അന്നു രാവിലെ വളരെ സന്തോഷത്തോടെയാണ് ബീരാന്‍ ഉണര്‍ന്നത്…

“ഇന്ന് അലവി മുതലാളിയുടെ മകന്റെ കല്യാണം ആണല്ലോ…
ഉച്ചക്കത്തെ കാര്യം കുശാല്‍….” കുടവയറില്‍ തലോടികൊണ്ട് ബീരാന്‍ ആത്മഗതം നടത്തി…

ബീരാന്‍ ഒന്ന് കൂടി കിടക്കയില്‍ കിടന്നു ഉരുണ്ട ശേഷം എഴുന്നേറ്റ് ഉമിക്കരിയും ഉപ്പും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ പ്രകൃതി ദത്ത ഉല്‍പ്പന്നം കൊണ്ട് പല്ല് തേച്ചു..

പതുക്കെ പല്ലില്‍ ഒന്ന് മേടി നോക്കി…
“ഇന്ന് ഉച്ചക്ക് കോയീം പോത്തൂം ഒക്കെ ചവക്കാന്‍ ഉള്ളതാ….സംഗതി സ്ട്രോങ്ങാ…” പല്ലില്‍ മേടിയ ശേഷം ബീരാന്‍ മനസ്സില്‍ വിചാരിച്ചു…

“ഇതിന്റെ ഗുണം മറ്റൊരു പേസ്റ്റ് നും കിട്ടൂലാ… പേസ്റ്റ് ഉപയോഗിക്കുന്ന എന്റെ മക്കളുടെ പല്ല് ഓട്ടയായിരിക്കുന്നു..ചെക്കന്‍മാരോട് ഉമ്മിക്കരി തേക്കാന്‍ പറഞ്ഞാല്‍ കളിയാക്കാന്‍ വരും… പല്ല് വേദന അനുഭവിക്കട്ടെ.. അനുഭവിച്ചാലേ പഠിക്കൂ.. ” ബീരാന്‍ പിറുപിറുത്തു…

“എടി ആമിനാ…എന്താ തിന്നാന്‍ ????” ബീരാന്‍ കെട്ടിയോളോട് വിളിച്ചു ചോദിച്ചു…
“പുട്ടൂം പപ്പടോം…” ആമിന മറുപടി നല്‍കി…
“ഒണക്ക പുട്ടും പപ്പടോം…ഇക്ക് വാണ്ടാ… ഇജ്ജെന്നെ കേറ്റിക്കോ….” ബീരാന്‍ പുച്ഛത്തോടെയാണ് അത് പറഞ്ഞത്…

ആമിന : “അപ്പൊ നിങ്ങക്കെന്താ വേണ്ടത് ? ”

ബീരാന്‍ : ” ഇക്ക് ഒന്നും വേണ്ടാ…”
ആമിന : “പട്ടിണി കെടക്കാ…???”
ബീരാന്‍ :  “ഇന്ന് നമ്മടെ അലവി മോതലാളീടെ ചെക്കന്റെ നിക്കാഹല്ലേ….”
ആമിന : “അത് ഉച്ചക്കല്ലേ… ഇപ്പൊ തന്നെ അങ്ങണ്ട് പോവ്വാ…?”

ബീരാന്‍ : “ഇപ്പൊ പോണില്ല്യാ … ഉച്ചക്കെ പോകൂ… നല്ല പാര്‍ട്ടി ആണ് എന്നാണ് കേട്ടത്.. ബഫെ ആണത്രേ…ആടിനേം പോത്തിനേം കോയിയേം ഒക്കെ കൊണ്ടോയിട്ടുണ്ട്… ഇപ്പൊ നല്ലം തിന്നാല് ഉച്ചക്ക് ശരിക്ക് വെശക്കൂലാ…നമ്മള് അവിടെ ചെന്നിട്ടു ശരിക്ക് തിന്നാതെ പോന്നാല് മോശം അല്ലേ ??”

ആമിന : “ആര്‍ക്ക് മോശം? അലവിക്കോ?”

ബീരാന്‍ :  “അല്ല . ഇക്ക് തന്നെ… മനസ്സിന് തിന്നണം എന്നുണ്ടാവും, എന്നാല്‍ വയറ്റില് സ്ഥലം ഉണ്ടാവൂലാ…അപ്പൊ എന്റെ മനസ്സിന് ഒരു വെഷമം തോന്നും. അത് ഇക്കൊരു മോശം അല്ലേ ???”

ആമിന : “ഇങ്ങള് ആള് തരക്കേടില്ലലോ…ആരാന്റെ മൊതല്  നക്കാന്‍ ഉണ്ടെങ്കില്‍ അന്ന് ഒണക്ക പുട്ട് എന്ന്‌ പറയും..പരിപാടി ഒന്നും ഇല്ലങ്കില് ചൂടുള്ള പുട്ട്  കാട്ടിക്ക ആമിനാ എന്നും പറഞ്ഞു ആക്രാന്തം കാട്ടും. നല്ല സ്വഭാവം…”

ബീരാന്‍ അതിനു നന്നായി ചിരിച്ചു കൊടുത്തു… ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ നമ്മുടെ മുഖ്യന്‍ ചിരിച്ചപോലെ…. ആത്മാര്‍ഥമായ ചിരി….

