ഒരു തെറ്റും ചെയ്യാത്തവർക്കുപോലും യൂണിഫോമിന്റെ സാന്നിധ്യം അസ്വസ്ഥതയുണ്ടാക്കുന്നെങ്കിൽ ആരാണ്‌ ഉത്തരവാദി?

0
82

Bebeto Thimothy

“സാമൂഹിക സുരക്ഷിതത്വത്തിന്റെ പരിധിയിൽ ഭക്ഷണവും, അടച്ചുറപ്പുള്ള വീടും എല്ലാം പെടും. അതിനോടൊപ്പം തന്നെ ‌ പ്രധാനപ്പെട്ടതാണ്‌ ഗവൺമന്റ്‌ ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള പെരുമാറ്റവും. ജനമാണ്‌ പ്രധാനം. ഗവൺമന്റ്‌ ജീവനക്കാരുടെ പണി എന്ന് പറയുന്നത്‌ അവരുടെ ജീവിതം എളുപ്പമാക്കലാണ്‌. ഇതിൽ കാലങ്ങളായി വീഴച വരുത്തുന്ന വിഭാഗമാണ്‌ പോലീസ്‌. പരിചയമില്ലാത്ത ഒരിടത്ത്‌ എത്തിപ്പെട്ടാൽ ആദ്യം സഹായം ചോദിക്കേണ്ട വിഭാഗമാണെന്നാണ്‌ വെയ്പ്പ്‌. നമ്മുടെ നാട്ടിൽ ഒരു പോലീസ് ഉദ്യോഗസ്ഥനോട്‌ എന്തെങ്കിലും അങ്ങോട്ട്‌ ചോദിക്കാൻ തന്നെ ജനങ്ങൾക്ക്‌ പേടിയാണ്‌. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും യൂണിഫോമിന്റെ സാന്നിധ്യം ജനങ്ങൾക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ ആരാണ്‌ അതിനുത്തരവാദി?

പോലീസിൽ നല്ല മനുഷ്യർ ഇല്ലെന്നല്ല പറഞ്ഞ്‌ വരുന്നത്‌. ആ നല്ല മനുഷ്യരെ പോലും മാർജ്ജിനലൈസ്‌ ചെയ്യും വിധം ആ സിസ്റ്റം ഭയപ്പെടുത്തുന്ന, തെറി വിളിക്കുന്ന, ഉപദ്രവിക്കുന്ന, കള്ളക്കേസിൽ കുടുക്കുന്ന ഒന്നായ്‌ രൂപാന്തരപ്പെട്ടിട്ടുണ്ടെങ്കിൽ അഴിച്ച്‌ പണി അടിയന്തരമായ ഒരു കാര്യമാണ്‌. ജനമൈത്രി പോലീസ്‌ എന്നത്‌ വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട കാര്യവുമല്ല. സ്റ്റേറ്റിന്‌ ഇതിൽ ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ്‌ ഒഴിയാൻ പറ്റില്ല. സ്റ്റേറ്റിനല്ലാതെ മറ്റാർക്കാണ്‌ ഉത്തരവദിത്വം?

“അതിന്‌ ഞാനെന്ത്‌ വേണം” എന്ന് അച്ഛൻ മരിച്ച്‌ കിടക്കുന്ന ഒരു മകന്റെ മുഖത്ത്‌ നോക്കി ചോദിക്കുന്ന ആ ധാർഷ്ട്യത്തെ മെരുക്കേണ്ട പണി സ്റ്റേറ്റിന്‌ തന്നെയാണ്‌. എത്ര പ്രൊവക്കേഷനുണ്ടായാലും ജനങ്ങളോട്‌ മര്യാദയ്ക്ക്‌ പെരുമാറേണ്ട കാര്യത്തിൽ സോഫ്റ്റ്‌ സ്കിൽസ്‌ ഡെവലപ്‌ ചെയ്യാൻ പറ്റിയില്ലേൽ പിന്നെ ആ പണിയിൽ തുടർന്നിട്ട്‌ വല്ല്യ കാര്യമില്ല. നിയമപരമായി അവരെ അവിടെ നിന്ന് മാറ്റണം എന്ന സാഹചര്യത്തെ എങ്ങനെ ഡീൽ ചെയ്യണം എന്ന് അറിയാത്തത്‌ തന്നെയാണ്‌ പ്രശ്നം. അത്‌ തന്നെയാണ്‌ ട്രിഗർ പോയിന്റ്. നേരത്തെ പറഞ്ഞ സാമൂഹിക സുരക്ഷിതത്വം വർക്ക്‌ ചെയ്യേണ്ടതും ഇവിടെയാണ്‌. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികൾ ഇടപെട്ടിരുന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു കുടുംബമുണ്ടെന്നും അവരുടെ ഭൗതിക സാഹചര്യങ്ങൾ മോശമാണെന്നും അവർക്ക്‌ ഒരു മെച്ചപ്പെട്ട ജീവിതം കൊടുക്കേണ്ട ബാധ്യത നമുക്കുണ്ടെന്നുമുള്ള വസ്തുത ഇങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകില്ലായിരുന്നു.

ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. ആ മാതാപിതാക്കൾ പോയി. ആ മക്കൾക്ക് പെട്ടെന്നൊരു ദിവസം മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇനി ഇവിടെ ആകെ ചെയ്യാവുന്ന കാര്യം ഡാമേജ്‌ കണ്ട്രോളാണ്‌. പാച്ച്‌ വർക്കാണ്‌. നിരാശപ്പെടുത്തുന്ന ഒരു സംഗതിയാണിത്‌. ഇത്തരം വിഷയങ്ങൾ ആവർത്തിച്ചതിന്‌ ശേഷം ഡാമേജ്‌ കണ്ട്രോൾ ചെയ്യുന്നതിന് കാത്തിരിക്കരുത്. അതിന്‌ മുൻപേ കണ്ടെത്തി നമുക്ക്‌ ഇതൊക്കെ തടയാൻ പറ്റണം. ഇതൊരു വ്യക്തിയുടെ മാത്രം മിസ്റ്റേക്കാണെന്ന് ഞാൻ കരുതുന്നില്ല. സിസ്റ്റത്തിന്റെ പ്രശ്നമാണ്‌. സിസ്റ്റത്തിലുള്ള വിടവുകളാണ്‌. ആ വിടവുകൾ നികത്തേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്‌. നമ്മൾ “ഇന്ത്യയിലെ” നമ്പർ വൺ ആണ്‌. അത്‌ മാത്രം പോര. നമ്മൾ സെറ്റ്‌ ചെയ്തിട്ടുള്ള സ്റ്റാൻഡേർഡ്സ്‌ അത്ര ചെറുതല്ല. നമ്മൾ നമ്മളെ താരതമ്യപ്പെടുത്തേണ്ടത്‌ ഉത്തർ പ്രദേശിനോടല്ല. നമുക്ക്‌ ഇനിയും മുന്നോട്ട്‌ പോകേണ്ടതുണ്ട്‌. സോഷ്യൽ സെക്ക്യൂരിറ്റിയുടെ കാര്യത്തിൽ നമ്മുടെ കുറവുകളെയും അപര്യാപ്തതയെയും തന്നെയാണ്‌ ഇത്തരം സംഭവങ്ങൾ ചൂണ്ടി കാണിക്കുന്നത്‌. അതിനെ മുഖവിലയ്ക്കെടുത്തേ പറ്റൂ. അല്ലാതെ നമ്മൾക്കൊരു വളർച്ചയും സാധ്യമല്ല.”
ബെബറ്റോ എഴുതിയ വരികളാണ് മുകളിൽ. ഒരൊറ്റ മനുഷ്യന്റെ വേദനയും ന്യായമായ അവകാശങ്ങളും വരെ അഡ്രസ് ചെയ്യപ്പെടുമ്പോഴാണ് നമ്മൾ സമൂഹം എന്ന നിലയിൽ മുന്നോട്ടു പോകുന്നത്. ഓരോരുത്തരുടെയും ആത്മാഭിമാനം സംരക്ഷിച്ചു കൊണ്ടുപോകേണ്ടതുണ്ട്. അവിടെ അധികാരത്തിന്റെ, ആജ്ഞാശക്തിയുടെ കടന്നു കയറ്റം മൂലം ഒരു വിധേയത്വം ഉണ്ടാവാൻ പാടില്ല.

ഇവിടെ ഉണ്ടായതുപോലുള്ള സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ മണിക്കൂറുകൾ സ്റ്റാൻഡ് ഓഫ് ചെയ്യേണ്ട സാഹചര്യം വന്നേക്കാം. ചിലപ്പോൾ ചില തീരുമാനങ്ങൾ മാറ്റേണ്ടി വന്നേക്കാം. നടപടികൾ വൈകിപ്പിക്കേണ്ടിവന്നേക്കാം. ഇതൊക്കെ ലോകത്ത് പലഭാഗത്തും നടക്കുന്ന കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ക്രൈസിസ് സാഹചര്യങ്ങൾ നേരിടുന്നതിനുള്ള അവഗാഹം ഉദ്യോഗസ്ഥർക്ക് ഇനിയെങ്കിലും ലഭിക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് മാന്യമായി, സഹാനുഭൂതിയോടെ സംസാരിക്കാൻ എങ്കിലും ഉദ്യോഗസ്ഥർക്ക് സാധിക്കണം. അത് ജനങ്ങളുടെ അവകാശമാണ്. മാന്യമായ സംസാരവും പെരുമാറ്റവും ഉദ്യോഗസ്ഥരുടെ കടമയാണ്. പല ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ ഇത് സഹായിക്കും. അതിനുള്ള സെൻസിറ്റിവിറ്റി ഇല്ലാത്തവർ ഇത്തരമൊരു ജോലിക്ക് അർഹരല്ല. അത് സർക്കാർ ഉദ്യോഗസ്ഥർ അറിയേണ്ടതുണ്ട്. അറിയാത്തവരെ മനസ്സിലാക്കി കൊടുക്കാൻ ഉള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.