വിജയ്‌യുടെ അറുപത്തിയഞ്ചാമത് ചിത്രമായ ‘ബീസ്റ്റ്’ റിലീസ് ആകാനിരിക്കെ അനവധി വിവാദങ്ങൾ ആണ് ചിത്രത്തെ വട്ടമിട്ടു പറക്കുന്നത്. മുസ്ലീങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്നു എന്ന കാരണം മുൻനിർത്തി ചിത്രത്തിന്റെ പ്രദർശനം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിക്കഴിഞ്ഞു. ചിത്രം റിലീസ് ആയാൽ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കിയിരുന്നു . അതോടൊപ്പം, ഫ്ളക്സിൽ പാലൊഴിക്കുന്നതിലൂടെ പാൽ വേസ്റ്റാക്കി കളയുമെന്നതിനാൽ ചിത്രത്തിന്റെ പ്രത്യക പ്രദര്ശനം നിരോധിക്കണമെന്ന് തമിഴ്‌നാട് മിൽക്ക് ഫെഡറേഷനും ആവശ്യപ്പെട്ടു. ഇതൊന്നും പോരാഞ്ഞിട്ടാണ് ചിത്രത്തെ കുവൈറ്റിൽ നിരോധിക്കുന്നതും. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് തന്റെ ഫാൻസിനു നിർദ്ദേശം നൽകുകയാണ് വിജയ്.
സമൂഹമാധ്യമങ്ങളിലൂടെയോ ട്രോൾ വിഡിയോയിലൂടെയോ രാഷ്ട്രീയക്കാരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ പരിഹസിക്കാൻ പാടില്ലെന്ന് വിജയ് തന്റെ ആരാധകരോട് ആവശ്യപ്പെടുന്നു. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബിസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ്‌യുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ബീസ്റ്റ് ഏപ്രിൽ 13 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.