പ്രിയപ്പെട്ട നിഷ്കളങ്ക നിഷ്പക്ഷരേ…എല്ലാ പാർട്ടിയും പോലെ മറ്റൊരു പാർട്ടി എന്ന ഉണ്ടയില്ലാ വെടി നിങ്ങൾ എങ്ങോട്ടാണുതിർക്കുന്നത്‌ ?

269

Bebeto Thimothy

നിഷ്പക്ഷതയുടെ പട്ടു മെത്തയിൽ അങ്ങനെ നീണ്ടു നിവർന്ന് കണ്ണുകളടച്ച്‌ കിടക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിക്കാറുണ്ട്‌.ആരാണ്‌ സമാധാനം ആഗ്രഹിക്കാത്തത്‌ അല്ലേ?പക്ഷേ അത്‌ അസാധ്യമായ ഒരു കാര്യമാണ്‌…ഓരോ നിമിഷവും എന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ,ഈ രാജ്യത്ത്‌ ജീവിക്കാനുള്ള എന്റെ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ,ഈ രാജ്യത്തിന്റെ ഭരണഘടന ചോദ്യം ചെയ്യപ്പെടുമ്പോൾ ഉള്ളിലൊരു നീറ്റലാണ്‌…അപ്പൊ കണ്ണുകൾ ഇറുക്കിയടച്ചാലും ആ നീറ്റൽ കാരണം ഉറക്കം കിട്ടില്ല.എല്ലാം ശരിയാകുമായിരിക്കും എന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും ഉറക്കം കിട്ടില്ല.ഒരിക്കൽ ഭക്തിയുടെ ബാക്ക്‌ ഗ്രൗണ്ടിൽ കേട്ടിരുന്ന രാമന്റെയും അയ്യപ്പന്റെയുമൊക്കെ പേരുകൾ ഇന്ന് കൊണ്ടുവരുന്നത്‌ ഭീതി മാത്രമാണ്‌. ബിന്ദുവിനെതിരെ 24 ന്യൂസിന്റെ ചാനൽ ചർച്ചയിൽ ഉറഞ്ഞു തുള്ളിയ ഹൈന്ദവ തീവ്രവാദിയെ നോക്കുക. മലത്തിന്‌ സമാനമായ അവരുടെ വാക്കുകൾക്ക്‌ കിട്ടിയ കയ്യടികൾ നോക്കുക. ഏയ്‌ ഇത്ര പേരൊക്കെ തന്നെയേ കാണത്തുള്ളൂ എന്ന് സ്വയം ആശ്വസിപ്പിച്ച്‌ എത്ര നാൾ നമ്മൾ നമ്മളെ തന്നെ കബളിപ്പിച്ച്‌ കൊണ്ടിരിക്കും.ആ കേട്ടത്‌ 2019 ഇലെ ഇന്ത്യയുടെ ഏറ്റവും ഡെസിബൽ കൂടിയ ശബ്ദമാണ്‌, കൊലവിളിയാണ്. നമ്മുടെയൊക്കെ ശബ്ദങ്ങൾ കേവലം ഞെരുക്കങ്ങൾ മാത്രമാണ്‌.

