ലോക്ക്ഡൗൺ കാലത്തെ വീട്ടകങ്ങൾ : Behind the closed doors

39

പാത്തു

ലോക്ക്ഡൗൺ കാലത്തെ വീട്ടകങ്ങൾ : Behind the closed doors

(പേര് വെളിപ്പെടുത്താത്ത ഒരാളുടെ അനുഭവം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്.)

വീടെന്നാൽ പലർക്കും പലതാണ്: ജീവിതപോരാട്ടത്തിലേറ്റ പരിക്കുകൾ ഊതിയാറ്റി വീണ്ടുമൊരു യുദ്ധത്തിനിറങ്ങാൻ റീചാർജ് ചെയ്യാനുള്ള ഇടമാണ്, പരാജയങ്ങളുടെ കാറ്റു വീഴ്ചകളിൽ കടപുഴകി വീഴുമ്പോൾ സ്നേഹത്തിന്റെ വെളിച്ചം കെടുത്താതെ എല്ലായിപ്പോഴും നമുക്കായി ഉപാധികളില്ലാതെ തുറന്നു വെച്ചിരിയ്ക്കുന്ന ഒരേയൊരു വാതിലാണ്… ,അമ്മയുടെ വാത്സല്യമാണ്, അച്ഛന്റെ കരുതലാണ്, അനിയത്തിയുടെ കുസൃതിയാണ്.അങ്ങനെ പലവിധ വർണ്ണ ശബള മോഹന കല്പനകളാൽ അലംകൃതമാണ് വീടെന്ന ആ മഹാസങ്കൽപം, അധികം പേർക്കും.

പക്ഷെ ഒരെയൊരഭയസ്ഥാനമായ വീടെന്നത് frame ചെയ്തു വെച്ച typical കുടുംബഫോട്ടോയിൽ നുരഞ്ഞു നില്ക്കുന്ന വീടത്ത്വത്തിനപ്പുറം പൊള്ളയായ സങ്കല്പങ്ങളുടെ പുറന്തോട് ഒന്നെടുത്തു മാറ്റിനോക്കാൻ ധൈര്യം കാണിക്കുക : അടിച്ചമർത്തലുകളുടെ അധികാരപ്രയോഗങ്ങളുടെ, സ്ത്രീധന പീഡനങ്ങളുടെ , child abuse-ന്റെ, ഡൊമെസ്റ്റിക് വയലെന്സിന്റെ, അപമാനത്തിന്റെ, വിവേചനത്തിന്റെ , ഒരിക്കലും ഒത്തു തീർപ്പിലെത്താത്ത അനന്തമായ Ego battles -ന്റെ, പിരിഞ്ഞു പോകാൻ പോലുമാവാതെ മഹാമൗനങ്ങളിലോ ആത്മഹത്യയിലോ അഭയം തിരഞ്ഞുപോയവർ പറയാതെ വിഴുങ്ങിയ ചോദ്യങ്ങളുടെ…അങ്ങനെ എന്തിന്റെയൊക്കെ ശേഷിപ്പുകളാകും വെളിച്ചം കാണാത്ത ഇരുതല മൂരികളെ പോലെ വീടിനകത്തെ ഇരുണ്ട മൂലകളിൽ ഒളിഞ്ഞിരിപ്പുണ്ടാകുക!

വഴികളൊക്കെ വീട്ടിലേയ്ക്ക് മാത്രമാകുകയും,ലോകം മുഴുവനും വീട്ടിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്ന ലോക്ക്ഡൗൺ കാലം വീട്ടകങ്ങളിൽ domestic violence-ന്റെ വയലറ്റ് പൂക്കൾക്ക് വസന്തകാലം കൂടിയാവുകയാണ് – കണ്ണും കാതും തുറന്നിരിയ്ക്കുക.അടുത്ത വീട്ടിൽ ഉച്ചത്തിൽ വെച്ചിരിയ്ക്കുന്ന tv യിലെ നാലാം വട്ടം rpt ചെയ്യുന്ന കോമഡി ഷോയുടെ back ground-ലെ ചിരിയ്ക്കു പിറകിൽ ഒരു നിലവിളി കഴുത്തു ഞെരിയ്ക്കപ്പെടുന്നുണ്ടാവാം.അല്ലെങ്കിൽ ഒരു സ്വപ്നം വീണു ചിതറി ചോരയൊലിപ്പിക്കുന്നുണ്ടാവാം,

Lock down കാലത്തെ വീട്ടകങ്ങളെ കുറിച്ച്,Domestic violence-നെ കുറിച്ച് ഒരനുഭവ സാക്ഷ്യം,

Trigger_Warning: This article contains details of domestic violence
വീട്ടിലേക്ക് പോവാൻ എനിക്ക് പേടിയായിരുന്നു.വീട്ടിൽ ചെന്നിട്ട് അഞ്ചു മാസമായെങ്കിലും എനിക്ക് പോവാൻ പേടിയായിരുന്നു.കൊറോണ വൈറസ് ബാധിക്കുന്നതിലും എനിക്ക് പേടിയുണ്ടായിരുന്നത് വീട്ടിലേക്ക് പോവുന്ന കാര്യം ആലോചിച്ചിട്ടായിരുന്നു. പക്ഷെ, കൊറോണ പടർന്നു പിടിക്കുന്ന ഇങ്ങനൊരു സാഹചര്യത്തിൽ കൂടെ പഠിക്കുന്നവരോടൊപ്പം പോവുകയല്ലാതെ എനിക്ക് മറ്റു വഴികൾ ഇല്ലായിരുന്നു.

