ആ പിഞ്ച് കുഞ്ഞുങ്ങളുടെ മരണ ശേഷവും ആ പ്രദേശത്ത് പ്രായപൂർത്തിയാവാത്ത ധാരാളം പെൺകുഞ്ഞുങ്ങൾലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്

25

Beena Sunny

വാളയാറിലെ രണ്ട് പിഞ്ച് പെൺകുഞ്ഞുങ്ങളുടെ ദാരുണ മരണത്തെ സംബന്ധിച്ച് ഇന്നലെ K.S. Sudhiയുടേതായി ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച വാർത്തയാണിത്.

ആദ്യമേ പറയട്ടെ, അതി വൈകാരികതയോടെ ഈ പോസ്റ്റ് ദയവായി വായിക്കരുത്. ജീവൻ നഷ്ടപ്പെട്ട രണ്ട് പെൺകുഞ്ഞുങ്ങൾക്ക് നീതിപീഠത്തിന്റെ ഏതറ്റം വരെ പോയാലും നീതി ലഭിക്കണം എന്ന കാര്യത്തിൽ തർക്കം ലവലേശമില്ല. നിലവിൽ, സംസ്ഥാന സർക്കാരിന്റെ നിലപാടും മറിച്ചൊന്നല്ല എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും നവംബർ 9ന് ശേഷം അവിടെ നിന്നും നല്ല വാർത്ത കേൾക്കാം എന്നും ആശിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതൃത്വവും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ഈ വിഷയത്തിൽ ഇപ്പോൾ നടത്തുന്ന നാടകം നനഞ്ഞിടം കുഴിക്കൽ ആണെന്ന് പറയാതെ വയ്യ.

ഇനി വിഷയത്തിലേക്ക് വന്നാൽ, ഈ പെൺകുട്ടികളുടെ മരണത്തിൽ കുട്ടികളുടെ അമ്മയ്ക്കുള്ള വ്യക്തമായ പങ്ക് ഒരു കാരണവശാലും തള്ളി കളയാൻ കഴിയുന്നതല്ല. ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ ഈ വിഷയം മൂടിവെക്കുന്നത് എന്തിനാണ് എന്നും എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുമില്ല. ഈ വിഷയത്തിൽ ഇവരുടെ ഇൻവോൾമെന്റിനെ പറ്റി അന്വേഷിക്കാൻ ഇതുവരെ ഒരു മലയാള മാധ്യമങ്ങളും തയ്യാറായിട്ടില്ല.

ഈ അമ്മ, തന്റെ രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിനു ശേഷമാണ് കുട്ടികളുടെ മരണത്തിനു കാരണക്കാരായവരെക്കുറിച്ച് പരാതിപ്പെടുന്നത്. അതും രണ്ടു മാസത്തിനു ശേഷം മാത്രം. തന്റെ പെൺകുട്ടികൾ ലൈംഗികമായി ഉപയോഗിക്കപ്പെടു ന്നുവെന്ന കാര്യം ഈ അമ്മയ്ക്ക് പണ്ടേ അറിയാമായിരുന്നുവത്രെ.ഈ വിഷയം കേസിന്റെ തുടക്കം മുതലേ കേൾക്കുന്നതാണെങ്കിലും, വാളയാർ പെൺക്കുട്ടികളുടെ മരണത്തെക്കുറിച്ചന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനും വിചാരണക്കോടതിയും ഈ വസ്തുത കണ്ടെത്തിയതാണ്. ഇന്നലത്തെ “ദ ഹിന്ദു” പത്രത്തിൽ ആ റിപ്പോർട്ട് വ്യക്തമായി ഉദ്ധരിക്കുന്നുമുണ്ട്.

