കാലിന്മേൽ കാല് കയറ്റി വെച്ച് ഇരിക്കുന്നത് ചീത്തസ്വഭാവമൊന്നുമല്ല, ബഹുമാനമില്ലായ്മയുമല്ല.. മോളിരുന്നോ

75

ഭാഗ്യലക്ഷ്മി ചേച്ചിയുടെ പോസ്റ്റ്
Bhagyalakshmi Kumaran

സിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്ത വ്യക്തി ആരെന്നു ചോദിച്ചാൽ എന്നും ഞാനോർക്കുന്നത് ആദ്യം നസീർ സാറിനെയാവും. സ്വരഭേദങ്ങളിൽ എഴുതിയതാണെങ്കിൽ പോലും എത്ര പറഞ്ഞാലും തീരാത്ത വിഷയമാണ് നസീർ സാറിനെ കുറിച്ചു പറയാനുളളത്.ആദ്യമായി കണ്ടത് ശ്യാമള സ്റ്റുഡിയോയിൽ വെച്ചാണ്. അപരാധി എന്ന സിനിമയുടെ ഡബ്ബിങ് ന് പോയ ദിവസം..എനിക്ക് 11 വയസ് പ്രായം.അന്ന് ചെന്നൈയിൽ അധികം മലയാള സിനിമ കാണാൻ പറ്റാറില്ല.സിനിമ മാഗസിനിൽ മാത്രം കണ്ട മനുഷ്യനെ നേരിട്ട് കണ്ടപ്പോൾ അത്ഭുതമായിരുന്നു. ദൈവത്തെ കണ്ടപോലെ.ആദ്യമായി ഡബ്ബിങ്ങ് ചെയ്തതിന് 250 രൂപ കൈനീട്ടം തന്നതും സാറാണ്. പിന്നീട് ഓരോ വിഷുവിനും ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ ഉളളവർക്കെല്ലാം സാർ കൈനീട്ടം കൊടുക്കുമ്പോൾ എത്രയോ തവണ അത് വാങ്ങാനുളള ഭാഗ്യം കിട്ടിയിട്ടുണ്ട്. മെഡ്രാസിലെത്തുന്ന ഏതൊരു മലയാളിക്കും ധൈര്യപൂർവ്വം ചെന്ന് സഹായം ചോദിക്കാനൊരു ആശ്രയ കേന്ദ്രമായിരുന്നു ആ മനുഷ്യൻ.

ഒരു കലാകാരനും വിശന്നിരിക്കില്ല അദ്ദേഹം അവിടെയുളളപ്പോൾ.അങ്ങോട്ട് നമസ്കാരം പറഞ്ഞില്ലെങ്കിലും ഇങ്ങോട്ട് വന്ന് നമസ്കാരം പറയാൻ യാതൊരു ഈഗോയുമില്ലാത്ത കലാകാരൻ, വളരേ കുഞ്ഞിലേ തന്നെ കാലിന്മേൽ കാല് കയറ്റിവെച്ച് ഇരിക്കുന്നത് എന്റെയൊരു സ്വഭാവമാണ്. എത്രയോ തവണ വല്യമ്മയുടെ കൈയ്യിൽ നിന്ന് അടികൊണ്ടിട്ടുണ്ട്, ആ കുമാരൻ നായരുടെ(അച്ഛ്യൻ🤪) അഹങ്കാരം അതേപോലെ കിട്ടിയിട്ടുണ്ടെന്ന് പറയും. പന്ത്രണ്ടോ പതിമൂന്നോ വയസ്സുളളപ്പോൾ
ഒരിക്കൽ സ്റ്റുഡിയോയിൽ കാലിന്മേൽ കാല് കയറ്റിവെച്ച് ഇരുന്ന എന്നെ സാറ് കാണാതെ വല്യമ്മ തുടയിൽ നുളളി. ശരിക്കും വേദനിച്ചു എനിക്ക്.. സാറത് കണ്ടു.എന്തിനാണ് കമലമ്മേ കുഞ്ഞിനെ വേദനിപ്പിച്ചത്. കാലിന്മേൽ കാല് കയറ്റി വെച്ച് ഇരിക്കുന്നത് ചീത്തസ്വഭാവമൊന്നുമല്ല, ബഹുമാനമില്ലായ്മയുമല്ല.. മോളിരുന്നോ.

