നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
65 SHARES
780 VIEWS

രാജേഷ് ശിവ

ഒരു ഹൊറർ ത്രില്ലറാണോ അതോ സൈക്കോളജിക്കൽ ത്രില്ലറാണോ എന്ന സംശയം ആദ്യാവസാനം പ്രേക്ഷകരുടെ മനസ്സിൽ നിലനിർത്തുന്ന സിനിമയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം. മലയാളത്തിലിറങ്ങിയ ഹൊറർ സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്നൊരു ആസ്വാദനം നൽകുന്ന ഈ സിനിമ കഥാപാത്രങ്ങളുടെ പ്രകടനത്തിലും മുന്നിലാണെന്ന് വിനുവിനെ അവതരിപ്പിച്ച ഷെയ്ൻ നിഗത്തിന്റെയും ആശയെ അവതരിപ്പിച്ച രേവതിയുടെയും അഭിനയം കൊണ്ട് നിസംശയം പറയാം.

സംവിധാനത്തിൽ രാഹുൽ സദാശിവനും രചനയിൽ രാഹുൽ സദാശിവന്റെ കൂടെ ശ്രീകുമാർ ശ്രെയസും എഡിറ്റിങ്ങിൽ ഷഫീഖ് മുഹമ്മദ് അലിയും ഷഹനാദ് ജലാലിന്റെ കാമറയും കസറി എന്നുതന്നെ പറയാം. ഗോപിസുന്ദറിന്റെ ബാക് ഗ്രൗണ്ട് സ്‌കോർ കഥാഗതിയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാഹുൽ സദാശിവനും ശ്രീകുമാർ ശ്രെയസും ചേർന്ന് നടത്തിയ തിരക്കഥ കഥാപാത്ര രൂപീകരണത്തിൽ കൂടുതൽ ശ്രദ്ധിച്ചിട്ടുണ്ട്. ഒരമ്മയും മകനും വർത്തമാനകാലത്തിൽ അഭിമുഖീകരിക്കുന്ന സങ്കീര്ണതകളിലൂടെ യഥാർത്ഥ കഥാഗതിയിലേക്കു പോകുന്നുണ്ട്. അതൊരുപക്ഷേ അവർ രണ്ടായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പിന്നീട് അവർ അഭിമുഖീകരിക്കുന്ന ‘ഏക’ ഭയത്തിലേക്കു കൺവെർട്ട് ചെയ്യപ്പെടുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലറിൽ നിന്നും ഹൊറർ ത്രില്ലറിലേക്കുള്ള പരിവർത്തനം അവിടെ സംഭവിക്കുന്നു. അനാവശ്യമായ ഡയലോഗുകൾ കൊണ്ട് സിനിമ ബോറടിപ്പിക്കുന്നില്ല . കൃത്യമായി അളന്നുമുറിച്ച ഡയലോഗുകൾ ആണ്.

ഭൂതകാലം എന്ന പേരിനെ അന്വർത്ഥമാക്കുന്ന ആശയമാണ് സിനിമ പറയുന്നതും., അതോടൊപ്പം തന്നെ സൈക്കോളജിക്കളായ എലമെന്റുകളും സിനിമയിൽ അങ്ങോളമിങ്ങോളമുണ്ട്. എല്ലാത്തിനും ഒരു ഭൂതകാലമുണ്ട്. സർവ്വ ചരാചരങ്ങൾക്കും. വർത്തമാനകാലവും ഭാവികാലവും ഭൂതകാലത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ നിന്നാണ് പലപ്പോഴും ചലിക്കുന്നത്. അതൊക്കെ പോട്ടെ..ഒരു വീടിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? കുറെ കല്ലും മണ്ണും കമ്പിയും തടിയും കൊണ്ടുള്ള നിർമ്മിതി മാത്രമാണോ അത് ? അല്ല, അത് നമ്മുടെ സ്വപ്നങ്ങൾ കൊണ്ട് വാർത്തെടുത്തതാണ്. നാമോരോരുത്തരുടേയും മനസ് വീട്ടിലുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ വിട്ടുപോകാൻ കഴിയാത്ത ആത്മാക്കളുടെയും ആലയമാകുന്നുണ്ട് വീടുകൾ.