ആമിന : ” ഇന്നാ ഒരു കട്ടന്‍ ചായ കുടിച്ചോളീ …”
ബീരാന്‍ : “കട്ടന്‍ ചായയും, ബീഡിയും എല്ലാം വെശപ്പ് കൊറക്കും പെമ്പറന്നോളേ ….”
ആമിന : ” നാളിം ഇത് തന്നെ പറയണം, കട്ടന്‍ ചായയും കുടിച്ചു ആത്മാവിലേക്ക് പുക കയറ്റി വിടുമ്പോള്‍…”

ബീരാന്‍ : ” അന്റെ ഒരു കാര്യം….”

ബീരാന്‍ സോപ്പും തോര്‍ത്തും എടുത്തു കുളക്കടവിലേക്ക് നടന്നു…
വിസ്തരിച്ചു കുളിച്ചു..
അര മണിക്കൂര്‍ അധികം നീന്തി…
നല്ലം വെശക്കട്ടെ എന്ന നിയ്യത്തും വെച്ചാണ് ബീരാന്‍ നീന്തിയത്‌….
കുളക്കടവിലെ പരാക്രമങ്ങള്‍ക്ക് ശേഷം ബീരാന്‍ വീട്ടില്‍ തിരിച്ചെത്തി…

സമയം ഒമ്പതര ആവുന്നെ ഉള്ളൂ….
“പണ്ടാരം, സമയം പോകുന്നില്ലലോ…” ബീരാന്‍ പ്രാകി

കുറച്ചു സമയം ടി വി കണ്ടു കളയാം എന്ന തീരുമാനത്തോടെ ബീരാന്‍ ടി വി തുറന്നു…
ആദ്യം കണ്‍ മുന്നില്‍ വന്നു നിന്ന ചാനല്‍ തന്നെ ബീരാന്റെ വായില്‍ വെള്ളമൂറിച്ചു …
‘മലബാര്‍ ബിരിയാണി’ ഉണ്ടാക്കുന്നതിനെ പറ്റി ഒരു മൊഞ്ചത്തി ക്ലാസ് എടുക്കുകയാണ്..
ബീരാന്‍ ബിരിയാണി പാത്രത്തിലേക്കും മൊഞ്ചത്തിയുടെ മുഖത്തേക്കും മാറി മാറി നോക്കി…

അധികം വൈകാതെ ടൈറ്റാനിക്ക് മുങ്ങാന്‍ ആവശ്യമായ വെള്ളം ബീരാന്റെ വായില്‍ സംഭരിക്കപ്പെട്ടു…
നിയന്ത്രണം വിട്ടപ്പോള്‍ ചാനല്‍ മാറ്റി…
വാര്‍ത്താ ചാനല്‍ വെച്ചു… ‘അവിടെ ബിരിയാണിയുടെ ബുദ്ധിമുട്ട് ഉണ്ടാകില്ലലോ…’

വാര്‍ത്താ ചാനലില്‍ കയറി ഇരുന്നു മന്ത്രി പറയുകയാണ്‌…”പാലും കോഴിമുട്ടയും കഴിക്കുവിന്‍, വിലക്കയറ്റം നിയന്ത്രിക്കുവിന്‍.”

വിശന്നിരിക്കുന്ന ബീരാന്റെ ചെവിയില്‍ പാലും മുട്ടയും എന്ന വാക്ക് വന്നു വീണതോടെ വായയിലെ ജലസ്രോതസ്സുകള്‍ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിച്ചു…

“മന്ത്രീം ഓന്റെ ഒരു മുട്ടേം.. കോഴിമുട്ട ഓന്റെ വാപ്പ കുടീക്ക് ഓസ്സിന്നു കൊണ്ട് വന്നു തരുമോ? മില്‍മ, പാല് ഫ്രീ ആയി കൊടുക്കോ? അതിനും കൊടുക്കണ്ടേ കായി ? ഇവനെ ഒക്കെ ആ കസേരയില്‍ കയറ്റി ഇരുത്തിയോനെ കുനിച്ചു നിര്‍ത്തി തല്ലണം. ” പിറുപിറുത്തു കൊണ്ട്  ബീരാന്‍ ടി വി ഓഫാക്കി…

ബീരാന്‍ ചാരു കസേരയില്‍ കിടന്നു അന്നത്തെ പത്രം എടുത്തു തിരിച്ചും മറിച്ചും നോക്കി…
ഗുണിച്ചും ഹരിച്ചും നോക്കി…
ഒടുവില്‍ ഒന്ന് വാച്ചിലേക്കും…
സമയം പത്തേകാല്‍ ആകുന്നു…

“ഒലക്കാ പിണ്ണാക്ക്.. ഈ ക്ലോക്കിന് വേഗം ഒന്ന് ഓടിക്കൂടെ?”

അപ്പോഴേക്കും ആമിന രംഗപ്രവേശം ചെയ്തു…

“ങ്ങള്‍ക്ക് ഉച്ചക്ക് ഒന്നും ഉണ്ടാക്കണ്ടല്ലോ? ” അവര്‍ ചോദിച്ചു…

ബീരാന്‍ : ” ഇക്ക് ഒന്നും വേണ്ടാ.. അവിടെ ബോഫെ അല്ലേ ബോഫെ…”

ആമിന : “ബോഫേ… അതെന്തു കുന്താ… ബിരിയാണി ആണ് എന്നല്ലേ ആദ്യം പറഞ്ഞിരുന്നത് ?”