തന്റെ അടുത്ത ബന്ധുക്കൾ കൂടിയായ കുറ്റവാളികളെ വിട്ടയക്കാൻ സാഹചര്യം ഒരുക്കിയ ശേഷം ഇനിയൊരു ആറാം പ്രതി കൂടിയുണ്ട് എന്ന വാദമാണ് അമ്മ കൊണ്ടുവന്നിരിക്കുന്നത്. പക്ഷേ, അതാരെന്ന് പറയുന്നുമില്ല. രണ്ട് കുട്ടികളും ദാരുണമായി മരണപ്പെട്ട ശേഷം, പ്രതികൾ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളുടെ വീട്ടിൽ ആയിരുന്നു മാസങ്ങളോളം ഈ അമ്മയും അമ്മയോടൊപ്പം ഇപ്പോൾ കൂടെയുള്ള രണ്ടാനച്ഛനും താമസം. അതേസമയം, പ്രതികളെ ശിക്ഷിക്കുന്നതിനു് സംശയാതീതമായ തെളിവുകൾ കോടതിക്കു സമർപ്പിക്കുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ അമ്മ, സകല ചാനലുകളിലും വന്നിരുന്ന് മുഖ്യമന്ത്രിയും പുന്നല ശ്രീകുമാറും പറ്റിച്ചുവെന്ന് ദീനസ്വരത്തിൽ പരാതി പറയുന്നത് നേരത്തെ കേട്ടിരുന്നു.

തെറ്റ് ചെയ്തവർ ആരായിരുന്നാലും, ‘ആരായിരുന്നാലും’, തക്കതായ ശിക്ഷ ലഭിക്കണം. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ, അതിവൈകാരികതയുടെ പുറത്ത് ഇത്തരം ചില കാര്യങ്ങൾ അവഗണിക്കപ്പെടുന്നതിനോടും കടുത്ത എതിർപ്പ് തന്നെയുണ്ട്. ദളിത് കുടുംബം, വിവരവും വിദ്യാഭ്യാസവും കുറഞ്ഞ സ്ത്രീ എന്നൊക്കെ പറഞ്ഞ് അവരെ ന്യായീകരിക്കുന്നതിലും കടുത്ത വിയോജിപ്പുണ്ട്. കാരണം ഈ പറഞ്ഞ വിവരത്തിനും വിദ്യാഭ്യാസത്തിനും ഒക്കെ അപ്പുറമാണ് ‘അമ്മ’ എന്ന വികാരം എന്ന വ്യക്തമായ ധാരണ ഉള്ളത് കൊണ്ട് തന്നെ.

മനസ്സിലാക്കിയിടത്തോളം, ആ പ്രദേശത്ത് ഇത് ഒരു പുതിയ സംഭവം അല്ല. ഈ പിഞ്ച് കുഞ്ഞുങ്ങളുടെ മരണ ശേഷവും ആ പ്രദേശത്ത് പ്രായപൂർത്തിയാവാത്ത ധാരാളം പെൺകുഞ്ഞുങ്ങൾലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അത്, ആ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷത്തിന്റെ, അല്ലെങ്കിൽ സാമൂഹിക പുരോഗതി കുറവിന്റെ ഒരു വിഷയം കൂടിയാണ്. രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ അടിയന്തര ശ്രദ്ധ ചെലുത്തേണ്ടത് ഈ വിഷയത്തിൽ ആണ്.
മാധ്യമങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട ഒരു വിഷയവും ആണിത്. പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ മാധ്യമങ്ങൾക്ക് അതിനൊന്നും സമയമില്ലാതെ പോയി. സാമൂഹികമായി അടിമുടി ഒരു മാറ്റം ആ പ്രദേശത്തിന് അടിയന്തിരമായി സംഭവിച്ചില്ലെങ്കിൽ, ഇനിയും അവിടെ നിന്ന് ഇത്തരം വാർത്തകൾ കേട്ട് നമ്മൾ ‘സാംസ്കാരിക പ്രബുദ്ധർ’ ഞെട്ടേണ്ടി വരും എന്ന കാര്യത്തിൽ സംശയമേതുമില്ല….