ഈ കൊലവിളിയെ കവച്ച്‌ വെച്ച്‌ കാതുകളിൽ കടക്കാൻ മാത്രം കരുത്ത്‌ അതിനില്ല. ഇനി അഥവാ കർണ്ണപുടത്തിൽ വന്ന് വീണാലും,കീഴടക്കാൻ സാധിക്കുന്ന റിസപ്റ്റീവായ തലച്ചോറുകൾ ഇല്ല.അലക്ഷ്യമായി അതിങ്ങനെ ഈ കാവി മണ്ണിൽ അലഞ്ഞ്‌ നടക്കും.5 പേരുണ്ടെങ്കിൽ തീർത്ത്‌ കളയുമെന്നാണ്‌ അവർ ചാനൽ ചർച്ചയിൽ പറയുന്നത്‌.അതൊരു ഹൈപോതെറ്റിക്കൽ സിനാറിയോ മാത്രമായി എടുക്കുവാൻ ഞാൻ താത്പര്യപ്പെടുന്നില്ല.താത്പര്യപ്പെട്ടാലും സത്യങ്ങൾ എന്റെ മുഖത്തോട്ട്‌ പരിഹസിച്ച്‌ തുപ്പും.കയ്യിലെ ആ കാവി ചരട്‌ തരുന്ന ലഹരിയുടെ ഉന്മാദത്തിൽ അവർക്ക്‌ ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങൾക്ക്‌ പരിധിയില്ല.അത്‌ കേവലം ഒരു ചരടിലോ റെജിസ്റ്റേർഡ്‌ സംഘടനകളിലോ ഒതുങ്ങി നിൽക്കുന്ന ഒരു പ്രതിഭാസമൊന്നുമല്ല.അതൊരു ക്യാൻസറാണ്‌…രാജ്യത്തെ 80 കോടിയിലധികം ജനങ്ങളോട്‌ ബാക്കി ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കണം എന്ന് ഓരോ നിമിഷവും പറഞ്ഞുകൊണ്ടിരിക്കുന്ന വിഷലിപ്തമായ ഒരു പ്രത്യയശാസ്ത്രം. എണ്ണം കൊണ്ട്‌ അവരെ തടുക്കുവാൻ സാധിക്കുമെന്ന പ്രത്യാശയൊന്നും റിയലിസ്റ്റിക്ക്‌ അല്ല.എങ്ങനെ ചെറുക്കും എന്ന കാര്യത്തിലും വ്യക്തതയില്ല.എങ്കിലും ഇവിടെ ജീവിച്ചിരിക്കുന്നിടത്തോളം കാലം ചെറുത്ത്‌ നിന്നേ പറ്റൂ.അടുത്തെത്തി കഴിഞ്ഞു.തൊട്ടടുത്ത്‌.തിരിച്ചെടുക്കാനാവാത്ത വിധം നമ്മുടെ തലകൾ ആ സത്വത്തിന്റെ മുകൾ നിരയിലെയും താഴ്‌നിരയിലെയും പല്ലുകൾക്കിടയിൽ കുടുങ്ങി കിടപ്പാണ്‌… ഇനി അതൊന്ന് കൂട്ടിയടയ്ക്കേണ്ട കാല താമസം മാത്രം.

എന്റെ എത്രയും പ്രിയപ്പെട്ട നിഷ്കളങ്ക നിഷ്പക്ഷരേ.എല്ലാ പാർട്ടിയും പോലെ മറ്റൊരു പാർട്ടി എന്ന ഉണ്ടയില്ലാ വെടി നിങ്ങൾ എങ്ങോട്ടാണുതിർക്കുന്നത്‌. ഇൻഡിവിജ്വൽ ക്രിമിനലുകളെ ശിക്ഷിക്കാൻ നിയമമുണ്ട്‌.  കൊന്നൊടുക്കാൻ ആക്രോശിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ ആര്‌ വിചാരണ ചെയ്യും.ആ വിചാരണ ചെയ്തവർ ഒരിക്കൽ അപ്രത്യക്ഷമാവില്ലെന്ന് വിശ്വസിക്കുന്ന നിങ്ങളുടെ നിഷ്കളങ്കതയോർത്ത്‌ ഓക്കാനം വരുന്നു. പട്ടു മെത്തയിലെ പള്ളിയുറക്കം കഴിഞ്ഞെങ്കിൽ ഒന്ന് വെളിയിലിറങ്ങി നോക്കണം. ഉദയസൂര്യനെ കണ്ടാൽ തീരുന്ന പ്രശ്നങ്ങളല്ല. നാളെ ഉദയ സൂര്യനെ കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത ആ ഒരു അനിശ്ചിതാവസ്ഥയുടെ മണം നിങ്ങൾക്ക്‌ കിട്ടുന്നുണ്ടോ?ഉണ്ടെങ്കിൽ നല്ലത്‌.