ആശയെന്ന അമ്മയുടെയും വിനു എന്ന മകന്റെയും ഒറ്റപ്പെടലുകൾ മാത്രമുള്ള ജീവിതമാണ് ഭൂതകാലത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. അവർ ഒറ്റപ്പെട്ടുജീവിക്കുന്നു എന്നതിലുപരി അവർ പരസ്പരവും ഏകാന്തതയിലാണ് അഭയം കണ്ടെത്തുന്നത്. അമ്മയുടെ മരണത്തോടെ ആശ ആ ഏകാന്തത വളരെയധികം അനുഭവിക്കുകയാണ്. അവർ ഇടയ്ക്കിടെ കൗൺസിലിംഗിന് പോകുകയും ചെയ്യുന്നുണ്ട്. വിനുവാകട്ടെ അമ്മയുടെ പ്രതീക്ഷകൾക്കനുസരിച്ചു ജീവിക്കാൻ സാധിക്കാതെ മദ്യത്തിലും അലസതയിലും മുങ്ങിയാണ് ജീവിക്കുന്നത്. ഒരു പ്രായമായിട്ടും ജോലിയൊന്നും ലഭിക്കാത്ത ചെറുപ്പക്കാരുടെ എല്ലാ പ്രശ്നങ്ങളും അവനുണ്ട്. വീട് തന്നെ വരിഞ്ഞു മുറുക്കുകയാണെന്നു അവനുതോന്നുന്നു. അതിൽ നിന്നുള്ള കുതറിയോട്ടം അവർ എപ്പോഴും ആഗ്രഹിക്കുന്നുമുണ്ട്. അവൻ വിഷാദരോഗത്തിന് അടിമയുമാണ്.

വളരെ ചലഞ്ചിങ് ആയ സങ്കീർണ്ണമായ ഈ വേഷം ഷെയിൻ നിഗം വളരെ ഭംഗിയാക്കി എന്ന് പറയാതെ വയ്യ. മലയാളത്തിലെ യുവനടന്മാരിൽ ഷെയിൻ നിഗം ഏറ്റവും പ്രതീക്ഷ നൽകുന്ന ഒരാളാകുന്നത് അതുകൊണ്ടുതന്നെ. ഏതൊരു കഥാപാത്രവും അയാളിൽ ഭദ്രമാകുന്നു. മാത്രമല്ല ഈ സിനിമയിൽ ഒരു സംഗീത സംവിധായകനായും ഗാനരചയിതാവായും ഗായകനായും കൂടെ ഷെയിൻ ബഹുമുഖ പ്രതിഭ തെളിയിക്കുന്നു. സൈജു കുറുപ്പ്, വത്സല മേനോന്‍, മഞ്ജു പത്രോസ്, ആതിര പട്ടേൽ, ജെയിംസ് ഏലിയാ എന്നിവരും വേഷങ്ങൾ ഭംഗിയാക്കി.

ഈ സിനിമ ഒരു വീടും അതിലെ രണ്ടു ജീവിതവും വീടിന്റെ ഭൂതകാലം അവരെ വേട്ടയാടുന്നതും മാത്രമല്ല പറഞ്ഞു വയ്ക്കുന്നത്. ഒരുപക്ഷെ ഈ ലോകത്തു ഒരു മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനസിക പ്രശ്നത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സിനിമ. എന്താണ് ആ പ്രശ്നം ? പ്രശ്ന സങ്കീർണ്ണമായ മനസോടെ ഇരിക്കുന്നവരാണ് ഓരോ മനുഷ്യരും. നമ്മെ മറ്റുള്ളവർ കേൾക്കാൻ തയ്യാറാകുന്നില്ല എന്നതാണ് ആ പ്രശ്നം. ഒരുവന്റെ പ്രശ്നം കേൾക്കാൻ സമയമില്ലാത്തവർ ആണ് നമ്മൾ. എന്നാലോ ഒരാൾ ആത്മഹത്യ ചെയ്‌താൽ നൂറുപേർ ന്യായീകരങ്ങളുമായി വരികയും ചെയ്യും. അവനു അല്ലെങ്കിൽ അവൾക്കു എന്നോടെല്ലാം പറയാമായിരുന്നു , ഞാനുണ്ടാകുമായിരുന്നല്ലോ …എന്നൊക്കെയുള്ള ന്യായീകരണങ്ങൾ. ഒരുപക്ഷെ മരിച്ച ആൾ ഈ പറയുന്നവരെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ടാകും കേൾക്കാൻ കൂട്ടാക്കി കാണില്ല. നമ്മെ കേൾക്കാൻ തയ്യാറാകുന്നവർ, നമ്മെ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റും ഉണ്ടെങ്കിൽ അതിനേക്കാൾ വലിയൊരു ഭാഗ്യം വേറെയില്ല. നമ്മുടെ അബ്നോർമൽ കണ്ടീഷനുകളെ ഭ്രാന്തെന്നോ മനസികപ്രശ്‌നമെന്നോ ഒറ്റവാക്കിൽ പഴിചാരി മാനസികാരോഗ്യകേന്ദ്രങ്ങളിലെ ഇരുമ്പഴി വിധിക്കുന്നവർ ആണ് അധികവും. ഈ സിനിമയിലെ വിനുവും ആശയും കേൾക്കാൻ ആരുമില്ലാത്ത മാനസിക പ്രതിസന്ധികളുടെ ഉടമസ്ഥരാണ്. വിനുവിന് തന്റെ പ്രണയം പോലും അഭയം നൽകുന്നില്ല.

