ആണുങ്ങളേ, നമ്മൾ ഭയങ്കര കിടിലനാണെന്ന് സ്വയം പറഞ്ഞ്‌ പറ്റിക്കല്ലേ

53

Bebeto Thimothy

international mens day 2020

1) “ജോലി വേറെ അന്വേഷിക്കുന്നുണ്ടെടാ. ശമ്പളം തീരെ പോര.പണ്ടത്തെ പോലെ അല്ലല്ലോ കല്ല്യാണം കഴിഞ്ഞില്ലേ”
“അവൾക്കും ജോലി നോക്കിക്കൂടെ”
“ഏയ്‌ അത്‌ ശര്യാവില്ല. വീട്ടിലെ കാര്യം പിന്നെ ആര്‌ നോക്കും. പിന്നെ പെണ്ണുങ്ങൾ പണിയെടുത്ത്‌ പോറ്റുന്നു എന്ന ചീത്തപ്പേര്‌ കൂടെ കേൾക്കേണ്ടി വരും”

2) “ടീ.എനിക്ക്‌ ദേഷ്യം വരുന്നു. എന്ത്‌ മൈ** നാ നമ്മളെ അവിടെ നിന്ന് എഴുന്നേൽപ്പിച്ച്‌ വിട്ടത്‌. ഈ പാർക്കിൽ ആര്‌ ഇരുന്നാലും അവർക്കെന്താ”
“കരുതലുള്ള ആങ്ങളമാരാണ്‌ . എന്നെ പെങ്ങളായി കണ്ടതാ”
“ഉണ്ട.ഇത്‌ വെറും ഫ്രസ്റ്ററേഷനാണ്‌.രണ്ട്‌ പേര്‌ പ്രണയിക്കുന്നത്‌ കണ്ട്‌ നിൽക്കാൻ പറ്റാത്ത ചിലവന്മാരുടെ ചൊറിച്ചിൽ”
“ആണല്ലോ? കപടസദാചാരവാദത്തിനെതിരെ രക്തം തിളച്ചല്ലേ. ഈ ബോധം എന്നുമുണ്ടായാൽ മതി. പെങ്ങൾ ഡേറ്റിങ്ങിന്‌ പോകുമ്പോഴും”
“അത്‌ പിന്നെ..”

3) “താടിയുമില്ല, ബുള്ളറ്റുമില്ല, വയറും ചാടിയിട്ടുണ്ട്‌. ഈയടുത്ത കാലത്തൊന്നും ഒരു റിലേഷൻഷിപ്പ്‌ ഒത്തു വരുമെന്ന് തോന്നുന്നില്ല”
“എടാ ഇതൊക്കെയുണ്ടായാലേ ആണത്തമുണ്ടാകൂ പ്രണയിക്കാൻ കൊള്ളൂ എന്നൊക്കെ ആരാ പറഞ്ഞത്‌”
“നിങ്ങള്‌ കുറച്ച്‌ പെണ്ണുങ്ങൾ തന്നെ. നീയെന്റെ ഫ്രണ്ടായോണ്ട്‌ നിന്നോട്‌ സങ്കടം പറയുന്നു എന്ന് മാത്രം”
“ഈ പെണ്ണുങ്ങൾ ഇത്‌ എവിടെന്നാ പഠിച്ചത്‌”?
” വല്ല തല്ലിപ്പൊളി മസാല സിനിമയും കണ്ടിട്ടാവും”
“അതെന്നെ.ഈ ഗുണ്ട്‌ പടങ്ങളുടെ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ പെണ്ണുങ്ങളാണോ”?
” അത്‌.. അത്‌ ആണുങ്ങളാ”
“ഇപ്പൊ പുരിഞ്ചിതാ?”

