വിത്ത് സംരക്ഷകനായ ഒരു കർഷകനോട് ചെയ്തത്

445

ഭാരത് മൻസാട്ട (OFAI മുൻ മാനേജിങ് കമ്മിറ്റിയംഗം)
പരിഭാഷ : കെ പി ഇല്യാസ് (ജോ സെക്രട്ടറി, കേരളാ ജൈവ കർഷക സമിതി)

NIF ഉം PPVFRA യും വിത്ത് സംരക്ഷകനായ ഒരു കർഷകനോട് ചെയ്തത്.

HMT എന്നത് ഉത്തരേന്ത്യയിൽ ഇന്ന് ഏക്കറുകണക്കിന് കൃഷി ചെയ്യുന്ന ഒരു നെൽവിത്തിന്റെയും കൂടി പേരാണ്. മഹാരാഷ്ട്രയിലെ ദാദാജി രാമാജി കോബ്രഗാഡെ എന്ന ഒരു ചെറുകിട പാരമ്പര്യ കർഷകൻ സ്വപ്രയത്നത്താൽ വികസിപ്പിച്ചെടുത്ത, ഒരു തദ്ദേശ വിത്താണിത്. മഹാരാഷ്ട്രയിലും തൊട്ടടുത്തുള്ള മറ്റു സംസ്ഥാനങ്ങളിലുമുള്ള ആയിരക്കണക്കിന് കർഷകരാണ് ഇപ്പോൾ ഈ നെൽവിത്ത് കൃഷി ചെയ്യുന്നത്.

കെ പി ഇല്യാസ്
കെ പി ഇല്യാസ്

നമ്മുടെ ഗന്ധശാലയെ അനുസ്മരിപ്പിക്കുന്ന നല്ല മൃദുവായ സുഗന്ധമുള്ള നേർത്ത നെല്ലിനമാണ് കൊബ്രാഗാഡെയുടെ HMT. പാചകം ചെയ്യാനും എളുപ്പമാണ്. ആ പ്രദേശത്തെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും മണ്ണിനും യോജിച്ച ഇനവും കൂടിയാണിത്. ആളുകൾ കഴിക്കാൻ ഇഷ്ടപെടാൻ തുടങ്ങിയതോടു കൂടി HMT ക്ക് പ്രിയമേറി. കർഷകർ കൃഷി ചെയ്യുന്ന മറ്റു നെല്ലിനങ്ങളേക്കാളും വിലയും ഇരട്ടിയായി.

1982- 83 കാലഘട്ടത്തിലാണ് ദാദാജിയുടെ HMT യുടെ കഥ ആരംഭിക്കുന്നത്. തന്റെ പാടത്തെ നെൽകൃഷിയിൽ മറ്റുള്ളവയിൽ നിന്നും അൽപം വ്യത്യസ്തമായി ഒരു നെൽചെടിക്ക് എന്തോ ഒരു പ്രത്യേകതയുള്ളതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ആ ചെടിയിലെ കതിരിലെ നെൽമണികൾ കുറേ കൂടി ഒതുക്കമുള്ളതായിരുന്നു. വളരെ ശ്രദ്ധയോടു കൂടി ഇതിന്റെ വിത്തുകൾ അദ്ദേഹം തെരഞ്ഞടുത്ത് വീണ്ടും നട്ടു. അതുല്യമായ സ്വഭാവസവിശേഷത സ്ഥിരമായി ലഭിക്കുന്നത് വരെ അദ്ദേഹം ഇങ്ങനെ എല്ലാ സീസണിലും ഈ പ്രവൃത്തി വർഷങ്ങളോളം തുടർന്നു. ഒരു വിത്ത് ഗവേഷകനെ സംബന്ധിച്ചിടത്തോളം കൃത്യമായ നിരീക്ഷണവും ക്ഷമയും അത്യാവശ്യമാണല്ലോ.!

