മറ്റു സമുദായക്കാരും അത് കഴിച്ചാൽ മതിയെന്ന് തിട്ടൂരമിറക്കിയാൽ മാത്രമേ ‘ഹലാൽ’ വർഗ്ഗീയമാകൂ

97

Bebeto Thimothy

ഹലാൽ ഫുഡ്‌ വർഗ്ഗീയമാണെന്നും അല്ലെന്നുമുള്ള ചർച്ചകൾ കണ്ടു.ബേസിക്കലി പലർക്കും വർഗ്ഗീയത എന്താണെന്ന് മനസ്സിലാവാഞ്ഞിട്ടാണോ എന്തോ. ദി എലമന്റ്‌ ഓഫ്‌ കമ്പൾഷൻ വരുമ്പോഴാണ്‌ ഏത്‌ വിശ്വാസവും വർഗ്ഗീയമാകുന്നത്‌, പ്രത്യേകിച്ച്‌ അത്‌ ആ ഗ്രൂപ്പിൽ പെടാത്ത ആളുകളോടാകുമ്പോൾ. ഹലാലായത്‌ (അനുവദനീയമായത്‌) മാത്രമേ ഭക്ഷിക്കാവൂ എന്നത്‌ വിശ്വാസം. സമുദായത്തിലെ മറ്റ്‌ അംഗങ്ങൾ അത്‌ പാലിക്കാതിരുന്നാൽ അതിനെ ചോദ്യം ചെയ്യാനും വേണ്ടി വന്നാൽ കായികമായി നേരിടാനുള്ള അധികാരമുണ്ടെന്നും കരുതുന്നത്‌ എതിർക്കപ്പെടേണ്ട കീഴ്‌വഴക്കമാണ്‌.

അത്‌ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്ന് കയറ്റവുമാണ്‌.ഇപ്പോഴും വർഗ്ഗീയത ആയിട്ടില്ല. ആവണമെങ്കിൽ ഈ നിർബന്ധബുദ്ധി ആ സമുദായത്തിന്റെ ഷെൽ പൊട്ടിച്ച്‌ പുറത്ത്‌ വരണം. മറ്റ്‌ സമുദായക്കാരുടെ അടുത്ത്‌ പോയി “ഹലാൽ” തിന്നാ മതി എന്ന് തിട്ടൂരമിറക്കുന്നിടത്ത്‌ വർഗ്ഗീയത പ്രകടമാകുന്നു. ബീഫിന്റെ ഉദാഹരണം എടുത്താൽ, ബീഫ്‌ തിന്നാതിരിക്കുന്നത്‌ വിശ്വാസം മറ്റ്‌ സമുദായങ്ങളും തിന്നണ്ട എന്ന് പറയുന്നത്‌ വർഗ്ഗീയത. പിന്നെ ഹലാൽ എന്ന ബോർഡ്‌ വെച്ചിട്ടുള്ള റസ്റ്റോറന്റുകളുടെ കാര്യം.

അൽപം കോമൺ സെൻസ്‌ ഉപയോഗിച്ചാൽ അറിയാം ഇതിലെ കച്ചവട ബുദ്ധി. ഹലാൽ എന്നൊരു ബോർഡ്‌ വെച്ചാൽ കൂടുതൽ കച്ചവടമുണ്ടാകുമെങ്കിൽ അത്‌ വെയ്ക്കുന്നതിൽ ആരെങ്കിലും മടി കാണിക്കുമോ? പൈസ മുഖ്യം.ഇനി അവിടെ നിന്ന് “വിശ്വസിച്ച്‌” കഴിക്കുന്ന കടുത്ത വിശ്വാസികൾ പോലും “ഹലാൽ മെത്തഡോളജിയാണോ” ഫോളോ ചെയ്യുന്നത്‌ എന്ന് കിച്ചണിൽ പോയി നോക്കാറില്ല. ഹോട്ടൽ മുതലാളി പറയുന്നു. നമ്മൾ വിശ്വസിക്കുന്നു. ഇനി ഹറാം എന്ന ബോർഡ്‌ വെച്ച്‌ കൗണ്ടർ ചെയ്യാൻ ഇറങ്ങിയിരിക്കുന്ന മണ്ടന്മാരുടെ കാര്യം. ഉള്ള കച്ചവടം കൂടെ പോവും. ചോദിച്ച്‌ മേടിച്ചോ.

ഇനി ഹലാൽ ഭക്ഷണം എന്ന ബോർഡ്‌ കണ്ടില്ലേൽ ഭക്ഷണം കഴിക്കില്ല എന്ന് വാശി പിടിക്കിന്നവരുടെ കാര്യം. അവരുടെ വിശ്വാസമല്ലേ. അത്‌ തുടരട്ടെ. അവന്മാർ ഈ പേരും പറഞ്ഞ്‌ പട്ടിണി കിടന്നാൽ നമുക്കെന്ത്‌. വേണേൽ തിന്നാൽ മതി. കയ്യിൽ കായും സാഹചര്യങ്ങളും എല്ലാമുള്ളപ്പോൾ മനുഷ്യന്മാർക്ക്‌ ഇങ്ങനെ പല പിടിവാശികളും വരും. ഒരാഴ്ച പട്ടിണി കിടന്നാൽ പിടിവാശിയൊക്കെ താനേ പൊക്കോളും. വിശപ്പിന്റെ വില അറിയുന്നവർക്ക്‌ ദൈവത്തെ തള്ളി പറയാൻ വല്ല്യ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ഭക്ഷണം എന്നത്‌ തികച്ചും വ്യക്തിപരമായ ഒന്നാണെന്നിരിക്കെ അതിന്റെ ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നുണ്ടോ എന്നത്‌ മാത്രമാണ്‌ ഒരു പരിഷ്കൃത സമൂഹം ചോദിക്കേണ്ട ചോദ്യം.
നിർഭാഗ്യവശാൽ രോഹിത്‌ ശർമ്മയുടെ ബില്ലിൽ ബീഫെന്ന് കണ്ടാൽ തൊണ്ടയിൽ നിന്ന് വെള്ളമിറാങ്ങാത്ത പാഴ്ജന്മങ്ങളുടെ വികലവാദങ്ങളാണ്‌ ഈ രാജ്യത്തെ നയിക്കുന്നത്‌

വാൽക്കഷണം : ഏതെങ്കിലും റസ്റ്റോറന്റിൽ പോയാൽ കയ്യിൽ സംഘ ചരടും കെട്ടി ഓർഡർ എടുക്കാൻ വരുന്നവന്മാരുടെ അടുത്ത്‌ “ബീഫ്‌ എന്തൊക്കെയുണ്ട്‌” എന്ന് ചോദിക്കുന്നത്‌ എന്റെ ക്രൂര വിനോദമാണ്‌.