
ഭീഷ്മപര്‍വ്വം – റിവ്യൂ – സജീവ് കുമാർ
ഭീഷ്മപര്‍വ്വം – ഒരു തികഞ്ഞ മമ്മുട്ടി ഷോ.
വലിയൊരു ഓളവും ആരവവും തീര്‍ത്തുകൊണ്ടാണ് അമല്‍ നീരദ് – മമ്മുട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ തീയറ്ററുകളില്‍ എത്തിയത്. മലയാള മുഖ്യധാരാചലച്ചിത്ര ലോകത്ത് ഒരു വഴിത്തിരിവു കൊണ്ടുവന്ന 2007ലെ ‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നതു തന്നെയായിരുന്നു പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയ പ്രധാന ഘടകം. ‘ബിഗ് ബി’യുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആയിരിക്കും ഇവരുടെ സംഗമത്തിനു വേദിയാകുക എന്ന് ആദ്യം കേട്ടു, പിന്നീടാണ് ‘ഭീഷ്മപര്‍വ്വം’ സംഭവിക്കുന്നത്. പടത്തെക്കുറിച്ചുള്ള വാര്‍ത്തകളും റ്റീസര്‍/ട്രെയിലറുകളുമൊക്കെ ഒരു കാര്യം അറിയിച്ചു – ഇതൊരു പക്കാ മാസ് എന്റര്‍ടെയ്നര്‍ ആണ് എന്ന്. ഏതായാലും അമിതപ്രതീക്ഷകളൊന്നും ഇല്ലാതെ ഷോ ബുക്ക് ചെയ്തു. പതിവു കേന്ദ്രമായ ഇടപ്പള്ളി വനിത തീയറ്ററില്‍ ഇത്തവണ ബുക്കിങ്ങ് കിട്ടിയില്ല, അങ്ങനെ ഏറെ നാളുകള്‍ക്കു ശേഷം എറണാകുളം പദ്മ തീയറ്ററില്‍ ഒരു പടം കാണാനൊത്തു.
പ്രതീക്ഷകളില്ലായിരുന്നു എന്ന് ആദ്യമേ പറഞ്ഞതിന് വ്യക്തമായ കാരണമുണ്ട്. എത്രമേല്‍ ഒളിപ്പിച്ചാലും ഇതിഹാസതാരം മമ്മുട്ടിക്ക് പ്രായമാകുന്നു എന്ന വസ്തുത മനസ്സാ അംഗീകരിച്ചതാണ് ഒരു കാരണം. പ്രായം എഴുപതു പിന്നിട്ട ഈ മനുഷ്യന് ചെയ്യാനാവുന്നതിനും ഒരു പരിധി കാണില്ലേ? അറിഞ്ഞിടത്തോളം ഇതൊരു സിംഗിള്‍ ഹീറോ ഫിലിമാണ്, ഒരു പക്കാ ഹീറോ ഓറിയന്റഡ് ഫിലിം. ഇത്ര വലിയൊരു ഭാരം താങ്ങാന്‍ ഇന്നും ആ ചുമലുകള്‍ക്കാവുമോ!
ആദ്യമേ തന്നെ പറയട്ടെ – പടം കണ്ട് ലയിച്ചിരിക്കുമ്പോള്‍ത്തന്നെ ബൊധ്യപ്പെട്ടൊരു കാര്യം – ‘കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ മമ്മുട്ടി പഴയ മമ്മുട്ടി തന്നെ’. ഒരു നായകന്‍, ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെ ഒരു ചിത്രത്തെ തോളിലേറ്റണം എന്ന് ഈ ചിത്രം നമ്മെ കാണിച്ചുതരും. തീര്‍ച്ചയായും സംവിധായകന്‍ അമല്‍ നീരദിനും ഇതിലൊരു വലിയ പങ്കുണ്ട്, എങ്കിലും ‘പ്രായമൊക്കെ കടലാസിലല്ലേ’ എന്നമട്ടില്‍ മമ്മൂട്ടി നിറഞ്ഞാടിയിരിക്കുകയാണ് ഈ ചിത്രത്തില്‍, ആ സ്ക്രീന്‍ പ്രസന്‍സ് സമ്മതിക്കണം. ആദ്യത്തെ ആ ഫൈറ്റ് രംഗം, അതൊരു വേറിട്ട കാഴ്ച തന്നെയായിരുന്നു. ലഭ്യമായ സാങ്കേതികവിദ്യകളെല്ലാം നന്നായി ഉപയോഗിച്ച് ഒന്നും ഒട്ടും മുഴച്ചുനില്‍ക്കാത്ത വിധത്തില്‍ മൈക്കിള്‍ എന്ന ഗോഡ്‌ഫാദറിനെ നന്നായി ആവിഷ്കരിക്കാന്‍ മമ്മുട്ടിക്കു കഴിഞ്ഞു. അതു തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും നല്ല പ്ലസ് പോയിന്റ്.
