ഭഗത്‌സിംഗ് അച്ഛനയച്ച കത്ത്

0
930

വേണുഗോപാലിന്റെ (Venu Gopal) പോസ്റ്റ്

ഭഗത്‌സിംഗ് അച്ഛനയച്ച കത്ത്

കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിയ അവസരത്തിൽ ഭഗത്സിംഗിന്റെ പിതാവ് സർദാർ കിഷൻസിംഗ്, തന്റെ മകൻ നിരപരാധിയാണെന്നും, സൗണ്ടേഴ്‌സ് വധത്തിൽ അയാൾക്ക് യാതൊരു പങ്കുമില്ലെന്നും പറഞ്ഞുകൊണ്ട് രേഖാമൂലമുള്ള ഒരു ദയാഹർജി ട്രിബ്യുണലിനു സമർപ്പിച്ചു. നിരപരാധിത്വം തെളിയിക്കാൻ മകന് ഒരവസരംകൂടി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ ഭഗത്‌സിംഗ് തികച്ചും അസ്വസ്ഥനാവുകയും, ഈ നീക്കത്തിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് അച്ഛന് ഒരു കത്തയക്കുകയും ചെയ്തു.

1930 ഒക്ടോബർ 4

എന്റെ പ്രിയപ്പെട്ട അച്ഛന്,

പ്രത്യേക കോടതിയംഗങ്ങളുടെ സമക്ഷം എനിക്കുവേണ്ടി അങ്ങ് ദയാഹർജി സമർപ്പിച്ചു എന്ന വാർത്ത എന്നെ സ്തബ്ധനാക്കി. ഈ അതിബുദ്ധി കനത്തൊരു അടിയായിപ്പോയെങ്കിലും അക്ഷോഭ്യനായി ഞാൻ നേരിടേണ്ടിയിരിക്കുന്നു. എന്റെ സമനിലയാകെ തെറ്റിക്കാൻപോന്ന വാർത്തയാണത്. ഈയൊരു ഘട്ടത്തിൽ, ഇത്തരമൊരു പരിതഃസ്ഥിതിയിൽ, ഇങ്ങിനെയൊരു അപേക്ഷ സമർപ്പിക്കുവാൻ അങ്ങേയ്ക്ക് എങ്ങനെ തോന്നിയെന്നത് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ഒരച്ഛന്റെ വികാരങ്ങളും മാനസികാവസ്ഥയും മാറ്റിവെച്ചാൽ എന്നോടാലോചിക്കാതെ ഇത്തരമൊരു നീക്കം നടത്താൻ അങ്ങയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ രംഗത്തും നാം തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നത് അങ്ങേക്കറിയാമല്ലോ. എന്നും സ്വതന്ത്രമായാണ് ഞാൻ പ്രവർത്തിച്ചുപോന്നിട്ടുള്ളത്. അങ്ങയുടെ അംഗീകാരമോ എതിർപ്പോ ഞാൻ പരിഗണിച്ചിരുന്നില്ല.

ആദ്യംമുതൽക്കുതന്നെ എന്റെ കേസിൽ ഗൗരവപൂർവ്വം എതിർവാദം നടത്തണമെന്നും, ശരിയായ രീതിയിൽ എന്റെ ഭാഗം വാദിക്കണമെന്നും എന്നെ ബോധ്യപ്പെടുത്താൻ അങ്ങ് ശ്രമിച്ചിരുന്നുവെന്ന് ഓർക്കുമല്ലോ. എന്നാൽ ഞാൻ അതിനെ ഇപ്പോഴും എതിർത്തിരുന്നുവെന്നും അങ്ങേയ്ക്കറിയാം. എന്റെ കേസിൽ എതിർവാദം നടത്താൻ എനിക്ക് ഒരിക്കലും താത്പര്യമില്ലായിരുന്നു. അതേക്കുറിച്ചു ഞാൻ ഗൗരവപൂർവ്വം ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. അത് വെറുമൊരു അവ്യക്തമായ ആശയം മാത്രമായിരുന്നോ, അതോ എന്റെ നിലപാട് ന്യായീകരിക്കാൻ എനിക്ക് ചില ന്യായമുഖങ്ങൾ ഉണ്ടായിരുന്നോ എന്നെല്ലാമുള്ളത് ഒരു പ്രത്യേക പ്രശ്നമാണ്. ഇവിടെ അത് ചർച്ച ചെയ്യേണ്ടതില്ല.

