ഭാവനയുടെ വാക്കുകൾ നമ്മിൽ തീകോരിയിടുന്നു. നീതിരാഹിത്യം കൊടികുത്തിവാഴുന്ന ഒരു നാട്ടിലെ അരക്ഷിതജീവിതമോർത്ത് . നിസ്സഹായരായവരുടെ കൂടെ കൈകോർത്തു നടക്കുകയെ നമുക്ക് മാർഗ്ഗമുള്ളൂ. ഇല്ലെങ്കിൽ കുന്തമുനകളും വസ്ത്രങ്ങളും വെടിയുണ്ടകളും ലൈംഗികാതിക്രമങ്ങളും നമ്മുടെ കുടുംബങ്ങളിലേക്ക് പാഞ്ഞു വന്നേയ്ക്കാം. പോരാട്ടങ്ങൾ തുടരട്ടെ…ഭാവനയുടെ വാക്കുകൾ അബലകൾ എന്ന് സ്വയം ധരിച്ചു ഉൾവലിയുന്ന കേരളീയ സ്ത്രീകൾ വായിച്ചിരിക്കണം.
“കുടുംബവും ഭർത്താവും സുഹൃത്തുക്കളും മറ്റനേകം പേരും കൂടെയുണ്ട് എന്നറിഞ്ഞിട്ടും കോടതി മുറിയിൽ നിൽക്കേണ്ടി വന്ന ആ 15 ദിവസം ഞാൻ തീവ്രമായി ഒറ്റപ്പെട്ടതുപോലെ തോന്നി.
ഈ ലോകം മുഴുവൻ എന്നോട് വാദിക്കുകയാണ് എന്നു തോന്നി. അക്രമിക്കപ്പെട്ടത് ഞാൻ. നീതി അർഹിക്കുന്നത് ഞാൻ.
എന്നിട്ടും ഞാനല്ല കുറ്റവാളിയെന്ന്,
ഞാൻ നിരപരാധിയാണ് എന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യതയോടെയാണ് ഞാൻ മാറി മാറി വിസ്തരിച്ച പല വക്കീൽമാരുടെയും മുന്നിൽ നിന്നത്. അന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ പോരാടിയെ മതിയാകു….”
ആദ്യമാദ്യം ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.അന്നത്തെ ആ നശിച്ച ദിവസം ഷൂട്ടിങ്ങിന് പോയില്ലായിരുന്നു എങ്കിലോ, അന്നത്തെ ദിവസം അങ്ങനെയായിരുന്നില്ലെങ്കിലോ,
ഞാനങ്ങനെ ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിലോ, രാവിലെ എഴുന്നേൽക്കുമ്പോൾ ഇതെല്ലാം ഒരു ദു:സ്വപ്നം ആയിരുന്നെങ്കിലോ…
ഒരിക്കൽ കൂടി എല്ലാം പഴയത് പോലെ ആയിരുന്നെങ്കിലോ..
അങ്ങനെ എത്ര എങ്കിലുകൾ കൊണ്ട് ഞാൻ എന്നെ കുറ്റപ്പെടുത്തി.
എല്ലാം അവസാനിപ്പിച്ച് വേറെയേതെങ്കിലും ഒരു രാജ്യത്ത് പോയി ജീവിക്കാം എന്നു പോലും ഓർത്തിട്ടുണ്ട്.
ഞാൻ തന്നെ ഉണ്ടാക്കിയ കള്ള കഥകളാണ് ഇതെന്ന് കൂടി പ്രചരിപ്പിച്ചവരെ കേട്ടപ്പോൾ എന്റെ ആത്മാഭിമാനം കോടി കണക്കിന് കഷ്ണങ്ങളായി ചിതറി പോകുന്നതായി തോന്നി.
ഭയം തോന്നി.
തീവ്രമായ നിരാശ തോന്നി.
ഭ്രാന്തമായ ദേഷ്യവും വേദനയും തോന്നി.
പക്ഷേ ഞാൻ ഇതിലൂടെയെല്ലാം കൂടുതൽ കൂടുതൽ തിരിച്ചറിവുള്ളവളായി.
ഞാനല്ല തെറ്റു ചെയ്തത് ഞാനിതൊന്നും അർഹിക്കുന്നില്ല എന്ന് മനസ്സിലാക്കി തുടങ്ങി.
ഈ പോരാട്ടം തുടർന്നേ മതിയാവു എന്ന് തോന്നി.
ഇന്ന് ഈ നിമിഷം അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം.
എനിക്ക് വേണ്ടി മാത്രമല്ല. ഈ ലോകത്തെ മുഴുവൻ സ്ത്രീകൾക്ക് കൂടി വേണ്ടി.
ഞാൻ തിരിച്ചറിയുന്നു. ഞാനൊരു അതിജീവിതയാണ്. ഇരയല്ല”
ഒരിക്കൽ ഒരു സിനിമാ നടി മാത്രമായിരുന്ന ഭാവന എന്ന ധീരവനിതയുടെ വാക്കുകൾ.