കേരളത്തെ പിടിച്ച് കുലുക്കിയ പ്രമാദമായ ഒരു മോഷണക്കേസിന് തുമ്പുണ്ടാക്കിയ രമണി

552

Beena Sunny

നിങ്ങളറിയുമോ ഈ പാറശ്ശാലക്കാരി രമണിയെ?

അറിയാൻ സാധ്യത വളരെ കുറവാണ്. എന്നാൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രമാദമായ ഒരു മോഷണക്കേസിന് തുമ്പുണ്ടാക്കിയത് ഈ രമണിയാണ്.

38വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1981 മെയ് 23ന് ഏറ്റുമാനൂര്കാർ ഉറക്കമുണർന്നത് ഞ്ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്.

ഏറ്റൂമാനൂരപ്പന്റെ മൂല വിഗ്രഹം മോഷ്ടിക്കപ്പെട്ടിരിക്കുന്നു….!!!

ക്ഷേത്രത്തിൽ ഏഴു പേരുടെ കാവലുള്ളപ്പോഴാണ് ക്ഷേത്രത്തിന്റെ രണ്ടു കൂറ്റൻ മതിൽക്കെട്ടുകൾ കമ്പിപ്പാര കടിച്ചു പിടിച്ചു ചാടിക്കടന്ന സ്റ്റീഫൻ എന്ന 23 വയസുകാരൻ വാതിലുകൾ കുത്തിത്തുറന്നു വിഗ്രഹം കവർന്നത്.

വെള്ളിപ്പീഠത്തിൽ സ്വർണ ആണികൾ ഇട്ടുറപ്പിച്ച നാലു കിലോ 540 ഗ്രാം തൂക്കം വരുന്ന സ്വർണ വിഗ്രഹം, പീഠം, സ്വർണ അങ്കിക്കു ചുറ്റുമുള്ള സ്വർണപ്രഭ, ലക്ഷ്മീരൂപത്തിന്റെ കൈയിലെ താമരമൊട്ട് എന്നിവയെല്ലാം കവർന്നു.

കമ്പിപ്പാര ക്ഷേത്രത്തിലെ കിണറ്റിൽ സ്റ്റീഫൻ ഉപേക്ഷിച്ചു. അതു പൊതിഞ്ഞ കടലാസ് പക്ഷേ പൊന്തിക്കിടന്നു.

ആ കടലാസിൽ പാറശാല ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എഴുതിയ രചനാ പാഠം ‘എ ലെറ്റർ ടു ദി ക്ലാസ് ടീച്ചർ.’ തെളിഞ്ഞുകിടന്നു. രമണിയുടെ വിലാസവും.അന്വേഷണം നേരെ രമണിയിലേക്ക്.

വീട്ടിൽ മണ്ണെണ്ണ വാങ്ങാൻ രമണി പഴയ കടലാസുകൾ തൂക്കി വിറ്റ ഇരുമ്പുകടയിലേക്ക്. അവിടെ നിന്നും ആ ഇരുമ്പു കടയിൽ നിന്നു പാര വാങ്ങിയ സ്റ്റീഫനിലേക്ക്. അങ്ങനെയാണ് അന്നത്തെ നായനാർ സർക്കാരിനെ പോലും മുൾമുനയിൽ നിർത്തിയ ഒരു കേസിലൂടെ രമണി ചരിത്രത്തിന്റെ ഭാഗമാകുന്നത്.
ക്ഷേത്ര ഭാരവാഹികള്‍ രമണിയെ ഏറ്റുമാനൂരിലേക്കു കൂട്ടി കൊണ്ടുവന്ന് ആദരിച്ചു. ഭക്തർ നിരവധി സമ്മാനങ്ങൾ
നല്‍കി.

വെള്ളിക്കൊലുസും മിഠായി പാക്കറ്റുകളും വസ്ത്രങ്ങളുമെല്ലാം രമണിയെത്തേടിയെത്തി. വിദ്യാഭ്യാസത്തിനുള്ള ചെലവായി പതിനായിരം രൂപ ക്ഷേത്രസമിതി നല്‍കി. പിന്നീട് എല്ലാ വാര്‍ത്തകളിലും
സംഭവിക്കുന്നതുപോലെ എല്ലാവരും രമണിയെ മറന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് സ്റ്റീഫന്‍ ഭക്തിമാര്‍ഗത്തിലേക്കു
തിരിഞ്ഞു പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോഴും രമണി കാണാമറയത്തു നിന്നു.
*******************************************
പത്താംക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം കാലക്രമത്തിൽ വെള്ളറട കിളിയൂർ സ്വദേശി ശശിയുമായി രമണിയുടെ വിവാഹം നടന്നു. സ്വന്തമായുണ്ടായിരുന്ന എണ്ണയാട്ടു മിൽ പ്രവർത്തിപ്പിച്ചാണു ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. കുറച്ചുകാലം മുമ്പ് ശശി മരിച്ചതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായി.

രമണിയുടെ ദുരിത ജീവിതമറിഞ്ഞ ജനപ്രതിനിധികൾ ഇടപെട്ടാണ് ഇപ്പോൾ ഏറ്റുമാനൂർ ക്ഷേത്രകമ്മിറ്റിയുടെയും ദേവസ്വം ബോർഡിന്റെയും സഹായത്തോടെ രമണിക്ക് ഒരു വീട് നിർമ്മാണം കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ചത്.

ഇതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും അംഗം കെപി ശങ്കരദാസും രമണിയുടെ വീട്ടിലെത്തി സഹായം ഉറപ്പ് നൽകിയിരുന്നു. വീടും ജോലിയുമായിരുന്നു വാഗ്ദാനം. വീടിന് പണം മുടക്കാൻ ഏറ്റുമാനൂരുകാരൻ ഉണ്ണികൃഷ്ണൻ പോറ്റിയും സുഹൃത്തുക്കളും തയ്യാറായതോടെ 680 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഒരു വീട് രമണിക്കായി തയ്യാറായി.

ഈ ഓണത്തിന് രമണിയുടെ വീടിന്റെ താക്കോൽദാനം ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ നിർവ്വഹിക്കും.