ചടുലമായ മൂവ്മെൻറുകളിലൂടെയും ശരീരഭാഷയിലൂടെയും രാജിയെ മികവുറ്റതാക്കി സാമന്ത

0
245

Bejoy R

എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാൻ സാദ്ധ്യതയുള്ള ആ ദൗത്യവും കഴിഞ്ഞ് പ്രധാനമന്ത്രിയുടെ കയ്യിൽ നിന്നും മെഡലും സർട്ടിഫിക്കറ്റും കാഷ് റിവാഡുമൊക്കെ മേടിച്ച് നിൽക്കുന്ന വളരെ ഗൗരവമുള്ള ആ സമയത്ത് ശ്രീകാന്ത് തിവാരിയോട് ജയവന്ത് ശബ്ദം താഴ്ത്തി , എത്രയാ നിനക്ക് കിട്ടീത് ,ഒരു ലക്ഷത്തിനടുത്ത് ,
സേം എനിക്കും അത്രയും കിട്ടി ,പത്ത് ശതമാനം ടി ഡി എസ് കട്ട് ചെയ്ത് 90 .

സീറ്റ് വക്കിലേക്ക് ആഞ്ഞിരുത്താൻ പാകത്തിനുള്ള അത്യുഗ്രൻ ത്രില്ലിങ്ങ് സീനുകളുമായി നമ്മളെ ആകാംക്ഷാഭരിതരായി മുൾമുനയിൽ നിർത്തി കഥ പറഞ്ഞ് പോകുന്നതിനടയ്ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലെ പൊട്ടിച്ചിരിപ്പിക്കുന്ന വൺ ലൈനേഴ്സ് , സിനിമ ആയിരുന്നെങ്കിൽ തീയറ്റർ മുഴുവൻ ചിരിയുടെ ശബ്ദം മുഴങ്ങേണ്ട ചെറിയ തമാശകൾ , വളരെ സീരിയസായ സന്ദർഭങ്ങൾക്കിടയിൽ കറക്ട് സ്ഥലത്ത്
വന്ന് പോകുന്ന ചെറിയ വിറ്റുകൾ .

രാജ് നിദിമോരുവും കൃഷ്ണ ഡി കെ യും ഒരുമിച്ചാണ് ഫാമിലിമാന് മുൻപും സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളത് ,ഷോർ ഇൻ ദി സിറ്റിയുടേയും ഗോ ഗോവ ഗോണിൻ്റേയുമൊക്കെ പ്ലോട്ട് നോക്കിയപ്പോൾ രസമുണ്ട് ,ഇവരുടെ മുൻ സിനിമകളൊന്ന് പരീക്ഷിച്ച് നോക്കണമെന്ന് തോന്നാനുളള കാരണം ഫാമിലി മാൻ അത്രയ്ക്കും ഇംപ്രസ് ചെയ്തു എന്നത് തന്നെ.

ദേശസുരക്ഷ , ടെററിസം , സബ്ജക്റ്റുകളിലൊക്കെ എത്രയോ സിനിമകൾ വന്ന് പോയിരിക്കുന്നു, നാടകീയതയും അതിഭാവുകത്വവും ചെടിപ്പിക്കുന്ന പാട്രിയോട്ടിസ അതിപ്രസരവുമൊക്കെ കുത്തിനിറച്ച് , ക്ലീഷേ നമ്പന്നമായ വധങ്ങൾ കണ്ട് ,പട്ടാള , ടെററിസ ,ദേശസ്നേഹ സിനിമകളെന്ന് കേട്ടാൽ ആ ഭാഗത്തേക്ക് നോക്കാൻ കൂടി തോന്നാറില്ല .

അവിടെയാണ് ഈ രണ്ട് പേർ , രാജും ഡിക്കെയും ആറ്റിക്കുറുക്കിയ തിരക്കഥയും ,നല്ല ഒന്നാന്തരം മേക്കിങ്ങുമായി നമ്മളെ ഒറ്റ ഇരുപ്പിന് ഒൻപത് എപ്പിസോഡുകളും കണ്ട് തീർക്കാൻ പാകത്തിനുള്ള ഒരു ഗ്രിപ്പിങ്ങ് വെബ് സീരീസുമായി ഞെട്ടിക്കുന്നത് .