എന്റെ കുടുംബ ജീവിതം നല്ല നിലയിലാണോ എന്നത് കോറോണയ്ക്ക് ഒരു വിഷയമല്ലല്ലോ.
വീടെന്നാൽ കൂടെയുള്ളവർക്ക് വീട്ടുകാർക്കൊപ്പം ഇരിക്കുന്ന സന്തോഷവും, സുരക്ഷിതവും സമാധാനമുള്ള, നല്ല ഭക്ഷണവും കിട്ടുന്നൊരു ഇടമാണ്. എനിക്കോ? അവരുടെ വീടുകളെ പറ്റിയുള്ള ഭംഗി വാക്കുകൾ ഞാൻ മറുത്തൊന്നും പറയാതെ കേട്ടിരുന്നു. അതല്ലേ എനിക്ക് സാധിക്കുള്ളൂ.പ്രത്യക്ഷത്തിൽ എന്റെ കുടുംബത്തെ കാണുമ്പോൾ കുറവുകളോ പ്രശ്നങ്ങളോ ഇല്ലാത്ത തികഞ്ഞ കുടുംബമായി തോന്നാം. അച്ഛൻ, അമ്മ, ഞാനും സഹോദരനും. ഒരു സന്തുഷ്ട കുടുംബം. ഫോട്ടോ എടുത്താൽ ഗംഭീരം.

പക്ഷെ, ഫോട്ടോകൾ സംസാരിക്കില്ലല്ലോ. എന്റച്ഛൻ അമ്മയെ ഒരു വേശ്യ എന്നുവിളിക്കുന്നത് ഫോട്ടോയിൽ കേൾക്കാൻ സാധിക്കില്ല. അമ്മ പറയുന്ന ഓരോ വാക്കിലും അരിശം കൊണ്ട് പല്ല് കടിക്കുന്ന യഥാർത്ഥ അച്ഛനെ ഫോട്ടോയിൽ അറിയാൻ പറ്റില്ല.അങ്ങനെയാണ് എന്റെ വീട്.അങ്ങനെ ഞാൻ വീട്ടിലെത്തി.നാളുകൾക്ക് ശേഷം തിരിച്ചു വന്ന മകളെ വരവേറ്റിയത് അച്ഛനായിരുന്നു. എന്നെ ഒരുപാട് ഇഷ്ടമായിരുന്നെങ്കിലും എനിക്ക് പേടിയും വെറുപ്പുമായിരുന്നു. അച്ഛൻ എന്നെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു.ഉറങ്ങിയിരുന്ന അമ്മ ഞാൻ വന്നത് അറിഞ്ഞതോടെ എണീറ്റുവന്ന് എന്റടുക്കൽ കൈ കഴുകാൻ പറഞ്ഞു.ഇത് കേട്ടതോടെ അച്ഛന്റെ കെട്ടപിടിക്കൽ നിന്ന് പോയി.

“അവൾ വന്ന രണ്ട് മിനുട്ട് ആയിട്ടില്ല, അപ്പോഴേക്കും തുടങ്ങി അവളുടെ…. നാണമില്ലാത്ത ജന്തു!” അച്ഛൻ അലറി.ആ ഒരു അലറലോടെ ഞാൻ വീടെന്ന യാഥാർത്ഥ്യത്തിലേക്ക് എത്തി ചേർന്നെന്ന് മനസ്സിലായി. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ദാലും ചോറുമായിരുന്നു. എനിക്ക് പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന്.കഴിച്ചു തുടങ്ങിയപ്പോൾ തന്നെ കറിയിൽ തീരേ ഉപ്പില്ല എന്ന് അച്ഛൻ രോഷം കൊണ്ട് പറഞ്ഞു.”ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ല. നിനക്കു രണ്ടെണ്ണം കിട്ടിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ,” അച്ഛൻ ദേഷ്യം കൊണ്ട് ചുവന്ന മുഖഭാവത്തിൽ പറഞ്ഞു.എന്നിട്ട്, ഒരു വീണ്ടുവിചാരവുമില്ലാതെ, നിസ്സംഗതായില്ലാതെ അച്ഛൻ അമ്മേടെ ചെകിട്ടത്ത് രണ്ടടി അടിച്ചു. പടക്കം പൊട്ടിയ പോലത്തെ ശബ്ദം എന്റെ കാതുകളിൽ ഇരച്ചു കയറി.ദാൽ കറിയിലെ ഉപ്പ്, മായാജാലം പോലെ, അതോടെ ശെരിയായി.എന്നിട്ടും കലിയടങ്ങാത്ത അച്ഛൻ തന്റെ ചേരിപ്പൂരി അമ്മ കഴിച്ചോണ്ടിരുന്ന പ്ലേറ്റിൽ വെച്ചു. ഒന്നുങ്കിൽ ആ പ്ലേറ്റിൽ നിന്നും കഴിക്കാം ഇല്ലെങ്കിൽ പട്ടിണി കെടുന്നോ എന്ന് ആജ്ഞാപിച്ചു.ചൂടുള്ള കണ്ണീർ തുള്ളികൾ നിറഞ്ഞു കവിഞ്ഞൊഴുകുന്നുണ്ടെങ്കിലും ഞാൻ മിണ്ടിയില്ല. ഒരക്ഷരം മിണ്ടിയില്ല. പത്തൊമ്പത് വർഷമായി ഇങ്ങനെ. ഞാനൊന്നും മിണ്ടാറില്ല. പേടിയായിരുന്നു. അടങ്ങാത്ത ഭയമായിരുന്നു. എന്റെ സഹോദരനും എന്നും മൗനമായിരുന്നു. മരവിച്ചു പോയിട്ടിണ്ടാവും അവന്റെ മനസ്സ്.അമ്മ കഴിച്ചില്ല. ശീലമായിട്ടുണ്ടാവും.

