ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്

83

ബീന ആന്റണി

ആനകളുടെ പല്ലുകൾ

ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആനയുടെ വായിൽ ഒന്നര വയസ്സിൽ പല്ലുകൾ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാൻ തുടങ്ങുകയും ആറു വയസ്സോടെ രണ്ടാമത്തെ ഗണം പല്ലുകൾ വരികയും ചെയ്യും. പിന്നീട് 25- ആമത്തെ വയസ്സിൽ മൂന്നാമത്തെ ദന്ത നിരകൾ പ്രത്യക്ഷപ്പെടുന്നു, 50ആമത്തെ വയസ്സിൽ നാലാമത്തേതും, നൂറാമത്തെ വയസ്സില് അഞ്ചാമത്തേതുമായ ദന്തനിരകൾ വളരുന്നു. ഇതിനാൽ ആനകളുടെ പല്ലു നോക്കി അവയുടെ പ്രായം കണ്ടു പിടിക്കാവുന്നതാണ്‌.

ജീവിതകാലത്ത് ആനകൾക്ക് 28 ഒരേ സമയത്ത് പല്ലുകൾ ഉണ്ടാകാം. അവ താഴെ പറയുന്നവയാണ്‌:

മുകളിലുള്ള രണ്ടു പല്ലുകൾ (ഉളിപ്പല്ലുകൾ): ഇവയാണ് കൊമ്പുകളായി വരുന്നത്.
കൊമ്പുകളുടെ പാൽപ്പല്ലുകൾ.
പന്ത്രണ്ട് ചെറിയ അണപ്പല്ലുകൾ‍, താടിയുടെ രണ്ടു വശങ്ങളിലും മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.
പന്ത്രണ്ട് അണപ്പല്ലുകൾ, താടിയുടെ ഇരു വശങ്ങളിൽ മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.
ഒരു വലിയ അണപ്പല്ലിന്‌ ഒരടി നീളവും രണ്ടര ഇഞ്ച് നീളവും നാല് കിലോഗ്രാം തൂക്കവും ഉണ്ടാകാം.

ഇതര സസ്തനികൾക്ക് പാൽപ്പല്ലുകൾ വളർന്നുവന്ന് ക്രമേണ അതിനുപകരം സ്ഥിരമായ പല്ലുകൾ ഉണ്ടാകുകയാണ് ചെയ്യുക. ഇത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഉണ്ടാകുകയുള്ളൂ. എന്നാൽ ആനകൾക്ക് ഒരു വർഷത്തിനു ശേഷം മുളക്കുന്ന പാൽപ്പല്ല് ,ആനക്കൊമ്പ്, സ്ഥിരമാകുമെങ്കിലും മറ്റുപല്ലുകൾ അഞ്ച് തവണ ആനയുടെ ജീവിതത്തിൽ പുതുതായി മുളക്കും. ആനയുടെ പല്ലുകൾ നമ്മുടെ പല്ലുകളേപ്പോലെ യഥാസ്ഥാനത്ത് പൊട്ടിമുളക്കുകയല്ല ചെയ്യുന്നത്. മറിച്ച് അവ പിറകിൽ ഓരോന്നോന്നായി പ്രത്യക്ഷപ്പെട്ട് വളർന്ന് മോണയിലൂടെ നീങ്ങി മുന്നിലെത്തുകയാണ് ചെയ്യുന്നത്. മുന്നിലെ പല്ലുകൾ തേഞ്ഞ് തീരുകയും കൊഴിഞ്ഞ് പോകുകയും ചെയ്യുമ്പോഴേക്കും പുതിയ പല്ലുകൾ അവയുടെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. വളരെ പ്രായമാകുമ്പോഴേക്ക് ആനകളുടെ ശേഷിക്കുന്ന പല്ലുകൾ ചെറിയ കുറ്റികൾ പോലെ ആയിട്ടുണ്ടാകുമെന്നതിനാൽ അധികം ചവച്ചരയ്ക്കേണ്ടാത്ത മൃദുവായ ഭക്ഷണമാണ് ആന കഴിക്കുക. അവസാനകാലത്തിലെത്തിയ ആനകൾ ചെറിയ നനുനനുത്ത പുല്ലുകൾ ഉണ്ടാകുന്ന ചതുപ്പ് നിലങ്ങളിലാണ് ഇക്കാരണത്താൽ കാണപ്പെടുന്നത്. അവസാനം ഈ പല്ലുകളും കൊഴിഞ്ഞ് പോകുന്നതോടുകൂടി ആനയ്ക്ക് ഒന്നും കഴിക്കാൻ വയ്യാതെ വരികയും തത്ഫലമായി പട്ടിണി കിടന്ന് മരിക്കുകയും ചെയ്യുന്നു. ഇന്ന് ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി ചുരുങ്ങി വരുന്നതിനാൽ ഭക്ഷണത്തിന്റെ കുറവ് മൂലം ചെറുപ്പത്തിലേ ആനകൾ പട്ടിണി കിടന്നു മരിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കീഴ്ത്താടിയിൽ ഉണ്ടാകുന്ന കൊമ്പുകൾക്ക് രണ്ടാം ഉളിപ്പല്ലുകൾ എന്നും പേരുണ്ട്. ഡിനോതേറിയം എന്ന ഗണത്തിനും ചില മാസ്റ്റോഡോൺ എന്ന ഗണങ്ങൾക്കും ഇവ വളരെ വലുതായി വരാറുണ്ടായിരുന്നു. പക്ഷേ ഇന്നത്തെക്കാലത്ത് ഈ കൊമ്പുകൾക്ക് തത്സ്ഥാനീയനായ പാല്പല്ല് ഉണ്ട് എങ്കിലും വളരുന്നതിനുമുന്നേ തന്നെ കൊഴിയുന്നതായി കാണപ്പെടുന്നു.