ചോ കാര്യമായ അറിവില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. വാഹനം എന്തെങ്കിലും നിസ്സാര കാര്യം കൊണ്ട് വഴിയില്‍ നിന്നുപോയാലും ആ പ്രശ്‌നം കണ്ടെത്താനോ പരിഹരിക്കാനോ ആര്‍ക്കും കഴിയാറില്ല.

ആദ്യം മനസ്സിലാക്കേണ്ടത്, യാത്ര പുറപ്പെടും മുമ്പ് നാം വാഹനത്തിന്റെ ചില അവശ്യകാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതാണ്. യാത്രയിലിണ്ടായേക്കാവുന്ന അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ടയറുകളിലെ വായു മര്‍ദ്ധവും ടയറിന്റെ അവസ്ഥയും ഒന്നുനോക്കുക. ആവശ്യത്തിന് ഇന്ധനം വണ്ടിയിലുണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ ഇന്ധനം ആവശ്യമാണെങ്കില്‍ ഏറ്റവും അടുത്തുള്ള പമ്പില്‍ പോവുക. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് ഇന്ധനം തീര്‍ന്നു പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ പരിശോധന അത്യാവശ്യമാണ്. വാഹനത്തിന്റെ ബോണറ്റ് തുറന്ന് എഞ്ചിന്‍ കൂളന്റ്, എഞ്ചിന്‍ ഓയില്‍, ബ്രേക്ക് ഓയില്‍, വിന്‍ഡ് ഷീല്‍ഡ് ഫ്‌ലൂയിഡ് എന്നിവ പരിശോധിക്കുക. ആവശ്യമെങ്കില്‍ ഒരു മെക്കാനിക്കിന്റെ സഹായത്തോടെ ഇവ പരിശോധിക്കുന്ന വിധം മനസ്സിലാക്കി പഠിച്ചെടുക്കുക. വാഹനം സ്ഥിരമായി നിര്‍ത്തിയിടുന്ന സ്ഥലത്ത് ഓയിലോ മറ്റോ വീണ പാടുണ്ടെങ്കില്‍ അതു പരിശോധിപ്പിക്കുക. ക്രത്യമായ ഇടവേളകളില്‍ സര്‍വ്വീസ് നടത്തുക. എന്ത് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടാലും ഉടന്‍ പരിഹരിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ വാഹനം നിന്നുപോകുന്നത് തടയാന്‍ ഇത് വളരെ അത്യന്താപേക്ഷിതമാണ്.

വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് വാഹനത്തിന്റെ ടയര്‍ മാറിയിട്ട് പരിശീലിക്കുക. ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയാലും നിങ്ങള്‍ക്കു പിന്നെ ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. എസ്.യു. വി പോലുള്ള വാഹനങ്ങളുടെ ടയര്‍ മാറ്റിയിടാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍മാരായ രണ്ട് പേര്‍ വേണം. അതിനാല്‍ എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളില്‍ തനിച്ചുള്ള സഞ്ചാരം കഴിവതും ഒഴവാക്കുക.

വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധയെത്തുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക. വെളിച്ചക്കുറവുള്ള സ്ഥലങ്ങള്‍, വലിയ വാഹനങ്ങളുടെ പിന്‍വശം മുതലായ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് കഴിവതും ഒഴിവാക്കുക. പേ ആന്‍ഡ് പാര്‍ക്കുകളാണ് കൂടുതല്‍ നല്ലത്.

വാഹനത്തിനടുത്തേക്ക് നടന്നടുക്കുമ്പോള്‍തന്നെ കയ്യില്‍ കീ കരുതുക. കീ തപ്പിക്കൊണ്ട് വണ്ടിക്കടുത്ത് നില്‍ക്കേണ്ട സാഹചര്യം കഴിവതും ഒഴിവാക്കുക. വണ്ടിയില്‍ കയറിയാലുടന്‍ ഡോറുകള്‍ ലോക്ക് ചെയ്യുക.

Note: കുറച്ചു കുരുമുളക് പൊടിയോ മുളകുപൊടിയോ വണ്ടിയില്‍ കരുതുന്നത് നല്ലതായിരിക്കും