പാറിപ്പറന്ന പെൺ ശൗര്യത്തിന്റെ കഥ

90

bhadran praveen sekhar

പാറിപ്പറന്ന പെൺ ശൗര്യത്തിന്റെ കഥ !!

കാർഗിൽ യുദ്ധ കാലത്ത് തീർത്തും നിർണ്ണായകമായ സാഹചര്യങ്ങളിൽ ഇന്ത്യൻ സൈന്യത്തെ സഹായിച്ച, ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിൽ പോലും പ്രധാന പങ്കു വഹിച്ച പെൺ കരുത്തായിരുന്നു ഗുഞ്ചൻ സക്‌സേന. കാർഗിൽ യുദ്ധത്തിന്റെ ഭാഗമായ ഏക വനിതയും ഏക വ്യോമസേനാ ഉദ്യോഗസ്ഥയും അവർ തന്നെ. പരിക്കേറ്റവരും മരണപ്പെട്ടവരുമായ തൊള്ളായിരത്തോളം ഇന്ത്യൻ സൈനികരെ ഹെലികോപ്റ്ററിൽ യഥാ സ്ഥലത്ത് എത്തിക്കാൻ അവർക്ക് സാധിച്ചു. ശത്രുക്കളുടെ മുന്നേറ്റം നിരീക്ഷിക്കുകയും അതാത് സമയത്ത് ഇന്ത്യൻ സൈന്യത്തിന് വേണ്ട വിവരങ്ങൾ കൈമാറുകയും ചെയ്തു കൊണ്ട് യുദ്ധ മുഖത്ത് ഹെലികോപ്റ്ററിൽ പാറിപ്പറന്നു നടന്ന IAF ഓഫിസർ ഗുഞ്ചൻ സക്‌സേനക്ക് അന്ന് പ്രായം വെറും ഇരുപത്തി നാല്.

IAF objects to its 'undue negative portrayal' in Gunjan Saxena ...Kargil Girl എന്ന പേരിൽ അറിയപ്പെട്ട ഗുഞ്ചൻ സക്സേനയെ രാജ്യം പിന്നീട് ശൗര്യ ചക്ര അവാർഡ് നൽകി ആദരിച്ചു. ഇതേ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് ‘ഗുഞ്ചൻ സക്സേന’ സിനിമ തുടങ്ങുന്നതെങ്കിലും ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു യുദ്ധ സിനിമയല്ല. പക്ഷേ തീർച്ചയായും ഒരു പോരാട്ടത്തിന്റെ കഥയാണ്. ആണധികാര വ്യവസ്ഥിതികളോടും പൊതു ബോധങ്ങളോടുമൊക്കെയുള്ള ഒരു പെണ്ണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ. പൈലറ്റാകാൻ സ്വപ്നം കാണുന്ന കുഞ്ഞു ഗുഞ്ചനെ നോക്കി പെണ്ണുങ്ങൾ ഒരിക്കലും പൈലറ്റാകില്ല എന്ന് പറഞ്ഞു സഹോദരൻ കളിയാക്കുന്നുണ്ട്. വിമാനം പറത്തുന്നവർ ആൺ പെൺ ഭേദമില്ലാതെ പൈലറ്റ് എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അവർക്കിടയിലുണ്ടാകുന്ന ആ തർക്കത്തിൽ അച്ഛൻ ഇടപെടുന്നത്.

Gunjan Saxena movie release LIVE UPDATES: Sanjay Kapoor's daughter ...പൈലറ്റാകാനുളള സ്വപ്നം ഗുഞ്ചന്റെ തന്നെയെങ്കിലും ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് വേണ്ടി അവളെ പറക്കാൻ പ്രേരിപ്പിക്കുന്നതും തളരുമ്പോഴൊക്കെ ശക്തി പകരുന്നതും അച്ഛൻ അനൂപ് സക്സേനയാണ്. അങ്ങിനെ നോക്കുമ്പോൾ ഈ സിനിമ ഗുഞ്ചൻ സക്സേനയുടെ മാത്രമല്ല അനൂപ് സക്‌സേന എന്ന അച്ഛന്റെ കൂടിയാണ്. അനൂപ് സക്‌സേനയെന്ന അച്ഛനെ അതി വൈകാരികതകളില്ലാതെ നിയന്ത്രിത ഭാവ ചലനങ്ങൾ കൊണ്ട് മികവുറ്റതാക്കി പങ്കജ് ത്രിപാഠി.

Who Is Gunjan Saxena, Played By Janhvi Kapoor In Her Next Film ...ഗുഞ്ചൻ സക്സേനയെ പൂർണ്ണമായും അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നതിൽ ജാൻവി കപൂറിന് പരിമിതികൾ ഉള്ളതായി പല സീനുകളിലും അനുഭവപ്പെടുമെങ്കിലും രണ്ടു മൂന്നു സിനിമകൾ കൊണ്ട് തന്നെ കരിയറിന്റെ ഗ്രാഫിൽ ഉയർച്ച നേടാൻ ജാൻവിക്ക് സാധിച്ചിട്ടുണ്ട്. ഗുഞ്ചൻ സക്‌സേന ആ ഉയർച്ചയെ അടയാളപ്പെടുത്താൻ സഹായിച്ചു എന്ന് തന്നെ പറയാം.
കുറ്റമറ്റ ബയോപിക് സിനിമയല്ലെങ്കിലും കണ്ടു നോക്കേണ്ട പടം തന്നെയാണ് ‘ഗുഞ്ചൻ സക്‌സേന’. പറക്കാൻ ആഗ്രഹിക്കുന്ന പെൺ മനസ്സുകളോടുള്ള ഒരു ഐക്യദാർഢ്യം പ്രഖ്യാപ്പിക്കല് കൂടിയാണ് ഈ സിനിമ കാണൽ. 💚