ഗദ്ദാമകളെ സൃഷ്ടിക്കുന്നതിന് മുമ്പ്…

0
385

അറബികളുടെ എത്രയോ നല്ല മനസ്ഥിതി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ. പ്രത്യേകിച്ച് പോലീസുകാർ, നമ്മുടെ ഭാഗത്ത് തെറ്റാണെങ്കിൽ പോലും അവരടുത്തുവന്ന് കൈ പിടിച്ച് സലാം (സമാദാനത്തിന്റെ അഭിവാദനരീതി) പറഞ്ഞാണ് തുടങ്ങുക. കാറിനുള്ളിൽ കീ കുടുങ്ങിയപ്പോൾ കീ എടുക്കാൻ സഹായത്തിന് വന്ന പോലീസുകാരൻ കുപ്പക്കൂനയിൽ നിന്നും കമ്പികഷ്ണമെടുത്ത് വരുന്ന രംഗം മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നു. സ്വഭാവം കൊണ്ട് നമ്മുടെ ജനകീയ പോലീസിനെ അവരുടെ നാല് കിലോമീറ്റർ അടുത്ത് വെക്കാൻ പോലും പറ്റില്ല. റോഡിൽ വണ്ടി ഓഫായാൽ പൊലീസുകാർ പിറകിൽ നിന്നും തള്ളി സഹായിക്കുന്നത് എപ്പോഴും കാണുന്നതാണ്. ഏത് വലിയ ഓഫീസറാണെങ്കിലും കൈകൊടുത്ത് വിഷയങ്ങൾ പറയാനും അന്വോഷിക്കാനും കഴിയും. രേഖകള്‍ എല്ലാം ശരിയാണെങ്കില്‍ ഗൾഫിൽ എവിടെയും ഒരൂ പ്രശ്നവുമില്ല. പിന്നെ വൃത്തികേട് കാണിക്കുന്നവർ എല്ലാ രാഷ്ട്രങ്ങളിലും ഉള്ളത് പോലെ ഗൾഫിലും ഉണ്ട്. എന്നാൽ ശതമാനത്തിൽ നോക്കുകയാണെങ്കിൽ എത്രയോ കുറവാണ് അത്തരക്കാർ. അതാണ് സത്യം. എന്നാൽ അതിൽ നിന്നും വിഭിന്നമാണ് കമൽ ചിത്രീകരിച്ച ഗദ്ദാമ. അദ്ദേഹം ഗദ്ദാമയെ കണ്ടിട്ടില്ല, കാണാൻ ആഗ്രഹിച്ചിട്ടുമില്ല. കാരണാം ഗദ്ദാമമാരെ സഹായിക്കലല്ലല്ലൊ അവരുടെ ലക്ഷ്യം. കമൽ സംവിധാനം ചെയ്ത് ഗദ്ദാമയിലൂടെ വിളിച്ച് പറായാൻ ആഗ്രഹിക്കുന്നത് ക്രൂര സ്വഭാവക്കാരയ അന്യപ്രദേശത്തുകാരെ കുറിച്ചാണ്. അക്രമികൾ ലോകത്ത് എല്ലാ രാജ്യങ്ങളിലുമുണ്ടാകും. എന്നാൽ ഊഹകഥകളിലൂടെ കുറ്റകൃത്യങ്ങളെ ചില പ്രദേശത്തേക്കും ആളുകളിലേക്കുമായി തീറെഴുതി കൊടുക്കുന്നതിന് മുമ്പ് നമ്മുടെ സ്വന്തം നാട്ടിലേക്ക് വരിക. അതിനുശേഷം പോരെ അന്യദേശക്കാരെ വിമർശിക്കൽ?

സഹിഷ്ണുതയുടെ വിഷയത്തിൽ അറബികളുടെ നാലയലത്ത് പോലും നിൽക്കാൻ വകയില്ലാത്ത നമ്മളാണ് വിമർശനകഥയുമായി ഇറങ്ങിയിരിക്കുന്നത്. സ്വന്തം സഹോദരനെ പോലെ കാണേണ്ട അയൽ സംസ്ഥാനക്കാരായ തമിഴന്മാരെ ഏത് രീതിയിലാണ് നാം കൈകാര്യം ചെയ്യുന്നത്? ഇന്ത്യക്കാരെല്ലാം സഹോദരി സഹോദരന്മാരാണെന്ന് മനോഹരമായി ശ്ലോഗം ചൊല്ലാനല്ലാതെ എന്ത് സഹിശ്ണുതയാണ് നാം തമിഴരോട് കാണിക്കാറ്? കളറിന്റെ പേരിലും നാടിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യരെ അകറ്റിനിർത്തുന്ന നമ്മളാണ് സഹിഷ്ണുതയുടെ, മാനുഷിക മൂല്യങ്ങളുടെ അപോസ്തലന്മാരായി രംഗപ്രവേശനം ചെയ്യുന്നത്! സംസ്കാരവും മനുഷ്യത്വവും വീമ്പിളക്കിപറയാനുള്ളതല്ല, ജീവിതത്തിൽ കാണിച്ച് കൊടുക്കാനുള്ളതാണ്. എന്താണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ? ട്രൈനിൽ നിന്നും തള്ളിയിട്ട് മൃഗീയമായി പീഡിപ്പിച്ച് കൊന്നതിന് ശേഷം ഇന്നിപ്പോൾ ജീവൻ വെടിഞ്ഞവൾക്ക് വേണ്ടി കൈകോർക്കാൻ നടക്കുകയാണ് നാം. അത് മുഖേന മരിച്ചുകഴിഞ്ഞ ആ സഹോദരിക്ക് എന്ത് ഗുണമാണ് കിട്ടുക? അത്തരം പരിപാടികളെ വിമർശിക്കുകയല്ല, അവ ധാർമ്മികതയിലേക്കുള്ള തിരിച്ച് പോക്കാവാൻ ആർക്കെങ്കിലും സഹായകമായെങ്കിൽ അത്രയും നന്ന്.