വികസിപ്പിച്ചെടുത്ത വിത്തിന് സ്ഥിരത കൈവന്നതോടു കൂടി നാട്ടിലുള്ള മറ്റു കർഷകർ ഇതറിഞ്ഞ് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് പെട്ടെന്ന് തന്നെ ഈ വിത്ത് വാങ്ങി കൃഷി ചെയ്യാൻ ആരംഭിച്ചു. അതിൽ ഒരു കർഷകൻ കോബ്രാഗഡയോട് ഈ വിത്തിന്റെ പേര് ചോദിച്ചപ്പോൾ കോബ്രാഗഡെയ്ക്ക് പെട്ടെന്ന് ഉത്തരമുണ്ടായിരുന്നില്ല. കാരണം വിത്തിന് അദ്ദേഹം പേരൊന്നും നൽകിയിട്ടില്ലായിരുന്നു. അക്കാലഘട്ടത്തിൽ പോപുലറായിരുന്നു HMT യെന്ന വാച്ച് കമ്പനിയുടെ പേരാണ് അദ്ദേഹത്തിന്റെ മനസ്സിൽ പെട്ടെന്ന് തോന്നിയത്. അദ്ദേഹം HMT യെന്നാണ് ഈ വിത്തിന് പേരെന്ന് ആ കർഷകനോട് പറഞ്ഞു. അങ്ങനെ തൊണ്ണൂറുകളിൽ HMT യുടെ കീർത്തി കർഷകർക്കിടയിൽ പരക്കെ പ്രചരിക്കാൻ തുടങ്ങി.

മഹാരാഷ്ട്രയിലെ ചാന്ദ്രപൂർ ജില്ലയിലെ കിഴക്കൻ പ്രവിശ്യയിലെ ബുദ്ധിസ്റ്റ് – ദളിത് ഗ്രാമമായ നാന്ദേഡിലായിരുന്നു കോബ്രഗാഡെ താമസിച്ചിരുന്നത്. 1994 ൽ അതിനടുത്തെ അകോലയിലെ പുഞ്ചാബറഹോ കൃഷി വിദ്യാപീഠത്തിനു (PKV, Agriculture University) കീഴിലുള്ള സിൻധ് വാഹി റൈസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ കോബ്രഗാഡെയെ കാണാൻ വന്നു. പരീക്ഷണത്തിനാണെന്നും പറഞ്ഞ്, കടലാസിൽ ഒപ്പിട്ടുകൊടുത്ത് അഞ്ച് കിലോ HMT വിത്ത് അദ്ദേഹം കോബ്രഗാഡെയുടെ പക്കൽ നിന്നും കൊണ്ടുപോയി.

1998 ൽ PKV കാർഷിക സർവ്വകലാശാല
PKV-HMT എന്ന പേരിൽ ഒരു വിത്ത് പുറത്തിറക്കി. അവരവകാശപ്പെട്ടത് പഴയ കർഷക ഇനമായ (farmer’s variety) HMT യിൽ നിന്നും ശുദ്ധീകരണം ചെയ്ത് വികസിപ്പിച്ചെടുത്ത വിത്താണ് ഇതെന്നാണ്. എന്നാൽ ഈ വിത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവായ കർഷകനും വിത്ത് ഗവേഷകനുമായ കോബ്രഗാഡെയുടെ പേര് അവർ എവിടെയും സൂചിപ്പിക്കുകയുണ്ടായില്ല.

2004 ൽ ‘ദി ഹിന്ദുവിൽ’ ദാദാജി കോബ്രഗാഡെയെ കുറിച്ചും അദ്ദേഹത്തിന്റെ വിത്ത് ഗവേഷണത്തെ കുറിച്ചുമൊക്കെ മീന മേനോൻ എഴുതുകയുണ്ടായി. അങ്ങനെ പുറംലോകം ഇക്കാര്യങ്ങൾ അറിഞ്ഞു തുടങ്ങി. നാടൻ വിത്ത് ഗവേഷകനും ശാസ്ത്രഞ്ജനുമായ ഡോ റിച്ചാരിയയുടെ പേരിലുള്ള ആദ്യത്തെ ‘റിച്ചാരിയ സമ്മാൻ’ അവാര്‍ഡ് HMT യും അതുപോലെയുള്ള മറ്റു വിത്തുകളും വികസിപ്പിച്ചെടുത്തതിന് കോബ്രഗാഡെയ്ക്ക് ലഭിച്ചു. (മധ്യപ്രധേശിൽ 19000 ത്തിലധികം നാടൻ നെൽ വിത്തുകൾ ശേഖരിച്ചു സംരക്ഷിച്ചു പഠനം നടത്തിയ മഹാനായിരുന്നു റിച്ചാരിയ. അതിൽ 1600 ലധികം ഇനങ്ങൾ അത്യുൽപാദനം നൽകുന്നവയായിരുന്നു)

