പ്രേക്ഷകനെ രണ്ട് മണിക്കൂർ പിടിച്ചിരുത്താൻ
Bibin Joy
വലിയ താരങ്ങളോ, മാസ് ഡയലോഗുകളോ, കാതുകൾ തകർക്കുന്ന BGM, കോടികൾ മുടക്കിയ സെറ്റുകൾ എന്നിവയൊന്നും ആവശ്യമില്ല കാമ്പുള്ള കഥകൾ മതി. അത്തരത്തിൽ എന്നിലെ പ്രേക്ഷകനെ 99% തൃപ്തിപ്പെടുത്തിയ സിനിമയാണ് തമിഴിൽ പുറത്തിറങ്ങിയ മഡേല. തമിഴ് എന്ന് കേൾക്കുമ്പോൾ നെറ്റി ചുള്ളിക്കുന്നവർക്ക് വെറും കത്തി പടങ്ങൾ മാത്രമല്ല അവിടുന്ന് പുറത്തിറങ്ങുന്നത് ഇമ്മാതിരി കണ്ടു കഴിഞ്ഞാലും നമ്മെ വിട്ടു പോകാത്ത നല്ല സിനിമകളും വരുന്നുണ്ട്.
ജനാധിപത്യത്തിൽ തെരെഞ്ഞെടുപ്പുകൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നമ്മെ 5 വർഷം ഭരിക്കേണ്ടവരെ നമ്മുടെ കയ്യിലെ വോട്ടു കൊണ്ട് തെരെഞ്ഞെടുക്കുന്ന മഹാപ്രക്രിയ. നമ്മുടെ വോട്ടുകൾ സ്വന്തം കീശയിലാക്കാൻ പല വാഗ്ദാനങ്ങളും സഹായങ്ങളുമായി ചിരിച്ച മുഖത്തോടെ വരുന്ന സ്ഥാനാർത്ഥികളെ വാർഡ് ഇലക്ഷൻ മുതൽ പാർലമെൻറ് ഇലക്ഷൻ വരെ കാണാൻ സാധിക്കും .ജയിച്ചതിന് ശേഷം അവരുടെ ചിരി മാഞ്ഞതുപോലെ വാഗ്ദാനങ്ങളും മായുന്നതും ഇലക്ഷൻ്റെ തലേ ദിവസം വരെ നമ്മെ കാത്തുനിന്നവരെ പിന്നീട് നമ്മൾ കാത്തു നില്ക്കേണ്ടതും സർവ്വസാധാരണമാണ്. വോട്ട് നേടി ജയിച്ചവൻ ആ അധികാരം വച്ച് പണം സംമ്പാദിക്കുന്നത് നമ്മൾ എന്നും കാണുന്നതാണ് എന്നാൽ വോട്ടു പോലും ചെയ്യാനറിയാത്തവന് ആ വോട്ട് വച്ച് എങ്ങനെ പണം സംമ്പാദിക്കാം അതിൻ്റെ കഥയാണ് മഡേല.
തമിഴ്നാട്ടിലെ ശൂരംഗുഡി എന്ന ഒരു ചെറിയ ഗ്രാമത്തിൽ തെക്കൻ, വടക്കൻ എന്നീ ജാതികളായി വിഭജിക്കപ്പെട്ട സ്ഥലം. ഏകദേശം 1000 ജനസംഖ്യ ജനസംഖ്യ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അതുവരെ ഗ്രാമം ഭരിച്ച പ്രസിഡന്റ് തളർവാതം പിടിച്ച് കിടപ്പിലായി. അതോടെ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുന്നു. ഇതിൽ മൂത്തമകന്റെ അമ്മ വടക്കൻ സ്വദേശിയും ഇളയ മകൻ്റെ തെക്കും ജാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേർക്കും തുല്യ വോട്ട് . ഇതോടെ കണ്ണുകൾ മുഴുവൻ പുതിയതായി വോട്ടർ കാർഡ് ലഭിച്ച സ്വന്തം പേരു പോലും അറിയാത്ത നാട്ടുകാർ വിളിക്കുന്ന ഇലിച്ചാ വായൻ കാർഡിനായി നെൽസൺ മണ്ടേല എന്ന പേര് സ്വീകരിച്ച ഗ്രാമത്തിലെ ബാർബറിലേയ്ക്ക് തിരിയുന്നു .അതു വരെ മനുഷ്യനായി പോലും ആരും പരിഗണിക്കാതിരുന്ന വ്യക്തി പിന്നീട് നിർണ്ണായകമായ ആ വോട്ടിൻ്റെ പേരിൽ നാട്ടിലെ താരമാക്കുന്നു ഇദ്ദേഹം രണ്ട് മത്സരാർത്ഥികളുടെ സമ്പത്ത് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളാണ് സിനിമ.