Bhagavatheeswara Iyer
ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത് ആരായിരുന്നാലും വലിയവനോ ചെറിയവനോ എന്നൊന്നും അദ്ദേഹം നോക്കാറില്ല.പലപ്പോഴും അദ്ദേഹം പ്രതികരിച്ചത് സ്വന്തം വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ല മറിച്ച് ഒരു പൊതു താല്പര്യത്തിന് വേണ്ടിയായിരുന്നു.ഒരിക്കൽ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചലച്ചിത്രസംഗീതത്തിന്റെ അവാർഡ് ഗാനങ്ങൾക്ക് പ്രത്യേകമായും പശ്ചാത്തലസംഗീതത്തിന് വേറെയും രണ്ട് വെവ്വേറെ സംഗീതസംവിധായകർക്ക് ലഭിക്കുകയുണ്ടായി
അതിൽ ഗാനത്തിന് നൽകിയ അവാർഡ് വലിയ ഒരു വിവാദത്തിന് തിരി കൊളുത്തി ആ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ വളരെ പ്രസിദ്ധമായ രണ്ടു ഹിന്ദി ഗാനങ്ങളുടെ അനുകരണമായിരുന്നു . ഈ വിവാദം മാസ്റ്ററുടെ ചെവികളിലുമെത്തി. പാട്ട് കേട്ടപ്പോൾ അദ്ദേഹത്തിന് ബോദ്ധ്യമായി ഇത് അനുകരണം തന്നെ. മാസ്റ്റർ ഒരുപാട് കേട്ട് വളർന്ന സംഗീതസംവിധായകനും ഗായകനുമായ പങ്കജ് മലിക് പാടിയ പാട്ട്, മറ്റൊരു സംഗീതസംവിധായകനും ഗായകനുമായ സച്ചിൻ ദേവ് ബർമ്മൻ ആലപിച്ച മറ്റൊരു പാട്ട്. ഈ രണ്ടു പാട്ടുകളുടെയും ഈണം അതേപോലെ ഉപയോഗിച്ചിരിക്കുന്നു. ആ സമയത്ത് മാസ്റ്റർ ചെന്നൈയിലായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ഉടൻതന്നെ അദ്ദേഹം പത്രക്കാരെ വിളിച്ചു വരുത്തി. അവരുടെ മുന്നിൽ ഒറിജിനൽ പാട്ടും അതിന്റെ അനുകരണവും കേൾപ്പിച്ചു.
അദ്ദേഹം പറഞ്ഞു. പല കാരണങ്ങൾ ഉണ്ടാകാം ഒരു സംഗീതസംവിധായകന് ഒരു ഈണം അത് പോലെ അനുകരിക്കാൻ.എന്റെ പ്രതിഷേധം ആ സംഗീതസംവിധായകനോടല്ല, മറിച്ച് അത് ഏറ്റാവും നല്ല സംഗീതമായി അംഗീകരിക്കാൻ തയ്യാറായ ഗവണ്മെന്റിനോടാണ്. അനുകരിക്കാതെ സ്വന്തം ഭാവനയിൽ ഈണം ഉണ്ടാക്കുന്ന മറ്റ് സംഗീത സംവിധായാകരെ അപമാനിക്കലാണ്. അത്കൊണ്ട് പ്രതിഷേധസൂചകമായി കേരള ഗവണ്മെന്റ് എനിക്കു നൽകിയ അവാർഡുകൾ അവർക്ക് മടക്കി നൽകുന്നു.അന്ന് ആ പത്രസമ്മേളനത്തിൽ മാസ്റ്ററോടൊപ്പം ജോൺസൻ, ദക്ഷിണാമൂർത്തി, വിദ്യാസാഗർ, ശ്യാം, രവീന്ദ്രൻ, ഔസേപ്പച്ചൻ എ ടി ഉമ്മർ എന്നിവരും സന്നിഹിതരാണ് .പിന്നീട് ഇളയരാജ, എം എസ് വിശ്വനാഥൻ,ബോംബെ രവി നൗഷാദ് എം ജയചന്ദ്രൻ എന്നിവരും മാസ്റ്റർക്ക് പിന്തുണയുമായി രംഗത്തെത്തി.പിറ്റേദിവസം തന്നെ അവർഡുകൾ ഒരു ചാക്കിൽ പൊതിഞ്ഞു കെട്ടി, കേരള ചീഫ് സെക്രട്ടറിക്കും കലാ സാംസ്കാരിക മന്ത്രിക്കും കത്തെഴുതി അവാർഡ് തുകയായി കിട്ടിയ പണത്തിനു ചെക്കും ചേർത്ത് ഒരാളെ തിരുവനന്തപുരത്തെയ്ക്ക് അയയ്ക്കാൻ ഏർപ്പാടാക്കി ഒറിജിനൽ പാട്ടും അനുകരണവും ഒരു കാസറ്റിൽ റെക്കോർഡ് ചെയ്ത് അതും കൊടുത്തയച്ചു
ഈ വാർത്ത കേരളത്തിലും കേരളത്തിനു പുറത്തും പ്രാധാന്യം നേടി. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്നിട്ടും ധാരാളം സംഗീതാസ്വാദകർ ദേവരാജൻ മാസ്റ്ററെ ന്യായീകരിച്ചുകൊണ്ട് മുന്നോട്ട് വന്നു.ഇതൊരു ജന സംസാര വിഷയമായതോടെ കലാ സാംസ്കാരിക മന്ത്രി ദേവരാജൻ മാസ്റ്റർക്ക് ഒരു മറുപടി കത്തെഴുതി.കത്തിന്റെ വിശദമായ വിവരങ്ങൾ പത്രക്കാർക്കും നൽകി. മന്ത്രി പറഞ്ഞത് ഗവൺമെന്റ് ഇക്കാര്യത്തിൽ നിസ്സഹായരാണ്. കാരണം ഒരു അവാർഡ് കമ്മിറ്റിയാണ് ഇത് തെരഞ്ഞെടുക്കുന്നത്, അതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. ഒരിക്കൽ നൽകിയ അവാർഡ് തിരികെ എടുക്കാനും സാദ്ധ്യമല്ല