ബീരാന്‍ : “എടീ പോത്തേ… ബഫെന്നു പറഞ്ഞാ തിന്നാനുള്ള സാധനം അല്ല. എല്ലാ സാധനവും ഉണ്ടാവും. അതായത് കോയീം, പോത്തൂം, നെയിച്ചോറും, ബിരിയാണീം, ചപ്പാത്തീം, ദോശീം, നൂല്‍ പുട്ടും എല്ലാം ഉണ്ടാവൂം…വാണ്ടോര്‍ക്ക് വാണ്ടത് എടുത്തു കഴിക്കാ… കോയി പൊരിച്ചത് മാത്രം തിന്നാന്‍ പൂതി ഉള്ളോര്‍ക്ക് അത് മാത്രം തിന്നാം.. ആരും വെളമ്പി തരൂലാ.. എല്ലാം അവിടെ വെച്ചിട്ടുണ്ടാകും. ഞമ്മളെ ഇഷ്ട്ടം പോലെ എടുക്കാം..ഇഷ്ടള്ള സാധനം വേണ്ടത്ര തിന്നാ…  ഞാന്‍ ആദ്യായിട്ടാ ബഫെല്  തിന്നാന്‍ പോണത്.ദുബായീലോക്കെ ഈ പരിപാടി ആണത്രേ. ഞാന്‍ കാട  പോരിച്ചതോണ്ട് ഇന്ന് ഒരു കളി കളിക്കും ന്റെ ആമിനാ…ബാക്കി ബഫേ വിശേഷം ഞമ്മള് പോയി വന്നിട്ട് പറഞ്ഞ് തരാം..”

ആമിന : ” നിങ്ങക്ക് ഈ വിവരം ഒക്കെ എവിടന്നു കിട്ടി?”

ബീരാന്‍ : ” ഇന്നോട് നമ്മുടെ ദുബായീക്കാരന്‍ പോക്കരാ പറഞ്ഞത്. ജ്ജ് അറീലെ പോക്കരെ?”

ആമിന : “ഞാനറിം.. നമ്മുടെ പാത്തുമ്മയുടെ കേട്ടിയോനല്ലേ? പാത്തുമ്മ ദുബായീലോക്കെ പോയിട്ട് കറങ്ങി വന്നല്ലോ.. ഞമ്മക്ക് ഒരീസം പോണം.”

ബീരാന്‍ : “എവിടേക്ക്? ദുബായീക്കോ?”

ആമിന : “കോയിക്കോട്ടെക്കെന്നെ കൊണ്ട് പോവാത്ത ങ്ങളാ ന്നെ ദുബായീക്ക്
കൊണ്ടോണത് ? ഞാന്‍ പാത്തുമ്മാന്റെ അടുത്ത് പോണംന്നാ പറഞ്ഞത്..”

ബീരാന്‍ : “എന്തിനാ ഓള്‍ടെ അടുത്ത് പോണത്?”

ആമിന : “ദുബായീന്ന് കൊണ്ട് വന്ന വല്ലതും ഇക്ക് തരണംന്നു ഓള്‍ക്ക് തോന്ന്യെങ്കിലോ….!!!”

ബീരാന്‍ : “ഇജ്ജ് കൊള്ളാലോടീ….”

ആമിന : “നിങ്ങടെ ഒപ്പം പൊറിതി തുടങ്ങീട്ട് കാലം കൊറേ ആയില്ലേ..നിങ്ങടെ സ്വഭാവം ഇക്ക് കിട്ടിയാ അതിനു എന്നെ കുറ്റം പറഞ്ഞിട്ട് കാര്യണ്ടോ? ”

ബീരാന്‍ അതിനു കരുണാകരന്‍ സ്റ്റൈലില്‍ ഒന്ന് കണ്ണിറുക്കി ചിരിച്ചു…

ആമിന : “അപ്പൊ ഈ ബഫേക്ക് ഒരുപാട് സാധനം വേണ്ടേ? ബാക്കി വന്നാല്‍ കളയേണ്ടി വരൂലേ? ഒരുപാട് കായീം വേണ്ടേ?”

ബീരാന്‍ : “എടീ, അന്റെ വാപ്പാനെ പോലെ ഉള്ളവരല്ല ബഫേ നടത്ത്ണത് . അലവി മൊതലാളിയാ.. ന്റെ ചങ്ങായി..”
അഭിമാനത്തോടെയാണ്  ബീരാന്‍ അത് പറഞ്ഞത്…

ആമിന : “ദേ.. ന്റെ വാപ്പാനെ പറഞ്ഞാലുണ്ടല്ലോ….”
ബീരാന്‍ : “ജ്ജ് ക്ഷമിച്ചാളേ …. ഒര് ആവേശത്തില് പറഞ്ഞതാ…”

ആമിന : “ങ്ങളും, ങ്ങള്‍ടെ ഒര് ബഫേം… ഓരോരോ തോന്ന്യാസം… കായിണ്ട്ന്നു നാട്ടാരെ കാണിക്കാന്‍…”

ഇതും പറഞ്ഞ് ആമിന തന്റെ പ്രവര്‍ത്തന മേഖലയായ അടുക്കളയിലേക്ക് നീങ്ങി…

ബീരാന്‍ വീണ്ടും വീണ്ടും വാച്ചിലേക്ക് നോക്കി തട്ടിയും മുട്ടിയും ഇരുന്നു…
കാട പൊരിച്ചതും കോഴി ബിരിയാണിയും അകത്താക്കുന്നത് സ്വപ്നം കണ്ടു…
അറിയാതെ കാട വായില്‍ ഉണ്ട് എന്ന ധാരണയില്‍ ഒരു കടി കടിച്ചു…
“ഹാവൂ…” നാവില്‍ കടി കൊണ്ടപ്പോഴാണ് ബീരാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്…
നാവിന്മേല്‍ ഒരു ചെറിയ മുറിവ് ആയിരിക്കുന്നു….
കാട കാലിനു ഇട്ട്‌ താങ്ങിയത് നാവിനാണ് കിട്ടിയത്…
അതിന്റെ വേദന അടങ്ങാന്‍ കുറച്ചു സമയം എടുത്തു….
സമയം പതിനൊന്നു മണി ആയിരിക്കുന്നു….

