കോവിഡ് നിമിത്തം മലയാളിക്കുണ്ടായ നേട്ടങ്ങൾ

60

കോവിഡ് നിമിത്തം മലയാളിക്കുണ്ടായ നേട്ടങ്ങൾ:

 1. ക്യൂ സമ്പ്രദായം മനസ്സിലാക്കാനും പാലിക്കാനും പഠിച്ചു.
 2. ക്യൂവിൽ പുറകിൽ നിന്ന് തള്ളാനും മുന്പിൽനിന്നു പുറകിലേക്ക് ചാരാനും ഉള്ള വ്യഗ്രത മാറ്റി സാമൂഹിക അകലം പാലിക്കാനുള്ള ഉദാത്തഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു.
 3. മാടക്കടയിലും കലുങ്കിലും ഇരുന്നു അന്തർദേശീയ വിഷയങ്ങളെപ്പറ്റിയുള്ള സിമ്പോസിയം അവസാനിപ്പിച്ചു ആണീച്ചകൾ വീടുകളിലേക്കു ചേക്കേറി.
 4. അതിലുപരി, ചോറിന്റെ വേവ് നോക്കാനും കറിയുടെ ഉപ്പു നോക്കാനുമുള്ള സാങ്കേതികവിദ്യ പുരുഷന്മാർ നാവിൻതുമ്പിൽ വികസിപ്പിച്ചെടുത്തു.
 5. സ്ഥിരം ആശുപത്രിയിലെത്തി യുവഡോക്ടര്മാരെക്കണ്ടു ചികിത്സ തേടുന്നതിൽ നിന്നും വീട്ടമ്മമാർ സ്വതന്ത്രരായി.
 6. ‘സ്റ്റേറ്റ് ഓഫ് ദി ആർട്ട്‌’ ആശുപത്രികളുടെ അകാലചരമം സർക്കാരാശുപത്രികൾ നോക്കിക്കണ്ടു സായൂജ്യമടഞ്ഞു.
 7. അമ്പലമണികളും പള്ളിമണികളും ഇനി മുതൽ അടിയേണ്ടതില്ലെന്നും സമസ്ത പുരോഹിതവർഗ്ഗം നാൾവഴിയുടെ ചെലവിടത്തിലെ അക്കങ്ങൾ മാത്രമാണെന്നും വിശ്വാസി തിരിച്ചറിഞ്ഞു.
 8. വർത്തമാനപ്പത്രങ്ങളുടെ നിരര്ത്ഥകത
  ഏവർക്കും ബോധ്യപ്പെട്ടു.
 9. ഗതാഗതബഹളവും, ചന്തസംസ്കാരവും, ശബ്ദകോലാഹലവും അന്യമായ എഴുപതുകളുടെ അവസാനത്തിലെ വിശുദ്ധകേരളത്തിലേക്കു പരസഹായമില്ലാതെ ജൈത്രയാത്ര നടത്തുവാൻ ജാതി- മത വർഗ്ഗ- വർണ്ണ ഭേദമെന്യേ മലയാളിക്ക് ഇന്ന് സാധിക്കുന്നു.
 10. തീഷ്ണവും ചടുലവുമായ ഭരണത്തിലൂടെയും, പങ്കാളിത്തത്തിലൂടെയും കേന്ദ്ര- സംസ്ഥാന ഭരണങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുന്നു- രാജ്യം സഞ്ചരിക്കുന്നത് ശരിയായ ദിശയിൽ ആണെന്ന സത്യം മനസ്സിലാവുന്നു.
  കോട്ടം:
  അഭയകൾ മറുപേരുകളിൽ ഇപ്പോഴും കിണറുകളിൽ മുങ്ങിപ്പൊങ്ങുന്നത് യാഥാർഥ്യമായി അവശേഷിക്കുന്നു.

Post Script:
1946- നും 1964- നും ഇടയ്ക്കു ജനിച്ച ഒരു വ്യക്തിയെ പടിഞ്ഞാറൻ സമൂഹം ‘baby boomer’ എന്ന് വിളിക്കുന്നു. ഭാഗ്യം ചെന്ന ഈ തലമുറ (baby boomers) ലോകജനസംഖ്യയുടെ ഒരു വലിയ വിഭാഗവും അമേരിക്കൻ ജനസംഖ്യയുടെ ഏതാണ്ട് 40 ശതമാനവും ആണ്. 77 ദശലക്ഷം കുട്ടികളാണ് രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കയിൽ മാത്രം ജനിച്ചത്.

ഈ ജനസംഖ്യാവിസ്ഫോടനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് യുദ്ധാനന്തര സമാധാനവും, നിർമ്മാണ- വാണിജ്യ- സാമ്പത്തിക മേഖലകളിലെ പുരോഗതിയും, തൊഴിൽസ്ഥിരതയും, യുദ്ധഭൂമിയിൽനിന്നുള്ള പട്ടാളക്കാരുടെ തിരിച്ചുവരവും ഒക്കെയാണ്. കുഞ്ഞുങ്ങളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം അന്നവിടുത്തെപ്പോലെ ഇന്നിവിടെയും നന്മയ്ക്കായിരിക്കണം എന്ന് നിര്ബന്ധമില്ലാത്തതുകൊണ്ടു പൊതുസ്ഥലത്തു പാലിക്കാൻ നാം പഠിച്ച സാമൂഹിക അകലം വീടുകൾക്കുള്ളിൽ സ്ത്രീ- പുരുഷന്മാർ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു ചരിത്രം വിരൽ ചൂണ്ടുന്നു: സൂക്ഷിക്കുക!