അതിനു ശേഷം ദാദാജിക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ അവാർഡുകൾ ലഭിക്കുകയുണ്ടായി. അദ്ദേഹം തന്റെ വിത്ത് ഗവേഷണം തുടരുകയും ചെയ്തു. 2005 ൽ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ കോബ്രാഗഡെയെ ആദരിക്കുകയും അദ്ദേഹം വികസിപ്പിച്ചെടുത്ത HMT, DRK അങ്ങനെ 7 വിത്തുകൾ PPV&FR Act നു കീഴിൽ നിലവിൽ വന്ന PPVFR അതോറിറ്റി (Protection of Plant Varieties Farmers Rights Authority) യിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ആശ്ചര്യകരമായ സംഗതി PPVFRA യിൽ HMT എന്ന പേരിനു പകരം ‘Dadaji HMT’ യെന്നാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ശരിക്കും കോബ്രഗാഡെയുടെ ഒറിജിനൽ HMT തന്നെയായ PKV-HMTക്ക് വ്യത്യസ്ത രജിസ്ടേഷൻ അനുവദിക്കാൻ വേണ്ടിയായിരുന്നു ഇത് ചെയ്തത്.

നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ 16-01-2008 നാണ് രെജിസ്ട്രേഷന് അപേക്ഷ നല്‍കുന്നത്. സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നത് നാലു വര്‍ഷം കഴിഞ്ഞ് 04-04-2012 നും. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് (21-02-2012) NIF ന്‍റെ വെബ്സൈറ്റില്‍ ഇങ്ങനെ ഒരു പോസ്റ്റ് വന്നിരുന്നു. ഗ്രാസ്സ്റൂട്ട് ടെക്നോളജി അക്വസിഷന്‍ ഫണ്ടിന്‍റെ (TAF) അധീനതയില്‍ NIF പ്രതിഫലം നല്‍കിയ ശേഷം ആവിഷ്കര്‍ത്താക്കളില്‍ നിന്നും സാങ്കേതിക അവകാശം നേടുമെന്നും കുറഞ്ഞ ചെലവില്‍ വലിയ സാമൂഹിക നേട്ടം ലക്ഷ്യം വെച്ച് ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്നായിരുന്നു അത്. ആ പോസ്റ്റില്‍ ഇങ്ങനെയും സൂചിപ്പിച്ചിരുന്നു. ഈ മീറ്റിംഗില്‍ (21-02-2012) 8 സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 കര്‍ഷകര്‍ക്ക് അവര്‍ വികസിപ്പിച്ചെടുത്ത നെല്ല്, ഗോതമ്പ്, കടുക്, തൊവര, ഏലം, കുരുമുളക് എന്നിങ്ങനെ 39 ഇനം വിളകള്‍ക്ക് TAF ഫണ്ടില്‍ നിന്നും 13,00,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.

ആ ദിവസം HMT, DRK എന്നീ വിത്തുകള്‍ക്ക് ഓരോന്നിനും 50,000 രൂപ വീതം നല്‍കി PPVFRA രജിസ്ട്രേഷന് അധീനതയില്‍ വരുന്ന ബൗദ്ധിക സ്വത്തവകാശങ്ങളടക്കം എല്ലാ അവകാശങ്ങളും കൈമാറുന്നുവെന്ന് പറഞ്ഞ് കാബ്രഗാഡയില്‍ നിന്നും ഒരു ഇ-സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ട് NIF തരപ്പെടുത്തി. HMT, DRK എന്നിവ ഉല്‍പാദിപ്പിക്കാനും, വില്‍ക്കാനും, വിതരണം ചെയ്യാനും കയറ്റുമതിക്കും ഇറക്കുമതിക്കും അങ്ങിനെ എല്ലാറ്റിനുമുള്ള അവകാശമാണ് ഇവരിങ്ങനെ നേടിയത്.

