ഭൂമി..ഒരു തീന്മേശ
അടുത്ത ദിവസം ഞാനൊരു വീഡിയോ കണ്ടു. ഒരു റിയാലിറ്റി ഷോ എന്നു പറയാം. ധാരാളം പണമുള്ള നാലഞ്ചു കുടുംബം ഒന്നു ചേര്‍ന്ന് വിദേശത്തെ ഒരു ഹോട്ടല്‍ മുറ്റത്ത് സന്ധ്യ നേരത്ത് ഉല്ലാസത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു. യുവത്വത്തില്‍ എത്തിയ കുട്ടികളും അഛന്മാരും അമ്മമാരും അങ്കിള്‍മാരും ആന്റിമാരും ഭ്യത്യന്മാരും ചേര്‍ന്നുള്ള ആ സംഘം അവരുടെതായ ആഡ്യത്തത്തോടെ വിശാലമായ മേശമേല്‍ നിരത്തിയ ഭക്ഷണങ്ങളില്‍ മദിച്ചു വിളയാടുന്നത് അവര്‍ക്കിടയില്‍ നടന്നും നിന്നും ഇരുന്നും കിടന്നും ഓടിയും ഒരങ്കിള്‍ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.
ആ മ്യഷ്ടാന്ന ഭോജനം തീരാറായതും ചിലര്‍ ന്യത്തം തുടങ്ങി. ന്യത്തത്തിന്റെ ആവേശത്തില്‍ അവരില്‍ ഒരാള്‍ മേശ വിരിപ്പുകളില്‍ ഒന്ന് പാത്രങ്ങള്‍ അടക്കം ഒന്നായി ചുരുട്ടിയെടുത്ത് നിലത്തടിച്ചു തകര്‍ത്ത് ഒരുവശം ആക്രോശത്തോടെ ഇട്ടു. അതോടെ മറ്റു ചിലരും ആവേശത്തിലായി. മദ്യക്കുപ്പികള്‍ പൊട്ടിച്ച് അതില്‍ ഒഴിച്ചു ഒരാള്‍ തീ കൊടുത്തു. നോക്കി നില്‍ക്കേ അതൊരു തീക്കുണ്ഡമായി. വിരുന്നുകാര് ആഗ്രഹിക്കും വിധം തീക്കുണ്ഡം ഒരുക്കി ആടിത്തിമര്‍ക്കാന്‍ ഹോട്ടല്‍കാരും അവരെ സന്തോഷത്തോടെ സഹായിച്ചു. ഉല്ലാസം അതിന്റെ ഉച്ചകോടിയില്‍ എത്തവേ തീക്കുണ്ഡത്തില്‍ ഇടാന്‍ സാധനങ്ങള്‍ തപ്പി നടന്ന ഒരുവന് കയ്യില്‍ കിട്ടിയ കസേര അതിലെടുത്തിട്ടു. മറ്റുള്ളവരും ഒപ്പം ചേര്‍ന്നു. ഏതാനും നേരം കൊണ്ട് ആവശ്യത്തിനുള്ള കസേരകളും മറ്റും തല്ലിപ്പൊട്ടിച്ച് തീയിലിട്ട് പണക്കൊഴുപ്പിന്റെ ഉന്മാദമാടി എല്ലാം ചേര്‍ത്ത് ബില്ലും നല്കി സംഘം പുലരും മുന്‍പെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അടുത്ത ലക്ഷ്യത്തിലേക്ക് പറന്നു വെന്നാണ് അത്രയും നേരം ഷോ പകര്ത്തിയവന് ആവേശത്തോടെ പറഞ്ഞത്.
കണ്ണടച്ച് കുറച്ചു നേരം ഇരുന്നപ്പോള്‍ എന്റെ മനസ്സില്‍ മറ്റൊരു ദ്യശ്യം വന്നു. പറന്നു പോയ സംഘം വിമാനത്തില്‍ മറ്റൊരു നഗരത്തില്‍ വന്നിറങ്ങുന്നു. അവരിപ്പോള്‍ കുറേക്കൂടി സമ്പന്നരാണ്. മ്യഷ്ടാന്ന ഭോജന ശേഷം തീക്കുണ്ഡം തീര്‍ത്ത് കയ്യില്‍ കിട്ടിയതെല്ലാം അതിലിട്ടെരിച്ച് ആര്‍ത്തി തീരാതെ അവര്‍ ആളുകളെയും കെട്ടിടങ്ങളും അതില്‍ എടുത്തിടുന്നു. വളരെ പെട്ടെന്ന് നഗരം മുഴുവന്‍ ഭക്ഷിച്ച് ബില്ലടച്ച് അവര്‍ സ്ഥലം വിടുന്നു. മാനവരാശിയുടെ സര്‍വ ദുരന്തങ്ങളും പണമുള്ളവന് ബില്ലടച്ചു തീര്‍ക്കാനുള്ളതേ ഉള്ളൂ എന്ന ചിന്തയാണ് ഈ ഭൂമിയുടെ ഏറ്റവും വലിയ ദുരന്തം
387 total views, 3 views today
