ബര്‍മുഡ ട്രയാങ്കിളില്‍ അടങ്ങിയിരിക്കുന്ന രഹസ്യമെന്ത് ?

772

പ്രമുഖ ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ് ശ്രീ സുജിത് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ്

കുറേ കാലങ്ങൾക്ക് മുൻപ് ബർമുഡാ ട്രയാങ്കിളിൽ കപ്പലുകളും വിമാനങ്ങളുമൊക്കെ മുങ്ങിപ്പോകുന്നതിന്റെ രഹസ്യം ചുരുളഴിച്ചുകൊണ്ടുള്ള ഒരു നിഗമനം വായിച്ചിരുന്നു. അതിലൂടെയാണ്‌ മീഥേൻ ഹൈഡ്രേറ്റിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ബർമുഡാ ട്രയാങ്കിളിന്റെ സമുദ്ര തടത്തിൽ മീഥേൻ ഹൈഡ്രേറ്റിന്റെ വലിയ നിക്ഷേപം ഉണ്ട്. മീഥേൻ ഹൈഡ്രേറ്റ് എന്നാൽ അനുകൂല സാഹചര്യങ്ങളിൽ വളരെ ഉയർന്ന മർദ്ദത്തിലും താഴ്ന്ന ഊഷ്മാവിലും മീഥേൻ വാതകം ഐസ് രൂപത്തിലുള്ള ജല തന്മാത്രകൾക്കിടയിൽ കുടുങ്ങിപ്പോയി പരൽ രൂപം പ്രാപിക്കുന്നതാണ്. ഇതിൽ എന്തെങ്കിലും ഇളക്കം തട്ടുകയോ മർദ്ദത്തിലോ ഊഷ്മാവിലോ വ്യത്യാസം വരികയോ ചെയ്താൽ മീഥേൻ വാതകം മഞ്ഞുപാളിയുടെ കവചം ഭേദിച്ച് പുറത്ത് വരുന്നു. മീഥേൻ ഹൈഡ്രേറ്റ് ഉള്ള സമുദ്ര തടങ്ങളിൽ ചെറിയ തോതിൽ കുമിളകളായി ഇത്തരത്തിൽ മീഥേൻ പുറത്ത് വരാറുണ്ട്. ബർമുഡാ ട്രയാങ്കിളിൽ ഇത്തരത്തിൽ വലിയ അളവിൽ പുറത്തു വരുന്ന മീഥേൻ വാതകത്തിന്റെ കുമിളകൾ സമുദ്രോപരിതലത്തിലെത്തുമ്പോൾ അതിൽ പെട്ടാണ്‌ കപ്പലുകൾ മുങ്ങിപ്പോകുന്നതെന്നും പുറത്തേയ്ക്ക് പ്രവഹിക്കുന്ന വാതകം അന്തരീക്ഷത്തിലെത്തി അതുവഴി പറക്കുന്ന വിമാനങ്ങളെ തീ പിടിപ്പിക്കുന്നു എന്നുമൊക്കെ ആയിരുന്നു ആ സിദ്ധാന്തം. ഇപ്പോൾ ഇത് ഓർക്കാൻ കാരണം മറ്റൊന്നാണ്‌

നമ്മുടെ സമുദ്ര തടങ്ങളിൽ വൻ തോതിൽ പ്രകൃതി വാതക നിക്ഷേപം അമേരിക്കൻ കമ്പനി കണ്ടുപിടിച്ചു എന്നും അടുത്ത മുന്നൂറു വർഷങ്ങളുടെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ ഇത് മതിയാകുമെന്നൊക്കെയുള്ള കണക്കുകളും കാണുന്നു. പ്രകൃതിവാതകം മീഥേൻ ഹൈഡ്രേറ്റിന്റെ രൂപത്തിൽ ലോകത്ത് പല ഭാഗത്തും സുലഭമാണെന്ന് എത്രയോ വർഷങ്ങൾക്ക് മുൻപേ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള പ്രകൃതി വാതക ശേഖരങ്ങളിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ഈ രൂപത്തിൽ ഉപയോഗിക്കാനാകാതെ ധൃവ പ്രദേശങ്ങളിലും മറ്റ് സമുദ്ര തടങ്ങളിലും കിടക്കുന്നുമുണ്ട്.

വ്യാവസായികമായ രീതിയിൽ അപകടങ്ങളില്ലാതെ മീഥേൽ ഹൈഡ്രേറ്റിൽ നിന്നും മീഥേൻ പുറത്തെടുക്കുവാനുള്ള സംവിധാനങ്ങളൊന്നും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പരീക്ഷണങ്ങളും ഗവേഷണങ്ങളും വർഷങ്ങളായി നടന്നു വരുന്നു. ഉയർന്ന മർദ്ദത്തിലും താഴ്ന്ന ഊഷ്മാവിലും ഉള്ള ഈ പാളികളിൽ കയ്യാങ്കളി നടത്തി അതിൽ നിന്നും മീഥേൻ പുറത്തെടുക്കുന്നത് ആത്മഹത്യാപരമായ ഒരു പ്രക്രിയ ആണെന്നതു തന്നെയാണ്‌ പ്രധാന വെല്ലുവിളി. അതായത് മഞ്ഞ് മല ഇടിയുന്നതിനു സമാനമായ (അവലാഞ്ചി എഫക്റ്റ്) നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങൾ സംജാതമാകുന്നു.

എന്തായാലും കുറേ കാലങ്ങൾക്ക് ശേഷം എന്തെങ്കിലുമൊക്കെ സാങ്കേതിക വിദ്യ ഈ വെല്ലുവിളികളേയും നേരിടാൻ കഴിയത്തക്ക രീതിയിൽ വികസിക്കാതിരിക്കില്ല. അതുവരെ പൊതിക്കാത്ത ഈ തേങ്ങയും നോക്കി വെള്ളവുമിറക്കി കാത്തിരിക്കാം.

ചിത്രം കടപ്പാട്- worldoceanreview.കോം