‘ഇപ്പൊ വെളംബാന്‍ തുടങ്ങിയിട്ടുണ്ടാവും’ ബീരാന്‍ വിചാരിച്ചു…
“ഇനി പോവാം…”

വെള്ള തുണിയും വെള്ള ഷര്‍ട്ടും ധരിച്ച് ബീരാന്‍ അലവിയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു…

‘നടന്നാല്‍ വിശപ്പ്‌ കൂടും. ഓട്ടോ പിടിച്ചു പോകുമ്പോള്‍ ഉള്ളതിനേക്കാള്‍ വിശപ്പ്‌ നടന്നു പോകുമ്പോഴാണ് ‘ എന്ന യുക്തിയാണ് ബീരാനിക്കയെ നടക്കാന്‍ പ്രേരിപ്പിച്ചത്…

നടന്നു നടന്നു നമ്മുടെ ബീരാന്‍ മെയിന്‍ റോഡില്‍ എത്തി…
വെയില്‍ കൊണ്ട് മെയിന്‍ റോഡിലൂടെ നടന്നു…

ഇടക്കിടെ ടിപ്പര്‍ ലോറികള്‍ കൊലവിളി നടത്തി ബീരാനിക്കയുടെ നേരെ ചീറി വന്നു….

ഒരു കളരി അഭ്യാസിയെ പോലെ ബീരാന്‍ അവയുടെ മുന്നില്‍ നിന്നെല്ലാം ചാടി മാറി…

ഇടതു വശത്തേക്ക് സിഗ്നല്‍ ഇട്ട്‌ വലതു വശത്തേക്ക് കുതിച്ചു പാഞ്ഞ ഓട്ടോറിക്ഷകള്‍ ബീരാനിക്കയുടെ ജീവന് ഭീഷണി ഉയര്‍ത്തി….

അവിടെയും തന്റെ ജീവനെ പിടിച്ചു നിര്‍ത്താന്‍ ബീരാന്‍ തന്റെ മെയ് വഴക്കം പുറത്തെടുത്തു….

“കല്യാണം കഴിഞ്ഞ്‌ തിരിച്ച് പോരുമ്പോ എന്റെ മേത്ത് വന്ന് കേറിക്കോള്ളീം. അലവിടെ മൊതല് ന്റെ പള്ളേല് എത്തിക്കുന്നതിന് മുന്പ് എന്നെ ആശുപത്രീല് ആക്കല്ലിം…” ബീരാന്‍ വാഹനങ്ങളോട് അഭ്യര്‍ഥിച്ചു…

കുറച്ചു കൂടി നടന്നപ്പോള്‍ ഒരു വൈദ്യശാലയുടെ ബോര്‍ഡ് ബീരാന്റെ കണ്ണില്‍പ്പെട്ടു…

‘കുറച്ച് പിപ്പല്യാസവും അയമോദക ദ്രാവകവും അടിച്ചിട്ട് പോകാം… നല്ലം വിശക്കട്ടെ..’ എന്ന തീരുമാനത്തോട്ടെ ബീരാന്‍ വൈദ്യശാലയിലെക്ക് കയറി…

അരിഷ്ടം കുടിച്ച് പുറത്തിറങ്ങി …
അരിഷ്ടത്തിന്റെ പ്രവര്‍ത്തനം കൂടി തുടങ്ങിയതോടെ ബീരാന്റെ ആമാശയം ആഞ്ഞു കത്തി…

ബീരാന്റെ നടത്തത്തിന്റെ വേഗത കൂടി…
അലവിയുടെ വീടിന്റെ അടുത്ത് എത്താറായിരിക്കുന്നു…
ജനങ്ങളുടെ എണ്ണവും കൂടി കൂടി വരുന്നു…

അന്തരീക്ഷത്തില്‍ പാറി പറക്കുന്ന കോഴി ബിരിയാണിയുടെ മണം ബീരാന്റെ മൂക്കിലേക്ക് തുളച്ചു കയറി…

ബീരാന്റെ മൂക്ക് അതില്‍ നിന്നും കാട പൊരിച്ചതിന്റെ മണം വേര്‍ തിരിച്ചെടുത്ത്‌ തലച്ചോറിലേക്ക്  അയച്ചു …

തലച്ചോറില്‍ നിന്നും ആമാശയത്തിലേക്ക് നിര്‍ദേശങ്ങള്‍ പാഞ്ഞു…”റെഡി ആയി ഇരുന്നോ… കാട ഇപ്പൊ വരും…വേഗം വേഗം ദഹിപ്പിച്ചു ബീരാനെ സഹായിക്കണം…”

ബീരാന്റെ ഇരുകാല്‍ വാഹനം അലവിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആകെ ജനക്കൂട്ടം…

അലവിയുടെ മുന്നില്‍ ചെന്ന് നിന്നു അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ബീരാന്‍ ചില ശ്രമങ്ങള്‍ നടത്തി…

ഒന്നും എശുന്നില്ലാ…
അലവി കണ്ട ഭാവം നടിച്ചില്ല..

“വരീ, വന്ന് ചോറ് ബെയ്ക്കീ…” എന്ന വാചകം അലവിയുടെ വായില്‍ നിന്നും വീണു കിട്ടാന്‍ ബീരാന്‍ പരമാവധി ശ്രമിച്ചു…

പക്ഷെ നടന്നില്ല….