പണ്ട് അവാർഡ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ഒരു സംവിധായകൻ മന്ത്രിക്ക് മറുപടി നൽകി. അവാർഡ് കമ്മിറ്റി അവരുടെ തെരഞ്ഞെടുപ്പ് ഒരു ശുപാർശയായി ഗവണ്മെന്റിന്റെ മുന്നിൽ അവതരിപ്പിക്കും. അത് പൂർണ്ണമായോ ഭാഗികമായോ സ്വീകരിക്കുകയോ നിരസ്സിക്കുകയോ ചെയ്യാനുള്ള അധികാരം സർക്കാരിന്റെ ഭാഗത്താണ് .
അവാർഡ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു പിന്നണി ഗായകനും ദേവരാജൻ മാസ്റ്ററെ പിന്തുണച്ചപ്പോൾ സംഗതി കൈ വിട്ടു പോകുന്നതായി മന്ത്രിക്ക് തോന്നി ചിഫ് സെക്രട്ടറിയോട് ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. അന്നത്തെ ചീഫ് സെക്രട്ടറി ഇതിനൊരു പരിഹാരം കാണാനായി ദേവരാജൻ മാസ്റ്ററുടെ സുഹൃത്തും അന്ന് ടൂറിസം ഡയറക്ടറുമായിരുന്ന കെ ജയകുമാറിനെ ചുമതലപ്പെടുത്തി.കൂടെ സർക്കാരിന്റെ വക ഒരു പുതിയ ഫോർമുലയും അനുരജ്ഞനത്തിന്റെ ഭാഗമായി ഗവണ്മെന്റ് മാസ്റ്ററുടെ മുന്നിൽ വച്ച ഫോർമുല .ഭാവിയിൽ ഇത്തരത്തിലുള്ള തെറ്റ് ഉണ്ടാകാതിരിക്കാൻ പരിചയം കൂടുതൽ ഉള്ള, സിനിമ, സംഗീതം എന്നിവയിൽ പരിജ്ഞാനമുള്ള മൂന്നംഗ സമിതി, അവാർഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന അവസാനത്തെ ലിസ്റ്റ് പരിശോധിക്കും. റീമേക് സിനിമകൾ അനുകരിച്ച പാട്ടുകൾ ഉണ്ടെങ്കിൽ അതോക്കെ ആ കമ്മിറ്റി ലിസ്റ്റിൽ നിന്നും എടുത്തു മാറ്റും. അത് സ്വീകാര്യമായി തോന്നിയതിനാൽ
മാസ്റ്റർ ആ ഫോർമുല അംഗീകരിച്ച് തന്റെ നിലപാട് തിരുത്തി.ഗാനരചയിതാവ് പി. ഭാസ്കരൻ പറഞ്ഞു. അതാണ് ദേവരാജൻ. കണ്മുന്നിൽ തെറ്റ് കണ്ടാൽ കണ്ടില്ലെന്ന് നടിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഏകദേശം മുപ്പതു വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവത്തിന് ശേഷം പിന്നീട് ഇത്തരത്തിലുള്ള അബദ്ധം ഉണ്ടായിട്ടില്ല. ഈ അടുത്ത കാലത്ത് ഇന്ത്യയിൽ “അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു. മാർച്ച് 14 ദേവരാജൻ മാസ്റ്ററുടെ പതിനേഴാം ചരമദിനം
രണ്ടു വർഷം മുൻപ് ചെന്നൈയിൽ നടന്ന ഒരു ദേവരാജൻ അനുസ്മരണ ചടങ്ങിൽ മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ പറഞ്ഞു. ദേവരാജൻ മാസ്റ്റർ മലയാള ചലച്ചിത്ര സംഗീതത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന മിടുക്കന്മാരായ അഞ്ച് സംഗീതസംവിധായകരെ കൈപിടിച്ച് ഇവിടെയ്ക്ക് ആനയിച്ചതാണ്. അദ്ദേഹത്തിന് സ്വന്തം മകനെ പരിശീലനം നൽകി സംഗീതസംവിധായകനാക്കാമായിരുന്നു. അല്ലെങ്കിൽ എനിക്ക് ശേഷം പ്രളയം എന്ന മട്ടിൽ തന്റെ സഹായികളെ ഉയർന്നു പൊങ്ങാൻ അനുവദിക്കാതെ തളച്ചിടാമായിരുന്നു. .പക്ഷേ അങ്ങനെ ചെയ്തില്ല. കഴിവുള്ള തന്റെ സഹായികളെ വേണ്ട പരിശീലനം നൽകി സ്വതന്ത്രമായി സംഗീതം നൽകാൻ അദ്ദേഹം പ്രോത്സാഹനം നൽകി. പലർക്കും സംഗീതം നൽകാനുള്ള ആദ്യ ചിത്രം ലഭിക്കാനുള്ള നിമിത്തം തന്നെ അദ്ദേഹം ആയിരുന്നു. കുളത്തൂപ്പുഴ രവി എന്ന ഗായകനെ വഴി മാറ്റി ചിന്തിക്കാൻ സംഗീതസംവിധായകനാകാൻ പ്രേരണ നൽകിയതും ദേവരാജൻ മാസ്റ്റർ ആണ്.