ഈ വിചാരണയിൽ നാം പിന്തുടർന്നിരുന്ന നയമെന്താണെന്ന് തീർച്ചയായും അങ്ങേയ്ക്കു അറിവുള്ളതാണല്ലോ. എന്റെ എല്ലാ പ്രവർത്തികളും ആ നയത്തിന് അനുരൂപമായല്ലാതെ പറ്റില്ല. ഇപ്പോൾ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. അങ്ങിനെ ആയിരുന്നില്ലെങ്കിൽത്തന്നെ ദയ യാചിക്കുന്ന അവസാനത്തെ ആളായിരിക്കും ഞാൻ. വിചാരണയിലുടനീളം എന്റെ മുമ്പിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. എന്റെ മേലുള്ള ഗുരുതരമായ ആരോപണങ്ങൾക്കിടയിലും വിചാരണയോട് നിസ്സഹകരിക്കുക. എല്ലാ രാഷ്ട്രീയ പ്രവർത്തകരോടും എനിക്കു പറയാനുള്ളതും ഇതുതന്നെയാണ്. കോടതിമുറിയിലെ നിയമയുദ്ധത്തെ പരിഗണിക്കേണ്ടതില്ല, വിചാരണയോടു സഹകരിക്കേണ്ടതുമില്ല. എത്ര കടുത്ത വിധിയാണെങ്കിലും ധൈര്യസമേതം നേരിടുക. വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം പ്രതിരോധിക്കാം, വ്യക്തിപരമായ ഒന്നിന്റെയും പേരിലാകരുത് അത്. എന്റെ വിചാരണയിലും ഞാൻ സ്വീകരിച്ചുവന്ന നയം ഇതായിരുന്നു. അതിൽ വിജയിച്ചോ പരാജയപ്പെട്ട എന്നതളക്കാൻ ഞാൻ ആളല്ല. സ്വകാര്യതല്പരതകൾ കൂടാതെ നമ്മുടെ കടമകൾ പൂർത്തീകരിക്കുന്നതിലെ നാം ശ്രദ്ധ പതിപ്പിച്ചിട്ടുള്ളൂ…. എന്റെ ജീവൻ എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും അങ്ങ് കരുതുന്നപോലെ അത്ര അനർഘമൊന്നുമല്ല. എന്റെ ആദർശങ്ങൾ ബലികൊടുത്ത് സംരക്ഷിക്കാനും മാത്രം അതൊന്നുമല്ല. എന്റെ കേസുപോലെതന്നെ ഗൗരവമായി കണക്കാക്കപ്പെടേണ്ടുന്ന കേസുള്ള മറ്റു സഖാക്കളുണ്ട്. ഞങ്ങൾ ഒരു നയം സ്വീകരിച്ചിട്ടുണ്ട്. എത്ര കനത്ത വിലനൽകേണ്ടിവന്നാലും അന്ത്യംവരെയും ഞങ്ങൾ ആ നയത്തിൽ ഉറച്ചുനിൽക്കും.

ലാഹോർ ഗൂഡാലോചനക്കേസ് ഓർഡിനൻസിന് അനുബന്ധമായുള്ള പ്രസ്താവനയിൽ വൈസ്രോയി പറഞ്ഞത്, ഈ കേസിലെ പ്രതികൾ നിയമത്തെയും നീതിയെയും അവഹേളിക്കാനാണ് ശ്രമിച്ചുവന്നതെന്നാണ്. ഞങ്ങളാണോ നിയമത്തെ അവഹേളിക്കാൻ ശ്രമിക്കുന്നത്, അതല്ല മറ്റുള്ളവരാണോ അങ്ങിനെ ചെയ്യുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ, സ്ഥിതിഗതികൾ ഞങ്ങൾക്ക് ഒരവസരം നൽകി. ഇക്കാര്യത്തിൽ പലരും ഞങ്ങളോട് വിയോജിച്ചേക്കാം. താങ്കളും അവരിൽ ഒരാളായിരിക്കാം. എന്നാൽ അതിന്റെ അർത്ഥം ഇത്തരം നീക്കങ്ങൾ എനിക്കുവേണ്ടി എന്റെ സമ്മതമോ, അറിവുപോലുമോ കൂടാതെ നടത്തണമെന്നല്ല. എന്റെ ജീവൻ എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും താങ്കൾ കരുതുന്നപോലെ അത്ര അനർഘമായതല്ല. എന്റെ തത്വങ്ങൾ കൈവെടിഞ്ഞിട്ട് രക്ഷിക്കാൻ തക്ക മൂല്യമുള്ളതൊന്നുമല്ല എന്റെ ജീവൻ. എന്റെ കേസുപോലെ ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട എന്റെ സഖാക്കൾ വേറെയുമുണ്ട്. ഞങ്ങൾ പൊതുവായ ഒരു നയമാണ് സ്വീകരിച്ചത്. ഞങ്ങൾക്ക് വ്യക്തിപരമായി എന്ത് കനത്ത വില നൽകേണ്ടതായിവന്നാലും ഞങ്ങൾ അവസാനം വരെ ആ നയത്തിൽ ഉറച്ചു നിൽക്കും.

