കിടപ്പറയിലെ സ്‍ത്രീ
എഴുതിയത് Bennymol Bennymol
കാര്യേശു ദാസി , കരണേശു മന്ത്രി ,ഭോജേശു മാതാ , ശയനേശു രംഭ , രൂപേശു ലക്ഷ്മി, ക്ഷമയേശു ധരിത്രി, ശത ധര്മയുക്ത കുലധർമ പത്നി.” പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘നീതി ശാസ്ത്രത്തിലെ’ ശ്ലോകങ്ങളാണ് മേൽ വിവരിച്ചത്. ഒരു ധര്മ പത്നിയുടെ സവിശേഷതകളായി പരിഗണിക്കപ്പെടുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഈ ശ്ലോകം പല രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്, പക്ഷെ ഇതിൽ ഉത്തമയായ സ്ത്രീയുടെ ലക്ഷണങ്ങളായി പറയുന്നത് പുരുഷനോട് ഉള്ള അനുസരണയും,വിധേയത്വവുമാണെന്നതിൽ തർക്കം ഉണ്ടാകാൻ ഇടയില്ല . ഈ വിധേയത്വം കിടപ്പറയിലും പ്രതീക്ഷിക്കുന്നു.
മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘കാമസൂത്ര’ എന്ന ഗ്രന്ഥം പുരുഷനും സ്ത്രീയും തമ്മിലുള്ള അതിവിശിഷ്ടമായ പ്രേമത്തെയും രതിയെയും പ്രതിപാദിക്കുന്നതാണ്, ആ കാലഘട്ടങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമായിസ്ത്രീയുടെ ലൈംഗീക സ്വാതന്ത്ര്യത്തെക്കുറിച്ചു ഇതിൽ പറയുന്നു, എന്നിരുന്നാലും സവർണ ജാതിയിൽ പെട്ട സർവ ഗുണങ്ങളുള്ള പുരുഷന് തന്നെയാണ് പ്രാധാന്യം , സ്ത്രീയെ അവന്റെ താല്പര്യങ്ങളെ നിവർത്തിക്കാനുള്ള ഉപകരണമാക്കി ചിത്രീകരിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. ഈ രീതിയിൽ അടിച്ചമർത്തപെട്ടതാണ് ചരിത്രാതീതകാലം മുതലേ സ്ത്രീയുടെ വികാരങ്ങൾ.
ലൈംഗീകതയോടുള്ള അജ്ജത നമ്മുടെ സമൂഹത്തിൽ സ്ത്രീയുടെ ഗുണമായി കണക്കാക്കപ്പെടുന്നു. ചില അടിസ്ഥാന കാര്യങ്ങൾ പോലും പെൺകുട്ടി അറിഞ്ഞിരുന്നാൽ അത് അവളുടെ സദാചാര വിശുദ്ധിയെ ബാധിക്കുന്ന ഒരു വിഷയമായി മാറും. ഒരു പ്രേമലേഖനം പോലും എഴുതാൻ സ്വാതന്ത്ര്യമില്ലാത്ത പെൺകുട്ടികളുടെ കാലം കടന്നാണ് നമ്മൾ ഇവിടെ എത്തിയത്. പക്ഷെ ഇപ്പോഴും അവളുടെ ശുദ്ധി ഒരു വിഷയമാണ്.കുറച്ചു നാളുകൾക്കു മുൻപ് കണ്ട ഒരു പരസ്യചിത്രം ഇവിടെ പ്രതിപാദിക്കുന്നു. വരന്റെയും വധുവിന്റെയും ആദ്യരാത്രിയാണ് , നവ വരൻ നേരത്തെ എഴുന്നേൽക്കുന്നത് വാതിലിൽ മുട്ടുന്നത് കേട്ടാണ്, വാതിൽ തുറന്നപ്പോൾ അമ്മയും അച്ഛനും എന്തോ പ്രതീക്ഷിച്ചപോലെ വാതിൽക്കൽ കാത്തു നിൽക്കുന്നു.
തന്റെ കയ്യിലെ വെള്ള തുണിയിൽ ചോരപ്പാടുകൾ അവരെ കാണിക്കുമ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖം തെളിയുന്നു. അപ്പോൾ തങ്ങളുടെ മകന്റെ കൈയിൽ നിന്നും ചോരത്തുള്ളികൾ താഴെവീഴുന്നതു അവർ കാണുന്നില്ല, സ്വന്തം കൈ മുറിച്ചാണ് അയാൾ തന്റെ ഭാര്യയുടെ പരിശുദ്ധി തെളിയിക്കുന്നത്, ഇത് ഇപ്പോഴും ഇന്ത്യയിൽ നടക്കുന്നു. സ്ത്രീയുടെ വിവാഹപൂർവ വിശുദ്ധി അത്രമേൽ പ്രാധാന്യമേറിയതാണ്. ഒരു പക്ഷെ ജീവനേക്കാൾ വിലയുള്ളത്.