4) “ആകെ കുറച്ച്‌ സമ്പാദ്യമുണ്ട്‌. അതും പലതും ത്യജിച്ചിട്ടുണ്ടാക്കിയത്‌. ഇനി അത്‌ മൊത്തം വെച്ച്‌ സ്വർണ്ണം വാങ്ങണം. അനിയത്തിയുടെ കല്ല്യാണമാണ്‌.ബാക്കി പിന്നെ കയ്യിൽ ഒന്നും കാണില്ല”
“ഭയങ്കര കഷ്ടപ്പാടാണല്ലേ”
“ചോദിക്കാനുണ്ടോ.എന്റെ പല ട്രിപ്പുകൾ വരെ ക്യാൻസൽ ചെയ്തുണ്ടാക്കിയതാ. ദാ പോണു”
“എല്ലാ വീട്ടിലെയും ആണുങ്ങൾ ഇങ്ങനെ സ്വർണ്ണമുണ്ടാക്കാനുള്ള ഓട്ടത്തിലാവുമല്ലേ”
“സാധ്യതയില്ലാതില്ല.എന്ത്‌ ചെയ്യാനാ. അഭിമാനപ്രശ്നമായി പോയില്ലേ”
“എത്ര പവൻ കൊടുത്ത്‌ കച്ചവടം ഉറപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിട്ടാണോ അഭിമാനം അളക്കുന്നത്‌”
“അത്‌ പിന്നേ, ഓരോ നാട്ട്‌ നടപ്പുകളല്ലേ”
“ആരാണീ നാട്ട്‌ നടപ്പൊക്കെയുണ്ടാക്കിയത്‌? ഇത്ര പവൻ സ്വർണ്ണം എനിക്ക്‌ വേണം എന്ന് കല്ല്യാണത്തിന്‌ മുൻപ്‌ വാശി പിടിക്കുന്ന എത്ര പെണ്ണുങ്ങളുണ്ട്‌?”
“അത്‌ അധികമുണ്ടാവാൻ സാധ്യതയില്ല”
“പിന്നേ ഇത്രേം കൊടുക്കണമെന്ന് ആർക്കാ ഇത്ര നിർബന്ധം? ആണുങ്ങൾക്കല്ലേ? അതേ അളവിൽ ചോദിച്ച്‌ മേടിക്കാനല്ലേ? ആര്‌ ആർക്കിട്ടാ പണി തരുന്നത്‌”
“********* ******* ******”

ആണുങ്ങളേ. നമ്മൾ ആണുങ്ങൾ ഭയങ്കര കിടിലനാണെന്ന് സ്വയം പറഞ്ഞ്‌ പറ്റിക്കല്ലേ.
ക്ഷീണം, സങ്കടം, വേദന എല്ലാമുള്ളവർ തന്നെയല്ലേ. ഇങ്ങനെ സിംഹാസനത്തിൽ മാസ്‌ ഹീറോ ആയി പ്രതിഷ്ഠിക്കാതെ. സിനിമേൽ മാത്രേ നമ്മള്‌ മാസ്‌ ഹീറോ ആവുന്നുള്ളൂ. റിയാലിറ്റിയിൽ, ജീവിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരാണ്‌.

“നമ്മൾ ആണുങ്ങളല്ലേ. നമുക്കിതൊക്കെ പറ്റും. നമുക്കേ പറ്റൂ. നമ്മളത്‌ ചെയ്തിരിക്കണം”
എന്ന് സ്വയം പറഞ്ഞിരുന്ന് പണി മേടിക്കുന്നത്‌ എന്തിനാണ്‌? ഐഡിയൽ ആണത്തം എന്ന സങ്കൽപ്പത്തെ ബൂസ്റ്റ്‌ ചെയ്യാൻ നമ്മളായി തന്നെ സൃഷ്ടിച്ച്‌ വെച്ചിട്ടുള്ള കീഴ്‌വഴക്കങ്ങൾ നമ്മളെ ശ്വാസം മുട്ടിക്കുന്നില്ലേ? ഒന്ന് കരയാൻ പോലും പറ്റാത്ത ജീവിതം എന്ന് പറയുന്നത്‌ എന്ത്‌ പരിതാപകരമാണ്‌.
എല്ലാം ഷെയർ ചെയ്തൂടെ.
ജൻഡറിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്മാരെ രണ്ടാം തരക്കാരും മൂന്നാം തരക്കാരുമൊക്കെയാക്കുന്ന പരിപാടി അവസാനിപ്പിച്ചൂടെ.
എല്ലാവരും ഇൻഡിപ്പെൻഡന്റ്‌ ആയാൽ ലൈഫ്‌ കുറച്ചൂടെ ചിൽ അല്ലെ.
ഈ പ്രഷർ കുക്കറിൽ ടോക്സിസിറ്റി പുഴുങ്ങീട്ട്‌ എന്തേലും സുഖം കിട്ടുന്നുണ്ടോ 😅
ആകെയുള്ള കുറച്ച്‌ വർഷം “മാസ്‌ ഹീറോ” ആവാൻ ശ്രമിച്ച്‌ നരകിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ്‌ ഒരേ നിരപ്പിൽ നിൽക്കുന്നത്‌.

അതായതേ പാട്രിയർക്കി എന്ന് പറയുന്ന സാധനം കൊണ്ട്‌ ആർക്കും ഒരു ഉപകാരവുമില്ലെന്ന്. സ്ത്രീകളോളം ആരും തന്നെ അതിനിരകളാകുന്നില്ല എന്നത്‌ സത്യം.
അവരെ “നിയന്ത്രിക്കാനും” “നേർ വഴിക്ക്‌ നടത്താനും” ആണുങ്ങൾക്ക്‌ അവകാശമുണ്ട്‌ എന്ന തോന്നൽ പ്രാകൃതവും ക്രൂരവുമാണ്‌.അങ്ങനെ ഒരു വ്യവസ്ഥിതിയിൽ ഒരു സമൂഹത്തിന്‌ നഷ്ടങ്ങളുടെ കണക്ക്‌ മാത്രമേ പറയാൻ കാണൂ എന്ന്.