90 കളില്‍ തന്നെ HMT കര്‍ഷകര്‍ക്കിടയില്‍ പരക്കെ പ്രചരിപ്പിക്കപ്പെട്ടതാണ്. പിന്നെ NIF കുറഞ്ഞ ചെലവില്‍ വ്യാപകമായി ഈ വിത്ത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്? ഇനിയങ്ങനെ പ്രചരിപ്പിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബൗദ്ധികസ്വത്തവകാശം കൈവശപ്പെടുത്തേണ്ട ആവശ്യമെന്താണ്? ഇതിനിടയിലെ 5 വര്‍ഷം ഇവര്‍ എന്താണ് ചെയ്തതെന്നും വ്യക്തമല്ല. HMT പോലെയൊരു വിത്ത് കൈവശപ്പെടുത്തുന്നതിന് വേണ്ടി നല്‍കിയ തുക വളരെ കുറവുമായിരുന്നു. വര്‍ഷത്തില്‍ കോടിക്കണക്കിനു രൂപയുടെ ടേണ്‍ ഓവര്‍ കിട്ടാന്‍ സാധ്യതയുള്ള വിത്താണ് HMT.

പിന്നീട് HMT യും DRK യും വ്യാവസായികമായി കൃഷി ചെയ്യാനാവശ്യപ്പെട്ടു കൊണ്ട് NIF, 3 ലക്ഷം രൂപ 12.5 ശതമാനം പലിശ നിരക്കിൽ കോബ്രാഗഡെയ്ക്ക് നല്‍കിയിരുന്നു. അതില്‍ ഒരു ലക്ഷം രൂപ കോബ്രാഗാഡെ തിരിച്ചടച്ചു. 2015 ആയപ്പോഴേക്കും അദ്ദേഹംത്തിനൊരു ഹാർട്ട് അറ്റാക്ക് വന്ന് അസുഖബാധിതനായി. ആ സമയത്ത് പലിശയടക്കം ബാക്കി തുകയായ 2,39,147 രൂപ തിരിച്ചടക്കാന്‍ NIF കോബ്രാഗഡയോട് ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ആ വര്‍ഷം വളരെ കുറഞ്ഞ മഴയായിരുന്നു ലഭിച്ചത്. അത് വിളവെടുപ്പിനെ ബാധിച്ചു.

കഠിനമായ സാമ്പത്തിക പ്രാരാബ്ധം മൂലം കോബ്രാഗഡയുടെ മകന്‍ മിത്രജിത്ത് ലോണ്‍ എഴുതി തള്ളുകയോ അല്ലെങ്കില്‍ പലിശയെങ്കിലും കുറയ്ക്കുകയോ ചെയ്യണമെന്ന് NIF നോട് ആവശ്യപ്പെടുകയുണ്ടായി. മെഡിക്കല്‍ ചെലവും കടവും വീട്ടാന്‍ തന്‍റെ പിതാവ് വികസിപ്പിച്ചെടുത്ത വിത്തിന്‍റെ വിറ്റു വരവില്‍ നിന്ന് വല്ലതും തരണമെന്നും ആവശ്യപ്പെട്ടു. മറുപടിയായി NIF നിര്‍ദ്ദേശിച്ചത് HMT വിത്ത് ഒരു സ്വകാര്യ കമ്പനിക്ക് കൈമാറ്റം ചെയ്യുകയാണെങ്കില്‍ ഫൗണ്ടേഷന് കാശ് ലഭിക്കുമെന്നും അത് കോബ്രാഗഡെയുടെ ചികില്‍സയ്ക്ക് ഉപയോഗിക്കാമെന്നുമായിരുന്നു.