പിതാവേ, ഞാൻ ആശയക്കുഴപ്പത്തിലാണ്. അങ്ങയുടെ ഭാഗത്തുനിന്നുള്ള നീക്കത്തെ വിമർശിക്കുമ്പോൾ- അഥവാ കുറ്റപ്പെടുത്തുമ്പോൾ–പെരുമാറ്റത്തിലെ സാമ്പ്രദായിക ഉപചാരക്രമങ്ങൾ ഞാൻ മറന്നോ, എന്റെ ഭാഷ അല്പം പരുഷമായോ എന്ന് ഞാൻ സന്ദേഹിക്കുന്നു. ഞാൻ തുറന്നുപറയട്ടെ, പിന്നിൽനിന്നു കുത്തിയതായാണ് എനിക്ക് അനുഭവപ്പെട്ടത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ തികഞ്ഞ വഞ്ചനയായേ ഞാൻ അതിനെ കാണുമായിരുന്നുള്ളൂ. അങ്ങയുടെ ഭാഗത്തുനിന്നാകുമ്പോൾ അതൊരു ദൗർബ്ബല്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു, ഏറ്റവും മോശപ്പെട്ട ഒരു ദൗർബ്ബല്യം എന്നതിനെ വിളിക്കാൻ എന്നെ അനുവദിച്ചാലും.

ഏതൊരാളുടെയും മനോദാർഢ്യം പരിശോദിക്കപ്പെടുന്ന വിലയാണിത്. എന്നാൽ ഞാൻ പറയട്ടെ, അങ്ങ് പരാജയപ്പെട്ടുപോയിരിക്കുന്നു. എനിക്കറിയാം അങ്ങ് എത്രയും സത്യസന്ധനായ ഒരു ദേശസ്നേഹിയാണ്. ജീവിതം മുഴുവൻ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രയത്നത്തിന് നീക്കിവെച്ച അങ്ങ് ഈ അന്ത്യനിമിഷത്തിൽ എന്തിന് ഇത്തരമൊരു ദൗർബ്ബല്യത്തിനിരയായി? എനിക്കത് മനസ്സിലാകുന്നില്ല.

അവസാനമായി താങ്കളോടും എന്റെ സുഹൃത്തുക്കളോടും എന്റെ കേസിൽ താൽപര്യമുള്ള എല്ലാവരോടും ഞാൻ പറയട്ടെ. താങ്കളുടെ നീക്കത്തെ ഞാൻ അംഗീകരിച്ചിട്ടില്ല. എന്റെ കൂട്ടുപ്രതികളായ മറ്റു ചിലർ കേസിൽ എതിർവാദം നടത്തുന്നതിനെ സംബന്ധിച്ചും മറ്റും സമർപ്പിച്ചിട്ടുള്ള ഹർജികൾ കോടതി അനുവദിക്കുകയാണെങ്കിൽ പോലും എന്റെ കേസിൽ ഞാൻ എതിർവാദം നടത്തുമായിരുന്നില്ല. നിരാഹാരസമരം നടത്തിയ അവസരത്തിൽ, കൂടിക്കാഴ്ചയെ സംബന്ധിച്ച് ഞാൻ ട്രിബ്യുണലിനു സമർപ്പിച്ച അപേക്ഷകളെ തെറ്റായി വ്യാഖ്യാനിക്കുകയും ഞാൻ കേസിൽ എതിർവാദം നടത്താൻ പോവുകയാണെന്ന് പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ ഞാൻ ഒരിക്കലും കേസിൽ എതിർവാദം നടത്താൻ തയ്യാറായിരുന്നില്ല. ഞാൻ ഇപ്പോഴും മുൻ അഭിപ്രായത്തിൽത്തന്നെ ഉറച്ചു നിൽക്കുന്നു.

ബോർസ്‌റ്റൽ ജയിലിൽ കിടക്കുന്ന എന്റെ സുഹൃത്തുക്കൾ ഇതിനെ എന്റെ ഭാഗത്തുനിന്നുള്ള വിശ്വാസവഞ്ചനയും ചതിയും ആയി കണക്കാക്കിയേക്കാം. അവരുടെ മുമ്പാകെ എന്റെ നിലപാട് വിശദീകരിക്കാൻ ഒരവസരം പോലും എനിക്ക് ലഭിക്കുകയില്ല. എന്നാൽ, ഈ സങ്കീർണ്ണാവസ്ഥയുടെ എല്ലാ വിശദവിവരങ്ങളും പൊതുജനങ്ങൾ അറിയണമെന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് ഈ കത്ത് പ്രസിദ്ധീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

അങ്ങയുടെ പ്രിയപ്പെട്ട മകൻ
ഭഗത്‌സിംഗ്