മനുഷ്യർ എപ്പോഴും അതിജീവനത്തിന്റെ പാതയിലാണല്ലോ. ഞങ്ങളുടെ അതിജീവനം ഇങ്ങനെയായിരുന്നു: മൗനം കൊണ്ട് നിറഞ്ഞത്.വീട്ടിൽ എത്തി ഒരു മാസം ആവുന്നു. പക്ഷെ കഴിഞ്ഞ ദിവസം അച്ഛൻ അമ്മയുടെ മുഖത്തേക്ക് തുപ്പി. ടിവിയുടെ ശബ്ദം കൂടിപോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ മർധനം. ആവശ്യത്തിനുള്ള സ്ത്രീധനം കിട്ടിയില്ലെങ്കിൽ ഭാര്യയെ പിന്നെ അടിച്ചു പൊട്ടിച്ചു പഞ്ചറൊട്ടിച്ചു പിന്നെയും അടിച്ചു പൊട്ടിക്കാമല്ലോ. അതാണല്ലോ നീതി.തുപ്പി കഴിഞ്ഞപ്പോ മതിയായില്ല എന്ന് തോന്നിയത് കൊണ്ടാവും അച്ഛൻ പിന്നെ സിനിമ സ്റ്റൈലിൽ ബെൽറ്റ് എടുത്തത്.ഓരോ വീശലും അമ്മയുടെ ശരീരത്തിൽ ചെന്നെത്തി അവസാനിക്കുന്നതിന്റെ ശബ്ദം ആ നിശബ്ദമായ വീട്ടിൽ നിറഞ്ഞു. അമ്മ ഒരുപാട് കരയുന്നുണ്ട്. ആ കരച്ചിൽ എന്റെ തലയിൽ അങ്ങോളം ഇങ്ങോളം മുഴങ്ങുന്നുണ്ട്. അമ്മയുടെ മറ്റനേകം കരച്ചിലുകൾ പോലെ.

ഈ അടിമത്വത്തിൽ നിന്നും മോചനം വാങ്ങിക്കാൻ അമ്മയോട് ഞാൻ പറഞ്ഞത്തിന് കണക്കില്ല. പക്ഷെ, സ്വാതന്ത്ര്യത്തോടുള്ള ഭയം ഭർത്താവിനൊപ്പം ജീവിക്കുമ്പോഴുള്ള ഭയത്തേക്കാൾ വലുതാണ്. അതോണ്ട് അമ്മ ഒരിക്കലും മോചനം വേണമെന്ന് പറയില്ല.ജിമ്മിൽ പോയി പെരുപ്പിച്ചെടുത്ത മസിലിനെ പ്രശംസിക്കാനും പ്രകീർത്തിക്കാനും കുറെ ആളുകളുണ്ട്. തന്റെ മസിലുകളുടെ ആരാധകർക്ക് അറിയില്ലല്ലോ അച്ഛന് വീട്ടിലുമുണ്ടൊരു പഞ്ചിങ് ബാഗ് എന്ന്.ലോക്ക്ഡൗണ് വന്നതിന് ശേഷമാണ് കാര്യങ്ങൾ കൈ വിട്ടുപോയത്. ജോലിക്ക് പോവേണ്ടി വരാത്ത അച്ഛന് അമ്മയാണ് ഇപ്പോ പ്രധാന വിനോദം.മറ്റുള്ളവരുടെ സന്തോഷമേറിയ വീട്ടുവിശേഷങ്ങൾ കേൾക്കുമ്പോൾ ഞാൻ എന്റെ വിശേഷങ്ങൾ ആരോടും പറയാൻ സാധിക്കാതെ മനസ്സിൽ ഒതുക്കി വെക്കുന്നു.