2009ലെ ആദ്യത്തെ അപേക്ഷയില്‍ കോബ്രാഗഡെയുടെ DRK നെല്‍വിത്ത് NIF PPVFRA യില്‍ രെജിസ്റ്റര്‍ (REG/ 2009/333) ചെയ്തിരിക്കുന്നത് ഫാര്‍മെര്‍സ് വറൈറ്റി എന്ന കാറ്റഗറിയിലായിരുന്നു. പക്ഷെ കോബ്രാഗഡെയുടെ അവകാശങ്ങള്‍ NIF ന് കൈമാറിയ ശേഷം പുതിയ കാറ്റഗറിയില്‍ DRK രജിസ്റ്റര്‍ ചെയ്യണമെന്ന ഒരു അപേക്ഷ PPVFRA യ്ക്ക് ലഭിക്കുകയുണ്ടായി.
04-03 – 2016 ന് PPVFRA , NIFന് അയച്ച ഒരു കത്തിന്റെ കോപ്പി കോബ്രാഗഡെയ്ക്കും അയച്ചിരുന്നു. അതില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. അതില്‍ 100 ഗ്രാമിന്‍റെ 5 പേക്കറ്റ് വിത്തുകള്‍ രണ്ടാമത്തെ പ്രാവശ്യത്തെ പരിശോധനയ്ക്കു വേണ്ടി ആവശ്യപ്പെട്ടിരുന്നു. DRK എന്ന പേരില്‍ തന്നെ അത് ദാദാജി രാമാജി കോബ്രാഗഡെ വികസിപ്പിച്ചെടുത്ത വിത്താണെന്നുള്ളത് വ്യക്തമാണ്.
2009നും 2016നും ഇടയ്ക്ക് വേറെയാരോ മറ്റൊരു പേരില്‍ ആ വിത്ത് PPVFRAയിൽ
രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.

കോബ്രാഗാഡെ 2002 നു മുമ്പ് വികസിപ്പിച്ചെടുത്ത വിത്തുകളായ Nanded-92, Nanded Chinoor, VijayNanded, DipakRatna, Nanded Hira, Kate HMT എന്നിങ്ങനെയുള്ള 7 വിത്തുകള്‍ NIF , PPVFRA യിൽ കോബ്രഗാഡെയ്ക്ക് വേണ്ടി രജിസ്ടർ ചെയ്തിരുന്നു. 2018 ജൂണില്‍ കോബ്രാഗാഡെ മരിക്കുന്നത് വരെ അദ്ദേഹത്തിന് ഇതിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നില്ല.

വളരെ ശ്രദ്ധയോടു കൂടി വിത്തുകള്‍ ഉരുത്തിരിച്ചെടുത്ത് സത്യസന്ധനായ ഒരു കര്‍ഷകന്‍റെ ദുഖകരമായ കഥയാണിത്.
അൽഭുതകരമായ സംഗതിയെന്താണെന്നു പറഞ്ഞാല്‍ ഭൂമി സ്വകാര്യവല്‍ക്കരിച്ചതു പോലെ വളരെ നിസ്സാരമായി വിത്തുകളും സ്വകാര്യവല്‍ക്കരിക്കപ്പെന്നുവന്നതാണ്. നമുക്ക് മുമ്പ് എണ്ണിയാലൊടുങ്ങാത്ത തലമുറകളിലെ, അനകം കര്‍ഷകര്‍ ഉരുത്തിരിച്ചെടുത്ത നൂറുക്കണക്കിന് ആയിരക്കണക്കിന് വിത്ത് വൈവിധ്യങ്ങളാണിത്. വ്യക്തികളായാലും സംഘടനകളായാലും PPVFRA യില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സ്വകാര്യവല്‍ക്കരണം എന്ന പ്രക്രിയക്ക് മാറ്റമൊന്നുമില്ല. 700 ലധികം നാടന്‍ നെല്‍വിത്തുകളാണ് PPVFRA യില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുപോലെ അനേകം മറ്റു വിളകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൽ 1587 എണ്ണം കർഷകരുടെപേരിലാണ്. 775 എണ്ണം സ്വകാര്യ കമ്പനികളുടെ പേരിൽ. 853 എണ്ണം പൊതുസ്ഥാപനങ്ങൾ, 289 ഇനം സംസ്ഥാന കാര്‍ഷിക സർവ്വകലാശാലകളുടെ പേരിൽ. അങ്ങനെ മൊത്തം 2009നും 2018 നുമിടക്ക് 3504 വിത്തുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. എല്ലാം ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽ വരുന്നതാണ്.
നമ്മുടെ വിത്ത് വൈവിധ്യങ്ങള്‍ ഇങ്ങനെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് എളുപ്പം സ്വന്തമാക്കാനുള്ള മാര്‍ഗങ്ങളാണ് ഇതിലൂടെ നാം തുറന്നു കൊടുക്കുന്നത്.