ഒടുവില്‍ ബീരാന്‍ അലവിയുടെ കയ്യില്‍ കയറി പിടിച്ചു…

“പ്രശ്നം ഒന്നും ഇല്ലല്ലോ അലവിക്കാ.. ഞാന്‍ അല്പം വൈകി…” ബീരാന്‍ അങ്ങോട്ട്‌ കുശലാന്യേഷണം നടത്തി…

“സാരമില്ല. നല്ല തിരക്കാ… ബീരാന് കുറച്ച് കഴിഞ്ഞിട്ട് കഴിച്ചാല്‍ മതിയല്ലോ… അടുത്തുള്ള ആളല്ലേ…” എന്ന അലവിയുടെ വാക്കുകള്‍ ഞെട്ടലോടെയാണ് ബീരാന്റെ കാതുകളില്‍ വീണത്‌…

ബീരാന്‍ കൈപിടുത്തം ഓട്ടോമാറ്റിക്ക് ആയി വിട്ടു…
ചുറ്റും നോക്കി…
ഇരിക്കാന്‍ ഉള്ള സ്ഥലങ്ങള്‍ എല്ലാം ആദ്യമേ കയ്യടക്കപ്പെട്ടിരിക്കുന്നു….
ബീരാന്‍ പതുക്കെ ഒട്ടു മാവിന്റെ അടുത്ത് ചെന്ന് നിന്നു…

അയമോദക ദ്രാവകം ശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു…
ആമാശയം ദയനീയമായി നിലവിളിക്കുന്നു….

അതിനിടയിലാണ്  ഭക്ഷണം കൊടുക്കുന്ന ഭാഗത്തേക്ക് ചിലര്‍ ഇടിച്ചു കയറുന്നത് ബീരാന്റെ ശ്രദ്ധയില്‍പ്പെട്ടത് …
ചിലരെ വലിയ സ്വീകരണത്തോടെ മറ്റൊരു ഭാഗത്തേക്ക് ആനയിച്ചു കൊണ്ട് പോകുന്നതും ബീരാന്റെ റെറ്റിനയില്‍  പതിഞ്ഞു…
ബീരാന്‍ പതുക്കെ അവരോടൊപ്പം കൂടി…
അലവിയുടെ കണ്ണില്‍പ്പെടാതെ  പതുക്കെ മുന്നോട്ട് നടന്നു…

ആ ഹാളിന്റെ വാതിലിനു സമീപം എത്തിയപ്പോള്‍ ബീരാന്‍ പിടിക്കപ്പെട്ടു… വാതില്‍ കാവല്കാരനാല്‍….
“ഇവിടെ വി ഐ പി കള്‍ക്ക് മാത്രം ഉള്ളതാണ്… സ്പെഷ്യല്‍ ഫുഡ്‌… നാട്ടുകാര്‍ക്ക് അപ്പുറത്താ….” കാവല്‍ക്കാരന്‍ പറഞ്ഞു…

ആ വാക്കുകള്‍ ബീരാന്റെ ഹൃദയത്തില്‍ തറച്ചു….

“ഒരു പരിപാടിക്ക് രണ്ട് തരം ഭക്ഷണമോ? കായിക്കാര്‍ക്ക് മുന്ത്യെതും…. സാധാരണക്കാര്‍ക്ക് രണ്ടാം തരവും…!!!!”
“ഇറങ്ങി പോയാലോ?” ബീരാന്‍ ശങ്കിച്ചു….

പക്ഷെ അരിഷ്ടത്തിന്റെ പ്രവര്‍ത്തനവും കാട പൊരിച്ചതിന്റെ മണവും ബീരാന്റെ കാലുകളെ നേരെ സാധാരണകാരന്റെ പന്തിയിലേക്ക് നയിച്ചു….

തിക്കി തിരക്കി ഇടി കൂടി ബീരാന്‍ അകത്ത് കടന്നു….
അകത്തെ കാഴ്ച കണ്ടപ്പോള്‍ ബീരാന്‍ വീണ്ടും ഞെട്ടി…
ഓണക്കാലത്ത് മാവേലി സ്റ്റോറില്‍ ഉണ്ടാകുന്നത് പോലെ ഉള്ള ക്യൂ ….
റയില്‍ പാളങ്ങളെ പോലെ അനന്തമായി നീണ്ടു കിടക്കുന്നു….
ബീരാനും അതിലെ കണ്ണിയായി…

ഏകദേശം അരമണിക്കൂര്‍ നടത്തിയ നൃത്തത്തിന്റെ ഫലമായി ബീരാന്‍ ഭക്ഷണം വിളമ്പുന്ന യൂണിഫോം ഇട്ട ആളുകളുടെ അടുത്തെത്തി…

അവിടെ അടുക്കി വെച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും ഒരു പാത്രം എടുത്തു….ഒരു കടലാസ് പ്ലയിറ്റ്‌…

ബസ്‌സ്റ്റാന്‍ഡില്‍ ഭിക്ഷ യാചിക്കുന്ന വൃദ്ധന്റെ ചിത്രം ബീരാന്റെ മനസ്സിലേക്ക് കടന്നു വന്നു….

അതും പിടിച്ച് മുന്നോട്ട് നടന്ന ബീരാന്‍ എത്തിയത് ചപ്പാത്തി എറിഞ്ഞു കൊടുക്കുന്ന പയ്യന്റെ അടുത്താണ്…

“ചപ്പാത്തി അല്ലേ…ഒന്ന് മതി…” ബീരാന്‍ പറഞ്ഞു…..