മറ്റൊരു ഭാഷയിലും ഒരു സംഗീതസംവിധായകന്റെ ഇത്രയും സഹായികൾ സ്വതന്ത്ര സംഗീതസംവിധായാകരായി അരങ്ങേറി വിജയം നേടിയിട്ടില്ല
അദ്ദേഹം പറഞ്ഞത് ശരിയാണ്. മലയാള ചലച്ചിത്രസംഗീതരംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭരായ സംഗീതസംവിധായകർ .വിദ്യാസാഗർ, ശ്യാം, ഇളയരാജ, ബി എ ചിദംബരനാഥ, രഘുകുമാർ എന്നിവർ മാസ്റ്ററുടെ പാട്ടുകൾക്ക് സംഗീതോപകരണങ്ങൾ വായിച്ചിട്ടുണ്ട്. എ ടി ഉമ്മർ അദ്ദേഹത്തെ മനസ്സാ ഗുരുവായി കണ്ടിരുന്നു എന്ന് മാത്രമല്ല ഉപദേശവും തേടിയിരുന്നു.എം ജി രാധാകൃഷ്ണൻ, വിദ്യാധരൻ എന്നിവർ മാസ്റ്ററുടെ പാട്ടുകൾ പാടിയിട്ടുണ്ട് ഇതിൽ പലരെയും കുറിച്ച് സംസാരിക്കുമ്പോൾ മുഖത്ത് അതിയായ സന്തോഷവും അഭിമാനവും മിന്നലാടുന്നത് കണ്ടിട്ടുണ്ട്.
മലയാള ചലച്ചിത്ര സംഗീത കുടുംബം അത് മാസ്റ്ററുടെ ആശയം ആയിരുന്നു. ചെന്നൈയിൽ ഉണ്ടായിരുന്നപ്പോൾ മലയാള ചലച്ചിത്രസംഗീതവുമായി ബന്ധപ്പെട്ട ആരെയും അദ്ദേഹം സഹായിക്കുമായിരുന്നു. തന്റെ മ്യൂസിഷ്യൻസ്, ഗായകർ ഗാനരചയിതാക്കൾ ഒക്കെ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. മലയാള ചലച്ചിത്രസംഗീതത്തിന്റ അൻപതാം വാർഷികം തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോൾ ശാരീരിക അസ്വാസ്ത്യം ഉണ്ടായിരുന്നിട്ടും ട്രെയിനിൽ വരുന്ന ഗായകരെയും മ്യൂസിഷ്യൻസ്നെയും സ്വീകരിക്കാൻ അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ പോയി നിന്നു.
അവിടെയും തീരുന്നില്ല. ചികിത്സയുടെ ഭാഗമായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന കാലത്ത് കൊല്ലം സുധീപ് കുമാർ, വിധു പ്രതാപ് തുടങ്ങി കുറെ യുവഗായകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി അവതരിപ്പിച്ചു
ശക്തിഗാഥ എന്ന കൊയർ ഗ്രൂപ്പ് ഉണ്ടാക്കി പുതിയ ഗായകരെ പരിശീലിപ്പിച്ച് ധാരാളം ഭക്തി ഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ ശ്രോതാക്കൾക്ക് സമ്മാനമായി നൽകി. തന്റെ ജീവിതം ചലച്ചിത്രസംഗീതത്തിനും ചലച്ചിത്രെതര സംഗീതത്തിനും വേണ്ടി. മാറ്റി വച്ചിരുന്നു. കഴിവുള്ളവരെ കണ്ടെടുക്കാനും അവരെ തന്നാൽ കഴുവുള്ള രീതിയിൽ സഹായിക്കാനും ഒരിക്കലും മടി കാണിച്ചില്ല മലയാള സംഗീതം അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.