പെൺകുട്ടിയെ അവൾ ഋതുമതിയായി കഴിഞ്ഞാൽ ആൺകുട്ടികളുമായി അകലം പാലിക്കാൻ നിഷ്കർഷിക്കും . ലൈംകീകകാര്യങ്ങൾ പോയിട്ട് സ്വന്തം ശരീരത്തെക്കുറിച്ചു, അതിന്റെ ജൈവീകപ്രവർത്തനങ്ങളെ കുറിച്ചുപോലും അവൾ ചിന്ദിക്കുകയോ സംസാരിക്കുകയോ ചെയ്തുകൂടാ , രതിയെ നമ്മുടെ സമൂഹം മതപരമായ ചട്ടക്കൂട്ടിൽ പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്.ഈ കാഴ്ചപ്പാടുകൾ മിക്കവാറും പാപവും പുണ്യവുമായി ബന്ധപ്പെട്ടുകിടക്കും.മനുഷ്യൻ ജീവശാസ്ത്രപരമായ’ പൊളിഗാമി ‘( ഒന്നിൽ കൂടുതൽ പങ്കാളികളെ പ്രേമിക്കാനും അവരുമായി ലൈംഗിക ബന്ധത്തിനും സാധിക്കും ) ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .പക്ഷെ ഒരു പങ്കാളി എന്നത് പല മതനിയമങ്ങളും നിഷ്കർഷിക്കും. സ്ത്രീയുടെ നിയമങ്ങൾ കുറച്ചുകൂടെ കടുത്തതാണ് , രതിയുടെ നിയമങ്ങളിൽ സ്ത്രീയുടെ പങ്കാളിത്തം കേവലം സന്താനോത്പാദനം മാത്രമാണ് . അവളുടെ ഇഷ്ട്ടം അല്ലെങ്കിൽ തൃപ്തി പലർക്കും അചിന്തനീയമാണ്.
ലോകത്തു 13 കോടിയോളം സ്ത്രീകൾ ജനനേന്ദ്രീയച്ഛേദത്തിനു വിധേയരായിട്ടുണ്ട് എന്ന് പറയുമ്പോൾ മനസിലാക്കാം പുരുഷൻ അവന്റെ ലൈംഗികപങ്കാളിയെ ഏത് രീതിയിൽ കാണുന്നു എന്നത് . ഈ രീതിയിൽ പീഡനത്തിന് ഇരയാക്കപ്പെടുന്നവർ വിശ്വസിക്കുന്നതുപോലും ഇത് തങ്ങൾക്കു ലൈംകീകവിശുദ്ദിക്കു അനിവാര്യമാണെന്നാണ്. അതുവഴി തങ്ങളുടെ ആത്മീയ ചോദനകൾ നിയന്ത്രിക്കപ്പെടുകയും , തൃപ്തിക്കു പകരം രതി വേദനാജനകമാവുകയും ചെയ്യുമ്പോഴും അവർ സന്തോഷിക്കുന്നു. അത്രമേൽ വിശുദ്ധി എന്ന നിയമം പുരുഷൻ സ്ത്രീയുടെ മേൽ പ്രയോഗിക്കുന്നു.പെണ്ണിന്റെ പരിശുദ്ധി കളങ്കപ്പെടുക എന്നത് കുടുംബത്തിനും അവിടത്തെ ആൺ പ്രജകൾക്കും നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണ്, അവളുടെ കന്യാചർമം ഒരു കുടുംബത്തിന്റെ മുഴുവൻ സാംസ്കാരിക മൂലധനമാണ്, വിവാഹത്തിന് മുൻപ് ‘ഒരു പുരുഷന്റെ മുഖത്ത് നോക്കാത്ത പെണ്ണ്’ എന്ന് എത്ര സിനിമകളിൽ നാം കേട്ടിരിക്കുന്നു, ഈ വിശുദ്ധിക്ക് കോട്ടം വരുന്നത് എന്തും പാപമാണ് എന്ന് അവളെ ചെറുപ്പം മുതലേ ചൊല്ലിപ്പഠിപ്പിക്കും.
ചാരിത്രശുദ്ധി നശിക്കുന്നത്, അത് ബലാത്സംഗത്തിന് വിധേയ ആകുമ്പോഴായാൽ പോലും മരണം അർഹിക്കുന്നു. ഇന്ത്യയിൽ ഈ അടുത്ത കാലത്തായി നടന്ന ദുരഭിമാനക്കൊലകൾ തന്നെ നോക്കിയാൽ അറിയാം , പെണ്ണിന് അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രേമിക്കാനോ , ലൈംഗികബന്ധത്തിനോ അല്ലെങ്കിൽ വിസമ്മതത്തിനോ സ്വാതന്ത്ര്യമില്ലെന്നു.നമ്മുടെ നാട്ടിലും ഇപ്പോഴും മനോഭാവങ്ങൾ മാറിയിട്ടില്ല , പഴയ കാലത്തെ ചെമ്മീൻ എന്ന ചലച്ചിത്രത്തിൽ കറുത്തമ്മക്ക് കിട്ടുന്ന ഉപദേശം ഇതാണ് ‘ പെണ്ണ് പിഴച്ചു പോയാൽ തോറ മുടിയും’ ഈ അടുത്ത കാലത്തു ഇറങ്ങിയ കെട്യോളാണ് മാലാഖ എന്ന ചിത്രം വിവാഹത്തിലെ ലൈംഗികപീഡനം ‘മരിറ്റൽ റേപ്പ്’ എന്ന വളരെ പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്ത സിനിമയാണ് , എന്നാൽ ചിത്രത്തിന്റെ അവസാനം നിഷ്കളങ്കനായ നായകന് മാപ്പു കൊടുത്ത നായികയെ ആണ് നാം കാണുന്നത്.പെണ്ണിന്റെ ഇഷ്ട്ടം , തൃപ്തി എന്നീ കാര്യങ്ങൾ നമ്മൾക്ക് അജ്ഞാതമാണ്, അവളുടെ ലൈംഗിക സ്വാതന്ത്രം എന്ന വിഷയത്തിനെകുറിച്ചു എങ്ങനെ നാം ചിന്തിക്കും ?