കാടയും കോഴി ബിരിയാണിയും ആണല്ലോ ബീരാന്റെ ആഗമനോദ്ദേശം….
ബീരാന്റെ പാത്രത്തിലേക്ക് ഒരു ചപ്പാത്തി വന്നു വീണു…

നടത്തം തുടരുന്നതിനിടയില്‍ ഒരു ദോശയും ഒരു ഇഡ്ഡലിയും ബീരാന്റെ പത്രത്തിലെ സ്ഥലം കയ്യേറി പട്ടയം സംഘടിപ്പിച്ചു…. മൂന്നാറിലെ രവീന്ദ്രന്‍ പട്ടയത്തെ പോലെ…

അതാ നമ്മുടെ കാട…
ബീരാന്‍ കൈ കാട പാത്രത്തിലേക്ക് നീട്ടി….
എന്നാല്‍ ബീരാന്റെ കൈ പാത്രത്തില്‍ എത്തിപ്പെടുന്നതിനു മുമ്പ് തന്നെ തട്ടി മാറ്റപ്പെട്ടു…
അത് കൊടുക്കാന്‍ നിയോഗിക്കപ്പെട്ട ആളുടെ കൈകളാല്‍…

എന്നിട്ട്  നാലില്‍ ഒന്നായി മുറിക്കപ്പെട്ട കാടയുടെ ഒരു കഷ്ണം ബീരാന്റെ പാത്രത്തിലേക്ക് ഇട്ട്‌ കൊടുത്തു…
“ഒന്ന് കൂടി… ” ബീരാന്‍ വിളമ്പി കൊടുക്കുന്നവനെ ദയനീയമായ അഭ്യര്‍ത്ഥനയോടെ നോക്കി…
രൂക്ഷമായ മറു നോട്ടത്തിലൂടെയാണ്  വിളമ്പുന്നവന്‍ പ്രതികരിച്ചത്…

അപ്പോഴേക്കും കുറച്ച്  ബിരിയാണിയും തൈരും എല്ലാം ബീരാന്റെ പാത്രത്തിലേക്ക് മറ്റു വിളമ്പുകാര്‍ എടുത്തു വെച്ചു..

ബീരാന്റെ പിറകിലത്തെ ആള്‍ ബീരാനോട് മുന്നോട്ട് നടക്കാന്‍ ആവശ്യപ്പെട്ടു….
നിരാശനായ ബീരാന്‍ മനസ്സില്ലാ മനസ്സോടെ മുന്നോട്ട് നടന്നു…
അവിടെ കൂട്ടിവെച്ച കാടയിലേക്ക് ഒന്ന് കൂടി നോക്കി കൊണ്ട്…

ബീരാന്‍ ഇരിക്കാന്‍ ഒരു സ്ഥലം നോക്കി…
ഇരുന്ന് തിന്നാന്‍ കുറച്ച് പേര്‍ക്കെ സൗകര്യം ചെയ്തിട്ടുള്ളൂ….
ആ സ്ഥലങ്ങള്‍ എല്ലാം മറ്റുള്ളവരാല്‍ കയ്യടക്കപ്പെട്ടിരിക്കുന്നു….
കുറച്ച് പേര്‍ കസേരയില്‍ ഇരുന്ന് പാത്രം കയ്യില്‍ പിടിച്ച് കഴിക്കുന്നു…
ബീരാന്റെ കണ്ണുകള്‍ കസേരക്കായി പരതി….
ഇല്ലാ… എവിടെയും ഇല്ല ഒഴിഞ്ഞ കസേര…

ഒടുവില്‍ ഭൂരിപക്ഷം പേരും ചെയ്യുന്ന പരിപാടി പിന്തുടരാന്‍ ബീരാന്‍ തീരുമാനിച്ചു….
നിന്ന് കൊണ്ട് തിന്നുക…

ബീരാന്‍ ആ തീരുമാനത്തോടെ തന്റെ പാത്രത്തിലേക്ക് നോക്കി…
ബിരിയാണിയും, തൈരും, അച്ചാറും, ദോശയും എല്ലാം നന്നായി മിക്സ്‌ ആയിരിക്കുന്നു….
നല്ലൊരു വിരുദ്ധാഹാരം….
പാത്രമാണെങ്കില്‍ ഞെരിപിരി കൊള്ളുന്നുണ്ട്…
അരിഷ്ടം ഒന്നുകൂടി പ്രവര്‍ത്തിച്ചപ്പോള്‍ ബീരാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു….
ബീരാന്‍ തനിക്ക് കിട്ടിയതെല്ലാം വേഗം അകത്താക്കി…
കുറച്ച് ഭക്ഷണം ചെന്നതോടെ ബീരാന്റെ ആമാശയം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു…

കുറച്ച് കൂടി ഭക്ഷണം കിട്ടാന്‍ എന്ത് ചെയ്യും എന്ന ചിന്തയോടെ ചുറ്റും നോക്കി…
അപ്പോളാണ് ബീരാന്‍ കാര്യം തിരിച്ചറിഞ്ഞത്…
ഇനിയും ക്യൂവില്‍ നിന്ന് വേണം ഭക്ഷണം എടുക്കാന്‍…
ക്യൂ ആണെങ്കില്‍ നേരത്തേതിനേക്കാള്‍  നീണ്ടിരിക്കുന്നു…

അതുകൊണ്ട് തന്നെ പലരും വീണ്ടും ഭക്ഷണം എടുക്കാതെ ആദ്യം കിട്ടിയതും തിന്നു സ്ഥലം വിടുകയാണ്…