തൻ്റെ ജീവിതത്തിലെ പ്രശ്നങ്ങളും ദേശീയ സുരക്ഷാ പ്രശ്നങ്ങളും മാനേജ് ചെയ്യാനും ബാലൻസ് ചെയ്യാനും ,പെടാ പാട് പെടുന്ന ശ്രീകാന്ത് തീവാരി -മനോജ് ബാജ്പേയ് ഒന്നാം ഭാഗത്തേക്കാൾ ഭംഗിയായിട്ടുണ്ട് . ചടുലമായ മൂവ്മെൻറുകളിലൂടെയും ശരീരഭാഷയിലൂടെയും രാജി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ
സാമന്തയാണ് രണ്ടിലെ സർപ്രൈസ് എന്ന് പറയാം .

പക്ഷെ രാജി എന്ന കഥാപാത്രത്തെ ഒന്നുകൂടി ഡിഫൈൻ ചെയ്യണമായിരുന്നു എന്ന് തോന്നി ,ശ്രീലങ്കൻ ആർമിയിൽ നിന്നും ഗവൺമെൻ്റിൽ നിന്നും തമിഴ് ജനത അനുഭവിക്കേണ്ടി വന്ന യാതനകളെ രാജിയിലൂടെയാണ് പറയാൻ ശ്രമിച്ചിരിക്കുന്നതെങ്കിലും അത് എത്രത്തോളം പ്രേക്ഷകനിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റി എന്നതാണ് സംശയം.

ജെക്കെ തൽപ്പാഡെ ആയ ഷരിബ് ഹഷ്മി ,ചെന്നൈ പോലീസിലെ ഉമയാൽ ദേവ ദർശിനി – ജേക്കേക്ക് ഉമയാലിനോടൊരു ബഹുമാന പുരസ്സര പ്രണയം ആദ്യ കാഴ്ചയിൽ തന്നെ നാമ്പിടുന്നതും കേസന്വേഷണത്തിൻ്റെ ടെൻഷനുകൾക്കിടയിലൂടെയത് മുമ്പോട്ട് പോകുന്നതുമെല്ലാം ചെറുചിരിക്കുള്ള സന്ദർഭങ്ങളാകുന്നുമുണ്ട് .

നിർണ്ണായകമായ പല ഇൻഫർമേഷൻ സിൻ്റേയും പുറകിലെ ചെല്ലം എന്ന മിസ്റ്റീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഉദയ് മഹേഷ് ,ശ്രീകാന്തിൻ്റെ ടീനേജ് മകൾ ധ്രിതിയായ അഷ്ലേഷ, ടാസ്കിലെ ചെന്നൈ ഉദ്യോഗസ്ഥനായ രവീന്ദ്ര വിജയ് അവതരിപ്പിച്ച മുത്തു പാണ്ട്യൻ , എടുത്തു പറയേണ്ട കഥാപാത്രങ്ങളും അഭിനേതാക്കളുമാണെല്ലാവരും . കാമറൂണിൻ്റെ സിനിമാട്ടോഗ്രഫിയും സുമിത് കൊട്ടിയാൻ്റെ എഡിറ്റിങ്ങും പ്രത്യേക പരാമർശം അർഹിക്കുന്നു .

ഒന്നിനേക്കാൾ ഗ്രിപ്പിങ്ങായ ഈ സീക്വലിലെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാണ് ,രാജിയെ പിടിക്കാനുള്ള ചേസ് ,പോലീസ് സ്റ്റേഷൻ ആക്രമണ രംഗങ്ങൾ ,ക്ലൈമാക്സ് സീൻസ് ,എല്ലാം ഒന്നിനൊന്ന് തകർപ്പൻ .ആക്ഷനും ത്രില്ലും ഫാമിലിയും ഹ്യൂമറുമെല്ലാം വളരെ ബ്രില്ലൈൻറായി ബ്ലൻ്റ് ചെയ്ത ഫാമിലി മാൻ – രണ്ട് ഒരു മസ്റ്റ് വാച്ചാണ് .