അടുത്തതായി എടുത്തുപറയേണ്ടത് ചിത്രത്തിന്റെ സാങ്കേതികമേന്മകളെപ്പറ്റിയാണ്. എണ്‍പതുകളിലെ കൊച്ചിയെ മികവോടെ രംഗത്തവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം, ചിത്രസംയോജനം, വസ്ത്രാലങ്കാരം തുടങ്ങി ഓരോ മേഘലകളും ഒന്നിനൊന്നു മികച്ചുനിന്നു. എങ്കിലും ‘ഏറ്റവും കിടിലന്‍’ എന്നു പറയാവുന്നത് സുഷിന്‍ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളുമാണ്. തീയറ്ററിനെ പൂരപ്പറമ്പാക്കുന്ന തട്ടുപൊളിപ്പന്‍ പശ്ചാത്തല സംഗീതം, സുഷിന്‍ ശ്യാം ഒരു സംഭവം തന്നെ. ഗാനങ്ങളും നന്നായി, പ്രത്യേകിച്ചും ശ്രീനാഥ് ഭാസി ആലപിച്ച ‘പറുദീസ’ എന്ന ഗാനം. ഇനി ഒരുപാട് വേദികളില്‍ ‘അടിച്ചു പൊളിക്കാന്‍’ പോകുന്ന ഗാനം.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന, സുദേവ് തുടങ്ങി രംഗത്തെത്തിയ ഓരോരുത്തരും തങ്ങളുടെ ഭാഗം മികച്ചതാക്കി. ‘കുറുപ്പി’ലെ ‘ഭാസി പിള്ള’ക്കു ശേഷം ഷൈന്‍ ടോം ചാക്കോ മറ്റൊരു മികച്ച പ്രടനവുമായി കൈയ്യടി നേടുന്നു ഇവിടെ. ശ്രീനാഥ് ഭാസി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നല്ലൊരു പ്രകടനം നടത്തി. നദിയ മൊയ്തുവിനും മറ്റു പല സ്ത്രീകഥാപാത്രങ്ങള്‍ക്കും പതിവുപോലെ ഒരു ഹീറോ ഓറിയന്റഡ് മാസ് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.
സൗബിന്‍ ഷാഹിര്‍ – തന്റെ കഥാപാത്രത്തെ ഒതുക്കത്തോടെ, മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും ആ കാസ്റ്റിങ്ങില്‍ എനിക്ക് അത്ര തൃപ്തി തോന്നിയില്ല എന്നു പറയട്ടെ. മമ്മുട്ടിക്കു ശേഷം കഥയിലെ രണ്ടാമന്‍ തന്നെയാണ് സൗബിന്റെ കഥാപാത്രം, ശരിക്കും രണ്ടാം ഹീറോ. ‘ലൂസിഫര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്തപോലൊരു കഥാപാത്രം – ഇടക്കു വന്ന് ഒരു കലക്കു കലക്കി പോകേണ്ടയാള്‍. പൃഥ്വിയുടെ ആ നിലവാരത്തിലുള്ള, കഥാപാത്രത്തിന് കൂടുതല്‍ പഞ്ച് നല്‍കാന്‍ പറ്റുന്ന ആരെങ്കിലും സൗബിനു പകരം ആ റോളില്‍ വന്നിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോയി.
ഇനി ചിത്രത്തിന്റെ അമരക്കാരനെക്കുറിച്ച് – അമല്‍ നീരദ് ശരിക്കുമൊരു ഷോമാന്‍ ആണ്, അത് അമല്‍ ഇതിനകം തെളിയിച്ചതുമാണ്. ഇതുവരെ ചെയ്തവയില്‍ നിന്നും അമല്‍ അത്ര മുന്നേറി എന്നറിയാനാണ് പ്രേക്ഷകര്‍ തീയറ്ററിലേക്ക് ഇരമ്പിയെത്തുന്നത്. ഒരു പക്കാ മാസ് ഫിലിം എന്ന നിലയില്‍ അമലിന്റെ തന്നെ ‘ബിഗ് ബി’ ശരിക്കുമൊരു അളവുകോല്‍ ആയി നില്‍ക്കുമ്പോള്‍, അമല്‍ ഇത്രയൊന്നും പ്രേക്ഷകര്‍ക്കു തന്നാല്‍ പോരാ എന്നു പറയേണ്ടി വരുന്നു. ചിത്രത്തിന് കുറച്ചുകൂടി ത്രില്ലിങ്ങ് ആയൊരു ക്ലൈമാക്സ് ആകാമായിരുന്നു (തന്റെ അവസാനനാളുകളില്‍ ഭീഷ്മര്‍ ശരശയ്യയിലായിരുന്നു എന്നതു മറക്കുന്നില്ല). അതികായനായ ഭീഷ്മരെ എതിര്‍ത്തുനില്‍ക്കാന്‍ പരാക്രമിയായ ഒരു അര്‍ജുനന്‍ വേണമായിരുന്നു, സുദേവ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രം മമ്മുട്ടിക്ക് ഒരു എതിരാളിയേ ആയില്ല. കഥ കൂടുതല്‍ വെളിപ്പെടാതിരിക്കാന്‍ ഇത്രയും പറഞ്ഞു തല്‍ക്കാലം നിര്‍ത്തുന്നു.എന്തൊക്കെയായാലും, ഈ ചിത്രം നല്ലൊരു എന്റര്‍ടെയ്നറാണ്, ഒരു പക്കാ മമ്മൂട്ടി മാസ് ചിത്രം. പ്രായം കൂടുന്തോറും വീര്യമേറുന്ന ആ വീഞ്ഞു നുകരാന്‍ ഒടിടി അല്ല, തീയറ്ററുകള്‍ തന്നെയാണ് നല്ല വേദി.
**