ബീരാനും അതിനു തന്നെ തീരുമാനിച്ചു…
“ഇനിയും ഇവിടെ ക്യൂവില്‍ നിന്നും ഭക്ഷണം കിട്ടുമ്പോഴേക്കും കുടലിനു തുള വീണിരിക്കും…വീട്ടില്‍ പോകാം…”

കൈ കഴുകി പുറത്തുവന്നപ്പോള്‍ അലവി മുന്നില്‍ പ്രത്യക്ഷപ്പെട്ടു..
“ബീരാനെ ഭക്ഷണം നന്നായില്ലേ?” അലവിയുടെ നാവ് ചലിച്ചു…

ബീരാന് ആട്ടാനാണ് തോന്നിയത്…

“എടാ പോത്തെ… നാട്ടുകാരെ വിളിച്ചു വരുത്തുമ്പോ മാന്യമായി സ്വീകരിക്കണം. ഭക്ഷണം എന്തായാലും അത് മേശപ്പുറത്ത് വെച്ച് അന്തസ്സായി കഴിക്കാനുള്ള അവസരം ഉണ്ടാക്കണം….അല്ലാതെ ഭൂകമ്പം ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസം വാങ്ങാന്‍ നില്‍ക്കുന്നവരെ പോലെ കൈനീട്ടി നിര്‍ത്തിയല്ല ഭക്ഷണം കൊടുക്കേണ്ടത്…വി ഐ പി ക്ക് ഒന്നും സാധാരണക്കാരന് മറ്റൊന്നും… ഇത് എവിടത്തെ നിയമമാണെഡോ…അന്റെ പൊങ്ങച്ചം കാണിക്കാന്‍ സാധാരണക്കാരനെ ഇങ്ങിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഉണ്ടെടോ കൊലവീ…” ഇത്രയും പറയണം എന്നു കരുതി ബീരാന്‍ വായ തുറന്നപ്പോഴേക്കും അലവി മറ്റൊരാളുടെ അടുത്ത് ചെന്ന് ബീരാനോട് ചോദിച്ച ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു….

ആമാശയത്തില്‍ നിന്നും വീണ്ടും സിഗ്നല്‍ വന്നപ്പോള്‍ ബീരാന്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു…

റോഡിലേക്ക് ഇറങ്ങി ഓട്ടോ പിടിച്ചു…
വീട്ടിലേക്ക് കുതിച്ചു…
ഓട്ടോ വീടിന്നു മുന്നില്‍ എത്തി…
ആമിന മുറ്റത്ത്‌ തന്നെ ഉണ്ടായിരുന്നു…
ഓട്ടോക്കാരനെ വാടക കൊടുത്ത് പറഞ്ഞയച്ച് ബീരാന്‍ വീട്ടിലേക്ക് കയറി…

“നല്ലം വയറ് നിറച്ച് തിന്നിട്ട് നടക്കാന്‍ വയ്യാതായപ്പോ ഓട്ടോ പിടിച്ചു അല്ലേ ??” ആമിന ചോദിച്ചു…
ബീരാന് ആട്ടാനാണ് തോന്നിയത്…

“ചോറ് കൊറച്ച് എടുത്തു വെച്ചാ…” ബീരാന്‍ പറഞ്ഞു…
ആമിന : “എന്തിനാ ചോറ്? മൂക്കറ്റം തിന്നിട്ടല്ലേ വരുന്നത്?”
ബീരാന്‍ : “ചോറ് എടുത്ത് വെക്ക്… വെറുതെ ന്നെ ദേഷ്യം പിടിപ്പിക്കണ്ടാ…”

ആമിന : “ചോറ് തീര്‍ന്നല്ലോ… ഇങ്ങള് വേണ്ടാന്നു പറഞ്ഞപ്പോ കൊറച്ചേ ഉണ്ടാക്കിയിട്ടുള്ളൂ..അത് ഞാന്‍ തിന്നു.”

ബീരാന്‍ : “പിന്നെന്താ തിന്നാന്‍ ഉള്ളത്?”
ആമിന : “പുട്ട് ഉണ്ട്. രാവിലെ ങ്ങള് വേണ്ടാന്ന് പറഞ്ഞ ഒണക്ക പുട്ട്..”
ബീരാന്‍ : “അത് എടുക്ക്…”
ആമിന : “കറി ഒന്നും ഇല്ല”
ബീരാന്‍ : “കൊറച്ച് കട്ടന്‍ ചായ ഉണ്ടാക്കിക്കോ…”
അധികം വൈകാതെ പുട്ടും കട്ടനും മേശപ്പുറത്ത് എത്തി…
ബീരാന്‍ ആര്‍ത്തിയോടെ അത് അകത്താക്കി…

ഒണക്ക പുട്ടിന്റെ യഥാര്‍ത്ഥ രുചി ബീരാന്‍ അന്നു തിരിച്ചറിഞ്ഞു…

പുട്ട് തിന്നുമ്പോള്‍ ആമിന ബീരാന്റെ അടുത്ത് വന്ന് ചോദിച്ചു…
“അല്ല.. എന്താ ഈ ബഫേ ? ങ്ങള് വന്നിട്ട് പറഞ്ഞ്‌ തരാന്ന് പറഞ്ഞില്ലേ?”