പറഞ്ഞുവരുന്നത്, ഇത്തരത്തിൽ ഒറ്റപെട്ടതെന്ന് പറഞ്ഞുതള്ളുന്ന സംഭവങ്ങൾ വളരെ വർദ്ധിച്ചുവരുന്നു. കാശ് കൊടുത്ത് സ്വന്തം സഹോദരിയെ അടിമയാക്കാൻ തിടുക്കംകാട്ടുന്ന വൃത്തികെട്ട മനസ്സിനുടമകളാണ് നമുക്കിടയിലുള്ളതെന്നാണ് ഇന്നത്തെ വാർത്തകൾ നമ്മോട് വിളിച്ച് പറയുന്നത്. ഇന്ത്യാക്കാരുടെ സഹോദര്യ സ്നേഹം സ്ലോഗങ്ങളിൽ മാത്രമാണുള്ളത് എന്നല്ലെ ഓരോ വർത്തകളും നമ്മോട് പറയുന്നത്? രാജ്യത്ത് നീതിന്യായം നടപ്പിലാക്കേണ്ടവരിൽ നിന്ന് പോലും അങ്ങിനെയുള്ളതാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മരിക്കാൻ കിടക്കുന്ന പട്ടിണി പാവങ്ങൾക്ക് നേരെ പോലും ജാതീയതയുടെയും കളറിന്റെയും വിരൽചൂണ്ടിയാണ് നാം ഇടപെടുന്നത്.സത്യത്തിന്റെയും ശാന്തിയുടെയും സന്ദേശങ്ങളിലൊക്കെ പ്രതിജ്ഞയെടുത്തവരാണ് പട്ടിണിപാവങ്ങളുടെ കുട്ടികളെ വാങ്ങി അടിമവൃത്തിക്കിടുന്നത്. വിധിയെ പറഞ്ഞ് കൊലക്ക് കൊടുക്കുന്നത് കൂടാതെയാണ് ഇത്തരം അടിമകച്ചവടങ്ങൾ!! പതിനൊന്ന് വയസ്സായ ഒരു കുട്ടിക്ക് എന്ത് മാത്രം വീട്ട് ജോലി ചെയ്യാനാവും? കഴിയുന്നതൊക്കെ ചെയ്തീട്ടും തികയാത്തതിന്റെ പേരിൽ പാവം പൈതലിന്റെ ശരീരത്തിലേക്ക് തിളച്ചവെള്ളമൊഴിക്കുന്നു! വലിച്ച് വിടുന്ന പുകക്ക് വീര്യം കുറഞ്ഞതിന് കുഞ്ഞുശരീരത്തെ പൊള്ളിക്കുന്നു! വിദ്യാഭ്യാസത്തിന്റെ കുറവാണോ ഇത്തരം ചെറ്റ നാറികൾക്കുള്ളത്? ഓരോ ഇന്ത്യൻ കുഞ്ഞിനും അടിസ്ഥാനമായി ലഭിക്കേണ്ട വിദ്യാഭ്യാസത്തെ പോലും ഹനിച്ചാണ് ജ്ഞാനമെഴുതേണ്ട കുഞ്ഞ് വിരലുകളെ ചവിട്ടിയരക്കുന്നത്, പട്ടിക്കൂട്ടിലിട്ടും ചവിട്ടിയും കുത്തിയും കലി തീരാഞ്ഞിട്ടല്ലേവിറക് കൊള്ളികൊണ്ടടിച്ചും പീ‍ഡിപ്പിച്ച് കൊന്നത്! സിനിമയിൽ പോലും ഇങ്ങിനെയുള്ള ക്രൂര കഥാപാത്രത്തെ ലോകത്താരും ചിത്രീകരിച്ചിട്ടുണ്ടാവില്ല. അതാണ് ഇന്നത്തെ സാംസ്കാരിക കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്!!

അതിലേറെ കുറ്റകരമായി തോന്നുന്നത് ഈ പാവം പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്ന അയൽപക്കത്തുള്ളവരും നാട്ടുകാരും എതിർക്കുകയോ പെൺകുട്ടിക്ക് വേണ്ട നിയമപരമായ സഹായങ്ങളോ ചെയ്തില്ല എന്നതാണ്. വിദ്യാഭ്യാസമുള്ളവർ പഠിച്ചെടുത്ത ജ്ഞാനമെന്താണാവോ!! കുട്ടിക്ക് ശുശ്രൂഷ നൽകാൻ വന്ന മൃഗഡോക്ടർ ഒരു മൃഗമല്ലായിരുന്നെങ്കിൽ ആ കുട്ടിക്ക് രക്ഷപെടാമായിരുന്നു. എല്ലാ പീഡനങ്ങളുമേറ്റ് ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ ഉണരുന്നു നാടിന്റെ സാംസ്കാരിക സാമൂഹിക മാനുഷിക ബോധം!! ഇതു തന്നെയല്ലെ ട്രൈനിൽ വെച്ച് പെൺകുട്ടിയെ അക്രമിച്ച് കൊലപെടുത്തിയപ്പോഴും സംഭവിച്ചത്? പ്രതികരണ ശേഷി വേണ്ടത് ആവശ്യമുള്ള സമയത്താണ്, എല്ലാം കഴിഞ്ഞതിന് ശേഷം നിയമപാലകർ അക്രമികളെ കൊണ്ട് പോകുമ്പോൾ രോഷം കൊള്ളാനുള്ളതല്ല.