അതുപോലെ തന്നെയാണ് ആശയെ അവതരിപ്പിച്ച രേവതി. അവർ പല സിനിമകളിലും കഴിവ് തെളിയിച്ച അഭിനേത്രി ആയതിനാൽ തന്നെ അവരുടെ പ്രകടത്തിൽ അത്ഭുതപ്പെടാനില്ല. ഒരു നേഴ്‌സറി അധ്യാപികയായ ആശ മകനെ കുറിച്ചോർത്തും തന്റെ വീട്ടിലെ പ്രശ്നങ്ങള്കൊണ്ടും അമ്മയുടെ വിയോഗം കൊണ്ടും വല്ലാത്തൊരു മാനസികപ്രതിസന്ധിയിലാണ്. അത്തരം വശങ്ങളിലൂടെയുള്ള സങ്കീർണ്ണമായ അഭിനയം രേവതിയിലെ ഉജ്ജ്വല അഭിനേത്രിയെ വെളിപ്പെടുത്താൻ പോന്നതാണ്.

ഒരു ഹൊറർ സിനിമ എന്നാൽ പ്രേതങ്ങൾ, പ്രേതമാകുന്നതിനു മുൻപുള്ള അവരുടെ ജീവിതം ഇതിലൂടെയൊക്കെ കൊണ്ടുപോയി ഒടുവിൽ മന്ത്രവാദക്കളവും നാഗവല്ലിയാട്ടങ്ങളും ഒക്കെ വേണം എന്ന് മണിച്ചിത്രത്താഴ് മുതൽ നാം പറഞ്ഞു പഠിച്ചിട്ടുണ്ട്. അതിപ്പോൾ ഹിന്ദു പ്രേതം മാത്രമല്ല ക്രിസ്ത്രീയ,ജൂത പ്രേതങ്ങൾക്കു വരെ മേല്പറഞ്ഞതൊക്കെ മസ്റ്റാണ്‌ . അല്ലെങ്കിൽ പിന്നെ പാവ, ചിത്രം, കണ്ണാടി , ചില മ്യൂസിക്സ് ..ഒക്കെ കൊണ്ടുള്ള കളികൾ. അത്തരം വികലമായ ധാരണകളെയാണ് ഭൂതകാലം പൊളിച്ചടുക്കിയത്. ഒരമ്മയുടെയും മകന്റെയും വിരസവും അരക്ഷിതവുമായ ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് ഒരു ഫാൻസിഡ്രസ് കസർത്തുകളും ഒപ്പിക്കാതെ തന്നെ സംവിധായകൻ ഭയത്തെ ആസ്വാദകരിലേക്കു സന്നിവേശിപ്പിക്കുന്നു.

ഒരുപക്ഷെ ഏറ്റവും അഭിനയിച്ചു ഫലിപ്പിക്കാൻ പാടുള്ളോരു വികാരമാണ് ഭയം. കാരണം മറ്റുള്ള ഭാവങ്ങൾ വലിയ എക്സ്പ്രഷൻസ് ഇല്ലാതെ അഭിനയിച്ചാലും അഡ്ജസ്റ്റ് ചെയ്യാം . എന്നാൽ ഭയത്തിനു അത് പറ്റില്ല. കാരണം കഥാപാത്രം ഭയപ്പെട്ടാൽ മാത്രമേ ആസ്വാദകരും അവിടെ ഭയപ്പെടുകയുള്ളൂ. ഭയം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ ആ സിനിമ തന്നെ അവിടെ അപ്രസക്തമാകും. പ്രത്യേകിച്ചും സൈക്കോളജിക്കൽ സ്വഭാവമുള്ളൊരു ഒരു ഹൊറർ സിനിമ. ഭയം എന്നത് മനുഷ്യൻ ഉണ്ടായകാലം മുതൽ സന്തതസഹചാരിയാണ്. അഭൗമശക്തികളെയും പ്രേതവിശ്വാസങ്ങളെയും നമ്മെക്കാൾ ശക്തിയുള്ളവയെയും ഭയന്ന് ഭയന്ന് ഭയം നമ്മുടെ മനസ്സിൽ അടിയുറച്ചുപോയി. ഭയം എന്ന രാജ്യം ഉപബോധമനസിന്റെ ഭൂഖണ്ഡത്തിലാണ്. ജനം മുതൽ നാം ഭയപ്പെട്ടവയുടെ സുദീര്ഘമായൊരു ഒരു പട്ടിക തന്നെ അതിലുണ്ട്. അതിനെയാണ് ഭൂതകാലം സമർത്ഥമായി ഉപയോഗപ്പെടുത്തിയതും വിജയിച്ചതും .

ചുരുക്കത്തിൽ നിങ്ങള്ക്ക് ധൈര്യമായി കാണാവുന്ന ഒരു സൈക്കോളജിക്കൽ-ഹൊറർ ത്രില്ലർ ആണ് ഭൂതകാലം. നിങ്ങൾ കണ്ടുശീലിച്ച സിനിമകളിൽ നിന്നും വേറിട്ട ആസ്വാദന അനുഭവം ലഭിക്കുമെന്നതും തീർച്ചയാണ്. രാത്രി ഒറ്റയ്ക്കിരുന്നു തന്നെ കാണാൻ മറക്കല്ലേ… നല്ലൊരു ഭയം ഗ്യാരണ്ടി തരുന്നു

3.5 out of 5

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി