കറുപ്പിൻ്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ

368

Rasi Rasiq 

കറുപ്പിൻ്റെ സൗന്ദര്യ സങ്കൽപ്പങ്ങൾ

ഏറ്റവും ഇഷ്ടമുള്ള നിറമേതെന്ന് ചോദിച്ചാൽ നമ്മിൽ പലരും ‘കറുപ്പ്’ എന്ന് പറയാം, പക്ഷേ അത് തെരഞ്ഞെടുപ്പിൻ്റെ ഭാഗമാണ്. കറുത്ത ഷൂ, കറുത്ത ഡ്രസ്സ്, കറുത്ത ആടയാഭരണങ്ങൾ അങ്ങിനെയെല്ലാം നമ്മൾ കറുത്തത് തെരഞ്ഞെടുത്തെന്ന് വരാം, പക്ഷെ !!

ഇനി മനുഷ്യനിലേക്ക് വന്നാലൊ? ഒരു കറുത്തവനേയൊ കറുത്തവളേയോ നിങ്ങൾ ഏതൊരു കാര്യത്തിന് തിരഞ്ഞെടുക്കുമ്പോഴും രണ്ടുവട്ടം ആലോചിക്കാതിരിക്കില്ല !! May be സ്വന്തം കാമുകിയൊ കാമുകനോ ആയി സങ്കൽപ്പിച്ചു നോക്കിയാലൊ !!! അപ്പോൾ മാത്രം കറുപ്പിൻ്റെ സൗന്ദര്യസങ്കല്പം നമ്മൾ മറന്നു പോകുന്നു, മനുഷ്യൻറെ മാത്രം പ്രത്യേകതയാണിത്.

ലോകത്തെ സകലമാന കാര്യങ്ങളിലും നിറം നോക്കാതെ സൗന്ദര്യം കണ്ടെത്തുകയും എന്നിട്ട് കണ്ണാടിയിൽ നോക്കി സ്വന്തം നിറം ആലോചിച്ചു വ്യാകുലപ്പെടുകയും ചെയ്യുന്നു. മനുഷ്യൻ ഇങ്ങനെ ആയതിൽ ഏറിയ പങ്കുവഹിച്ചതും മതങ്ങളും സങ്കല്പങ്ങളും വിശ്വാസങ്ങളും തന്നെയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയുമൊ ? കാരണം ദൈവ സങ്കൽപങ്ങളിൽ കറുത്ത ദൈവത്തെ നാം കണ്ടിട്ടില്ല, നാം സൃഷ്ടിച്ച ദൈവങ്ങൾക്ക് മാത്രമേ നമ്മൾ നിറം നൽകിയിട്ടൊള്ളു !!

മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും ഹിന്ദുവായാലും ജൂതൻ ആയാലും ദൈവത്തിന് കറുപ്പ് ഭംഗി ഇല്ലാത്ത വസ്തുവാണ്, ഭംഗിയില്ലാതെ നമ്മെ സൃഷ്ടിച്ചു കോമാളി ആക്കുക എന്നതാണ് അവൻ്റെ വിനോദം തന്നെ ! why me? എന്ന് കണ്ണാടി നോക്കി ദൈവത്തോട് തന്നെ ചോദിച്ചവരാകും നമ്മിൽ പലരും എന്നത് തന്നെ ആ വിനോദത്തിനെ ചോദ്യം ചെയ്യലായിരുന്നു.

കാർമുകിൽവർണ്ണൻ എന്നാൽ കറുത്തവനാണെന്നത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രം ദൈവത്തിന് നീല ചായം പൂശിയ വിശ്വാസസമൂഹം നില നിൽക്കുന്നിടത്തോളം ഇതിനൊന്നും മാറ്റം വരാൻ പോകുന്നുമില്ല. മധുരയിലെ കറുത്തവൾ ആയ കൂനുള്ള കുബ്ജയെ വെളുത്തവളാക്കി കൂനും മാറ്റിയ ശ്രീകൃഷ്ണനെ വാഴ്ത്തിയവരല്ലേ നമ്മൾ. ദൈവം പോലും നന്നായി partiality കാണിക്കുമെങ്കിൽ പിന്നെ മനുഷ്യനും ആയിക്കൂടെ !!!

പരിഷ്കൃതരെന്ന് സ്വയം വിശ്വസിക്കുന്ന നമ്മിൽ റേസിസത്തിൻ്റെ അവസാന കണികയും വിട്ടുപോയെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി, ഇല്ല ഒരിക്കലുമില്ല റേസിസം ഒരു patriarchy സമൂഹത്തിൻറെ മാത്രം കുത്തകയല്ല. ഇന്ത്യയെപ്പോലെ progressive ആയവരെന്ന് സ്വയം വിശ്വസിക്കുന്ന ഏതൊരു രാജ്യത്തും ഇപ്പോഴും നാമറിയാതെ തന്നെ വളർന്നുവരുന്ന വിരോധാഭാസമാണത്, എങ്ങനെ എന്ന് ചോദിച്ചാൽ വ്യക്തമായ മറുപടി തന്നെ നൽകാം !!

നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സൗന്ദര്യസങ്കൽപ്പങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മയാണ്, സ്വന്തം ഫോണിൻ്റെ ക്യാമറയിൽ ‘beauty’ ഓപ്ഷനിൽ തുടങ്ങി, നിറം നൽകാൻ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ‘filter’ മുതൽ മുഖം വെളുപ്പിക്കുന്ന fair cream ഉം, എല്ലാം, സൗന്ദര്യ സങ്കൽപങ്ങളുടെ പൊതുധാരണയെ നിങ്ങളാൽ തന്നെ ഊട്ടിയുറപ്പിക്കുന്നതാണ്, അതിനർത്ഥം നിങ്ങളിലെ കറുപ്പിന് എന്തോ കുറവ് നിങ്ങൾ തന്നെ ഉറപ്പിക്കുന്നു എന്ന് തന്നെയാണ്.

I Love you, as you are എന്നു തീർച്ചപ്പെടുത്താത്ത ഏതൊരു ബന്ധത്തിനേയും നിങ്ങൾക്ക് സൗന്ദര്യം കാണിച്ചു കൈവശപ്പെടുത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കുക. സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് നമുക്ക് ആവശ്യം, ‘ഞാൻ ഇങ്ങനെയാണ് എനിക്ക് ഞാൻ ആകാനേ കഴിയൂ !’ എന്ന അവബോധം വീണ്ടെടുക്കുകയാണ് വേണ്ടത്!!

പരസ്യമേഖലയിലും മാർക്കറ്റിംഗ് മേഖലയിലും Fair ആയവരെ മാത്രം സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത് നിങ്ങളെ അവർ കച്ചവടത്തിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് എന്നതിനാലാണ്, നിങ്ങളിലെ അപകർഷതാബോധം അത് നിൻറെ കുറവാണെന്ന് വിളിച്ചുപറഞ്ഞു കച്ചവടത്തിനായി മുതലെടുക്കുകയാണവർ.

നമ്മളിൽ കറുത്തവനുണ്ടാകാം തലമുടി ഇല്ലാത്തവനുണ്ടാക്കാം വികലാംഗനുണ്ടാകാം തടിച്ചവനൊ മെലിഞ്ഞവനൊ ഉയരമില്ലാത്തവനൊ ഒക്കെ ഉണ്ടാകാമെങ്കിലും, നമ്മൾ നമ്മളിൽ ഇല്ലാത്ത കുറവു കണ്ടാൽ ചിരിക്കാൻ മറക്കാറില്ല എന്നത് സത്യമല്ലെ ? കഷണ്ടിവന്ന തല വെച്ച് കറുത്തവനെ പരിഹസിക്കും, കറുത്തവൻ ആയിരുന്നിട്ടും കുള്ളനായവനെ നമ്മൾ പരിഹസിക്കും, ആ സമയത്ത് മാത്രം നമ്മുടെ ശരീരത്തിൻ്റെ കുറവുകൾ നമ്മൾ അറിയാറേ ഇല്ലതാനും, എന്ത് ചെയ്യാനാണ്, നാം മനുഷ്യരായിപ്പോയില്ലെ !!!!

‘ബാല’ എന്ന ചിത്രത്തിൽ തൻ്റെ കഷണ്ടി ബാധിച്ച തലയുയർത്തി നിന്ന്കൊണ്ട് തന്നെ കേൾക്കാൻ ഇരിക്കുന്ന പ്രേക്ഷകരോടായി ബാല പറയുന്നത് ഇങ്ങനെയാണ്…

” Come fall in love with your self ”

സ്വന്തം കഷണ്ടി മറക്കാതെ ജനമധ്യത്തിൽ എത്തിയാൽ അവർ ചിരിക്കും, മനുഷ്യസഹജമാണെന്ന് വിശേഷിപ്പിക്കരുത് ! പക്ഷേ വീണ്ടും അവിടെ അതേ ജനക്കൂട്ടത്തിൽ എത്തിയാൽ അവർ ചിരിക്കില്ല, എപ്പോഴും നമ്മെ നോക്കി ചിരിക്കാൻ മാത്രം ഒന്നും നമ്മിൽ തമാശയായിട്ടില്ല, ‘നമ്മൾ നമ്മളായി തന്നെ ഇരിക്കുക’ എന്നതിൽ മറ്റുള്ളവരുടെ തമാശ അവസാനിക്കും എന്നതാണ് സത്യം, അതിൽ നാം അഭിമാനം കൊള്ളുകയാണ് വേണ്ടതും. ” വരൂ നമുക്ക് നമ്മെ തന്നെ സ്നേഹിച്ചു തുടങ്ങാം..”