സാരല്യ എന്ന് പറയാനുളള മനസ്സിന്റെ വലിപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്.ഞാൻ നായികമാര്‍ക്ക് ശബ്ദം കൊടുത്ത് തുടങ്ങിയകാലം സാറുമൊന്നിച്ച് നിന്ന് ഡബ്ബിങ് ചെയ്യുമ്പോൾ ശരിയായോ എന്ന് എന്നോട് തമാശക്ക് ചോദിക്കും. ഒരിക്കൽ സിങ്ക് ഔട്ടായപ്പോൾ ഡയറക്ടർ ഓകെ പറഞ്ഞു. ഓകെയാണോ എന്ന് എന്നോട് ചോദിച്ചപ്പോൾ അല്ല സിങ്ക് ഔട്ടാണ് എന്ന് ഞാൻ പറഞ്ഞു. സംവിധായകൻ കൺസോൾ റൂമിൽ നിന്ന് ഇല്ല സാർ അത് ഞാൻ ശരിയാക്കിക്കോളാം എന്ന് പറഞ്ഞു. ങേ നമ്മളൊക്കെ തെറ്റിച്ചാ വീണ്ടും വീണ്ടും പറയിക്കും സാറ് തെറ്റിച്ചപ്പൊ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ. സാറ് ഉറക്കെ ചിരിച്ചുകൊണ്ട് അതൊന്നുകൂടി എടുക്കാം എന്ന് പറഞ്ഞു.. ഈ പെണ്ണിന്റെ കൂടെ ഞാൻ ഡബ്ബിങ്ങ് ചെയ്യില്ല എന്ന് പറഞ്ഞ നായകന്മാരുടെ ഇടയിലാണ് എന്റെ മനസ്സിൽ അദ്ദേഹം ഹീറോ ആവുന്നത്. മരണം വരെ എനിക്ക് മറക്കാൻ സാധിക്കാത്ത മനഷ്യനാണ് നസീർ സാർ. 1984ൽ എന്റെ ഏക രക്ഷിതാവായ വല്യമ്മ മരിച്ചപ്പോൾ വീട്ടിലെ അംഗത്തെപ്പോലെ എന്നോടൊപ്പം നിൽക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത വലിയ മനുഷ്യ സ്നേഹിയെ എങ്ങനെ മറക്കാൻ പറ്റും.

1987ൽ തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ മകളുടെ വീട്ടിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാനെന്റെ മൂത്ത മകനെയും കൊണ്ട് അദ്ദേഹത്തെ കാണാൻ പോയി. മോനന്ന് കഷ്ടിച്ച് രണ്ട് വയസ്സ് പ്രായം. അതൊരു വിഷുക്കാലമായിരുന്നു.മോനെ മടിയിലിരുത്തി കൊഞ്ചിച്ചു. അഞ്ഞൂറ് രൂപ കൈനീട്ടം കൊടുത്തു. അവനത് വാങ്ങുമ്പോൾ മോന്റെ അമ്മക്ക് എത്ര വിഷുക്കൈനീട്ടം ഞാൻ കൊടുത്തിട്ടുണ്ടെന്ന് അറിയാമോ..ആദ്യമായി ഡബ്ബിങ്ങ് ചെയ്തതിനും ഞാനാണ് പൈസ കൊടുത്തത്.നന്നായി വരും എന്ന് അവനെ അനുഗ്രഹിച്ചു.ഇതാരാന്നറിയാമോ എന്ന് ഞാൻ മോനോട് ചോദിച്ചപ്പോൾ അപ്പൂപ്പൻ എന്നവൻ പറഞ്ഞത് കേട്ട് സാർ പൊട്ടിച്ചിരിച്ചു.. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച.

അന്നത്തെ കാലത്തെ ഓരോ കലാകാരനും അദ്ദേഹത്തെ കുറിച്ച് പറയാൻ ഇതുപോലെ നിരവധി ഓർമ്മകളുണ്ടാവും. മെഡ്രാസിൽ അവസരത്തിനുവേണ്ടി അലഞ്ഞു നടന്ന ഓരോരുത്തരുടെ ജീവിതത്തിലും ഒരു കൈയ്യൊപ്പ് ഇട്ടിട്ടേ പോയിട്ടുളളു നസീർ സാർ.അദ്ദേഹം ജീവിച്ച കാലത്ത് സിനിമയിൽ വന്നതും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായതും തന്നെയാണ് ഏറ്റവുംവലിയ ഭാഗ്യം.
ഒരിക്കലും ഓർമ്മയിൽ നിന്ന് മായാത്ത മുഖം.1989 ൽ അദ്ദേഹം മരിച്ചു. ഞാൻ പോയില്ല കാണാൻ. അവസാനം അദ്ദേഹം ഉറക്കെ ചിരിച്ച ഒരു മുഖമുണ്ട് മനസ്സിൽ. അതുമതി.

19.7.2020.
ഭാഗ്യലക്ഷ്മി.
അയ്യോ പറയാൻ വിട്ടുപോയി.😮 “പ്രേം നസീറിന്റെ മുമ്പിൽ കാലിന്മേൽ കാല് കയറ്റിയിരുന്ന ഭാഗ്യലക്ഷ്മി, നസീറിനെ ഡബ്ബിങ് പഠിപ്പിച്ച ഭാഗ്യലക്ഷ്മി” എന്നപോലെയുളള ഓഞ്ഞ തലക്കെട്ടോടുകൂടി വാർത്തയാക്കുന്ന മാധ്യമങ്ങളോട് പറയാനുളളത്. ഇത് വാർത്തയാക്കാൻ വേണ്ടി എഴുതിയതല്ല.

Advertisements