ജനമനസ്സ് തിരിച്ചറിയാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും അമാന്തം നടിച്ചുകൂടാ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന

0
140

Beena Sunny
ആശങ്കകൾക്ക് വിട… ഡൽഹി എഎപി നിലനിർത്തി. തീർച്ചയായും സന്തോഷം തരുന്ന കാര്യമാണ്. കഷ്ടിച്ച് ഒരു വർഷം മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അൻപത് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടിയ ബിജെപി ഇത്തവണ നാൽപ്പത് ശതമാനത്തിന് താഴേക്ക് പോയി എന്നതും സന്തോഷം തരുന്ന വാർത്ത തന്നെയാണ്.
വർഗീയതയും വിദ്വേഷവും അപരത്വ വൽക്കരണവും കൈമുതലാക്കിയവരുടെ ഓരോ പരാജയവും സന്തോഷകരമാണ്, അതെത്ര ചെറുതായാലും വലുതായാലും. ഇന്ത്യ എന്ന രാജ്യം ഒരു സോഷ്യലിസ്റ്റ്, ജനാധിപത്യ, മതേതര റിപ്പബ്ലിക്ക് ആയി തുടരണമെന്ന് ആഗ്രഹിക്കുന്ന ഏവർക്കും സന്തോഷം ഉണ്ടാകും.
എഎപി സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നു എന്നത് വലിയ ഒരപരാധമായി കാണുന്നില്ല. കാരണം കഴിഞ്ഞ അഞ്ച് വർഷവും ആ പാർട്ടിയെ എങ്ങനെയെല്ലാം തകർക്കാം എന്ന ഗവേഷണം നടത്തുകയായിരുന്നു മോദി-ഷാ കൂട്ടുകെട്ട്. അവരുടെ ചാണക(ക്യ) തന്ത്രത്തിൽ ദില്ലി ജനത ഇത്ര മാത്രമേ പെട്ട് പോയുള്ളൂ എന്ന് കരുതി ആശ്വസിക്കാം.
കോൺഗ്രസ്സിന്റെ സംപൂജ്യതയിൽ അതിയായ സന്തോഷം ഒന്നും ഇല്ല. കാലം കാത്ത് വെച്ച കാവ്യനീതി എന്നേ പറയാനുള്ളൂ. മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മുഖം മനസ്സിലേക്കെത്തുന്ന ഒരു വോട്ടറും കൈപ്പത്തിക്ക് വോട്ട് ചെയ്യും എന്ന് കരുതാനാവില്ല. പി സി ചാക്കോക്ക് ഇനി ധൈര്യമായി കേരളത്തിൽ ലാവണം തേടാം.
സിപിഎം, സിപിഐ കക്ഷികൾ മുമ്മൂന്ന് സീറ്റിൽ ആണ് മത്സരിച്ചത്. പക്ഷേ, ഡൽഹിയിൽ ഇടത് പക്ഷ കക്ഷികളുടെ ശക്തി എന്ന് പറയുന്നത് ഏതാണ്ട് ഇവിടെ എറണാകുളം മണ്ഡലം പോലെയാണ്. ഒരു സമ്മേളനമോ, സമരമോ, ജാഥയോ എന്ത് പരിപാടി ആയാലും വൻ ജനാവലി കാണും. പക്ഷേ, വോട്ട് പെരുന്നാൾ വരുമ്പോൾ വേണ്ടത്ര നേട്ടം ഉണ്ടാക്കാൻ കഴിയില്ല.
ഫാസിസം തേരോട്ടം നടത്തുന്ന ഈ കെട്ട കാലത്ത് ബിജെപി വിരുദ്ധ വോട്ടുകൾ ഏത് പോക്കറ്റിൽ കേന്ദ്രീകരിച്ചാലും അത് സന്തോഷം തരുന്ന വാർത്ത തന്നെയാണ്. ജനമനസ്സ് തിരിച്ചറിയാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും അമാന്തം നടിച്ചുകൂടാ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ആര് നേതൃത്വം വഹിക്കും, ഏത് നേതാവ് നേതൃത്വത്തിൽ വരും എന്നൊക്കെയുള്ള ചീപ്പ് ഈഗോ ഒന്ന് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷ കക്ഷികൾ വിഘടിച്ച് നിൽക്കുന്നതിനുള്ള ഏക കാരണം. ഈ ഈഗോ വെടിഞ്ഞ്, രാജ്യവും ജനാധിപത്യവും നില നിൽക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തോടെ മുന്നോട്ട് പോയാൽ തീർച്ചയായും ഉറപ്പാണ് മോദി-ഷാ കൂട്ടുകെട്ടിന് ശേഷകാലം തുരങ്കത്തിൽ തന്നെ കഴിച്ച് കൂട്ടാം.
ഈ ഒരു നീക്കത്തിൽ തീർച്ചയായും സിപിഎമ്മിന് ഈ അവസരത്തിലും ഒരുപാട് ചെയ്യാൻ കഴിയും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം. പണ്ട് നെഹ്‌റു മറ്റൊരു പാർട്ടിയെ കുറിച്ച് പറഞ്ഞത് കടമെടുത്താൽ കോൺഗ്രസ് ഒരു ‘ചത്ത കുതിരയായി’ മാറി കഴിഞ്ഞു. അവർക്ക് ഇനി ഒരു തിരിച്ചു വരവ് എളുപ്പമല്ല.ഹിന്ദുത്വ അജണ്ട മുഖമുദ്രയാക്കിയ മോദി-ഷാ കൂട്ടുകെട്ടിനെ പുകച്ച് പുറത്ത് ചാടിക്കുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യട്ടെ… കൈ കോർക്കാവുന്നവരുമായെല്ലാം കൈ കോർത്തുകൊണ്ട്…