“നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് അത്ഭുതങ്ങളിലും വിശ്വസിക്കേണ്ടി വരും”

Ben Jaxon

“നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് അത്ഭുതങ്ങളിലും വിശ്വസിക്കേണ്ടി വരും.”

ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ ഒരു ക്രിസ്ത്യാനി ആണോ? രണ്ടായിരം വര്ഷം മുൻപ് ജൂതന്മാരാൽ കുരിശിൽ ഏറ്റപ്പെട്ടു മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കപെട്ടു സ്വർഗ്ഗത്തിലേക്കു പോയി എന്നു നിങ്ങൾ വിശ്വസിക്കുന്ന യേശു എന്ന മനുഷ്യനായി അവതരിച്ച ദൈവത്തിൽ വിശ്വസിക്കുന്ന,പ്രാർത്ഥിക്കുന്ന ആളാണോ നിങ്ങൾ ? ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, നിങ്ങളുടെ “യേശുവിൽ/ ദൈവത്തിൽ ഉള്ള വിശ്വാസം” എത്രത്തോളം സത്യസന്ധമാണ്? സർവശക്തനും നിങ്ങളുടെ ഓരോ ചലങ്ങളും അറിയുന്നവനും ആയ ദൈവത്തിനെ നിങ്ങള്ക്ക് എത്രത്തോളം വിശ്വാസമുണ്ട്? മുടന്തരേ നടത്തുകയും, കുരുടന് കാഴ്ച കൊടുക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്ത ദൈവത്തെ നിങ്ങൾ പൂർണമായും വിശ്വസിക്കുവാൻ തയാറായിട്ടുണ്ടോ? അതോ നിങ്ങളുടെ യുക്തിക്കും ബുദ്ധിക്കും നിരക്കുന്നത് എന്ന ന്യായത്തിൽ നിങ്ങളുടെ സ്വാർത്ഥമായ സുരക്ഷിതത്വം നോക്കി ദൈവത്തെ തള്ളി പറയുന്ന ആളാണോ നിങ്ങൾ?

അതെ, ചോദ്യം, നിങ്ങൾ തോമസിനെ പോലെ യേശുവിലും യേശുവിന്റെ അത്ഭുതങ്ങളിലും വിശ്വസിക്കുവാൻ തയാറുള്ള ഒരു സത്യവിശ്വാസി ആണോ? അതോ തോമസിനെ കാണുമ്പോൾ മനസ്സിൽ “അയ്യേ, അന്ധവിശ്വാസി” എന്ന് തോന്നുകയും.എന്നാൽ മറുവശത്തു പരീക്ഷയിൽ വിജയിക്കാൻ പ്രാർത്ഥിക്കുകയും വഞ്ചിയിൽ കാശിടുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്ന, അവനവൻറെ തടി കേടാവാതെ ഉള്ള വിശ്വാസങ്ങൾ മാത്രം പിന്തുടരുന്ന “അല്പവിശ്വാസി” ആണോ?
ശ്രദ്ധിക്കുക, അതൊരു ചോയിസ് അല്ല.
“നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് അത്ഭുതങ്ങളിലും വിശ്വസിക്കേണ്ടി വരും.”
അതുകൊണ്ട് യേശുവിലും അവന്റെ അത്ഭുതങ്ങളിലും പൂർണ വിശ്വാസം അർപ്പിക്കുന്ന, “എൻറെ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല” എന്ന് വിശ്വസിക്കുന്ന തോമസിനെ നിങ്ങൾക്ക് പുച്ഛിക്കാൻ ആണ് തോന്നുന്നത് എങ്കിൽ നിങ്ങൾ പുച്ഛിക്കുന്നത് യേശുവിനെ തന്നെയാണ്. അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാതിരിക്കാൻ എന്റെ യേശുവിന്റെ ശക്തി കുറഞ്ഞുപോയിട്ടില്ല എന്ന് വിശ്വസിക്കുന്ന തോമസിന് തന്റെ മകളുടെ രോഗം മാറ്റുവാൻ വൈദ്യശാസ്ത്രത്തിന്റെ ആവശ്യമില്ല. മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ദൈവത്തിനു തന്റെ അഭിഷിക്തന്റെ കയ്യാൽ തന്റെ മകളെ ഉയർത്തെഴുന്നേൽപ്പിക്കാൻ സാധിക്കും എന്ന് തോമസിന് തോന്നുന്നത് അവന്റെ ദൈവത്തിൽ ഉള്ള വിശ്വാസം അത്രത്തോളം പൂര്ണമായതുകൊണ്ടണ്. ഇനി നിങ്ങളുടെ മതം ഏത് തന്നെയാണെങ്കിലും, നിങ്ങൾ വിശ്വസിക്കുന്നത് ഏത് ദൈവത്തിൽ ആണെങ്കിലും, സ്വയം ഒന്ന് ചോദിച്ചു നോക്കുക, ഈ ഭൂമിയിൽ മനുഷ്യരാൽ അസാധ്യമായ എന്തെങ്കിലും അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാൻ നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് കഴിയും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പ്രാർത്ഥന കൊണ്ട്, പൂജ കൊണ്ട്, വഞ്ചിയിൽ ഇടുന്ന കാശ് കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ ദൈവം മാറ്റിത്തരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ? തോമസിനെ എറിയാൻ കല്ലുകൾ എടുക്കുന്ന നിങ്ങളിൽ എത്ര പേർക്ക് ഉള്ളിൽ എവിടെയും ഒരു തോമസിന്റെ നിഴല് പോലും ഇല്ല എന്നുറപ്പിച്ചു പറയാൻ കഴിയും. പറയണ്ട, സ്വയം ചിന്തിച്ചാൽ മതി.
കുഞ്ഞിന്റെ ശവക്കുഴിക്കരികിൽ നിന്നുകൊണ്ട് അച്ഛൻ വായിക്കുന്ന ദൈവ വചനം,
“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇതുപോലെ ദൈവത്തിന്റെ ശബ്ദം കേൾക്കുമ്പോൾ നമ്മുടെ കുഞ്ഞും ആ ശബ്ദം കേൾക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യും.”
ആ വചനം കേൾക്കുന്ന മാത്രയിൽ ഒരു വെളിപ്പാട് കിട്ടിയെന്ന പോലെ തന്റെ കുഞ്ഞിന്റെ ശവശരീരവും എടുത്തുകൊണ്ട് ദൈവത്തിന്റെ അഭിഷിക്തന്റെ അടുത്തേക്ക് ഓടുന്ന തോമസിൽ ഉണ്ടാകുന്നത് എന്തുതരം ഭ്രാന്താണ് എന്ന് ഒരു നിമിഷമെങ്കിലും നിങ്ങൾ ചിന്തിച്ചു കാണില്ലേ,
ആ ഭ്രാന്തിന്റെ പേരാണ് “മതം”.