ബീരാന്‍ : “അതായത്… തിന്നാന്‍ പല തരത്തില് ഉള്ള സാധനവും ഉണ്ടാവും. എന്നാല്‍ ഒന്നും വയറ് നിറച്ച് തിന്നാന്‍ കിട്ടൂലാ… ഒക്കെ തൊട്ട് നാവിന്മേ വെക്കാനെ കിട്ടൂ…പിന്നെ ഇരുന്ന് തിന്നാന്‍ പറ്റൂല…നടന്ന് തിന്നണം. തിന്നുമ്പോ കുറച്ച് അശ്രദ്ധ പറ്റിയാല്‍ കുപ്പായത്തിമ്മെ കറയാവും… ഇടക്ക് വെള്ളം കുടിക്കാന്‍ തോന്നരുത്. തോന്നിയാല്‍ ഒരു കയ്യില്‍ വെള്ളവും മറുകയ്യില്‍ പാത്രവും പിടിച്ച്‌ ബാലന്‍സ് ചെയ്തു വെള്ളം കുടിക്കാന്‍ ഉള്ള കഴിവ്ണ്ടാവണം… പിന്നെ തിന്നാന്‍ കിട്ടിയത് ഒക്കെ കുഴഞ്ഞ്‌ മറിഞ്ഞ് സാമ്പാര്‍ പരുവത്തില്‍ ആയിട്ടുണ്ടാവും…ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ബഫെക്ക് പോകുമ്പോ ആദ്യം നമ്മുടെ പെരേല് വല്ലതും ഉണ്ടാക്കി വെച്ചിട്ട് വേണം പോകാന്‍…ഓടി വന്ന് എടുത്ത് തിന്നാലോ….അതാന്റെ ആമിനാ ബഫേ…” പുട്ട് അകത്താക്കുന്നതിനിടയില്‍ ബീരാന്‍ വിശദീകരിച്ചു….

You May Also Like

നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?

അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!

ഞാനും എന്‍റെ ലാപ്ടോപ്പും പിന്നെ കുറെ ഉറുമ്പുകളും

ഉറുമ്പുകള്‍ക്ക് നമ്മുടെ നിത്യജീവിതത്തില്‍ എന്താണ് പ്രാധാന്യം? പ്രത്യേകിച്ച് കാര്യമായ പ്രാധാന്യമൊന്നുമില്ലായിരിക്കും .അവര്‍ അവരുടെതായ വഴിയില്‍ ജീവിക്കുന്നു, നമ്മള്‍ നമ്മുടെതായ വഴിയിലും.അവരെ ഒന്ന് നോക്കുക പോയിട്ട് അവര്‍ എങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കുവാന്‍ കൂടി നമ്മള്‍ മെനക്കെടാറില്ല.നിസ്സാരക്കാരില്‍‍ നിസ്സരക്കാരായി നമ്മള്‍ കാണുന്ന ഒരു ജീവി.എന്നാല്‍ എനിക്കിന്ന് അവര്‍ നിസ്സാരക്കാരല്ല, ഭയത്തോട് കൂടിയാണ് ഞാന്‍ അവയെക്കുറിച്ച് ഓര്‍ക്കുന്നത്.കാരണം വേറൊന്നുമല്ല.എന്‍റെ അരലക്ഷത്തോളം വിലമതിക്കുന്ന ലാപ്ടോപ്പ് ഒരു വിഗലാംഗനെപ്പോലെയാക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആണെന്ന് തെളിയിച്ചുകഴിഞ്ഞവരാണ് മേല്‍പറഞ്ഞ കൂട്ടര്‍.അതെ, എന്‍റെ ലാപ്ടോപ്പില്‍ ഇന്ന് ഇന്ന് കണ്‍ട്രോള്‍ കീ (ctrl), ഷിഫ്റ്റ്‌ ,ആരോ കീ കള്‍ പൂജ്യം(0) പിന്നെ രണ്ടു മൂന്നു വള്ളി പുള്ളികള്‍ (“]{- etc. ) മുതലായവ പൂര്‍ണ്ണമായും സ്പേസ് ബാര്‍ ഭാഗികമായും നശിച്ചിരിക്കുകയാണ്.രണ്ടാഴ്ചയായി ഞാനും ഒരുപറ്റം ഉറുമ്പുകളും തമ്മില്‍ നടത്തിയ അതി സാഹസികമായ പോരാട്ടങ്ങളുടെ കഥ കേട്ടോളൂ.

മല്ലൂസ്, വെറുതെ അത്യാഗ്രഹിയാവാതെ…

എന്തൂട്ടാ അച്ചായാ രാവിലെ ലാപ്പിന് മുമ്പില്‍ അന്തംവിട്ടിരിക്ക്ണ്? ഈലോകത്ത് സൂപ്പറായോ? എവടംവരെയെത്തി? എവടെ എത്താന്‍.. ഈലോകം തല കീഴായ് മറിഞ്ഞിരിക്കുന്നു. പാതാളത്തിലുള്ളവര്‍ മുകളിലെത്തി.. വര്‍ഷത്തില്‍ വിസിറ്റിന് പോലും വരാത്ത മാവേലിമാരാ ചന്ദീരന്‍ കുഞ്ഞിനെ പോലെ മുകളില്‍.

കാലന്‍ കുട്ടി – നര്‍മ്മകഥ

ഒരിക്കല്‍ അദ്ദേഹം കള്ളുകുടി മോര്‍ണിംഗ് ഷിഫ്‌ററിലേക്ക് മാറ്റി. അക്രമം അതിര് കടന്നപ്പോള്‍ എന്റെ അങ്കിള്‍സ് അദ്ദേഹത്തെ വീടിന്റെ മുറ്റത്ത് ഒരു കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു.